‘ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പി സഖ്യം ഗുണകരമാവില്ല’
text_fieldsക്രൈസ്തവ സഭകൾ ഒരിക്കലും ബി.ജെ.പി അനുകൂല നിലപാടെടുത്തിട്ടില്ല. റബർ വിലയിടിവ്, വന്യമൃഗശല്യം, ബഫർ സോൺ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാറുമായി ചില ചർച്ചകൾ നടത്തിയെന്ന് മാത്രം. അത് കർഷക താൽപര്യമനുസരിച്ചായിരുന്നു. അല്ലാതെ സഖ്യമായിരുന്നില്ല ലക്ഷ്യം
അരനൂറ്റാണ്ട് നീണ്ട പൊതുപ്രവർത്തന പാരമ്പര്യമാണ് ജോണി നെല്ലൂരിന്. ഇതിൽ അധികകാലവും ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പമായിരുന്നു. 1991-2006ൽ മൂവാറ്റുപുഴ എം.എൽ.എ, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ, യു.ഡി.എഫ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ഇദ്ദേഹം യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളോടെ രൂപവത്കരിച്ച എൻ.പി.പിയുടെ വർക്കിങ് പ്രസിഡന്റായത്. എന്നാൽ, അധികം വൈകാതെ എൻ.പി.പി ബന്ധം ഉപേക്ഷിച്ച അദ്ദേഹം പൊതുപ്രവർത്തന രംഗത്തിന് ഇടവേള നൽകി. ഈ സാഹചര്യത്തിൽ അദ്ദേഹം ‘മാധ്യമ’ത്തോട് മനസ്സ് തുറക്കുന്നു.
- യു.ഡി.എഫിന്റെ സമുന്നത നേതാക്കളിൽ ഒരാളായിരുന്ന താങ്കൾ പൊടുന്നനെ ബന്ധം വിച്ഛേദിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
പൊടുന്നനെയുള്ള തീരുമാനമായിരുന്നില്ല. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായതോടെ നേരിട്ട നിരന്തര അവഗണനകളാണ് അതിന് കാരണം. പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായില്ല. അവഗണന സഹിക്കാവുന്നതിലപ്പുറമായപ്പോൾ ഞാനുമൊരു മനുഷ്യനാണല്ലോ. ഗത്യന്തരമില്ലാതെ പാർട്ടിയും മുന്നണിയും വിട്ടു
- യു.ഡി.എഫിലെ അവഗണനയെക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചില്ലേ?
വി.ഡി. സതീശനുമായി നേരിട്ടും കത്ത് മുഖേനയും സംസാരിച്ചു. കൺവീനർ എം.എം. ഹസനുമായി നേരിട്ട് പലവട്ടം സംസാരിച്ചു. ഒരു ഫലവുമുണ്ടായില്ല. എന്റെ പാർട്ടി നേതൃത്വവും കൈമലർത്തി
- ഏത് രീതിയിലെ അവഗണനയാണ് യു.ഡി.എഫിൽ നേരിട്ടത്?
യു.ഡി.എഫ് സെക്രട്ടറി എന്ന നിലയിൽ വലിയ ചുമതലയായിരുന്നു എനിക്കുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടിയും കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിയാലോചിച്ചാണ് മുതിർന്ന നേതാവെന്ന നിലയിൽ എനിക്കാ ചുമതല നൽകിയത്. അവർ സജീവമായിരുന്ന നാളുകളിലെല്ലാം യു.ഡി.എഫിന്റെ എല്ലാ പരിപാടികളിലും അർഹമായ പരിഗണന നൽകി. എന്നാൽ, വി.ഡി. സതീശന്റെ വരവോടെ പരിപാടികൾ അറിയിക്കാതെയായി.
ക്ഷണിക്കപ്പെട്ട് ചെല്ലുന്ന പരിപാടികളിൽ അവഗണിക്കപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന രാജ്ഭവൻ മാർച്ചിലും വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് നൽകിയ സ്വീകരണത്തിലും കസേരപോലും നൽകിയില്ല. യു.ഡി.എഫ് സെക്രട്ടറി എന്നതിന് പുറമെ എന്റെ പാർട്ടിയായ കേരള കോൺഗ്രസിന്റെ പ്രതിനിധിയായി കൂടിയാണ് ഈ പരിപാടികളിൽ പങ്കെടുത്തതെന്നോർക്കണം. അവഗണനയെക്കുറിച്ച് എന്റെ പാർട്ടി നേതാവായ പി.ജെ. ജോസഫിനോടും പറഞ്ഞു. എങ്കിലും പ്രയോജനമുണ്ടായില്ല.
- നാല് പതിറ്റാണ്ടോളം മതേതര ചേരിയിൽ നിന്ന താങ്കൾ എന്താണ് എൻ.പി.പിയുടെ ഭാഗമാകാൻ കാരണമായത്?
അവഗണനയിൽ മനം മടുത്ത് നിന്ന സമയത്താണ് പുതിയ പാർട്ടി രൂപവത്കരണത്തെക്കുറിച്ച് ബന്ധപ്പെട്ടവർ എന്നോട് സംസാരിച്ചത്. യു.ഡി.എഫിൽ പ്രത്യേകിച്ച് കോൺഗ്രസിൽ ക്രൈസ്തവ സമൂഹം നേരിടുന്ന അവഗണന വലിയ ചർച്ചയായി നിൽക്കുന്ന സമയത്താണ് ഈ പാർട്ടി വരുന്നത്. ഒന്നും നോക്കാതെ ഞാനതിന്റെ ഭാഗമായി.
- എന്തുകൊണ്ടാണ് പുതിയ പാർട്ടിയിൽനിന്ന് താങ്കൾ അതിവേഗംതന്നെ പിന്നാക്കം പോയത്?
പുതിയ പാർട്ടിയിലും ചിലർക്ക് ബി.ജെ.പി അജണ്ടയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ പ്രവർത്തനം നിർത്തുകയായിരുന്നു. മതേതര ബോധ്യമില്ലാത്ത ഒരു പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കേണ്ട എന്നാണ് എന്റെ നിലപാട്. രണ്ട് മുന്നണിയിൽ പോയാലും വർഗീയ നിലപാടുള്ളവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് ഭൂഷണമല്ല എന്ന് മനസ്സിലാക്കിയാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
- സമീപകാലത്ത് കേരളത്തിലെ ക്രൈസ്തവ സഭകളെ ഒപ്പം നിർത്താനുള്ള നീക്കം ബി.ജെ.പി നടത്തുകയുണ്ടായി. ചില ബിഷപ്പുമാരടക്കം അതിന് പിന്തുണ നൽകി. താങ്കൾ ചേർന്ന പുതിയ പാർട്ടിയടക്കം ഈ നീക്കത്തിന്റെ ഭാഗമാണെന്ന് വാർത്തകൾ വന്നിരുന്നു. എന്താണ് അഭിപ്രായം?
ഒരിക്കലുമില്ല. ക്രൈസ്തവ സഭകൾ ഒരിക്കലും ബി.ജെ.പി അനുകൂല നിലപാടെടുത്തിട്ടില്ല. റബർ വിലയിടിവ്, വന്യമൃഗശല്യം, ബഫർ സോൺ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാറുമായി ചില ചർച്ചകൾ നടത്തിയെന്ന് മാത്രം. അത് കർഷക താൽപര്യമനുസരിച്ചായിരുന്നു.
അല്ലാതെ സഖ്യമായിരുന്നില്ല ലക്ഷ്യം. ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും ബി.ജെ.പി സഖ്യം ഗുണകരമല്ല. അവർ ഒരിക്കലും അവരുടെ ഫാഷിസ്റ്റ് നിലപാട് മാറ്റില്ല. കൂടെയുള്ള വർഗീയവാദികളെ നിയന്ത്രിക്കാനും അവർക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ബി.ജെപിയെയും സംഘ്പരിവാറിനെയും ന്യൂനപക്ഷങ്ങൾ ഭീതിയോടെയാണ് കാണുന്നത്. മണിപ്പൂരിൽ നടക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ.
- ഈ ചർച്ചകളിൽ എന്തെങ്കിലും അനുകൂല തീരുമാനങ്ങളുണ്ടായോ?
ഒരു തീരുമാനത്തിലും കേന്ദ്രം അനുകൂല നിലപാടെടുത്തില്ല എന്ന് മാത്രമല്ല പല കാര്യങ്ങളിലും വഞ്ചനാപരമായ സമീപനമാണ് സ്വീകരിക്കുന്നത്.
- കേരള കോൺഗ്രസിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അങ്ങയുടെ അഭിപ്രായത്തിൽ എന്താണ് ഇനി കേരളത്തിൽ കേരള കോൺഗ്രസുകളുടെ ഭാവി?
ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസല്ലാതെ മറ്റൊന്നും നിലനിൽക്കില്ല. ആ പാർട്ടിയിൽ കുറേ യുവാക്കളുണ്ട്. അവർ അതിനെ വിജയകരമായി മുന്നോട്ട് നയിക്കുമെന്നാണ് എന്റെ പ്രതീക്ഷ. പി.ജെ. ജോസഫിന്റെ കേരള കോൺഗ്രസാകട്ടെ ചുരുങ്ങിയ നാളുകൾക്കകം ചില വ്യക്തികളുടെ കൈകളിലാകും. ഇപ്പോൾതന്നെ കഴിവുള്ള നേതാക്കൾക്ക് ആ പാർട്ടിയിൽ അവഗണനയാണ്. ഞാനും ആ അവഗണനയുടെ ഇരയാണ്.
- പതിറ്റാണ്ടുകളോളം യു.ഡി.എഫ് നേതാവെന്ന നിലയിൽ പ്രവർത്തിച്ചയാളാണ് താങ്കൾ. കേരളത്തിൽ യു.ഡി.എഫിന്റെ തിരിച്ചുവരവ് സാധ്യത എത്രത്തോളമുണ്ട്?
കേരളത്തിൽ ജനം മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ആ ആഗ്രഹം തങ്ങൾക്ക് അനുകൂലമായി മാറ്റാൻ ഇപ്പോഴത്തെ യു.ഡി.എഫ് സംവിധാനത്തിന് എത്രത്തോളം കഴിയുമെന്നതിൽ എനിക്ക് സംശയമുണ്ട്. മുൻകാല നേതാക്കളെപ്പോലെ പക്വതയും നേതൃപാടവവുമുള്ളവരുടെ അഭാവം യു.ഡി.എഫിനും പ്രത്യേകിച്ച് കോൺഗ്രസിനുമുണ്ട്. ഇത് മറികടക്കാനായാൽ തിരിച്ചുവരവ് സാധ്യതകളുണ്ട്.
- ഭാവി പ്രവർത്തനം? ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുന്നുണ്ടോ?
തൽക്കാലം ഒരു ഇടവേളയാണ്. ഈ ഇടവേളയിൽ അനുഭവങ്ങളെല്ലാം കോർത്തിണക്കി ആത്മകഥ ആലോചനയിലുണ്ട്. എന്നാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് വേണ്ടി വോട്ട് തേടും. അത് ഉമ്മൻ ചാണ്ടിയോടുള്ള കടപ്പാടുകൊണ്ട് മാത്രമാണ്. നിലവിൽ ഞാൻ ഒരു മുന്നണിയുടെയും ഭാഗമല്ല. എന്നാൽ, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ഒരു ജനാധിപത്യ - മതേതര ചേരിയോടൊപ്പം ഞാനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.