നിതീഷ് നേടി, പക്ഷേ വിശ്വാസം...
text_fieldsബി.ജെ.പി പാളയത്തിലേക്ക് വീണ്ടും മടങ്ങിയ നിതീഷ് കുമാർ നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം വ്യക്തമാക്കിയിരിക്കുന്നു. പ്രതിപക്ഷം ബഹിഷ്കരിച്ച വോട്ടെടുപ്പിൽ നിതീഷും കൂട്ടരും 129 പേരുടെ പിന്തുണയാണ് തെളിയിച്ചത്.
രാഷ്ട്രീയ ജനതാദൾ അംഗമായ നിയമസഭ സ്പീക്കർ അവധ് ബിഹാരി ചൗധരിക്കെതിരെ എൻ.ഡി.എ കൊണ്ടുവന്ന അവിശ്വാസ പ്രമേയം 125:112 വോട്ടുകൾക്ക് വിജയിച്ചപ്പോൾതന്നെ ഭൂരിപക്ഷത്തിനാവശ്യമായ ആളുകൾ ഭരണപക്ഷത്തിനൊപ്പമുണ്ടെന്ന കാര്യം ബോധ്യമായിരുന്നു.
ബി.ജെ.പി, ജനതാദൾ (യുനൈറ്റഡ്), ഹിന്ദുസ്താനി അവാം മോർച്ച സെക്കുലർ എന്നിവയുടെ എം.എൽ.എമാർ ചേരുമ്പോഴാണ് എൻ.ഡി.എയുടെ അംഗബലം 128 ആയത്. മറുവശത്ത് മഹാസഖ്യത്തിൽ രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവരാണുള്ളത്.
രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അധോലോക നായകൻ ആനന്ദ് മോഹന്റെ മകൻ ചേതൻ ആനന്ദ്, മുൻ ഡോൺ അനന്ത് സിങ്ങിന്റെ ഭാര്യ നീലം ദേവി, പ്രഹ്ലാദ് യാദവ് എന്നീ മൂന്ന് ആർ.ജെ.ഡി എം.എൽ.എ മാർ മറുകണ്ടം ചാടി ഭരണപക്ഷത്തെ പിന്തുണച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ജി. കൃഷ്ണയ്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ആനന്ദ് മോഹന്റെ മോചനത്തിന് സൗകര്യമൊരുക്കും വിധത്തിൽ കഴിഞ്ഞ വർഷം ജയിൽചട്ടം പരിഷ്കരിച്ചത് നിതീഷാണ്. വിവിധ കൊലപാതക കേസുകളിൽ കുറ്റക്കാരനാണെന്ന് വിധിക്കപ്പെട്ടതിനെത്തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യനാക്കപ്പെട്ട അനന്ത് സിങ്ങിന് പകരമാണ് 2020ൽ നീലംദേവി ജനവിധി തേടി വിജയം വരിച്ചത്.
ഇത്തരമൊരു സാഹചര്യത്തിൽ ഈ കൂറുമാറ്റത്തിൽ അദ്ഭുതകരമായി ഒന്നുമില്ല. മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീടിനു ചുറ്റും വൻ പൊലീസ് സന്നാഹം റോന്തുചുറ്റിയതുപോലും ചില എം.എൽ.എമാരിൽ ഭയം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു. ജെ.ഡി.യുവിലും വിള്ളലുകളുടെ സൂചനയുണ്ടായിരുന്നു, നാല് എം.എൽ.എമാരുള്ള ജിതൻ റാം മാഞ്ചി തന്റെ എം.എൽ.എക്ക് ‘അപ്രധാന വകുപ്പ്’ നൽകിയതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. ചില ജെ.ഡി.യു എം.എൽ.എമാർ നിതീഷ് കുമാറുമായുള്ള ബന്ധം വിച്ഛേദിച്ചുവെന്ന ഊഹാപോഹങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞു.
ഊഹാപോഹങ്ങൾ ശരിയായിരുന്നെങ്കിൽപോലും ഒരു പവർ ഗെയിമിന് ആവശ്യമായ വിഭവങ്ങളുടെ കാര്യത്തിൽ ബി.ജെ.പിയുമായി താരതമ്യം ചെയ്യുമ്പോൾ ആർ.ജെ.ഡി-കോൺഗ്രസ്-ഇടതുസഖ്യം അമ്പേ ദരിദ്രമാണ്. കേന്ദ്രഭരണം, സാമ്പത്തിക ശേഷി, പ്രോസിക്യൂഷൻ ഏജൻസികളുടെ സമ്പൂർണ നിയന്ത്രണം, എതിരാളികളെ തിരഞ്ഞെടുത്ത് ഉന്നമിടാനുള്ള വ്യഗ്രത എന്നിവയെല്ലാം കൊണ്ട് സായുധരായ ബി.ജെ.-പി സർവസജ്ജവുമായിരുന്നു.
നിതീഷ് കുമാറിന്റെ സർക്കാർ ഭൂരിപക്ഷം തെളിയിച്ചുവെങ്കിലും ഹൃദയങ്ങൾ കീഴടക്കിയത് തേജസ്വി യാദവാണ്. 2017ൽ ആദ്യമായി നിതീഷ് പറ്റിച്ച ഘട്ടത്തിൽ തേജസ്വിക്ക് അത് കയ്പ്പുറ്റ അനുഭവമായിരുന്നു. കടുത്ത വാക്കുകളാണ് അദ്ദേഹം അന്ന് നിതീഷിനെതിരെ പ്രയോഗിച്ചത്. എന്നാൽ 2017ലേതിൽനിന്ന് നേർവിപരീത ശൈലിയിലായിരുന്നു കഴിഞ്ഞദിവസത്തെ പ്രസംഗം. ഞാൻ അങ്ങയെ ബഹുമാനിച്ചിരുന്നു, ബഹുമാനിക്കുന്നു, ഇനിയും ബഹുമാനിക്കുകതന്നെ ചെയ്യും എന്നുപറഞ്ഞ് പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് ആ സംഭാഷണം തുടങ്ങിയത്. ‘താങ്കൾ എന്നെ മകനേ എന്ന് വിളിച്ചു. സോഷ്യലിസ്റ്റ് കുടുംബത്തിലെ കാരണവർ എന്നനിലയിൽ താങ്കൾക്കു മുന്നിൽ അനുസരണയോടെ, ബഹുമാനത്തോടെ ഞാൻ നിലകൊണ്ടു. പക്ഷേ, കൈകേയിയുടെ സമ്മർദത്തിനുവഴങ്ങി രാമനെ കാട്ടിലേക്കയച്ച ദശരഥനെപ്പോലെയാണ് താങ്കൾ പ്രവർത്തിച്ചത്.
ജനങ്ങളിലേക്ക് പോകാനും അവരുടെ അവകാശങ്ങൾക്കായി പൊരുതാനുമുള്ള അവസരമായി ഞാനിതിനെ കാണുന്നു. സ്വേച്ഛാധിപത്യവും ജനാധിപത്യ വിരുദ്ധവുമായ ശക്തികൾക്കെതിരായി എന്റെ പിതാവ് നടത്തിവന്ന പോരാട്ടം ഞാൻ തുടരും’-തേജസ്വി ഇതു പറയുേമ്പാൾ മുഖത്ത് നിശ്ചയദാർഢ്യം പ്രകടമായിരുന്നു.
2020ലെ തെരഞ്ഞെടുപ്പ് വേളയിൽ 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് താൻ വാഗ്ദാനം ചെയ്തപ്പോൾ, ‘പൈസാ കഹാൻ സേ ലായേഗാ’ (എവിടെനിന്ന് പണം കൊണ്ടുവരും) എന്നുപറഞ്ഞ് നിതീഷ് ചിരിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു. എന്നിരുന്നാലും, മഹാസഖ്യത്തിൽ ചേർന്നപ്പോൾ താങ്കൾ എന്റെ വാഗ്ദാനം നിറവേറ്റാൻ തുടങ്ങി. നമ്മൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ നൽകിയെന്നതിൽ എനിക്ക് സന്തോഷമുണ്ട് -ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂർവമായ നേട്ടം. ആർ.ജെ.ഡിയുടെ ക്വാട്ടക്കു കീഴിലായിരുന്ന വിദ്യാഭ്യാസ വകുപ്പ് മാത്രം രണ്ടുലക്ഷം തൊഴിലവസരങ്ങൾ നൽകി, ഞങ്ങളുടെ ക്രെഡിറ്റ് കൈക്കലാക്കി ഇപ്പോൾ താങ്കൾ ഞങ്ങളെ കുറ്റപ്പെടുത്തുകയാണ്’ തേജസ്വി പറഞ്ഞു.
ബി.ജെ.പി തന്റെ പാർട്ടിയെ പിളർത്താൻ തയാറെടുക്കുകയാണെന്ന് തുറന്നു പറഞ്ഞാണ് നിതീഷ് പണ്ട് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കാൻ വന്നതെന്ന് തേജസ്വി ഓർമിപ്പിച്ചു. ‘അവർ (ബി.ജെ.പി) മാധ്യമങ്ങളെ വരുതിയിലാക്കിയെന്നും താങ്കൾ പറയുന്നത് മാധ്യമപ്രവർത്തകർ പ്രസിദ്ധീകരിക്കുന്നില്ലെന്നും ആരോപിച്ചു. ബി.ജെ.പിയിലേക്ക് മടങ്ങുന്നതിനേക്കാൾ മരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ആവർത്തിച്ച് പറഞ്ഞു...
തിളക്കം മങ്ങിയ നിതീഷ്
ശാന്തമായി സംസാരിച്ച തേജസ്വിക്കെതിരെ സംസാരിക്കാൻ എഴുന്നേറ്റ നിതീഷ് ചില പ്രതിപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ ക്ഷുഭിതനായി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ മുഖമുദ്രയായ ഒഴുക്കും കാണാനില്ലായിരുന്നു. 2005ൽ ഞാൻ അധികാരത്തിൽവരുമ്പോൾ ബിഹാറിൽ എന്തായിരുന്നു? റോഡുകളോ വൈദ്യുതിയോ സ്കൂളുകളോ ആശുപത്രികളോ ഇല്ലായിരുന്നു. നിങ്ങളുടെ അച്ഛന്റെയും (ലാലു) അമ്മയുടെയും (റാബ്റി ദേവി) ഭരണകാലത്ത് തെരുവിലിറങ്ങാൻ ജനങ്ങൾ ഭയപ്പെട്ടിരുന്നു’-അദ്ദേഹം പറഞ്ഞു.
ജിതൻ റാം മാഞ്ചിക്ക് മുഖ്യമന്ത്രിസ്ഥാനം കൈമാറിയ ചെറിയ ഇടവേള ഒഴികെ, 18 വർഷമായി ഞാൻ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി എന്നനിലയിലുള്ള എന്റെ പ്രവർത്തനത്തിന്റെ വലിയൊരു ഭാഗം ഞാൻ ബി.ജെ.പിക്കൊപ്പം സംസ്ഥാനത്തിന്റെ സർവതോമുഖമായ വികസനം നടത്തി. ഇപ്പോൾ ഞാൻ എന്റെ പഴയ വീട്ടിലേക്ക് മടങ്ങി. ഇവിടെനിന്ന് എങ്ങും പോകില്ല.’
ലാലു-റാബ്റി ഭരണകാലം ഹിന്ദു-മുസ്ലിം ലഹളകളാൽ കുപ്രസിദ്ധമായിരുന്നുവെന്നും താൻ അധികാരത്തിൽ വന്നശേഷമാണ് ന്യൂനപക്ഷങ്ങൾക്ക് നീതി നൽകിയത് എന്ന നിതീഷിന്റെ പരാമർശം തികച്ചും വസ്തുതാവിരുദ്ധമായിരുന്നു. ഭഗൽപൂരിൽ നടന്ന അതിഭയാനകമായ കലാപത്തിെൻറ പിറ്റേവർഷം,1990ലാണ് ലാലു ആദ്യമായി അധികാരത്തിൽ വരുന്നത്. ലാലുവിന്റെ ഭരണം എന്തെങ്കിലും ഒരു കാരണംകൊണ്ട് ഓർമിക്കപ്പെടുന്നുവെങ്കിൽ അത് ബിഹാറിൽ മതസൗഹാർദം പുനഃസ്ഥാപിച്ചതിന്റെ പേരിലാകണം. സീതാമർഹി കലാപം മാത്രമാണ് അതിനൊരു അപവാദം.
അദ്ദേഹം അവിടെ ഏഴു ദിവസം തങ്ങി സ്ഥിതിഗതികൾ ശാന്തമാക്കാനും ദുരിതാശ്വാസപ്രവർത്തനം ത്വരിതപ്പെടുത്താനും പരിശ്രമിച്ചു. അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖർ അതിനദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. 2005ൽ അധികാരത്തിൽ വന്നപ്പോൾ നിതീഷ് ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടി പലതും ചെയ്തു എന്നത് അനിഷേധ്യമാണ്. പക്ഷേ, അക്കാലത്ത് ഇന്നത്തെയത്ര പ്രകടമാംവിധം ന്യൂനപക്ഷവിരുദ്ധമായിരുന്നില്ല ബി.ജെ.പി. വാജ്പേയി നയിച്ച ബി.ജെ.പിയുടെ കാലത്ത് ചെയ്തതുപോലെ മോദിയുടെ കാലത്ത് ന്യൂനപക്ഷങ്ങൾക്ക് നന്മ ചെയ്യാൻ നിതീഷിനൊട്ട് സാധിക്കുകയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.