ആർക്കും വേണ്ടാതെ ക്ഷേത്രയോദ്ധാക്കൾ
text_fieldsന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനുവേണ്ടി ഹിന്ദു വികാരം ആളിക്കത്തിച്ച് ബി.ജെ.പിയെ വളർത്തിയവരാണവർ. ഒടുവിൽ ബാബരി പള്ളി നിന്നിടത്ത് രാമക്ഷേത്രം പണിയാമെ ന്ന് സുപ്രീംകോടതി വിധിച്ചപ്പോൾ അവർ ചിത്രത്തിലില്ല. ചിലർ വിസ്മൃതിയിലായി. ചിലർ മരിച്ചു, വേറെ ചിലരെ പാർട്ടി തന്നെ ഒതുക്കി. എൽ.കെ. അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി, അശോക് സിംഗാൾ, വിനയ് കത്യാർ, ഗിരിരാജ് കിഷോർ... തീവ്ര വലതുപക്ഷ ഹിന്ദുത്വത്തിെൻറ ഊ ർജമായിരുന്നു ഇവരെല്ലാം. 1992 ഡിസംബർ ആറിന് ഇന്ത്യൻ മതേതരത്വത്തിന് കനത്ത ആഘാതമേൽ പിച്ച് കർസേവകർ ബാബരി പള്ളി തകർത്തപ്പോൾ സഹനേതാക്കളെ പുണർന്നും പടക്കംപൊട്ടിച ്ചും ആഹ്ലാദം പ്രകടിപ്പിച്ച ഇവരുടെ ചിത്രങ്ങൾ കാലം മായ്ക്കാത്തതാണ്. ഉമാഭാരതി മുരളി മനോഹർ ജോഷിയെ ആശ്ലേഷിക്കുന്ന ചിത്രം പുറത്തുവന്നപ്പോൾ അദ്വാനി, ജോഷി, കത്യാർ എന്നി വർ കൈകോർത്ത് വിജയമാഘോഷിക്കുന്ന ചിത്രവും മാധ്യമങ്ങളിൽ വന്നു.
തനിക്ക് സാക് ഷാത്കാരത്തിെൻറ ദിനമാണെന്നും അനുഗൃഹീതനായി തോന്നുന്നുവെന്നുമാണ് ശനിയാഴ്ച ക േസിലെ വിധിയറിഞ്ഞ് അദ്വാനി പ്രതികരിച്ചത്. എന്നാൽ, മറ്റു നേതാക്കളെയൊന്നും ഈ കൂട്ട ത്തിൽ കണ്ടില്ല. ക്ഷേത്രത്തിനുവേണ്ടി സമരം തുടങ്ങിവെച്ച വി.എച്ച്.പി അധ്യക്ഷൻ അശോക് സി ംഗാളും സംഘടനയുടെ മറ്റൊരു വിവാദ നേതാവ് ഗിരിരാജ് കിഷോറും ഇന്ന് ജീവിച്ചിരിപ്പി ല്ല. പക്ഷേ, മറ്റുള്ളവർ ഇപ്പോൾ എവിടെ?
ഗംഗായാത്രയിൽ ഉമ
ബാബരി പള്ളി കർസേവകർ തകർത്തതിനുശേഷം അതിൽ താൻ വഹിച്ച പങ്കിൽ ഇന്നുവരെ തരിമ്പും ഖേദം പ്രകടിപ്പിക്കാത്ത ബി.ജെ.പിയുടെ തീപ്പൊരി നേതാവാണ് ഉമാഭാരതി. അവർ ഇപ്പോൾ 20 ദിവസം നീളുന്ന ഗംഗാ യാത്രയിലാണ്. കൂടെ ഏറ്റവും അടുത്ത കുറച്ചുപേർ മാത്രം. ഒന്നാം മോദി സർക്കാറിൽ മന്ത്രിയായിരുന്നു.
ഇത്തവണ മത്സരിക്കാൻ സീറ്റ് കിട്ടിയില്ല. പാർട്ടി ഉപാധ്യക്ഷയാണെങ്കിലും വലിയ ചുമതലകളില്ല. മോശം പ്രകടനം കാരണം സീറ്റ് നിഷേധിക്കുകയായിരുന്നു. വാജ്പേയി-അദ്വാനി കാലഘട്ടത്തിൽ പാർട്ടിയിൽ ലഭിച്ചിരുന്ന പ്രാമുഖ്യം നഷ്ടമായ ഉമാഭാരതിക്കെതിരെ സാമുദായിക സൗഹാർദം തകർക്കുന്ന പ്രസ്താവനകൾ നടത്തിയതിന് ഒന്നിലേറെ കേസുകളുണ്ട്. ഇതിെൻറ വിചാരണ ലഖ്നോ കോടതിയിൽ നടന്നുവരുകയാണ്.
ഒരു പണിയുമില്ലാതെ കത്യാർ
അയോധ്യയിലെ ഫൈസാബാദിൽനിന്നുള്ള എം.പിയായിരുന്നു ഒ.ബി.സി നേതാവ് കൂടിയായ വിനയ് കത്യാർ. കർസേവകർ പള്ളി തകർക്കുന്നതിന് മുമ്പുള്ള മുഴുവൻ പദ്ധതികളും ആസൂത്രണം ചെയ്തത് കത്യാറുടെ വസതിയിൽ വെച്ചായിരുന്നു. അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന് ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും അനുനിമിഷം കൈമാറിയിരുന്നതും കത്യാറായിരുന്നുവെന്നും കരുതുന്നു.
വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജ്റംഗ്ദളിന് തുടക്കമിട്ട് രാമക്ഷേത്ര പ്രക്ഷോഭം ആളിക്കത്തിച്ചവരിൽ പ്രമുഖനാണ്. ഉത്തർപ്രദേശ് ബി.ജെ.പി അധ്യക്ഷൻ, ഫൈസാബാദിൽനിന്ന് മൂന്നു പ്രാവശ്യം എം.പി, ഒരു തവണ രാജ്യസഭാംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. തനിക്ക് പാർട്ടിയിൽ ഇപ്പോൾ ഒരു പദവിയുമില്ലെന്ന് കത്യാർ തുറന്നുപറയുന്നു. ആരെങ്കിലും യോഗത്തിന് വിളിച്ചാൽ പോകും. ലഖ്നോവിലാണ് കൂടുതലും താമസിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, തെൻറ കാലത്ത് തന്നെ ക്ഷേത്രം യാഥാർഥ്യമാകുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കി.
കുടുംബയാത്രകളിൽ അദ്വാനി, സെമിനാറുകളിൽ തലകാണിച്ച് ജോഷി
നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് കേന്ദ്രത്തിൽ പിടിമുറുക്കിയപ്പോൾ പടിക്കുപുറത്താക്കപ്പെട്ടവരാണ് എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും. 2014ൽ ഒന്നാം മോദി സർക്കാർ അധികാരത്തിൽ കയറിയതുമുതൽ ഇരുനേതാക്കളും ഏറക്കുറെ വിസ്മൃതിയിലാണ്.
പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പാർലമെൻററി ബോർഡിൽനിന്ന് പുറത്തായ ഇരുവരും നിർജീവമായ ‘മാർഗദർശക് മണ്ഡലി’ലേക്ക് ഒതുക്കപ്പെടുകയും ചെയ്തു. 1996ൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതിൽ സുപ്രധാന പങ്കുവഹിച്ച നേതാവായിരുന്നു മുൻ ഉപപ്രധാനമന്ത്രികൂടിയായ അദ്വാനി. അദ്ദേഹത്തിന് രാഷ്ട്രപതി സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ മുരളി മനോഹർ ജോഷിക്ക് ഉപരാഷ്ട്രപതി സ്ഥാനവും നിഷേധിക്കപ്പെട്ടു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അദ്വാനിക്ക് ഗാന്ധിനഗറിൽനിന്നും ജോഷിക്ക് കാൺപൂരിൽനിന്നും പാർട്ടി സീറ്റ് നൽകിയില്ല. ജോഷി സെമിനാറുകളിൽ പതിവായി പങ്കെടുക്കുേമ്പാൾ അദ്വാനി പൊതുചടങ്ങുകളിൽനിന്നു വിട്ടുനിൽക്കുകയാണ്. കുടുംബത്തിൽ ഒതുങ്ങിയ അദ്ദേഹം അടുത്തിടെ ഹിമാചൽപ്രദേശ്, കേരളം എന്നിവിടങ്ങളിലേക്ക് യാത്ര നടത്തി.
വിചാരണ നേരിട്ട് കല്യാൺ
കർസേവകർ ബാബരി മസ്ജിദ് തകർക്കുേമ്പാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാൺ സിങ്. ബാബരി തകർച്ചയുടെ ധാർമിക ഉത്തരവാദിത്തമേറ്റ് അദ്ദേഹം ഉടൻ രാജിവെച്ചിരുന്നു. 2014ൽ മോദി സർക്കാർ അധികാരമേറ്റശേഷം ആദ്യം ഗവർണറായി നിയമിതനായ വ്യക്തിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ രാജസ്ഥാൻ ഗവർണർ പദവിയിൽ നിന്നും വിരമിച്ചു. ഇപ്പോൾ ബാബരി കേസിൽ വിചാരണ നേരിടുകയാണ് കല്യാൺ.
എവിടെയുമില്ല ഗോവിന്ദാചാര്യ, തൊഗാഡിയ
ഒരുകാലത്ത് ജാതിരാഷ്ട്രീയംകൊണ്ട് അമ്മാനമാടിയ നേതാവായിരുന്നു ഗോവിന്ദാചാര്യ. ഇപ്പോൾ ഒരു പതിറ്റാണ്ടിലേറെയായി വിസ്മൃതൻ. ബി.ജെ.പിയുടെ ശക്തനായ ജനറൽ സെക്രട്ടറിയായിരുന്നു. 1996 ലെ തെരഞ്ഞെടുപ്പ് കാലത്ത് വാജ്പേയിയെ ‘മതേതരത്വത്തിെൻറ മുഖംമൂടി’യെന്ന് വിളിച്ചതുമുതൽ തുടങ്ങിയ പടലപ്പിണക്കം ഗോവിന്ദാചാര്യയുടെ രാഷ്ട്രീയ പതനത്തിലേക്ക് നയിച്ചു.
2007ൽ ബി.ജെ.പിയിൽനിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ബി.ജെ.പിയിൽ തിരിച്ചെത്തിക്കാൻ ആർ.എസ്.എസ് ശ്രമിച്ചെങ്കിലും പാർട്ടി വഴങ്ങിയില്ല. ഒരിക്കൽ മോദിക്കൊപ്പം കണക്കാക്കപ്പെട്ടിരുന്ന നേതാവ് ഇപ്പോൾ സാധാരണക്കാരനായി മാറി. മോദിയെ തുടർച്ചയായി എതിർത്തുവന്ന തൊഗാഡിയക്കാകട്ടെ വി.എച്ച്.പിയിൽനിന്ന് നിർബന്ധപൂർവം രാജിവെക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.