നടുവൊടിക്കുന്ന പുസ്തകഭാരം
text_fieldsസ്കൂൾബാഗിെൻറ അമിതഭാരം ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇത് കുറക്കാനുള്ള നിർദേശങ്ങളെപ്പറ്റിയും ഏറെ പഠനങ്ങൾ നടന്നിട്ടുണ്ട്. സർക്കാർ^ സ്വകാര്യ സ്കൂളുകളിലും വിവിധ ബോർഡുകൾക്കു കീഴിലെ സ്ഥാപനങ്ങളിലും വിദ്യാർഥികൾ ഒരുപോലെ ഇൗ പ്രശ്നം അനുഭവിക്കുന്നു. ഒരു കുട്ടിക്ക് പരമാവധി വഹിക്കാൻ പറ്റുന്ന പുസ്തകഭാരം കുട്ടിയുടെ ശരീരഭാരത്തിെൻറ 10 ശതമാനമാണെന്നാണ് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട തത്വം. എന്നാൽ, ഇന്ന് കുട്ടികൾ വഹിക്കുന്ന ബാഗിെൻറ ഭാരം എത്രയോ കൂടുതലാണ്.
ആരോഗ്യപ്രശ്നങ്ങൾ
ബാഗുകളുടെ അമിതഭാരം കുട്ടികളിൽ അലസത, പേശീപ്രശ്നങ്ങൾ, പുറംവേദന, നെട്ടല്ലിെൻറ സ്വാഭാവികമായ വളവിൽ മാറ്റം, ചുമലുകൾ കുനിഞ്ഞുപോവുക തുടങ്ങിയവക്ക് കാരണമാകുന്നു.
സാധാരണമായി പുസ്തകഭാരം വലിയ പ്രശ്നമാകുന്നത് പ്രീപ്രൈമറി തലം മുതൽ അപ്പർപ്രൈമറി വരെയുള്ള ചെറുപ്രായത്തിലുള്ള കുട്ടികൾക്കാണ്. അസ്ഥി വ്യവസ്ഥ, പേശീവ്യവസ്ഥ എന്നിവയുടെ വളർച്ച ത്വരിതഗതിയിൽ നടക്കുന്ന പ്രായമാണ് നാലു മുതൽ 13 വയസ്സുവരെയുള്ള കാലഘട്ടം. എന്നാൽ, ഇൗ കാലയളവിലാണ് സ്കൂൾ വിദ്യാർഥികൾ ഭാരംപേറി നടുവൊടിയുന്നതും. മാത്രമല്ല, ശരീരഭാരം കുറവും പുസ്തകഭാരം ആപേക്ഷികമായി കൂടുതലും ആകുന്നത് ഒേട്ടറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.
പ്രധാനമായും വിദ്യാർഥികൾ ഉപയോഗിക്കുന്നത് ‘ബാക്ക്പാക്ക്’ആണ്. ഇരുചുമലുകൾക്കും ഭാരം വീതിക്കുന്ന തരത്തിലുള്ള, പുറത്ത് തൂക്കിയിടുന്ന എല്ലാ ബാഗുകളെയും ഇൗ ഗണത്തിൽ പെടുത്താം. പുസ്തകങ്ങൾ വഹിക്കുന്നതിന് ശാസ്ത്രീയവും അഭിലഷണീയവുമായ രീതി ഇതുതന്നെയാണെന്നതിൽ സംശയമില്ല. ഒരു തോളിൽ മാത്രം ഉയർത്തുന്ന പുസ്തകബാഗുകൾ ഒരുവശത്തുമാത്രം അധിക സമ്മർദമുണ്ടാക്കുകയും നെട്ടല്ലിന് ഒരുവശത്തേക്ക് ചരിവിന് കാരണമായിത്തീരുകയും ചെയ്യും. മാത്രമല്ല, ഒരുവശത്തു മാത്രം തൂക്കിയിടുന്ന ബാഗുകൾ ഭാരമേറിയതാണെങ്കിൽ എടുത്തും വെച്ചും പലതവണ കൈകാര്യം ചെയ്യുേമ്പാൾ നെട്ടല്ലിനെ കൂടുതൽ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെയാണ് ബാക്ക്പാക്കുകളുടെ ഉപയോഗം കൂടുതൽ സ്വീകാര്യമാകുന്നത്. എന്നാൽ, ഭാരംകൂടിയ ബാക്ക്പാക്കുകൾ വളർന്നുവരുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുന്നു എന്നത് കാണാതിരുന്നുകൂടാ.
ഭാരം വഹിക്കാൻ പുറത്ത് തൂക്കിയിടുന്ന ബാഗുകൾ എളുപ്പമാണ്. എന്നാലും ചെറിയ കുട്ടികളിലെ ഇത്തരം ബാഗുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. നിത്യേനയുള്ള ഉപയോഗം മൂലമുണ്ടാകുന്ന ശാരീരിക സമ്മർദം കഴുത്തിെൻറയും തലയുടെയും മുേന്നാട്ടുള്ള ചരിവിന് കാരണമാകുന്നു. ഭാരംകൂടിയ ബാഗ് വഹിക്കുേമ്പാൾ കുട്ടികൾ ഒരൽപം മുന്നോട്ട് കുനിയേണ്ടിവരുന്നു. ഇത് തെറ്റായ ആകാരം രൂപപ്പെട്ടുവരാൻ ഇടവരുത്തും.
നമ്മുടെ രാജ്യത്ത് നടന്ന പഠനമനുസരിച്ച് ബാക്ക്പാക്കുകൾ സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളിൽ അതുപയോഗിക്കാത്തവരുമായി താരതമ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നത്. െമാത്തം ശരീരഭാരത്തിെൻറ 15 ശതമാനം ഭാരമുള്ള പുസ്തകബാഗുകൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രീ അഡോളസൻറ് കുട്ടികളിൽ എല്ലാ പോസ്ചറൽ ആംഗിളുകളിലും മാറ്റങ്ങൾ വന്നതായി കണ്ടെത്തി. അതുകൊണ്ടുതന്നെ പിറകിൽ തൂക്കിയിടുന്ന ഭാരമുള്ള ബാഗുകൾ ഉപയോഗിക്കുന്നത് ശരീരത്തിെൻറ സ്വാഭാവികമായ വടിവിന് കോട്ടംതട്ടിക്കും. ഇതുപയോഗിക്കുേമ്പാൾ മുഴുവൻ ഭാരവും ഇരുചുമലുകളിലേക്ക് വരുകയും ബാലൻസ് കിട്ടുന്നതിനുവേണ്ടിയും ബുദ്ധിമുട്ട് കുറക്കുന്നതിനുവേണ്ടിയും കുട്ടികൾ അൽപം കുനിയുകയും ചെയ്യേണ്ടിവരുന്നു. ഇതാണ് യഥാർഥത്തിൽ പ്രശ്നമുണ്ടാക്കുന്നത്. ദൈനംദിനമായി ഒരു ഒക്യുപേഷനൽ ലോഡ് ആയി മാറിയിരിക്കുകയാണ് കുട്ടികൾക്ക് ഇൗ പുസ്തകഭാരം.
സ്കൂൾബാഗിെൻറ ഭാരംകൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾക്ക് കാരണം പലതാണ്. ഇത് ദൈനംദിനമായുള്ള ഒരു കായിക സമ്മർദവും ആണെന്നുള്ളതാണ് അതിൽ ഒന്നാമത്തേത്. അമിതമായ ഭാരത്തോടൊപ്പം ബാഗുകളുടെ അശാസ്ത്രീയമായ രൂപഘടനയും വലുപ്പവും ഭാരം വഹിച്ചുകൊണ്ടിരിക്കുന്ന സമയത്തിെൻറ ദൈർഘ്യവും ശരീരത്തിൽ ഇൗ ഭാരം സ്ഥിതിചെയ്യുന്ന സ്ഥാനവും എല്ലാം ചേർന്നുണ്ടാക്കുന്ന വളരെ പ്രതിലോമകരമായ ഒരു സ്ഥിതിവിശേഷംകൊണ്ടുണ്ടാകുന്ന ദോഷങ്ങളാണതിൽ പിന്നീടുള്ളത്. അതിനാൽതന്നെ വിവിധ കാരണങ്ങളാൽ ചെറുപ്രായത്തിൽതന്നെ കുട്ടികളിൽ അസ്ഥി^പേശീസംബന്ധമായ പ്രശ്നങ്ങൾ കാണപ്പെടാൻ ഇടയാകുന്നു.
2016 സെപ്റ്റംബർ 12ന് സി.ബി.എസ്.ഇ പുറത്തിറക്കിയ അക്കാദമിക് സർക്കുലർ പുസ്തകഭാരം ക്രിയാത്മകമായി ലഘൂകരിച്ചുകൊണ്ടുവരുന്നതിന് ശക്തമായ നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു. അഫിലിയേറ്റഡ് സ്കൂളുകൾക്ക് നൽകിയ സർക്കുലറിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പ്രായോഗിക നിർദേശങ്ങളാണുള്ളത്. കൂടുതൽ ഭാരമുള്ള സ്കൂൾ ബാഗുകൾ ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് താക്കീത്നൽകുന്നതോടൊപ്പം ഇത് കുറച്ചുകൊണ്ടുവരുന്നതിൽ സ്കൂളുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ശക്തമായ ബോധവത്കരണത്തെപ്പറ്റിയും എടുത്തുപറയുന്നു. ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും നടപ്പാക്കാവുന്നതാണ് ഇൗ നിർദേശങ്ങൾ (ചാർട്ട് കാണുക).
പുസ്തകഭാരം കുറക്കാൻ സി.ബി.എസ്.ഇ നിർദേശങ്ങൾ
സ്കൂളുകൾക്ക്
- സ്കൂൾ ടൈംടേബ്ൾ കൃത്യമായി പാലിക്കാൻ കുട്ടികളെ ബോധവത്കരിക്കുക, ഉയർന്ന ഭാരമുള്ള സ്കൂൾ ബാഗുകൾക്കെതിരെയുള്ള ബോധവത്കരണത്തിന് തുടക്കംകുറിക്കുക.
- എല്ലാ ദിവസവും സ്കൂൾ ബാഗുകൾ ക്രമപ്പെടുത്തുക. നോട്ട്ബുക്കുകൾ, ടെക്സ്റ്റ്ബുക്കുകൾ, വർക്ക് ബുക്കുകൾ എന്നിവ അതത് ദിവസത്തേക്കു മാത്രം എടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.
- ഇടക്കിടെ സ്കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ സ്കൂൾ ബാഗുകളുടെ ഭാരം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുക.
- ബാഗിെൻറ ഭാരത്തിൽ വാട്ടർബോട്ടിലുകൾക്കുള്ള സ്ഥാനം വലുതാണ്. സുരക്ഷിതമായ കുടിവെള്ളം സ്കൂളിൽ ഉറപ്പുവരുത്തി ഇൗ ഭാരം ലഘൂകരിക്കാനുള്ള നടപടി കൈക്കൊള്ളുക.
- കൂടുതൽ പുസ്തകങ്ങളും മറ്റു വസ്തുക്കളും കൊണ്ടുവരേണ്ടതില്ലാത്ത തരത്തിൽ ആഴ്ചതോറുമുള്ള ടൈംടേബ്ൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക.
- സ്പോർട്സ് യൂനിഫോമുകൾ വേറെയായി സ്കൂളിൽ കൊണ്ടുവരുന്നതിനു പകരം അത്തരം പ്രത്യേക വസ്ത്രങ്ങൾ ഒരു ദിവസത്തേക്ക് മുഴുവനായി കണക്കാക്കി യൂനിഫോമിെൻറ ഭാഗമാക്കുക.
- അസൈൻമെൻറുകളും പ്രോജക്ടുകളും പൂർത്തീകരിക്കാൻ സ്കൂളിൽവെച്ചുതന്നെ സമയം അനുവദിക്കുക.
- പ്രോജക്ട് ടാസ്കുകൾ കുട്ടികളുടെ ഗ്രൂപ്പിന് നൽകി സ്കൂളിൽവെച്ചുതന്നെ പൂർത്തീകരിക്കുകയും വ്യക്തിഗതമായ ഹോംവർക്കുകളുടെ രൂപത്തിൽ നൽകാതിരിക്കുകയും ചെയ്യുക.
- ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ ടെക്സ്റ്റ്ബുക്കുകളും വർക്ക്ബുക്കുകളും ലൈറ്റ്വെയ്റ്റ് ആണെന്ന് ഉറപ്പുവരുത്തുക.
- ഒന്നും രണ്ടും ക്ലാസുകളിൽ ഹോംവർക്കുകൾ പാടെ നിർത്തലാക്കുക.
അധ്യാപകർക്ക്
- ടെക്സ്റ്റ്ബുക്കുകളും വർക്ക്ബുക്കുകളും കൊണ്ടുവരാത്തതിെൻറ പേരിൽ കുട്ടികളെ ശിക്ഷിക്കാതിരിക്കുക.
- ടെക്സ്റ്റ്ബുക്കുകളെ ആശ്രയിച്ചുള്ള അധ്യാപനരീതിക്ക് പകരം ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജിയുടെ ഉപയോഗം വർധിപ്പിക്കുക.
- വർക്ക്ബുക്കുകൾക്ക് പകരം വർക്ക്ഷീറ്റുകളുടെ ഉപയോഗം പുസ്തകഭാരം കുറക്കും.
- ടെക്സ്റ്റ്ബുക്കുകൾ ആവശ്യമുള്ള സന്ദർഭങ്ങൾ നേരേത്ത മനസ്സിലാക്കി വിദ്യാർഥികളുടെ ജോടികൾക്കിടയിൽ വീതിക്കുക. പകുതിഭാരം കുറക്കാം. രണ്ട് കുട്ടികൾക്ക് ഒരു ടെക്സ്റ്റ് ബുക്ക് എന്ന കണക്കിൽ.
രക്ഷിതാക്കൾക്ക്
- ലൈറ്റ്വെയ്റ്റ് ബാഗുകൾ തെരഞ്ഞെടുക്കുക.
- അനാവശ്യ സാധനങ്ങൾ കുട്ടികൾ ബാഗുകളിൽ നിറക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കുക. എല്ലാ ദിവസവും ബാഗുകൾ സെറ്റുചെയ്യാൻ കുട്ടികളെ സഹായിക്കുക.
- ബാഗുകൾ കുട്ടികളുടെ പുറത്ത് തൂങ്ങിക്കിടക്കുന്നതിനു പകരം ശരിയായ രീതിയിൽ സ്ട്രിപ്പുകൾ ഉപയോഗിച്ച് ദേഹത്ത് കെട്ടിക്കൊടുക്കുക.
അധ്യാപകരുടെ പങ്ക്
പുസ്തകഭാരം കുറക്കുന്നതിൽ ഏറ്റവും ക്രിയാത്മകമായ പങ്കുവഹിക്കാൻ കഴിയുക അധ്യാപകർക്കാണ്. താൽപര്യം ജനിപ്പിക്കുന്നതും പ്രവർത്തനോന്മുഖവുമായ അധ്യാപനരീതികൾ വളരെ ആസൂത്രണത്തോടെ നടപ്പാക്കേണ്ടതുണ്ട്. ടെക്സ്റ്റ്ബുക്കുകൾ അധ്യാപന ഘട്ടത്തിൽ ആവശ്യമില്ലാത്തവിധം ക്ലാസ്റൂം അധ്യാപനം ചിട്ടപ്പെടുത്താൻ അധ്യാപകർക്ക് കഴിയണം. പല പിടിവാശികളും ഉപേക്ഷിക്കേണ്ടതായി വരും. ഉദാഹരണത്തിന്, വർഷം മുഴുവൻ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ ഒരൊറ്റ നോട്ട്ബുക്കിൽതന്നെ കാണണം എന്ന വാശി കുട്ടികൾക്ക് ഭാരമേറിയ നോട്ട്ബുക്കുകൾ കൊണ്ടുവരേണ്ട സാഹചര്യമുണ്ടാക്കുന്നു. ഇതിനുപകരം പേജുകൾ കുറഞ്ഞ ഒന്നിലധികം ബുക്കുകൾ ഒരു വിഷയത്തിന് ഉപയോഗപ്പെടുത്തുകയാണെങ്കിൽ പുസ്തകഭാരം വളരെയധികം കുറക്കാൻ കഴിയും.
കട്ടിയും കനവുമുള്ള വർക്ക്ബുക്കുകൾക്ക് പകരം അധ്യാപകർ വികസിപ്പിച്ചെടുക്കുന്ന വർക്ക്ഷീറ്റുകൾ ആവശ്യാനുസരണം നൽകുകയാണെങ്കിൽ വർക്ക്ബുക്കുകളുടെ അനാവശ്യ ഭാരം കുറക്കാൻ സാധിക്കും. അധ്യാപകർ സ്മാർട്ട് ക്ലാസ് ഉപയോഗിക്കുന്നതിൽ നൈപുണി കൈവരിക്കേണ്ടതുണ്ട്. ഇത്തരം രീതികൾ ടെക്സ്റ്റ് ബുക്കുകളുടെയും വർക്ക്ബുക്കുകളുടെയും ആവശ്യം ഗണ്യമായി കുറക്കും. സ്കൂൾ ടൈംടേബിളിനും ഇതിൽ നല്ല പങ്കുവഹിക്കാനുണ്ട്. ഉദാഹരണത്തിന്, പല സ്കൂളുകളിലും ആർട്ട്, ഫിസിക്കൽ എജുക്കേഷൻ, ഡ്രോയിങ്, മ്യൂസിക് തുടങ്ങിയ വിഷയങ്ങളിൽ പാർട്ട്ടൈം അധ്യാപകരാണ് ക്ലാെസടുക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സൗകര്യത്തിന് ഇത്തരം വിഷയങ്ങൾ ഒേന്നാ രണ്ടോ ദിവസങ്ങളിലേക്ക് ഒതുക്കി ടൈംടേബ്ൾ സെറ്റുചെയ്യാൻ സ്കൂളുകൾ നിർബന്ധിതരാകുന്നു.
ഇൗ വിഷയങ്ങൾ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും തുല്യമായി വിതരണം ചെയ്യപ്പെടുകയാെണങ്കിൽ കോർ വിഷയങ്ങളുടെ നിത്യേനയുള്ള സമ്മർദം കുറക്കാനും പുസ്തകഭാരം ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഏതാണ്ട് തുല്യമായി വീതിക്കപ്പെടാനും അവസരം നൽകും.
ബാഗ്ഫ്രീ എജുക്കേഷൻ
പുസ്തകങ്ങളില്ലാത്ത പഠനരീതികൾ പല നാടുകളിലും പരീക്ഷിക്കപ്പെടുന്നുണ്ട്. പുസ്തകങ്ങൾക്ക് പകരം ടാബുകളും മറ്റു സ്മാർട്ട് രീതികളുമാണ് നടപ്പാക്കിവരുന്നത്. നമ്മുടെ രാജ്യത്തും ചിലയിടങ്ങളിൽ ഇപ്പോൾ ഒരളവുവരെ ഇത്തരം രീതികൾ പരീക്ഷിക്കുന്നുണ്ട്.
പക്ഷേ, ഇത് നമ്മുടെ സാഹചര്യത്തിൽ ചെലവുകൂട്ടുമെന്നത് ഒരു കുറവായി പറയാമെങ്കിലും അതിനേക്കാളധികം ഇതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇനി പുറത്തുവരാൻ പോകുന്നത്. കഴുത്തിനും നെട്ടല്ലിനും കണ്ണിനും ചെവികൾക്കുമൊക്കെ ബാധിക്കുന്ന പ്രശ്നങ്ങൾ അടുത്തകാലങ്ങളിലായി വിദേശരാജ്യങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂർണമായി ഒരു വിഷ്വൽ മീഡിയയുടെ സഹായത്തോടെ പുസ്തകങ്ങളെ ഇല്ലാതാക്കാം എന്നത് പ്രയാസകരമായ ഒന്നാണ്.
പുസ്തകങ്ങളില്ലാത്ത ഒരു പഠനവും ബാഗ്ഫ്രീ സ്കൂളിങ്ങും പൂർണമായ അർഥത്തിൽ പ്രായോഗികമായ ആശയങ്ങളല്ല. ശാസ്ത്രീയമായ സമീപനങ്ങളിലൂടെയും ക്രിയാത്മകമായ ചുവടുവെപ്പുകളിലൂടെയും കുട്ടികൾ വഹിക്കേണ്ടിവരുന്ന പുസ്തകങ്ങളുടെ അളവ് കുറക്കുകയും അങ്ങനെ ഭാരമേറ്റുന്ന അവസ്ഥയിൽനിന്ന് കുട്ടികളെ രക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ഇൗ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സ്കൂളുകൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ നല്ല ധാരണയോടും യോജിച്ചതുമായ ഒരു ചുവടുവെപ്പാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.