ബ്രാഹ്മണിസം ഭരണഘടനയുടെ മഹാശത്രു
text_fieldsഇന്ത്യൻ ഭരണഘടനയുടെ പ്രഥമ ദൗത്യം പട്ടിണി കിടക്കുന്നവനെ ഊട്ടുകയും നഗ്നനെ ഉടുപ് പിക്കുകയും ജനതക്ക് അവരുടെ കഴിവിനനുസരിച്ച് പരമാവധി ഉന്നതി നേടാനുള്ള അവസരം നൽ കുകയും ചെയ്യുകയാണെന്ന് ജവഹർലാൽ നെഹ്റു ഭരണഘടന നിർമാണസഭയിൽ പ്രസ്താവിച്ചിരു ന്നു. ഈ ദൗത്യം നിറവേറ്റാൻ ഒരു സാമൂഹിക വിപ്ലവം സാധ്യമാക്കേണ്ടതുണ്ടായിരുന്നു. അത്തരം ഒരു സാമൂഹികവിപ്ലവത്തിെൻറ രാസത്വരകമായാണ് ഭരണഘടനയെ രാഷ്ട്രശിൽപികൾ രൂപക ൽപന ചെയ്തത്. ഈ സാമൂഹികവിപ്ലവം യാഥാർഥ്യമാക്കാനാണ് ‘സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’ എന്ന സങ്കൽപത്തെ ഭരണഘടനയുടെ അന്തിമലക്ഷ്യസ്ഥാനമായി നിശ്ചയിച്ചത്.
ഈ ലക്ഷ്യസ്ഥാനത്തേക്കുള്ള രാജപാതകളാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങൾ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രഞ്ച് വിപ്ലവത്തിെൻറ മുദ്രാവാക്യമായിരുന്നു. ഈ ആദർശങ്ങളുടെ നിരാകരണമാണ് ഫാഷിസം. ഫാഷിസത്തിെൻറ ഇന്ത്യൻ പതിപ്പാണ് ബ്രാഹ്മണിസം. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക വിപ്ലവം അസാധ്യമാക്കുന്ന ചിന്താസരണിയും സാമൂഹികവ്യവസ്ഥയുമാണ് ബ്രാഹ്മണിസം.
എന്താണ് ബ്രാഹ്മണിസം? ഡോ. അംബേദ്കർ അത് വ്യക്തമായി നിർവചിച്ചു: ‘‘ബ്രാഹ്മണിസം കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ബ്രാഹ്മണസമുദായത്തിെൻറ അധികാരത്തെയോ വിശേഷഭാഗ്യങ്ങളെയോ താൽപര്യങ്ങളെയോ അല്ല. മറിച്ച് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അന്തസ്സത്തയുടെ നിരാകരണമാണ് ബ്രാഹ്മണിസം. ആ അർഥത്തിൽ ഇത് ബ്രാഹ്മണരിൽ ഒതുങ്ങുന്നില്ല; എല്ലാ വിഭാഗങ്ങളിലും ബ്രാഹ്മണിസം നടമാടുന്നുണ്ട്. ബ്രാഹ്മണരാണ് ഈ വിചാരധാരയുടെയും സാമൂഹികവ്യവസ്ഥയുടെയും ഉപജ്ഞാതാക്കളെങ്കിലും.’’
ബ്രാഹ്മണിസം എന്നതിന് ബ്രാഹ്മണരെ സംബന്ധിച്ചത് എന്ന അർഥമില്ല. ജാതിയിൽ അധിഷ്ഠിതമായ മർദനപരമായ സാമൂഹികവ്യവസ്ഥയാണ് ബ്രാഹ്മണിസം. ചരിത്രകാരിയായ ഉമാ ചക്രവർത്തി ചൂണ്ടിക്കാണിച്ചതുപോലെ ബ്രാഹ്മണിസത്തിന് രണ്ടു മാനങ്ങളുണ്ട്- അത് പുരുഷന് സ്ത്രീയുടെ മേലെയും ബ്രാഹ്മണന് മറ്റു മനുഷ്യരുടെ മേലെയും അന്യായമായ ആധിപത്യം കൽപിച്ചുനൽകുന്നു. ശ്രേണീബദ്ധമായ അസമത്വമാണ് ബ്രാഹ്മണിസത്തിെൻറ മുഖമുദ്ര. ബ്രാഹ്മണിസത്തിെൻറ നിയമശാസ്ത്രം മനുസ്മൃതിയുടേതാണ്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങൾ ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ അസ്വാതന്ത്ര്യം, അസമത്വം, മനുഷ്യത്വമില്ലായ്മ എന്നീ തത്ത്വങ്ങളാണ് മനുസ്മൃതി മുന്നോട്ടുവെക്കുന്നത്. സഹസ്രാബ്ദങ്ങളായി അസമത്വത്തിലൂന്നിയ ബ്രാഹ്മണമേധാവിത്വത്തിനു നിയമപരവും ദാർശനികവുമായ പിൻബലം നൽകിയത് മനുസ്മൃതിയായിരുന്നു. അതിനാലാണ് മനുസ്മൃതി കത്തിക്കാൻ ഡോ. അംബേദ്കർ 1928ൽ നേതൃത്വം നൽകിയത്. ‘വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവും ആരാധ്യമായ തിരുവെഴുത്ത്’ എന്നും ‘ഭാരതത്തിെൻറ ആത്മീയവും ദൈവികവുമായ പ്രയാണത്തിെൻറ അടിസ്ഥാനം’ എന്നുമൊക്കെയാണ് വി.ഡി. സവർക്കർ മനുസ്മൃതിയെ വിശേഷിപ്പിച്ചത്. പുരാതന കാലം മുതൽ അത് നമ്മുടെ സംസ്കാരത്തിെൻറയും ആചാരത്തിെൻറയും ചിന്തയുടെയും പ്രവൃത്തിയുടെയും അടിസ്ഥാനമാന്നെന്നും സവർക്കർ പറയുന്നുണ്ട്. എം.എസ്. ഗോൾവാൾക്കറാകട്ടെ മനുവിനെ ‘മനുഷ്യരാശിയുടെ ഏറ്റവും മഹാനും ജ്ഞാനിയുമായ നിയമദാതാവ്’ എന്നാണ് പരിചയപ്പെടുത്തിയത്.
2004 ജനുവരി 23ന് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയുടെ സർക്കാർ കൊണ്ടുവന്ന ഗോവധ നിരോധന ഓർഡിനൻസിെൻറ മുഖവുരയിൽ ഓർഡിനൻസിനെ ന്യായീകരിച്ചുകൊണ്ട് പ്രസ്താവിച്ചത് ഗോവധം മനുസ്മൃതിപ്രകാരം ശിക്ഷാർഹമായ കുറ്റമാണ് എന്നതാണ്. ഇന്ത്യൻ റിപ്പബ്ലിക്കിെൻറ ചരിത്രത്തിൽ ആദ്യമായി അങ്ങനെ ഒരു നിയമത്തിെൻറ ന്യായീകരണമായി മനുസ്മൃതി ഉദ്ധരിക്കപ്പെട്ടു. ഭരണഘടന നിലവിൽവന്ന അവസരത്തിൽ ആ വിമോചനപ്രമാണത്തെ എതിർക്കുകയും അനീതിയുടെയും അസമത്വത്തിെൻറയും പ്രമാണമായ മനുസ്മൃതിയെ പരമോന്നത നിയമമാക്കണമെന്ന് വാദിക്കുകയും ചെയ്ത ബ്രാഹ്മണിസ്റ്റുകളാണ് ഇന്ത്യൻ റിപ്പബ്ലിക് അതിെൻറ 69ാമത് ജന്മദിനം ആഘോഷിക്കുമ്പോൾ, രാഷ്ട്രത്തിെൻറ താക്കോൽസ്ഥാനങ്ങളിൽ ഇരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ അപ്രസക്തമാക്കുംവിധം അവയെല്ലാം അവരുടെ കാൽച്ചുവട്ടിൽ അമർന്നിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.