ബിഹാർ പിടിക്കാൻ ബി.ജെ.പിയുടെ ചൂതാട്ടം
text_fields
ബിഹാറിൽ അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടന ആ സംസ്ഥാനത്തെ അധികാര ഘടനയിലെ ഗണ്യമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. സഖ്യത്തിൽ ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) പിടി മുറുക്കിയതോടെ നിതീഷ് കുമാറിന്റെ മേൽക്കൈ നഷ്ടമാവുകയാണ്. 36 മന്ത്രിസ്ഥാനങ്ങളിൽ 21 എണ്ണവും ബി.ജെ.പി കൈവശപ്പെടുത്തിയ ഈ പുനഃസംഘടന, സഖ്യത്തിനുള്ളിൽ നിതീഷ് നിർദേശിച്ച നിബന്ധനകളിൽ നിന്നുള്ള ശക്തമായ വ്യതിചലനമാണ്. ബിഹാറിലെ ഒരു ജൂനിയർ സഖ്യകക്ഷി എന്ന നിലയിൽ നിന്ന് പ്രധാന ശക്തി...
ബിഹാറിൽ അടുത്തിടെ നടന്ന മന്ത്രിസഭാ പുനഃസംഘടന ആ സംസ്ഥാനത്തെ അധികാര ഘടനയിലെ ഗണ്യമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. സഖ്യത്തിൽ ഭാരതീയ ജനത പാർട്ടി (ബി.ജെ.പി) പിടി മുറുക്കിയതോടെ നിതീഷ് കുമാറിന്റെ മേൽക്കൈ നഷ്ടമാവുകയാണ്. 36 മന്ത്രിസ്ഥാനങ്ങളിൽ 21 എണ്ണവും ബി.ജെ.പി കൈവശപ്പെടുത്തിയ ഈ പുനഃസംഘടന, സഖ്യത്തിനുള്ളിൽ നിതീഷ് നിർദേശിച്ച നിബന്ധനകളിൽ നിന്നുള്ള ശക്തമായ വ്യതിചലനമാണ്. ബിഹാറിലെ ഒരു ജൂനിയർ സഖ്യകക്ഷി എന്ന നിലയിൽ നിന്ന് പ്രധാന ശക്തി എന്ന നിലയിലേക്കുള്ള ബി.ജെ. പിയുടെ പരിവർത്തനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 2025ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള നിർണായകമായ ഒരു മാറ്റം.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഈ പുനഃസംഘടന കേവലം അക്കങ്ങളല്ല; മറിച്ച് അധികാരത്തിന്മേലുള്ള അവകാശവാദമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾക്കായി ക്രമീകരണങ്ങൾ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച പാർട്ടി ഇപ്പോൾ സംസ്ഥാന സർക്കാറിനുള്ളിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്. പാർട്ടിയുടെ സാധ്യതകൾ ഇനിമേൽ നിതീഷിന്റെ സൽപേരിനെ ആശ്രയിച്ചല്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പാർട്ടി ദേശീയ നേതൃത്വം ജാതി പരിഗണനകളെ ശ്രദ്ധാപൂർവം സന്തുലിതമാക്കിയിട്ടുണ്ട്. അതി പിന്നാക്ക വിഭാഗങ്ങൾ (ഇ.ബി.സി) ഉൾപ്പെടെയുള്ള സമൂഹങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കിയതിനൊപ്പം ഉപേന്ദ്ര കുശ്വാഹ, ജിതൻ റാം മാഞ്ചി തുടങ്ങിയ മത്സരാർഥികൾക്ക് പ്രയോജനം ചെയ്തുകൊണ്ട് നിതീഷിന്റെ സ്വാധീനത്തെ സൂക്ഷ്മമായി ദുർബലപ്പെടുത്താനും ശ്രമിക്കുന്നു ബി.ജെ.പി.
ആക്രമണാത്മകമായ ഈ നീക്കത്തിന് അപകടസാധ്യതകളുമുണ്ട്. സ്വാധീനം കുറയുന്നുണ്ടെങ്കിലും നിതീഷ് ഇന്നും ബിഹാർ രാഷ്ട്രീയത്തിലെ ശക്തനായ താരമാണ്. തരാതരം പാളയം മാറാനുള്ള സാമർഥ്യം രണ്ട് പതിറ്റാണ്ടായി അദ്ദേഹത്തെ പ്രസക്തനാക്കുന്നു. പൂർണമായും ഒതുക്കിനിർത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായാൽ, നിതീഷ് ബദൽ മാർഗങ്ങൾ തേടിയേക്കാം. മറ്റ് പ്രബല ജാതി വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിതീഷിന്റെ കുർമി പിന്തുണയുടെ അടിത്തറ ചെറുതാണെങ്കിലും ഉറപ്പുള്ളതാണ്. അദ്ദേഹത്തിന്റെ ഭരണ വിശ്വാസ്യത ഇപ്പോഴും വിവിധ വോട്ടർ വിഭാഗങ്ങളെ ആകർഷിക്കുന്നു. കൂടുതൽ സമ്മർദം വന്നാൽ സ്വയം ചുരുങ്ങുന്നതിനുപകരം സഖ്യത്തെ അസ്ഥിരപ്പെടുത്താനും അദ്ദേഹം മുതിർന്നേക്കാം.

ഈ പിരിമുറുക്കം ദേശീയതലത്തിലേക്കും പടരുന്നുണ്ട്. നാല് ബി.ജെ.പി ഇതരർ ഉൾപ്പെടെ ബിഹാറിൽ നിന്ന് എട്ട് എം.പിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ബി.ജെ.പിയുടെ തീരുമാനം ജാതിസാധ്യതകൾ ഉറപ്പിച്ചുകൊണ്ട് സഖ്യഘടനയെ ശക്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമായിരുന്നു. എന്നിരുന്നാലും, പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണച്ചു പോരുന്ന വൈശ്യ, രജപുത്ര വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കുറഞ്ഞത് അസംതൃപ്തമായ പിറുപിറുക്കലുകൾക്ക് വഴിവെച്ചു. പ്രധാന സാമൂഹിക ഗ്രൂപ്പുകളെ അകറ്റാതെ ബിഹാറിൽ തങ്ങളുടെ പിടി ഉറപ്പിക്കാൻ ശ്രമിക്കുകയാണ് ബി.ജെ.പി.
നിതീഷിനെ പൂർണമായി ഒതുക്കാതെ ബി.ജെ.പിക്ക് ആധിപത്യം നിലനിർത്താൻ കഴിയുമോ എന്നതാണ് വലിയ ചോദ്യം. ബി.ജെ.പിക്ക് അദ്ദേഹത്തെ ഇപ്പോൾ ആവശ്യമുണ്ട്, പക്ഷേ അവരുടെ ദീർഘകാല ലക്ഷ്യം ജനതാദളി(യു)നെ ആശ്രയിക്കേണ്ടതില്ലാത്ത ഒരു ബിഹാറാണെന്ന് തോന്നുന്നു.
പ്രതിപക്ഷവും ഉറച്ചു തന്നെ
എൻ.ഡി.എക്കുമേലുള്ള നിയന്ത്രണം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ബി.ജെ.പി തുടരവേ സ്വാധീനം വിപുലപ്പെടുത്തിവരുകയാണ് തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി). ബി.ജെ.പിയോടും ജെ.ഡി.യുവിനോടും വിയോജിപ്പുള്ളവർക്ക് ഒരു യോജിച്ച ബദലായി ആർ.ജെ.ഡി നിലകൊള്ളുന്നു. കോയേരി-കുർമി വോട്ടർ അടിത്തറയിലേക്ക് കടന്നുകയറുന്ന തേജസ്വിയുടെ തന്ത്രം നിതീഷിന്റെയും ബി.ജെ.പിയുടെയും അഭിലാഷങ്ങൾക്ക് നേരിട്ട് വിഘാതം സൃഷ്ടിക്കുന്നു.
ലോക്സഭയിലെ പാർലമെന്ററി സമിതി മേധാവിയായി അഭയ് കുമാർ കുശ്വാഹയെ ആർ.ജെ.ഡി നിയമിച്ചതുപോലും ബിഹാറിലെ യാദവ് ഇതര പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ (ഒ.ബി.സി) ആകർഷണം വിപുലീകരിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. പാർട്ടിയുടെ പരമ്പരാഗത മുസ്ലിം-യാദവ് അടിത്തറക്ക് പുറത്തുള്ള ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ജാതി സഖ്യങ്ങൾ പുനഃക്രമീകരിക്കുകയാണ് തേജസ്വി. ഈ തന്ത്രം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷഹാബാദിലെ അറ, ബക്സർ, സസാറാം, ഔറംഗബാദ് എന്നിവ ഉൾക്കൊള്ളുന്ന മേഖലയിൽ ഇൻഡ്യാ സഖ്യത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തു, എൻ.ഡി.എ 2019ൽ ആധിപത്യം പുലർത്തിയ നാല് സീറ്റുകളാണ് ഇൻഡ്യാ സഖ്യം പിടിച്ചെടുത്തത്.
2023ലെ ജാതി സർവേ പ്രകാരം 36.01ശതമാനം അതി പിന്നാക്ക വിഭാഗങ്ങൾ, 27.12ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങൾ, 19.65 ശതമാനം പട്ടികജാതി, 15.52 മുന്നാക്ക ജാതികൾ എന്നിങ്ങനെയാണ് ബിഹാറിന്റെ ജാതിഘടന. നിഷാദ സമുദായത്തെ പ്രതിനിധാനംചെയ്യുന്ന വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) പോലുള്ളവരുടെ പിന്തുണയോടെ ശക്തിപ്പെട്ട ആർ.ജെ.ഡിയുടെ ഇടപെടൽ, തൊഴിലില്ലായ്മ പ്രശ്നങ്ങളും നിതീഷ് സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും മുതലെടുത്തുകൊണ്ടുള്ള ഒരു കൂട്ടായ്മക്ക് രൂപം നൽകി. ബി.ജെ.പി-ജെ.ഡി.യു സഖ്യം ഈ ജാതി കേന്ദ്രീകരണം അവഗണിക്കുകയും സാമ്പത്തിക ആവലാതികൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ, ജാതിഗണിതത്തെ ജനകീയ വാഗ്ദാനങ്ങളുമായി നന്നായി സംയോജിപ്പിക്കുന്ന ആർ.ജെ.ഡിയിലേക്ക് കൂടുതൽ പിന്തുണ ഒഴുകിപ്പോകാൻ സാധ്യതയുണ്ട്.

ഉപേന്ദ്ര കുശ്വാഹയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യാനുള്ള ബി.ജെ.പി തീരുമാനം അവർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബിഹാർ തന്ത്രത്തിന്റെ മറ്റൊരു നിർണായക സൂചനയാണ്. നിരവധി തവണ കൂറുമാറിയ നേതാവാണെങ്കിലും ഉപേന്ദ്ര കുശ്വാഹ, സംസ്ഥാനത്തെ ജാതി രാഷ്ട്രീയത്തിലെ നിർണായക വോട്ടിങ് ബ്ലോക്കായ കൊയേരി സമുദായത്തെ പ്രതിനിധാനംചെയ്യുന്നു. അസംതൃപ്തനായ ദലിത് നേതാവ് പശുപതി പരക്ക് പകരം രാജ്യസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയത് ചരിത്രപരമായി ജെ.ഡി.യുവിന്റെ തെരഞ്ഞെടുപ്പ് ശക്തിയുടെ അടിത്തറയായ കൊയേരി-കുർമി വോട്ടു ബാങ്കിൽ നിതീഷ് കുമാറിനുള്ള പിടി ദുർബലപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമായിരുന്നു.
എന്നിരുന്നാലും, ഉപേന്ദ്ര കുശ്വാഹയുടെ സമീപകാല തെരഞ്ഞെടുപ്പ് പ്രകടനം അദ്ദേഹത്തിന്റെ സ്വാധീനം സംബന്ധിച്ച് സംശയങ്ങളുയർത്തുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ കാരക്കട്ടിൽ മൂന്നാം സ്ഥാനത്തൊതുങ്ങിയത് അദ്ദേഹത്തിന്റെ പ്രഭാവം കുറയുന്നുവെന്ന് സൂചിപ്പിക്കുന്നു. ഇത്തരമൊരു തിരിച്ചടി ഉണ്ടായിരുന്നിട്ടും, ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കുന്നതിൽ നിന്ന് തടഞ്ഞ് കുശ്വാഹയെ എൻ.ഡി.എയിൽ നിലനിർത്തുന്നതിൽ ബി.ജെ.പി മൂല്യം കാണുന്നു. ഒരു സഖ്യകക്ഷിയെ മാനിക്കുക മാത്രമല്ല, കൊയേരി സമുദായത്തിനുള്ളിൽ ഒരു ബദൽ നേതൃത്വം സൃഷ്ടിക്കൽ കൂടിയാണ് ബി.ജെ.പി അതുവഴി ലക്ഷ്യമിടുന്നത്.
നിതീഷിനെ സംബന്ധിച്ചിടത്തോളം ഈ സംഭവവികാസങ്ങളെല്ലാം സങ്കീർണമായ വെല്ലുവിളിയാണ്. എൻ.ഡി.എക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്നത്തേക്കാളും ദുർബലമാണ്. മുൻകാല കൂറുമാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ ആർ.ജെ.ഡിയുമായി വീണ്ടും സഖ്യമുണ്ടാക്കുന്നത് വിശ്വാസ്യത കൂടുതൽ നഷ്ടപ്പെടുത്തും. മാത്രമല്ല, ഇനി നിതീഷിന് പിറകിൽ പക്കമേളക്കാരനായി ഒതുങ്ങാൻ തേജസ്വി തയാറല്ല. വ്യക്തമായ ഉറപ്പുകളില്ലാതെ നിതീഷിനെ വീണ്ടും കൂടെക്കൂട്ടുന്നതിൽ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും രണ്ടാമതൊന്നാലോചിക്കും.
ബിഹാറിലെ ബി.ജെ.പി തന്ത്രം ഒരേ സമയം കടുത്ത അപകടസാധ്യതയും ഉയർന്ന പ്രതിഫല സാധ്യതയുള്ളതുമായ കളിയാണ്. ഒരുവശത്ത്, അവർ സഖ്യത്തിന്റെ മേൽ ആധിപത്യം വിജയകരമായി ഉറപ്പിക്കുകയും ഇനി നിതീഷിന്റെ കാരുണ്യം ആവശ്യമില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. മറുവശത്ത്, അതിന്റെ ആക്രമണാത്മകമായ നീക്കം എൻ. ഡി.എയെ അസ്ഥിരപ്പെടുത്തുകയും ആഭ്യന്തര വിള്ളലുകൾ മുതലെടുക്കാൻ പ്രതിപക്ഷത്തിന് വാതിൽ തുറക്കുകയും ചെയ്യും. ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്ന് തെളിഞ്ഞാൽ, 2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചതിലും ശക്തമായ വെല്ലുവിളി അവർ നേരിടേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.