ആറാട്ടിലും ബി.ജെ.പിക്ക് ആശങ്ക, പ്രതിപക്ഷത്ത് പ്രതീക്ഷ
text_fieldsഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭകളിലേക്കും ഡൽഹി നഗരസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പു ഫലങ്ങൾ ചേർത്തുവെച്ചാൽ വിജയത്തിന്റെ ആറാട്ടിനപ്പുറം ബി.ജെ.പിക്ക് ആശങ്കപ്പെടാൻ ഏറെ; ഭാവിയിലേക്ക് പ്രതിപക്ഷ ചേരിക്ക് പ്രതീക്ഷിക്കാൻ ഏറെ. മധ്യവർഗ വോട്ടർമാർക്കിടയിൽ വാരിവിതറുന്ന വർഗീയതയും സൗജന്യങ്ങളും ജനാധിപത്യ സങ്കൽപങ്ങളെയും ഭരണവിരുദ്ധ വികാരത്തെ അട്ടിമറിക്കുന്ന കാഴ്ച മറുപുറത്ത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, ചികിത്സ-വിദ്യാഭ്യാസ പ്രയാസങ്ങൾ തുടങ്ങി അടിസ്ഥാന പ്രശ്നങ്ങളിൽ നീറുന്ന ജനങ്ങൾക്കിടയിൽ ബി.ജെ.പി ഭരണത്തിനെതിരായ കടുത്ത അമർഷം പുകയുന്നുണ്ട്. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സ്വന്തം നാടായ ഹിമാചൽ പ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താരപ്രചാരകനായി നിന്നിട്ടുപോലും, ഈ ഭരണവിരുദ്ധ വികാരത്തിനും തൊഴുത്തിൽ കുത്തിനുമിടയിലാണ് ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടത്.
സംസ്ഥാനത്ത് അറിയപ്പെടുന്ന നേതൃമുഖങ്ങൾ ഇല്ലാതെയും ചിട്ടയായ പ്രവർത്തനത്തിനു കഴിയാതെയും തെരഞ്ഞെടുപ്പു കളത്തിൽ നിന്നിട്ടും വിജയിച്ച കോൺഗ്രസിന് ഏറെ അവകാശവാദങ്ങൾ ഉന്നയിക്കാനൊന്നും കഴിയില്ല. ബി.ജെ.പിയുടെ ദുരവസ്ഥകളാണ് അഭിമാനം കാക്കാൻ ഹിമാചലിൽ കോൺഗ്രസിനെ സഹായിച്ചത്. രണ്ടു കൂട്ടരും നേരിട്ട് ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ വോട്ട് ചിതറിയതുമില്ല.
താരപ്രഭയും പണക്കൊഴുപ്പും മുതൽ വാട്സ്ആപ് യൂനിവേഴ്സിറ്റി വരെയുള്ള മായാജാലങ്ങൾ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ ബി.ജെ.പിയെ സഹായിച്ചില്ല. ബി.ജെ.പിയും കോൺഗ്രസും തുല്യശക്തികളായ ഗ്രാമ്യമുഖമുള്ള ഹിമാചലിൽ തങ്ങളുടെ സാധ്യതകൾ പരിമിതമാണെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ് ആപ് ശ്രദ്ധ ഗുജറാത്തിലേക്ക് തിരിച്ചു വെച്ചതുകൊണ്ട് പ്രതിപക്ഷ വോട്ടുകൾ ചിതറിയതുമില്ല.
ഇതിന് നേർവിപരീതമാണ് ഗുജറാത്തിൽ സംഭവിച്ചത്. നഗര മേഖലകളും വ്യവസായവും കൂടുതലുള്ള ഗുജറാത്തിൽ മധ്യവർഗ വോട്ടർമാരെ പതിവുപോലെ വർഗീയ ധ്രുവീകരണത്തിൽ തളച്ചിടാൻ ബി.ജെ.പിക്ക് സാധിച്ചു. സൗജന്യങ്ങളും ക്ഷേമപദ്ധതികളും വാഗ്ദാനംചെയ്ത്, വർഗീയതയിൽ ബി.ജെ.പിയുടെ ബി-ടീമായി കളത്തിലിറങ്ങിയ ആം ആദ്മി പാർട്ടിക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചത്, ദുർബലമെങ്കിലും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ കൂടുതൽ പാപ്പരാക്കിയാണ്.
തുടർച്ചയായ 27 വർഷത്തെ ഭരണംകൊണ്ട് ബി.ജെ.പി നിർമിച്ച ഹിന്ദു വർഗീയതയുടെ ഉറച്ച കോട്ടയിൽനിന്ന് കാര്യമായ വോട്ടു ചോർത്താനൊന്നും ഹിന്ദുത്വപ്രീണനം പരീക്ഷിച്ച ആപിന് കഴിഞ്ഞില്ല. ആപിനും കോൺഗ്രസിനുമിടയിൽ പ്രതിപക്ഷ വോട്ടു ചിതറിയപ്പോൾ സ്വാഭാവികമായും ബി.ജെ.പിയുടെ സീറ്റെണ്ണം കൂടി. ഉറക്കംതൂങ്ങി പ്രചാരണം നടത്തിയ കോൺഗ്രസിനെക്കാൾ ഭേദമാണ് ആപ് എന്നു ചിന്തിച്ചവരുടെ വോട്ടാണ് അവർക്ക് കിട്ടിയ അഞ്ചു സീറ്റ്.
ഹിന്ദു ഹൃദയഭൂമിയായി മാറിപ്പോയ ഗുജറാത്തിൽ ആപിന്റെയോ കോൺഗ്രസിന്റെയോ മുന്നേറ്റത്തിന് പരിമിതികളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദി 'അസ്മിത'യെന്ന വിശേഷണത്തോടെ വർഷങ്ങൾക്കു മുമ്പ് തട്ടിയുണർത്തിയ ഹിന്ദുത്വ ദുരഭിമാനത്തിൽനിന്ന് പുറത്തുകടക്കാനോ കേന്ദ്ര-സംസ്ഥാന ഭരണമുള്ള ബി.ജെ.പിയെ തള്ളിക്കളയാനോ ഗുജറാത്ത് തയാറല്ല.
ഈ അസ്മിതക്കിടയിൽ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളാകട്ടെ, ആശ്രയമില്ലാതെ ഒതുക്കപ്പെട്ടുപോയി. അതിനൊപ്പമാണ് പ്രതിപക്ഷത്തെ ഭിന്നിപ്പ്. ഇതിലെല്ലാമുള്ള വോട്ടർമാരുടെ വിരക്തി തെളിഞ്ഞിരുന്നു. പലരും വോട്ടു ചെയ്യാൻ തന്നെ പോകാത്തതിനാൽ 2017ലെക്കാൾ നാലു ശതമാനം കുറവായിരുന്നു ഇത്തവണ പോളിങ്.
ഗുജറാത്തിലെ സാഹചര്യങ്ങൾ ഇതാണെങ്കിലും, ബി.ജെ.പിയിലും മോദിയിലുമുള്ള വിശ്വാസവും പ്രതീക്ഷയുമെല്ലാം ഇടിഞ്ഞതിന്റെ തെളിവാണ് ഹിമാചൽ പ്രദേശിലെയും ഡൽഹി നഗരസഭയിലെയും ഫലങ്ങൾ. ഗുജറാത്ത് നിലനിർത്തിയെങ്കിലും ഹിമാചലും ഡൽഹിയും ബി.ജെ.പിക്ക് കൈവിട്ടു.
രാഷ്ട്രീയ നിലപാടുകൾ അപ്രധാനവും ജീവിത പ്രാരബ്ധങ്ങൾ പ്രധാനവുമായി കാണുന്ന നഗരജനതയോട് ക്ഷേമ-സമാശ്വാസ സൗജന്യങ്ങളിലൂടെയും മെച്ചപ്പെട്ട ഭരണത്തിലൂടെയും പ്രതികരിക്കാൻ കഴിയുന്ന ആപിനെ സംസ്ഥാന ഭരണത്തിനു പുറമെ നഗരസഭാ ഭരണംകൂടി ഏൽപിക്കുകയാണ് വോട്ടർമാർ ചെയ്തത്.
പ്രതിപക്ഷത്തെ അനൈക്യമാണ് ബി.ജെ.പിയോടുള്ള അതൃപ്തികൾക്കിടയിലും അവരുടെ നില ഭദ്രമാക്കുന്നതെന്ന് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് നീങ്ങുന്ന എല്ലാ പാർട്ടികളോടും വിളിച്ചു പറയുകയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പു ഫലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.