തീവ്ര ദേശീയതയുടെ മറവില്‍ ഏകാധിപതിയുടെ പിറവി
text_fieldsതീവ്ര ദേശീയത വിശകലനം ചെയ്യുന്നിടത്ത് ചരിത്രകാരനായ രാമചന്ദ്ര ഗുഹ, വിശ്വപ്രസിദ്ധ രാഷ്ട്രമീമാംസകന്‍ ബെനിഡിക്ട് ആന്‍ഡേഴ്സിനെ ഉദ്ധരിക്കുന്നുണ്ട്: ‘സഹപൗരന്മാരോട് അടക്കം തന്‍െറ സര്‍ക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ ലജ്ജിക്കാന്‍ ശേഷിയില്ലാത്ത ആര്‍ക്കും യഥാര്‍ഥ ദേശീയവാദിയാവാന്‍ പറ്റില്ല’. യഥാര്‍ഥ ദേശസ്നേഹം പൗരാവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ഉത്ക്കടമായ ആഗ്രഹത്തില്‍നിന്നാണ് ഉറവയെടുക്കുന്നതെന്നാണ് ആന്‍ഡേഴ്സന്‍െറ നിരീക്ഷണം.
കപട ദേശീയതയുടെ മറവില്‍ ജനായത്ത ഭരണസംവിധാനങ്ങളെ അട്ടിമറിക്കുന്ന കാഴ്ച ഇന്ന് ആഗോളപ്രതിഭാസമാണ്. ഇതിന്‍െറ ഒന്നാംതരം ദൃഷ്ടാന്തം പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ. വീഴ്ചകളിലും പാളിച്ചകളിലും അശേഷം പശ്ചാത്താപമില്ലാത്ത അചഞ്ചലചിത്തത, യഥാര്‍ഥത്തില്‍ ജനങ്ങളെ ഭയക്കുന്ന ഭീരുത്വത്തിന്‍െറ മുഖമറയാണ്. 70 വര്‍ഷത്തെ ജനാധിപത്യ കീഴ്വഴക്കങ്ങളെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി മോദി അവലംബിക്കുന്ന രീതിശാസ്ത്രം പഠനവിധേയമാക്കേണ്ടതുണ്ട്്. സ്വയംകേന്ദ്രീകൃതമായ വിചിത്ര വ്യക്തിത്വം രൂപപ്പെടുത്തി, അതിനനുസൃതമായി ഭ്രാന്തമായൊരു ദേശീയതയെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിക്കാനും അതിനുമീതെ സൂപ്പര്‍മാന്‍ ചമയാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.
അധികാരത്തില്‍ അവരോധിതനായത് മുതല്‍ ഏകാധിപത്യപ്രവണത ചൊല്ലിലും ചെയ്തിയിലും പ്രകടമായിരുന്നെങ്കിലും സമീപകാലത്ത് അത് വിപല്‍ക്കരമാം വിധം ഭയാനകരൂപം പൂണ്ടിരിക്കുകയാണ്. തന്‍െറ ഇച്ഛക്ക് വിപരീതമായി രാജ്യത്ത് ഒന്നും സംഭവിക്കാന്‍ പാടില്ളെന്നും വിയോജിക്കുന്നവരെല്ലാം തന്‍െറയും രാജ്യത്തിന്‍െറയും ശത്രുക്കളാണെന്നും സമര്‍ഥിക്കാന്‍ നടത്തുന്ന വേലകള്‍ ജനാധിപത്യത്തില്‍ തെല്ളെങ്കിലും വിശ്വാസമുള്ളവരെ അലോസരപ്പെടുത്താതിരിക്കില്ല. മുന്തിയ കറന്‍സി നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചശേഷമുള്ള മോദിയുടെ പെരുമാറ്റം ശ്രദ്ധിച്ചില്ളേ?
130 കോടി ജനങ്ങളെ തന്‍െറ വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടാന്‍ ഒരു പ്രയാസവുമില്ല എന്ന് വരുത്തിത്തീര്‍ക്കാനും എതിര്‍പ്പിന്‍െറ സ്വരങ്ങളെ അടിച്ചമര്‍ത്താനും മോദിയും പിണിയാളുകളും കാട്ടുന്ന അഭ്യാസങ്ങള്‍ എന്തുമാത്രം ജനായത്തവിരുദ്ധമാണ്? ദേശസ്നേഹത്തിന്‍െറ പേരില്‍ അടിച്ചേല്‍പിക്കുന്ന ചിത്തഭ്രമത്തിലൂടെ പ്രതിപക്ഷത്തെയും ദുരിതമനുഭവിക്കുന്ന ജനകോടികളെയും മാനസികമായി കീഴ്പ്പെടുത്തുന്ന അധമ തന്ത്രങ്ങളാണ് പയറ്റിക്കൊണ്ടിരിക്കുന്നത്. ഭീകരവാദികളുടെ സാമ്പത്തിക സ്രോതസ്സിന്‍െറ ഉറവിടം കൊട്ടിയടക്കാനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച് പൊതുജനത്തെ ബാങ്കുകള്‍ക്കും എ.ടിഎമ്മുകള്‍ക്കും മുന്നില്‍ പൊരിവെയിലില്‍ മയക്കിക്കിടത്തുന്ന ഫാഷിസ്റ്റ് ശൈലിക്കു മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുപോലും രണ്ടാഴ്ച നിശ്ശബ്ദരായി നില്‍ക്കേണ്ടിവന്നു. മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും മാത്രമാണ് പ്രതിഷേധസ്വരം ഉയര്‍ത്താന്‍ ചങ്കൂറ്റം കാട്ടിയത്.
കറന്‍സിനോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത് മുതല്‍ ലക്ഷണമൊത്ത സ്വേച്ഛാധിപതിയായാണ് മോദി ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രഖ്യാപനപ്പിറ്റേന്നുതന്നെ ഒന്നും സംഭവിച്ചില്ളെന്ന ലാഘവബുദ്ധിയോടെ, ജപ്പാനിലേക്ക് പറന്ന മോദി മൂന്ന്-നാല് ദിവസം ചുറ്റിക്കറങ്ങി തിരിച്ചത്തെിയശേഷം പനാജിയിലും പുണെയിലുമൊക്കെ നടത്തിയ പ്രസംഗങ്ങളില്‍ താന്‍ ഏതോ വലിയ ത്യാഗത്തിന് ഇറങ്ങിപ്പുറപ്പെട്ടതാണെന്നും പക്ഷേ, രാജ്യദ്രോഹികള്‍ തന്‍െറ തലമുടി പിടിച്ചുവലിക്കുകയാണെന്നും കബളിപ്പിക്കാനുള്ള വിലകുറഞ്ഞ അടവുകളാണ് പുറത്തെടുത്തത്.
‘അധികാരക്കസേരയില്‍ ഉപവിഷ്ടനാവാന്‍ വേണ്ടിയല്ല ഞാന്‍ നില്‍ക്കുന്നത്. രാജ്യത്തിനുവേണ്ടി ചിലതുചെയ്യാന്‍ ഞാന്‍ എന്‍െറ വീട് വിട്ടു; കുടുംബത്തെ വിട്ടു’. പച്ചക്കള്ളം. വീടും കുടുംബവും വിട്ടത് മുഴുസമയ ആര്‍.എസ്.എസ് പ്രചാരകന്‍ ആവുന്നതിനുവേണ്ടിയാണ്. രാജ്യം മാടിവിളിച്ചിട്ടല്ല അദ്ദേഹം കടന്നുവന്നത്. ജനാധിപത്യവിരുദ്ധമായി ബി.ജെ.പിയുടെയും രാജ്യത്തിന്‍െറയും മേല്‍ ആര്‍.എസ്.എസ് നേതൃത്വം അദ്ദേഹത്തെ അടിച്ചേല്‍പിച്ചതായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ആയുസ്സും വപുസ്സും ചെലവഴിച്ച എല്‍.കെ. അദ്വാനിയെയും ഡോ. മുരളീമനോഹര്‍ ജോഷിയെയുമെല്ലാം വെട്ടിനിരത്തിയാണ് മോദി അധികാര സോപാനം പിടിച്ചെടുക്കുന്നത്. പ്രധാനമന്ത്രിപദത്തിലത്തെിയ നിമിഷം നല്‍കിയ വാഗ്ദാനം ‘നല്ല നാളുകള്‍’ (അച്ഛാദിന്‍) ആയിരുന്നില്ളേ?
അതിന്‍െറ വിവക്ഷ എന്താണെന്ന് ജനം അനുഭവിച്ചറിയുകയാണിപ്പോള്‍. ഏത് സ്വേച്ഛാധിപതിയെയും പോലെ പൗരന്മാരുടെ മേല്‍ ദുരന്തങ്ങള്‍ ചൊരിഞ്ഞാണ് ഓരോദിനവും ഇന്ന് കടന്നുപോകുന്നത്. രാജ്യത്തിന്‍െറ സമ്പദ്ഘടന തകര്‍ന്നടിഞ്ഞു. രക്തം വാര്‍ന്നൊഴുകിയ ശരീരംപോലെ ചേതനയറ്റു കിടക്കുകയാണ് പ്രവിശാലമായ ഒരു രാജ്യം. താഴത്തേട്ടില്‍ കഴിയുന്നവരെയും ഇടത്തരക്കാരെയും പിച്ചച്ചട്ടി എടുപ്പിച്ച്, ഇരുളുറഞ്ഞ ഭാവിക്കുമുന്നില്‍ കൊണ്ടുനിര്‍ത്തിയശേഷം ആവര്‍ത്തിച്ചുപറയുന്നു; ഏത് ശക്തികളാണ് തനിക്ക് എതിരെ വാളോങ്ങുന്നതെന്നും ഏത് ജനവിഭാഗമാണ് എന്നെ എതിര്‍ക്കുന്നതെന്നും എനിക്കറിയാമെന്ന്. ആരോടാണ് മോദിയുടെ ഈ യുദ്ധപ്രഖ്യാപനം? ഒരുനേരത്തെ ക്ഷുത്തടക്കാന്‍ വകയില്ലാതെ, 2000 രൂപക്കായി എ.ടി.എമ്മിനുമുന്നില്‍ ക്യൂനില്‍ക്കുന്ന പാവങ്ങളോടോ?
അതല്ല, ‘കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ കൊള്ളയടിക്കുന്നവര്‍’ക്ക് നേരെയോ? എന്‍.ഡി.എ ഭരണത്തിന്‍െറ തണലില്‍ ഇക്കൂട്ടര്‍ ഇപ്പോഴും കൊള്ളയടി തുടരുന്നുണ്ടെന്ന് തനിക്കറിയില്ളെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ മോദി തയാറാകുമോ? ഭരണത്തിന്‍െറ കൃപാശിസ്സുകളോടെ ഇങ്ങനെ ഖജനാവ് കൊള്ളയടിക്കുന്ന അംബാനിമാരുടെയും അദാനിമാരുടെയും ടാറ്റമാരുടെയും ബിര്‍ളമാരുടെയും 1.14 ലക്ഷം കോടികള്‍ 29 പൊതുമേഖല ബാങ്കുകള്‍ 2015ല്‍ കിട്ടാക്കടമായി എഴുതിത്തള്ളിയപ്പോള്‍ മോദിയുടെ ദേശസ്നേഹം എവിടെയായിരുന്നു. ഏഴരലക്ഷം കോടി കിട്ടാക്കടമായി ഇപ്പോഴും കടലാസില്‍ ഉറങ്ങുമ്പോഴല്ളേ പാവപ്പെട്ട കര്‍ഷകര്‍ പാല് വിറ്റ് സ്വരുക്കൂട്ടിയ അഞ്ഞൂറിന്‍െറ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച് അവന്‍െറ സ്വപ്നങ്ങളെ കരിച്ചുകളഞ്ഞത്?
എന്നിട്ട്, വര്‍ഗീയവികാരം ഊതിക്കത്തിച്ച് കപട ദേശസ്നേഹത്തിന്‍െറ കരിക്കട്ടക്ക് തീപ്പിടിപ്പിക്കാന്‍ കശ്മീരില്‍ പ്രക്ഷോഭകരുടെ കല്ളേറ് നിലച്ചെന്ന് തട്ടിവിടുന്നു. അതുകേട്ട്, മലപ്പുറത്ത് ബംഗാളികള്‍ കള്ളനോട്ട് മാറാന്‍ ക്യൂനില്‍ക്കുകയാണെന്ന് പ്രായം കൊണ്ടെങ്കിലും വിവേകം ആര്‍ജിക്കേണ്ട ഒ. രാജഗോപാല്‍ ഡല്‍ഹിയില്‍ച്ചെന്ന് പുലമ്പുന്നു. ഇത്ര നികൃഷ്ടമാണോ ഹിന്ദുത്വ വിഭാവന ചെയ്യുന്ന ദേശീയ ബോധത്തിന്‍െറ അന്തസ്ഥലികള്‍?
ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കും ഭരണകൂട ഭീകരതയിലേക്കും ലോകം വഴുതിവീഴുമ്പോള്‍ അതിന്‍െറ അമരം കൈയടക്കാന്‍ ഒരു ‘കള്‍ട്ട് ഫിഗര്‍’ രൂപപ്പെടുത്തുകയാണ് മോദി സ്വമേധയാ. സംഘ്പരിവാറിനു സുപരിചിതമായ, ആരാലും ചോദ്യംചെയ്യപ്പെടാത്ത, ആരും തനിക്കെതിരെ ഒരക്ഷരം ഉരിയാടാത്ത സര്‍ സംഘ്ചാലകിന്‍െറ രാഷ്ട്രീയ പതിപ്പാണ് മോദി തന്നില്‍ സ്വയം സ്വപ്നം കാണുന്നത്. അതിന്‍െറ നിര്‍മിതിക്കായി ഏത് വേഷം കെട്ടാനും തയാറാണ്.
ഗോവയില്‍ പ്രസംഗിച്ചത് അശ്രുപൊഴിച്ചാണ്. എല്ലാറ്റിനുമൊടുവില്‍ ‘നാമോ ആപ്പിലൂടെ’ സ്വമേധയാ സര്‍വേ നടത്തി ജനഹിതം പരിശോധിക്കുന്ന വിചിത്രവും പരിഹാസ്യവുമായ രീതി പരീക്ഷിക്കുകയാണ്. 93 ശതമാനം ജനങ്ങളും നോട്ട് പിന്‍വലിച്ച നടപടിയെ സ്വാഗതം ചെയ്തത്രെ. ഹിറ്റ്ലറും ഗീബല്‍സും ഒരാളില്‍ സമ്മേളിച്ച് രാജ്യത്തെ കുട്ടിച്ചോറാക്കുമ്പോള്‍ മീഡിയ അതിനു അലേലുയ പാടുന്ന ലജ്ജാവഹമായ കാഴ്ച മറ്റൊരു ഭാഗത്ത്. പാര്‍ലമെന്‍ററി ജനാധിപത്യ സമ്പ്രദായത്തില്‍ മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. എല്ലാ അധികാരവും തന്നില്‍ കേന്ദ്രീകരിക്കണമെന്ന് ശാഠ്യമുള്ള ഒരു ഏകാധിപതിയുടെ അറ്റമില്ലാത്ത ദുരാഗ്രഹമാണ്് പാളിപ്പോയ നോട്ട് പരിഷ്കാരം മഹത്തായ ഒരു ദേശഭക്തി യജ്ഞമായി അവതരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
അപ്പോഴും, ജനം അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് പാര്‍ലമെന്‍റിനകത്തുപോലും സംസാരിക്കാനോ പരിഹാരമാര്‍ഗം നിര്‍ദേശിക്കാനോ തനിക്ക് ബാധ്യതയില്ല എന്ന തീര്‍ത്തും നിഷേധാത്മക നിലപാട് മുറുകെപിടിക്കുകയാണ്. തനിക്ക് സമശീര്‍ഷരായി പ്രതിപക്ഷത്തുപോലും ആരുമില്ളെന്നും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ മാത്രം താന്‍ നിസ്സാരനല്ളെന്നുമുള്ള അഹന്ത നിറഞ്ഞ മനോഗതി, ഇന്ദിര ഗാന്ധിയില്‍പോലും നമുക്ക് ദര്‍ശിക്കേണ്ടിവന്നിരുന്നില്ല. ബറാക് ഒബാമയുടെയും ടോണി അബോട്ടിന്‍െറയും ഫ്രാങ്സ്വാ ഓലന്‍ഡിന്‍െറയുമൊക്കെ കൂടെ സമയം ചെലവഴിച്ച തന്‍െറ മുന്നില്‍ രാഹുല്‍ ഗാന്ധിയോ പിണറായി വിജയനോ ഒന്നും ആരുമല്ല എന്ന ചിന്തയാവണം മോദിയെ ഭരിക്കുന്നത്.
ജനാധിപത്യത്തിനു അശേഷം ഇണങ്ങാത്ത ഈ സ്വഭാവവൈകൃതമാണ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിനു കൂടിക്കാഴ്ചക്ക് അനുമതി നിഷേധിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യം പകര്‍ന്നത്. ഫെഡറലിസത്തിന്‍െറ അന്തസ്സത്ത ഹനിക്കുന്ന ഇത്തരം ധാര്‍ഷ്ട്യങ്ങളെ ജനായത്ത മാര്‍ഗം ഉപയോഗിച്ച് മാറ്റിയെടുക്കേണ്ടതുണ്ട്. ‘ഡിമോണിറ്റൈസേഷന്‍’ ഒരു ടെസ്റ്റ് ഡോസ് ആണ്. ഇത് വിജയം കണ്ടാല്‍ രാജ്യത്തെ ഞെട്ടിക്കുന്ന കുറെ തീരുമാനങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്ടിവരും. സെക്കുലറിസം എന്നു കേള്‍ക്കുമ്പോള്‍ മധ്യവര്‍ഗത്തിനു അജീര്‍ണം ഉണ്ടാക്കുന്ന തരത്തില്‍ രണ്ടര വര്‍ഷംകൊണ്ട് മോദി രാജ്യത്തിന്‍െറ മനോഘടന മാറ്റിപ്പണിതു കഴിഞ്ഞു. മോദിയില്‍നിന്ന് ഹിറ്റ്ലറിലേക്കുള്ള ദൂരം കാതങ്ങള്‍ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.