നാവരിയപ്പെടുന്ന രാഷ്ട്രം
text_fieldsബി.ജെ.പി ഭരണത്തിന്‍കീഴിലുള്ള ഭാവി ഇന്ത്യയുടെ മാതൃകാരൂപമാവുകയാണോ ഉത്തര്‍പ്രദേശ്? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യോഗി ആദിത്യനാഥിെൻറ ഭരണം ഒരു ജനാധിപത്യ സമൂഹത്തിനു തെല്ലും നിരക്കാത്ത നടപടികളുമായാണ് മുന്നോട്ടുപോയത്. അത് ധാർമികതയുടെ, അടിസ്ഥാന നൈതികസമീപനങ്ങളുടെ പൂർണ നിരാസത്തിലേക്കാണ് ഇപ്പോള്‍, അപ്രതീക്ഷിതമല്ലെങ്കിലും, നീങ്ങുന്നത്.
ബീഫിെൻറ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഡോ. കഫീൽഖാനെ പോലെയുള്ള മനുഷ്യസ്നേഹികളായ വ്യക്തികളോടുള്ള പൊറുക്കാനാവാത്ത പാതകങ്ങള്‍, ദലിത് ജനവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള ക്രൂരമായ ആക്രമണങ്ങള്‍, ചരിത്രത്തെ തൂത്തുമാറ്റുന്ന സ്ഥലനാമ പരിഷ്കാരങ്ങള്‍, പാഠപുസ്തകങ്ങളിലെ ഇടപെടലുകള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ജനാധിപത്യവിരുദ്ധ നടപടികളുടെ നീണ്ട നിരതന്നെ അവിടെ കാണാം. ഈ ഭരണത്തിെൻറ തുടക്കം മുതല്‍ അവിടെ രൂപംകൊണ്ട രാഷ്ട്രീയ-സാമൂഹികാന്തരീക്ഷം പരമത ഹിംസയുടെ, ദലിത് വിദ്വേഷത്തിെൻറ, പുരോഗമനരാഷ്ട്രീയത്തോടുള്ള അടങ്ങാത്ത അസഹിഷ്ണുതയുടെ, രാഷ്ട്രനൈതികതകളോടുള്ള കടുത്ത പുച്ഛത്തിെൻറ, പൊലീസ് രാജിെൻറ ഒക്കെ സമീപനത്തെ ഒരു തത്ത്വദീക്ഷയുമില്ലാതെ നീതിമത്കരിക്കാന് ശ്രമിക്കുന്നതും അതിനെയൊക്കെ ആഘോഷിക്കുന്നതുമായിരുന്നു. ബി.ജെ.പിയുടെതന്നെ കേന്ദ്ര ഭരണകൂടവും മറ്റു സംസ്ഥാന ഭരണകൂടങ്ങളും പോലും നടപ്പിലാക്കാനും ന്യായീകരിക്കാനും തുനിയാത്ത അതിക്രമങ്ങള്‍ സാധാരണവത്കരിക്കുന്ന ഭരണസംവിധാനമാണ് ആദിത്യനാഥിെൻറ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിക്കുന്നത്. സംഘ്പരിവാര്‍ സങ്കൽപിക്കുന്ന ഭാവിഭാരതത്തിെൻറ പൂര്‍വമാതൃകയായി നിര്‍ലജ്ജം ഈ ഭരണം മാറുകയാണ്.
അതിെൻറ ഏറ്റവും ഒടുവില്‍ സംഭവിച്ചതാണ് ഹാഥറസ്. ആ പെണ്‍കുട്ടിയുടെ മേല്‍ സവർണസംസ്കാരവും ഭരണകൂടവും ചേര്‍ന്ന് നടത്തിയ സമാനതകളില്ലാത്ത കടുത്ത ക്രൂരത അമേരിക്കയിലെ ജോര്‍ജ് ഫ്ലോയിഡ് സംഭവംപോലെ ലോക മനുഷ്യത്വത്തിനേറ്റ കനത്ത പ്രഹരമാണ്. നമ്മുടെ ആർജിതമായ എല്ലാ ജീവിതമൂല്യങ്ങളെയും ചവിട്ടിമെതിക്കുന്നതാണ്. ജോര്‍ജ് ഫ്ലോയിഡ് സംഭവം അമേരിക്കയിലെ കറുത്ത വർഗക്കാര്‍ നേരിടുന്ന വംശീയക്രൂരതകളുടെ വേദനജനകവും സംഭീതിജനകവുമായ മുഖം ലോകത്തിനുമുന്നില്‍ ഒരിക്കല്‍കൂടി തുറന്നുകാട്ടി. ആ സംഭവം അതിലെ വംശീയവെറികൊണ്ട് മാത്രമല്ല ശ്രദ്ധിക്കപ്പെടുന്നത്. ഒരു മനുഷ്യനെ, അപരവർഗത്തില് പെടുന്നു എന്നതുകൊണ്ട് മാത്രം പട്ടാപ്പകല്‍ നടുറോഡില്‍ ഒരു പൊലീസുകാരന് കാല്‍മുട്ടുകൊണ്ട് കുത്തിപ്പിടിച്ചു കഴുത്ത് ഞെരിച്ചു കൊല്ലാന്‍ കഴിയുന്ന ക്രൂരതയുടെ നിസ്സംഗത മാനവികതയുടെ എല്ലാ അംശങ്ങളെയും റദ്ദു ചെയ്യുന്ന ഒന്നായി സാമാന്യജനങ്ങള്‍ക്ക് അനുഭവപ്പെടുന്നു എന്നത് വിസ്മരിക്കാനാവില്ല. അത് മനുഷ്യര്‍ മനുഷ്യരാവുന്നതിെൻറ നൈതികപരിണാമത്തെ വെല്ലുവിളിക്കുന്ന ഒന്നായി മനസ്സുകളില്‍ ആഞ്ഞുതറക്കുന്നതുകൊണ്ടാണ്. ലോകത്തെ ആദ്യ ക്രൂരതയോ അമേരിക്കയിലെ ആദ്യ വംശീയക്കൊലയോ ആയതുകൊണ്ടല്ല. മനുഷ്യസംസ്കാരം എന്നൊന്ന് ചരിത്രനിരപേക്ഷമായി, അമൂർത്തമായി നിലനില്ക്കുന്നില്ല. പക്ഷേ, അതിെൻറ സ്ഥല-കാലരൂപങ്ങള്‍ മൂര്‍ത്തവും ഗോചരവുമാണ്. അവക്ക് ദൈനംദിന നൈതികതയുടെ മേഖലയില്‍ അത്യധികമായ പ്രസക്തിയുണ്ട്. ആ സംഭവം എങ്ങനെയാണോ മനുഷ്യത്വം എന്ന ചരിത്ര-നീതി സങ്കൽപത്തെ വെല്ലുവിളിച്ചത്, മുറിവേല്‍പ്പിച്ചത്, അതുപോലെയുള്ള ഒരു വെല്ലുവിളിയും ആഴത്തിലുള്ള ഒരു മുറിവുമാണ് ഹാഥറസ് സംഭവം. 'മനുഷ്യാണാം മനുഷ്യത്വം' എന്ന ശ്രീനാരായണ ഗുരുവിെൻറ വചനം ആരും ഓര്‍ത്തുപോവുന്ന സന്ദര്‍ഭമാണിത്. ആ ഒറ്റവരിയില്‍ അദ്ദേഹം കരുതിെവക്കുന്ന മൂല്യവിചാരം ഏതു ഭരണസംവിധാനത്തിലും അധികാരഘടനയിലും സാമൂഹികരൂപത്തിലും മനുഷ്യര്‍ക്ക് ഉണ്ടായിരിക്കേണ്ട ഒന്നാണ്. അതിനു ഉപാധികള്‍ ഇല്ല. അത് നിരസിക്കുന്നതിന്, നിഷേധിക്കുന്നതിന് ന്യായീകരണങ്ങള്‍ ഇല്ല.
ജോര്‍ജ് ഫ്ലോയിഡ് സംഭവവും ഹാഥറസ് പെണ്‍കുട്ടിയുടെ അനുഭവവും നമ്മെ ഓർമിപ്പിക്കുന്നത് ജാതിവെറിയുടെ ചരിത്രം മാത്രമല്ല, ജാതിവെറി മനുഷ്യസംസ്കൃതിക്ക് നേരെയുള്ള കൈയേറ്റം കൂടിയാണ് എന്ന വസ്തുതയാണ്.
ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ ഒരു ഭരണകൂടം ചെയ്യേണ്ടത് എന്താണോ, അതിനു നേര്‍വിപരീതമായാണ് യു.പി ഭരണകൂടം പ്രവര്‍ത്തിച്ചത്. അതു മറച്ചുെവക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും വാര്‍ത്തകള്‍ തടയാനും ശ്രമിക്കുക, പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വീട്ടുതടങ്കലിലാക്കുക, അവരെ സമീപിക്കുന്നതില്നിന്ന് പൊതുപ്രവർത്തകരെയും മാധ്യമങ്ങളെയും തടയുക, അവരുടെയും അഭ്യുദയകാംക്ഷികളുടെയും മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയും കൽപിക്കാതിരിക്കുക.
ഒരു ഗ്രാമത്തെയാകെ പൊലീസ് വലയത്തിലാക്കി ഭരണകൂട ഭീകരത സൃഷ്ടിക്കുക. സത്യസന്ധമായ വാര്‍ത്തകളിലൂടെ, ആക്രമിക്കപ്പെട്ടവരുടെ വാക്കുകള്‍ ലോകം കേള്‍ക്കുകയും അങ്ങനെ അവര്‍ക്ക് നീതിയുടെ ഒരു പാളിയെങ്കിലും തുറന്നുകിട്ടുകയും ചെയ്യാനുള്ള സാഹചര്യംപോലും ഇല്ലാതാക്കുക -അങ്ങനെ ഒരു ഭരണകൂടം യഥാർഥത്തില്‍ ആ ക്രൂരകൃത്യത്തിെൻറ അവകാശം തങ്ങള്‍ക്കുകൂടി ഉള്ളതാണ് എന്നു തുറന്നുസമ്മതിക്കുകയല്ലേ ചെയ്യുന്നത്?
ബാബരി മസ്ജിദ് വിധി സുപ്രീംകോടതി പ്രഖ്യാപിച്ചപ്പോള്‍ അത് ന്യൂനപക്ഷങ്ങളുടെ നാവരിയുന്നതും ഒരു നിശ്ശബ്ദ ന്യൂനപക്ഷമായി മുസ്ലിംസമൂഹത്തെ മാറ്റാന്‍ ശ്രമിക്കുന്നതിെൻറ ഭാഗവുമാണ് എന്ന് ഞാനും പറഞ്ഞിരുന്നു. സുപ്രീംകോടതിതന്നെ വലിയ കുറ്റകൃത്യമായിക്കണ്ട പള്ളി പൊളിക്കലിനെക്കുറിച്ചുള്ള ഹൈകോടതി വിധി ആ ധാരണ കേവലം ഒരു രൂപകചിന്ത മാത്രമല്ല, മറിച്ച് പുതിയ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന സമീപനം തന്നെയാണ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. പള്ളി ക്ഷേത്രമായി മാറ്റുകയും പിന്നീടു പള്ളി പൊളിച്ച മുഴുവന്‍ പ്രതികളെയും വെറുതെ വിടുകയും ചെയ്തതോടെ അതൊരു സംഭവമല്ലാതാവുകയാണ്. അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ല. അതൊരു തെറ്റിദ്ധാരണ മാത്രമായിരുന്നു. ആ തെറ്റിദ്ധാരണ ഇപ്പോള്‍ മാറിയിരിക്കുന്നു. ആരും ഒരു കുറ്റവും ചെയ്തിട്ടില്ല.
അവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ആ പള്ളി ആയിരുന്നു വലിയ കുറ്റകൃത്യം. അതില്ലാതായി. അതിനെക്കുറിച്ച ഓർമകള്‍പോലും ഇല്ലാതാക്കുക. ഇതേ അനൈതികയുക്തിയാണ് ആ പെണ്‍കുട്ടിയുടെമേല്‍ ലൈംഗികഹിംസ നടത്തിയശേഷം അവളുടെ നാവരിഞ്ഞും അവളുടെ ഭൗതികശരീരം അവസാനമായൊന്നു കാണാന്‍ വീട്ടുകാരെ അനുവദിക്കുകകൂടി ചെയ്യാതെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകളഞ്ഞും സവർണ ഹിന്ദുത്വം ചെയ്യുന്നത്. ശബ്ദം ഇല്ലാതാക്കുക, ഇവിടെ നിലനിന്നിരുന്നു, ജീവിച്ചിരുന്നു, എന്നതിനുപോലും തെളിവോ സാക്ഷിയോ ഇല്ലാതാക്കുക.
ഇന്ത്യന്‍ വർണവ്യവസ്ഥ സംവത്സരങ്ങളിലൂടെ നിലനിര്‍ത്തുന്ന അവർണമര്ദനം കാലക്രമത്തില്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന ഒരു ഭരണഘടനയും പടിപടിയായുള്ള നിയമനിർമാണങ്ങളും ന്യൂനപക്ഷങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സംരക്ഷണങ്ങളും നെഹ്റു-അംബേദ്കര്‍ രാഷ്ട്ര നിർമാണ മാതൃകയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ദലിത് ന്യൂനപക്ഷമുന്നേറ്റങ്ങള് ഒരു പരിധിവരെ ഭരണഘടനയിലും ഭരണകൂടത്തിെൻറ പ്രതിബദ്ധതകളിലും അടങ്ങിയ ഈ ലക്ഷ്യങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ പിന്മാറരുത് എന്നതിെൻറ ഓർമപ്പെടുത്തലുകള് കൂടിയായിരുന്നു. ബി.ജെ.പിഭരണം ഇതിനെ തങ്ങളുടെ ഹിന്ദുത്വ അജണ്ടക്കുള്ള വിഘാതമായാണ്, വെല്ലുവിളി ആയാണ്. അതുകൊണ്ട് തന്നെ അവര്‍ ലക്ഷ്യം
െവക്കുന്നത് ഈ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്താനും അവയുടെ സംരക്ഷണകവചം ദലിത്-ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടുത്താനുമാണ്. അവ ഇല്ലാതാക്കുന്നതിലൂടെ ഇന്ത്യയിലെ ദലിത്-ന്യൂനപക്ഷ സമൂഹം രാഷ്ട്രീയമായി അരക്ഷിതരാവുമെന്ന വിചാരത്തില്‍ തന്നെയാണ് അവര്‍ ഇതിനു മുതിരുന്നത്. ഇത് കേവലം പാർശ്വവത്കൃതസമൂഹങ്ങളെ നിശ്ശബ്ദരാക്കല്‍ മാത്രമല്ല, അതിനപ്പുറം ഒരു രാഷ്ട്രത്തെ നിശ്ശബ്ദമാക്കാനുള്ള, രാഷ്ട്രത്തിെൻറ തന്നെ നാവരിയാനായുള്ള ശ്രമമാണ്. ഇപ്പോള്‍ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെയും മായാവതിയുടെയും മറ്റു പ്രതിപക്ഷപാര്‍ട്ടികളുടെയും നിരന്തരവും ധീരവുമായ ഇടപെടലുകളിലൂടെയും ഈ പ്രശ്നം ഒരു സജീവ രാഷ്ട്രീയപ്രാധാന്യം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി ഇതില്‍ അടങ്ങിയിട്ടുള്ളത് ഹിന്ദുത്വരാഷ്ട്രീയത്തിെൻറ മനുഷ്യത്വവിരുദ്ധ സമീപനം തന്നെയാണ്. അതിനെ ഒറ്റയൊറ്റ സംഭാവങ്ങളായല്ല, സംസ്കാരത്തോടുള്ള, നൈതികതയോടുള്ള, യുദ്ധപ്രഖ്യാപനമായാണ്. അതിനെ എതിര്‍ക്കാനാണ് നാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സജ്ജരായിത്തീരേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.