Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപക്ഷിപ്പനി: സത്വര...

പക്ഷിപ്പനി: സത്വര നിയന്ത്രണം അനിവാര്യം

text_fields
bookmark_border
പക്ഷിപ്പനി: സത്വര നിയന്ത്രണം അനിവാര്യം
cancel

2012ല്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോഴിവളര്‍ത്തല്‍ മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച് കനത്ത മുന്നറിയിപ്പ് നല്‍കിയ ‘പക്ഷിപ്പനി’ അഥവാ ഏവിയന്‍ ഫ്ളൂ ഉഗ്രതീവ്രതയോടുകൂടി കേരളത്തിലും സ്ഥിരീകരിക്കപ്പെട്ടു. കൊയ്തെടുത്ത പാടങ്ങളില്‍ തീറ്റ തേടിയിറങ്ങുന്ന താറാവിന്‍കൂട്ടം, കുട്ടനാടന്‍ പാടശേഖരങ്ങളിലെ അതിമനോഹര കാഴ്ചയാണ്. ചെറുപ്പകാലത്ത് കൈനകരിയില്‍നിന്ന് ആലപ്പുഴയിലേക്കുള്ള ഒരു മണിക്കൂര്‍ ബോട്ട് യാത്രയുടെ വിരസത ഒഴിവാക്കാന്‍ തോടിന്‍െറ ഇരുവശങ്ങളിലേയും പാടശേഖരങ്ങളില്‍ സൈ്വരവിഹാരം നടത്തിയിരുന്ന ‘കുട്ടനാടന്‍’ താറാവുകളുടെ കാഴ്ച ഒട്ടൊന്നുമല്ല എന്നെ സഹായിച്ചത്.

വര്‍ഷംതോറുമുള്ള വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് കാലിവളര്‍ത്തലില്‍നിന്ന് പിന്തിരിഞ്ഞ കുട്ടനാട്ടുകാര്‍ അഭയം തേടിയത് താറാവിലും കോഴിയിലുമാണ്. ‘നെല്ലും താറാവും’ എന്ന മിശ്രിത കൃഷിപാഠം സുന്ദരമായി സമന്വയിപ്പിച്ച് പാടശേഖരങ്ങളില്‍ നൂറുമേനി വിളവെടുത്ത കുട്ടനാട്ടുകാര്‍ക്ക് താങ്ങാവുന്ന ഒരു വസ്തുതയല്ല താറാവുകളുടെ ചത്തൊടുങ്ങല്‍.

‘ഇന്‍ഫ്ളുവന്‍സ എ’ വൈറസാണ് പക്ഷിപ്പനിയുടെ രോഗകാരി. അണുവിന്‍െറ കോശോപരിതലത്തിലുള്ള രണ്ട് മാംസ്യഘടകങ്ങളാണ് ഹീമഗ്ളൂട്ടിനിന്‍ (HA), ന്യൂറമിനിഡേസ് (NA) എന്നിവ. ഹീമഗ്ളൂട്ടിനിന് 16ഉം ന്യൂറമിനിഡേസിന് ഒമ്പതും ഉപഗണങ്ങളുണ്ട്. H5N1 എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്നത് HA5ഉം NA1ഉം ആണ് എന്ന് മനസ്സിലാക്കണം.

കാട്ടുപക്ഷികളിലാണ് ‘ഇന്‍ഫ്ളുവന്‍സ’ വൈറസ് പ്രകൃത്യാ ആവസിക്കുന്നത്. രോഗലക്ഷണങ്ങളൊന്നുംതന്നെ പ്രകടമാക്കാത്ത കാട്ടുപക്ഷികളില്‍നിന്നും ദേശാടനപക്ഷികള്‍ വഴിയോ വളര്‍ത്തുകോഴികളിലേക്ക് നേരിട്ടോ രോഗബാധയുണ്ടാവാം. രോഗബാധിതമായ പക്ഷികളുടെ കാഷ്ഠം, ഉമിനീര്, മറ്റു സ്രവങ്ങള്‍ എന്നിവ വഴിയാണ് അസുഖം പടരുന്നത്.

രോഗതീവ്രത അനുസരിച്ച് വൈറസിനെ രണ്ടായി തിരിക്കാം.

1. അതിതീവ്രമായ രോഗബാധ ഉണ്ടാക്കുന്നവ: തൂക്കം, കാലുകള്‍ക്കും ചിറകുകള്‍ക്കും ബലക്ഷയം, കുറഞ്ഞ മുട്ടയുല്‍പാദനം, അസാധാരണ ആകൃതിയിലുള്ള മുട്ടകള്‍, പച്ചനിറത്തില്‍ വയറിളക്കം, തല, കണ്‍പോളകള്‍, പൂവ്, സന്ധികള്‍ എന്നിവയുടെ വീക്കം, കരിനീല പൂവ്, കാലുകള്‍ എന്നീ ലക്ഷണങ്ങള്‍ പ്രകടമാക്കി 48 മണിക്കൂറിനുള്ളില്‍ മരണപ്പെടാം.

2. തീവ്രത കുറഞ്ഞവ: തീറ്റക്കുറവ്, മുട്ടയുല്‍പാദന കുറവ്, പരുക്കനായ തൂവലുകള്‍ എന്നിവ ലക്ഷണങ്ങളാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 70ല്‍പരം രാജ്യങ്ങളിലെ പക്ഷികളിലോ മനുഷ്യരിലോ പക്ഷിപ്പനി വൈറസിന്‍െറ സാന്നിധ്യം കണ്ടത്തെിയിട്ടുണ്ട്.

അണുവ്യാപനം തടയല്‍
ഒരു ദേശത്തെ മൃഗസംരക്ഷണ മേഖലയെയും ജനങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ പക്ഷിപ്പനി രോഗാണുവിന്‍െറ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ ഭാരത സര്‍ക്കാര്‍ 2007ല്‍ ഒരു കര്‍മപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
ദേശാടനപക്ഷികള്‍ നമ്മുടെ നാട്ടില്‍ തങ്ങാറുള്ള സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ദേശാടനപക്ഷികളെയും വളര്‍ത്തുപക്ഷികളെയും പ്രത്യേകം നിരീക്ഷണവിധേയമാക്കണം. രോഗലക്ഷണങ്ങളും നാലു ശതമാനത്തില്‍ കൂടുതല്‍ മരണനിരക്കും ശ്രദ്ധയില്‍പെട്ടാല്‍ എത്രയുംപെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കണം.

പക്ഷിപ്പനി സംശയിക്കുന്നഅവസ്ഥയില്‍ ചെയ്യേണ്ടത്
പക്ഷിപ്പനി സംശയിക്കപ്പെടുന്ന സ്ഥലമുള്‍പ്പെടുന്ന 10 കി.മീ. ചുറ്റളവിലുള്ള പ്രദേശത്തെ ജാഗ്രതാ പ്രദേശമായി പരിഗണിക്കുകയും തദ്ദേശവാസികള്‍, പഞ്ചായത്ത് അധികൃതര്‍, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്യണം. കൂടാതെ, സംശയിക്കപ്പെടുന്ന പ്രദേശത്തേക്കും പുറത്തേക്കുമുള്ള വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം നിയന്ത്രിക്കേണ്ടതാണ്. ഈ പ്രദേശത്ത് പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ മുഖാവരണം, കൈയുറ, ഗംബുട്ട്, രക്ഷാവസ്ത്രം എന്നിവ ഉപയോഗിക്കുകയും അണുനാശിനി ഉപയോഗിച്ച് കൈകാലുകള്‍ കഴുകുകയും ചെയ്യേണ്ടതാണ്.

ഇന്ത്യയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതിനായി ലോക മൃഗാരോഗ്യ സംഘടന (ഒ.ഐ.ഇ) അംഗീകരിച്ചിരിക്കുന്നത്, കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഭോപാലിലെ ‘നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ്’ എന്ന ലബോറട്ടറിയെയാണ്. പ്രസ്തുത ലബോറട്ടറി രോഗം സ്ഥിരീകരിച്ചാല്‍, ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണവകുപ്പും അനുബന്ധ വകുപ്പുകളും ഉള്‍പ്പെടുന്ന ദ്രുതകര്‍മസേന, അടിയന്തരമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്. രോഗബാധിത പ്രദേശത്തിന് മൂന്ന് കി.മീ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും ഒന്നടങ്കം കൊന്നൊടുക്കി കത്തിച്ചുകളയാനാണ് കര്‍മരേഖ നിഷ്കര്‍ഷിക്കുന്നത്. ഏഴ് കി.മീ ചുറ്റളവിലുള്ള എല്ലാ പക്ഷികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കണം. രോഗബാധിത പ്രദേശങ്ങളില്‍ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ കോഴിച്ചന്തകളും അതിര്‍ത്തി പ്രദേശങ്ങള്‍ വഴിയുള്ള കോഴിക്കടത്തും ഒഴിവാക്കണം. രോഗബാധിത പ്രദേശത്തിന് 10 കി.മീ ചുറ്റളവിലുള്ള കോഴിയിറച്ചി, മുട്ട എന്നിവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങള്‍ പൂട്ടിയിടണം.

അണുനശീകരണം

രോഗബാധിത മേഖലയിലെ എല്ലാ വീടുകളിലും രണ്ടു ശതമാനം സോഡിയം ഹൈപോക്ളോറൈറ്റ് ലായനി തളിക്കുകയും ഇടവഴികളിലും ഓടകളിലും കുമ്മായം വിതറുകയും ചെയ്യേണ്ടതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ചെയ്യാന്‍ ശ്രദ്ധിക്കണം.
അസുഖബാധിതരായ കോഴികളെ കൈകാര്യം ചെയ്യുന്നതു വഴിയും അവയുടെ സ്രവം, വിസര്‍ജ്യം എന്നിവയുമായുള്ള സമ്പര്‍ക്കം വഴിയുമാണ് രോഗാണുക്കള്‍ മനുഷ്യരില്‍ എത്തുന്നത്.

അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചുമ, ശക്തിയായ പനി, കഠിനമായ പേശിവേദന, തൊണ്ടയിലെ അസ്വാസ്ഥ്യം തുടങ്ങിയവ പ്രാരംഭലക്ഷണങ്ങളാണ്. അണുക്കള്‍ക്ക് നിരന്തരം സംഭവിക്കുന്ന ജനിതക പരിണാമം, വാക്സിന്‍ നിര്‍മാണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമാണ്. എങ്കിലും 2005 മുതല്‍ മനുഷ്യരില്‍ പ്രതിരോധമരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നുണ്ട്.

ജന്തുജന്യരോഗമായ പക്ഷിപ്പനി മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. 70 ഡിഗ്രി സെല്‍ഷ്യസില്‍ 30 മിനിറ്റ് സമയത്തേക്ക് താപനില ക്രമീകരിച്ചാല്‍ രോഗാണുവിന് നിലനില്‍ക്കാന്‍ സാധിക്കുകയില്ല. അതിനാല്‍, സാധാരണ രീതിയില്‍ 100 ഡിഗ്രി സെല്‍ഷ്യസില്‍ വേവിച്ചെടുക്കുന്ന ഇറച്ചിയും മുട്ടയും കഴിക്കുന്നത് സുരക്ഷിതമാണ്. ദിവസേന, കോഴിക്കൂടും പരിസരവും വൃത്തിയാക്കുകയും തീറ്റയും വെള്ളവും മാറ്റുകയും വേണം. വളര്‍ത്തുപക്ഷികളുമായി നിരന്തരം ഇടപെടുന്നവര്‍ രക്ഷാകവചങ്ങള്‍ ധരിക്കണം.

മൃഗസംരക്ഷണ ആരോഗ്യ പരിസ്ഥിതി മേഖലകളില്‍ ഏല്‍പിച്ച ആഘാതത്തോടൊപ്പം സാമ്പത്തികമേഖലക്കും കനത്ത പ്രഹരമേല്‍പിക്കാന്‍ പക്ഷിപ്പനിക്ക് സാധിച്ചു. ടൂറിസം, ഹോട്ടല്‍, ഗതാഗത വ്യാപാര മേഖലകളില്‍ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ വരുംനാളുകളില്‍ കാണാവുന്നതേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird flu
News Summary - bird flu
Next Story