ഒരു പുതിയ യവനൻ
text_fields‘വേർതിരിവ്’ എന്ന പേരിൽ 1992ൽ സൗഹൃദസംഘം പ്രസിദ്ധീകരിച്ച എന്റെ പുസ്തകമാണ് മേൽപറഞ്ഞ വിധത്തിലുള്ള കഴിഞ്ഞലക്കം കോളത്തിൽ പരാമർശിച്ച മൂർത്തം/ അമൂർത്തം/ പ്രായോഗികജീവിതം/ആശയജീവിതം/ മഹാജീവിതം/ജീവിതം എന്നിപ്രകാരമുള്ള പരികൽപനകളെക്കുറിച്ച് മുമ്പൊക്കെയുള്ളതിനേക്കാൾ എത്രയോ തീവ്രമായി ആലോചിക്കാൻ േപ്രരകമായത്. ‘പരിസര ശക്തിഗുണത്താൽ മർത്യർ പരിശുദ്ധരാകാം പാപിഷ്ടർപോലും’.
ഒരു സാധാരണ സാഹിത്യവിമർശനഗ്രന്ഥവും, മേൽപറഞ്ഞ മഹാജീവിതാദികളും തമ്മിലെന്ത് ബന്ധമെന്ന ന്യായമായ ചോദ്യം, മറ്റൊരാൾ ചോദിക്കുന്നതിനുമുമ്പേ പലതവണ ഞാൻ എന്നോടുതന്നെ ചോദിച്ചപ്പോൾ, തെളിഞ്ഞത് തൊട്ടാവാടിയായ ഒരു ഇടത്തരക്കാരന്റെ ഇടർച്ചകളാണ്! പൊതുവിലുള്ള സാമ്പത്തിക പ്രയാസത്തോടൊപ്പം എം.ഫിൽ പഠനത്തിന്റെ ഭാഗമായി താൽക്കാലികമായി ഉള്ള ശമ്പളംകൂടി ഇല്ലാതാവുകയും ചെയ്തതോടെ വാടക കൊടുക്കാനും ഭക്ഷണത്തിനുമുള്ള പണം കടം വാങ്ങേണ്ടിവരുകയും ചെയ്തൊരു സന്ദർഭത്തിലാണ്, അതിനുമുമ്പ് കുറേയൊക്കെ അമൂർത്തവിചാരങ്ങളിൽ വ്യാപരിക്കുകയും ഒരൽപം അതിൽ അഭിരമിക്കുകയും ചെയ്ത എനിക്ക് ജീവിതമെന്താണെന്നും മൂർത്തമെന്താണെന്നും ശരിക്കും മനസ്സിലായത്.
ആ ഒരു കൊല്ലം ഞങ്ങളെ ജീവിപ്പിച്ചത് വേർതിരിവ് എന്ന പുസ്തകത്തിൽനിന്നും വിറ്റുകിട്ടിയ വരുമാനമാണ്. അതിനുമുമ്പോ പിമ്പോ ഇത്തരമൊരനുഭവത്തിലൂടെ കടന്നുപോവേണ്ടി വന്നിട്ടില്ല. ബിഭൂതിഭൂഷൻ ബന്ദോപാധ്യായയുടെ പ്രശസ്തമായ, ‘അശനിസങ്കേത്’ എന്ന നോവലിൽ കൊടും വരൾച്ചയുടെ കാലത്ത് എല്ലാ വിഭാഗത്തിൽപെട്ട മനുഷ്യരെയും ഐക്യപ്പെടുത്തിയത്, അരി ഇല്ല എന്ന വാക്യമാണ് എന്ന് മുമ്പ് വായിച്ചിരുന്നു. അതുപോലെയായിരുന്നു വരൾച്ചയുടെ കാലമല്ലാതിരുന്നിട്ടു കൂടി ഞങ്ങളുടെ അവസ്ഥയും! മുമ്പ് തിരുവിതാംകൂറിൽ ഉദ്യോഗസ്ഥർക്ക് കുറച്ച് ഭൂമി ശമ്പളത്തിന്റെ ഭാഗമായി പതിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്നും അതിനെ ജീവിതം എന്നാണ് അന്ന് വിളിച്ചിരുന്നതെന്നും പ്രശസ്ത ചരിത്രപ്രതിഭ ഇളംകുളം കുഞ്ഞൻപിള്ള! ഒരുപിടി അരിയും ഒരിത്തിരി മണ്ണുമാണോ ജീവിതം എന്ന് അതുള്ളവർക്ക് നിസ്സാരമായി ചോദിക്കാൻ തോന്നുമ്പോൾ; അതില്ലാത്തവരുടെയും, താൽക്കാലികമായെങ്കിലും അതില്ലാതാവുന്നവരുടെയോ പ്രഥമ പരിഗണന അതാവും. ചിലപ്പോൾ അത് മാത്രമാവും!
ആശയങ്ങളുടെ ആകാശം നമ്മെ ആശ്വസിപ്പിക്കുമായിരിക്കും. പക്ഷേ ചവിട്ടി നിൽക്കാൻ മണ്ണില്ലാതായാൽ, അമർന്നുനിന്ന് ശിരസ്സ്പൊക്കി നോക്കാനാവാത്തവിധം കുഴഞ്ഞുപോയാൽ, പിന്നെ ആകാശത്തിന് എന്തുചെയ്യാൻ കഴിയും? കേവലം മൺതുരുമ്പിൽ കിടപ്പൂ ദേവലോകം തുറക്കും താക്കോൽ എന്ന് വൈലോപ്പിള്ളി! സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ/ ആപത്ത്കാലത്ത് കാപത്ത് തിന്നാം എന്നത് പഴയ ചൊല്ല്. എന്നാൽ, പഴംചൊല്ലിനെ പിളർത്തി, പക്ഷേ സമ്പത്ത് കാലമേ ഇല്ലാത്തവരെങ്ങനെ തൈ പത്തുവെക്കുമെന്ന് പുതുചൊല്ലുണ്ടാക്കി സച്ചിദാനന്ദൻ മാഷ്! പറഞ്ഞുവരുന്നത് പ്രതിസന്ധിയുടെ ഇരുട്ടിൽ വെളിച്ചമായി തീർന്ന വേർതിരിവ് എന്ന സ്വന്തം പുസ്തകത്തെക്കുറിച്ച് മാത്രമല്ല, അത്രയൊന്നും തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോവാത്ത എന്നെപ്പോലുള്ളവരുടെ ജീവിതവഴികളിൽപോലും ചെറിയ ചുഴികൾ ഉണ്ടാക്കുന്ന, ഉണ്ടാക്കിയ വലിയ സംഭ്രമങ്ങളെക്കുറിച്ചാണ്.
ആദ്യമായി എന്റെ ഒരു പുസ്തകത്തിന് അതിശയിപ്പിക്കും വിധമുള്ള, മറക്കാനാവാത്ത അനുഭവങ്ങൾ നൽകിയതും ഉള്ളടക്കം നോക്കിയാൽ അത്രയൊന്നും ഓർമിക്കപ്പെടേണ്ടതില്ലാത്ത ‘വേർതിരിവ്’ എന്ന പുസ്തകമാണ്. പ്രകാശനം നിർവഹിച്ചത് ഇ.എം.എസ്, ആമുഖമെഴുതിയത് എം.എൻ. വിജയൻ മാഷ്. ഞാനേറെ ആദരിക്കുന്ന തായാട്ട് മാഷിന്റെ പേരിലുള്ള അവാർഡ് കിട്ടിയതും, ഒരൊറ്റകോപ്പി ബാക്കിയില്ലാതെ പുസ്തകം വിറ്റ്തീർന്ന് പണം കിട്ടി ജീവിതമായി തീർന്നതും ഉൾപ്പെടെ മറ്റെല്ലാ പുസ്തകങ്ങളിൽനിന്നും വേർതിരിവ് വേറിട്ട് നിൽക്കുന്നു! തിരിഞ്ഞ് നോക്കുമ്പോൾ, എന്തൊരതിശയമേ എന്ന് അറിയാതെ പറഞ്ഞുപോകുംവിധമുള്ള ഒരവസ്ഥ!
പകൽവെളിച്ചത്തിൽ വിളക്കുമായി നടക്കുന്ന ഒരു പുതിയ യവനൻ ഈ പുസ്തകത്തിലുണ്ട്. വെളിച്ചങ്ങളെല്ലാം എത്ര ഇരുണ്ടതാണെന്നു അവൻ കണ്ടെത്തുന്നു. പുതിയ പ്രഭാതം തേടി അലഞ്ഞിരുന്ന പഴയ യാത്രക്കാർ ഊഹിക്കുകമാത്രം ചെയ്തിരുന്ന കുഴികളും കുരുക്കുകളും ഇവിടെ തിരിച്ചറിഞ്ഞു തുടങ്ങുന്നു. വാക്കുകളിൽ വിശ്രമിക്കുന്നത് അർഥം തന്നെയാണോ എന്ന്, നിഴലുകളിൽ ധ്യാനിച്ചിരിക്കുന്നത് ബുദ്ധൻതന്നെയാണോ എന്ന്, നിശിതമായി ഒരു തിരച്ചിൽതന്നെ ഇവിടെ ആരംഭിക്കുകയും ചെയ്തിരിക്കുന്നു (വേർതിരിവിന്റെ ആമുഖത്തിൽ എം.എൻ. വിജയൻമാഷ്). എം.എൻ. വിജയൻ മാഷിന്റെ ആമുഖ ആശ്ലേഷത്തിലെ, പകൽവെളിച്ചത്തിൽ വിളക്കുമായി നടക്കുന്ന ഒരു പുതിയ യവനൻ എന്ന അതിപ്രശംസ അന്നും ഇന്നും ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമായിരിക്കെ, അക്കാലത്ത്തന്നെ എവനാണ് ഈ യവനൻ എന്ന മട്ടിലുള്ള ചെറിയ ചില ഇളക്കങ്ങൾ പലയിടങ്ങളിലും ഉണ്ടാക്കിയിരുന്നു. ഇവനോ കേരള ഡയോജനിസ് എന്നൊക്കെയുള്ള തമാശകളും! (കേരള ബിൻലാദൻ മുതൽ ബാക്കിയെല്ലാം പിറകെവന്ന ബഹുമതികളാണ്!).
ഗുണ്ടർട്ട് ഡിക്ഷ്നറിയിൽ യവനന്, യവനദേശ്യൻ, ഗ്രീക്കുകാർ, പലപ്പോഴും മുസ്ലിംകളെയും യൂറോപ്യരെയും സൂചിപ്പിക്കുന്നു എന്നീ പ്രകാരമുള്ള അർഥമാണ് നൽകിക്കാണുന്നത്! റവ. ഡോക്ടർ ഗുണ്ടർട്ടിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു 1872ൽ പുറത്തിറങ്ങിയിട്ട് ഇപ്പോൾ ഒന്നരനൂറ്റാണ്ട് കഴിഞ്ഞു. എന്നാൽ, പിന്നീട് 1923ൽ പുറത്തിറങ്ങിയ മലയാളത്തിലെ ശ്രദ്ധേയമായ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ പരിഷ്കരിച്ച് വിപുലപ്പെടുത്തിയ ശബ്ദതാരാവലിയിൽ ഇതേ വാക്കിന്, ഒരു അസുരൻ, ശ്രീകൃഷ്ണന്റെ ശത്രു, യവനദേശത്തുള്ളവൻ (ഗ്രീക്കുകാരൻ) ജോനകൻ, മുഹമ്മദീയൻ, കിരാതൻ എന്നിങ്ങനെയുള്ള അർഥങ്ങൾകൂടി ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിൽനിന്നൊക്കെ വ്യത്യസ്തമായി മനുഷ്യർക്കിടയിൽ കഠിനവിരോധം ഉണ്ടാക്കും മട്ടിൽ ഈ വാക്ക് പ്രയോഗിച്ചിട്ടുള്ളത് വെറുപ്പിന്റെ ഉസ്താദുമാരാണ്.
അതിൽ മുന്നിൽ നിൽക്കുന്നത് സാക്ഷാൽ ദാമോദർ വിനായക് സവർക്കറാണ്. അദ്ദേഹത്തിന്റെ ‘ഭാരതചരിത്രത്തിലെ ആറ് സുവർണഘട്ടങ്ങൾ’ എന്ന പുസ്തകത്തിലാണ്, ഞാൻ കണ്ടതിൽ വെച്ചേറ്റവും വിദ്വേഷം വമിക്കുംവിധം യവനശബ്ദം കാണാൻ കഴിഞ്ഞത്! ‘വിദേശികളും ആക്രമണകാരികളും ആംശികമായി അന്യധർമ അവലംബികളുമായ ഗ്രീക്കുകാരെ അന്നത്തെ ഭാരതീയർ യവനർ എന്നു വിളിച്ചിരുന്നു. എന്നാൽ, വിദേശികളായ എല്ലാ ആക്രമണകാരികളെയും യവനരെന്നു പറയുന്നത് തികച്ചും തെറ്റാണ്. വിശേഷിച്ചും നാം മുസ്ലിം ആക്രമണകാരികളെ യവനരെന്ന് വിളിക്കാൻ തുടങ്ങിയത് വലിയ തെറ്റായിപ്പോയി. ഗ്രീക്കുകാർ വിദേശികളും ആക്രമണകാരികളും ആയിരുന്നെങ്കിലും നിലവാരം െവച്ചുനോക്കുമ്പോൾ ജ്ഞാനതൽപരരും സംസ്കാരസമ്പന്നരായ ജനസമൂഹത്തിൽപെട്ടവരുമായിരുന്നു.
എന്നാൽ, ശതാബ്ദങ്ങൾക്കുശേഷം ഭാരതത്തെ ആക്രമിച്ച മുസ്ലിം പടയാളികളാവട്ടെ മതാന്ധരും സംസ്കാരശൂന്യരും രാക്ഷസസ്വഭാവത്തോടുകൂടിയവരും ആയിരുന്നു. രാക്ഷസീയവൃത്തികളായ അവരെ മുസൽമാൻ എന്നാണ് വിളിക്കേണ്ടിയിരുന്നത്. യവനരെന്നു വിളിച്ച് അവർക്ക് വെറുതെ േശ്രഷ്ഠത്വം നൽകുകയും യവനപദത്തിന്റെ അർഥത്തെ വിരൂപമാക്കുകയും ചെയ്തത് വലിയ ഒരു പ്രമാദമായിപ്പോയി. അവരെ മ്ലേച്ഛരെന്നു വിളിക്കാം. യവനരെന്ന് പറയുന്നത് ഒരിക്കലും ഉചിതമല്ല’ (‘ഭാരതചരിത്രത്തിലെ ആറ് സുവർണഘട്ടങ്ങൾ’ വിനായക ദാമോദര സവർക്കർ). രാക്ഷസരെന്നും മ്ലേച്ഛരെന്നും മുസ്ലിംകളെന്നും വിളിക്കേണ്ടവരെ, യവനർ എന്ന് വിളിച്ചതിലുള്ള സവർക്കറുടെ കുപ്രശസ്തമായ ആ രോഷമാണ്, ഇന്ന് ഇന്ത്യയിൽ പലവിധങ്ങളിൽ പല പ്രകാരത്തിൽ പ്രകടമാവുന്നത്. അപ്പോഴാണ് അമൂർത്തം വിട്ട്, കേവല ആകാശ സഞ്ചാരം നിർത്തി ഇതിൽ ഇവനേത് യവനൻ എന്ന ആ മൂർത്ത ചോദ്യം ഒരാശങ്കയോടെ എനിക്കു മുന്നിലും ഉയർന്നത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.