തോട്ട് പൊലീസ് വാതിലിൽ മുട്ടുന്നു!
text_fieldsഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്റെ മസ്തിഷ്കം മറ്റൊരാൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്ന വിചിത്ര വാദവുമായി ജി. വെങ്കിടേശ്വർലു എന്നൊരാൾ നൽകിയ ഹരജി ഈയിടെ സുപ്രീംകോടതി തള്ളുകയുണ്ടായി. ആദ്യമിദ്ദേഹം റിട്ട് പെറ്റീഷനുമായി ആന്ധ്ര ഹൈകോടതിയെയാണ് സമീപിച്ചത്. കേന്ദ്ര ഫോറൻസിക് സയന്റിഫിക് ലബോറട്ടറിയിൽനിന്ന് ചിലർ മനുഷ്യന്റെ മസ്തിഷ്ക വായന നടത്താനുള്ള ഉപകരണങ്ങൾ കരസ്ഥമാക്കി അത് തന്റെ മസ്തിഷ്കത്തിൽ പ്രയോഗിക്കുന്നുണ്ടെന്നും അത്...
ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്റെ മസ്തിഷ്കം മറ്റൊരാൾ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്ന വിചിത്ര വാദവുമായി ജി. വെങ്കിടേശ്വർലു എന്നൊരാൾ നൽകിയ ഹരജി ഈയിടെ സുപ്രീംകോടതി തള്ളുകയുണ്ടായി. ആദ്യമിദ്ദേഹം റിട്ട് പെറ്റീഷനുമായി ആന്ധ്ര ഹൈകോടതിയെയാണ് സമീപിച്ചത്. കേന്ദ്ര ഫോറൻസിക് സയന്റിഫിക് ലബോറട്ടറിയിൽനിന്ന് ചിലർ മനുഷ്യന്റെ മസ്തിഷ്ക വായന നടത്താനുള്ള ഉപകരണങ്ങൾ കരസ്ഥമാക്കി അത് തന്റെ മസ്തിഷ്കത്തിൽ പ്രയോഗിക്കുന്നുണ്ടെന്നും അത് പ്രവർത്തനരഹിതമാക്കാൻ കോടതി ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. ഹരജിക്കാരന്റെ മേൽ ഒരുതരത്തിലുള്ള പരീക്ഷണവും നടത്തിയിട്ടില്ലെന്നും അതിനാൽ, മെഷീനുകൾ പ്രവർത്തനരഹിതമാക്കണമെന്ന വാദം അസ്ഥാനത്താണെന്നും ഫോറൻസിക് ലബോറട്ടറി കോടതിയെ അറിയിച്ചു. അനുകൂല വിധി ലഭിക്കാതെവന്നതോടെ വെങ്കിടേശ്വർലു സുപ്രീംകോടതിയിൽ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിച്ചു. ഇദ്ദേഹത്തിന്റെ വാദങ്ങൾ പൂർണമായി കേട്ട് റിപ്പോർട്ട് ചെയ്യാൻ സുപ്രീംകോടതി, ലീഗൽ സർവിസ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇത് പരിശോധിച്ച കോടതി, തങ്ങൾക്ക് ഇടപെടാനുള്ള ഒരു വകുപ്പോ യുക്തിയോ ഹരജിക്കാരന്റെ വാദത്തിൽ ഇല്ലാത്തതിനാൽ ഹരജി തള്ളി. പ്രഥമദൃഷ്ട്യാ വിചിത്രമായ ഹരജിയായിരുന്നിട്ടുപോലും ഹരജിക്കാരന്റെ വാദങ്ങൾക്ക് ചെവികൊടുക്കാൻ സുപ്രീംകോടതി കാണിച്ച മഹാമനസ്കത, ചിന്താ സ്വാതന്ത്ര്യത്തിന് കോടതി വലിയ വിലകൽപിക്കുന്നു എന്ന വസ്തുതക്ക് അടിവരയിടുന്നു.
ന്യൂറോണുകൾ ഉപരോധത്തിൽ
പിന്നീട് അമേരിക്കൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിത്തീർന്ന ലൂയിസ് ബ്രാൻഡീസ് 1890ൽ തന്റെ 34ാമത്തെ വയസ്സിൽ സാങ്കേതിക വിദ്യയുടെ ആധിക്യംമൂലം, സ്വന്തം ക്ലോസറ്റിൽ രഹസ്യമായി മൊഴിയുന്ന വാക്കുകൾ മട്ടുപ്പാവിൽ കൊട്ടിഘോഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാക്കുമോ എന്ന് ഉത്കണ്ഠപ്പെടുകയുണ്ടായി. ലൂയിസ് ബ്രാൻഡീസ് സഹപ്രവർത്തകനായ സാമുവൽ വാറനുമായി ചേർന്ന് സാങ്കേതിക വളർച്ചയോടൊപ്പം സ്വകാര്യത ഒരു നിയമപരമായ അവകാശമായി സംരക്ഷിക്കപ്പെടേണ്ടതിനെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴി തുറന്ന ഒരു ലേഖനവും എഴുതുകയുണ്ടായി.
ബ്രാൻഡീസിനും വാറനും ഭരണകൂടം ന്യൂറൽ ഡേറ്റയിൽ കൈവെക്കുന്ന ഒരു യുഗത്തെ മുൻകൂട്ടി കണ്ടില്ലെങ്കിലും മനുഷ്യ ചിന്തകളും മനഃചേഷ്ടകളും വികാരങ്ങളും സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെപ്പറ്റി അന്നുതന്നെ സൂചിപ്പിച്ചു. ലൂയിസ് ബ്രാൻഡിസിന്റെ ദീർഘദൃഷ്ടിയുള്ള കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ, സുപ്രീംകോടതിയിൽ വിചിത്രവാദമുയർത്തിയ വെങ്കിടേശ്വർലുവിന്റെ ആശങ്കകളെ കേവല ചിത്തഭ്രമ സങ്കൽപങ്ങളെന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. ചിന്താസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ആമുഖത്തിന്റെ തിളങ്ങുന്ന കിരീടരത്നങ്ങളിൽ ഒന്നാണ്. 1948ൽ നമ്മുടെ ഭരണഘടന ശിൽപികൾ ആമുഖം തയാറാക്കുന്ന ചുമതലകളിൽ മുഴുകിയപ്പോൾ ജോർജ് ഒർവെൽ തന്റെ ഭവിഷ്യത്ജ്ഞാനപരമായ 1984 എന്ന നോവലിന്റെ പണിപ്പുരയിലായിരുന്നു. തോട്ട് പൊലീസിങ് ആണ് ഈ നോവലിലെ ഭയാനകമായ ഒരു ഇതിവൃത്തം. പൗരജനങ്ങളുടെ ചിന്തകളെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്ന രഹസ്യ പൊലീസിനെ (തിങ്ക്പോൾ) ആ നോവലിൽ കാണാം. ഭരണകൂടത്തിനെതിരെ ചിന്തിക്കുന്നവരെ സസൂക്ഷ്മം നിരീക്ഷിച്ച് വലയിലാക്കുകയാണ് തോട്ട് പൊലീസിന്റെ ദൗത്യം. അന്നത് ഓർവലിന്റെ കൽപനാ സൃഷ്ടിയായിരുന്നുവെങ്കിൽ ഇന്ന് മസ്തിഷ്ക വായനയും തോട്ട് പൊലീസിങ്ങും സമീപസ്ഥമായ യാഥാർഥ്യങ്ങളാണ്. ചിന്താസ്വാതന്ത്ര്യം ഗുരുതര ഭീഷണിയിലുമാണ്.
ചിന്താപ്രക്രിയ ഒരു മാനസിക വ്യാപാരമാണ്. നമ്മുടെ ചുറ്റുപാടുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു തീരുമാനത്തിലേക്ക് നമ്മെ നയിക്കുന്ന ആലോചനാ പ്രവർത്തനം. ആലോചന എന്നത് മനുഷ്യന്റെ ആന്തരിക പ്രവർത്തനമായതിനാൽ ഇത്രകാലം ബാഹ്യ ഇടപെടലുകൾക്ക് അതീതമായാണ് മാനസിക വ്യാപാരത്തെ കണ്ടിരുന്നത്. എന്നാൽ, ആ യുഗം അവസാനിച്ചിരിക്കുന്നു. നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം നിർമിത ബുദ്ധിയുടെ സഹായത്തോടെ ടെക്സസ് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ മനുഷ്യ മസ്തിഷ്കത്തെ വായിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ്. നാം മൊഴിയാത്ത നമ്മുടെ ആന്തരിക ചിന്തകൾ ഇനി മുതൽ ബാഹ്യലോകത്ത് സംസാരിക്കപ്പെടും.
സിഗൽ സാമുവൽ 2023 മേയ് 4ന് വോക്സ് മാഗസിനിൽ എഴുതിയത് ഇങ്ങനെയാണ്: ‘‘ബ്രെയിൻ -കമ്പ്യൂട്ടർ ഇന്റർഫേസിലൂടെ (BCI) ഇനി മുതൽ നമ്മുടെ മസ്തിഷ്കത്തിലെ ഓരോ വിവരങ്ങളും ഡീ കോഡ് ചെയ്യാൻ സാധിക്കും. നാം ഒരു വാക്കും ഉച്ചരിച്ചില്ലെങ്കിലും മറ്റൊരാൾക്ക് നാം ചിന്തിക്കുന്ന കാര്യങ്ങളുടെ ആകത്തുക വായിച്ചെടുക്കാൻ കഴിയും.’’ ഇലോൺ മസ്കിന്റെ ന്യൂറോലിങ്കും മാർക്ക് സുക്കർബർഗിന്റെ മെറ്റയും മനുഷ്യന്റെ ചിന്തകളെ ന്യൂറോണുകളിൽനിന്ന് നേരിട്ട് വാക്കുകളിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയുന്ന ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
ചിന്താസ്വാതന്ത്ര്യത്തിന്റെ ഭാവി
മനുഷ്യ മസ്തിഷ്കത്തെ ട്രാക്ക് ചെയ്യുന്നതും ഹാക്ക് ചെയ്യുന്നതും ഇന്ന് ശാസ്ത്ര ഭാവനയല്ല, ഒരു ന്യൂറോ സയന്റിഫിക് യാഥാർഥ്യമാണ്. നിത എ. ഫറഹാനി തന്റെ The Battle for Your Brain: Defending the Right to Think Freely in the Age of Neurotechnology (2023) എന്ന പുസ്തകത്തിൽ പറയുന്നു: ‘‘നാം മനുഷ്യ ചരിത്രത്തിന്റെ പരമപ്രധാനമായ നിമിഷങ്ങളിലാണ് ജീവിക്കുന്നത്. നമ്മുടെ തലച്ചോറിന്റെ നിയന്ത്രണം ഒന്നുകിൽ നമുക്ക് വർധിപ്പിക്കാം, അല്ലെങ്കിൽ നഷ്ടപ്പെടുത്താം. നമ്മുടെ ചിന്താസ്വാതന്ത്ര്യത്തിന്റെ അതിർത്തികൾ ഒന്നുകിൽ നമുക്ക് ഇന്നുതന്നെ നിർണയിക്കാം. അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ വൈകുന്നതിന്റെ പ്രത്യാഘാതം നാം അഭിമുഖീകരിക്കേണ്ടിവരും. നമ്മുടെ മസ്തിഷ്കത്തിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. നമ്മുടെ ഓൺലൈൻ പ്രവർത്തനങ്ങളെയും സെൽഫോൺ കാളുകളെയും ട്രാക്ക് ചെയ്ത് ഹാക്ക് ചെയ്യാൻ പറ്റുന്നതുപോലെയും, ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്ത് വിവരശേഖരണം നടത്തുന്നതുപോലെയും നമ്മുടെ തലച്ചോർ, ട്രാക്കിങ്ങിനും ഹാക്കിങ്ങിനും വിവരശേഖരണത്തിനും വിധേയമാക്കാവുന്ന കേവലം ഒരു ഡേറ്റാ വിഷയമായി മാറിയതിനാൽ തീർച്ചയായും നാം വളരെ ആപത്കരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.’’
ഐക്യരാഷ്ട്രസഭയുടെ ഫ്രീഡം ഓഫ് തോട്ട് ആൻഡ് റിലീജ്യൻ സ്പെഷൽ റിപ്പോർട്ടർ ഡോക്ടർ അഹ്മദ് ശഹീദ് 2021ൽ ‘ഫ്രീഡം ഓഫ് തോട്ട്’ എന്ന പേരിൽ ഒരു സമഗ്ര റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഒരാളുടെ ചിന്തകൾ വെളിപ്പെടുത്താതിരിക്കാനുള്ള അവകാശം, ഒരാളുടെ ചിന്തകളുടെ പേരിൽ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള അവകാശം, ഒരാളുടെ ചിന്തയിൽ അയാളുടെ അനുവാദമില്ലാതെ ഇടപെടാതിരിക്കാനുള്ള അവകാശം എന്നിവയാണ് റിപ്പോർട്ടർ അവതരിപ്പിച്ച ചിന്താ സ്വാതന്ത്ര്യത്തിന്റെ പ്രധാനവശങ്ങൾ.
സമഗ്രാധിപത്യ കടന്നുകയറ്റം
1942ൽ അമേരിക്കൻ സുപ്രീംകോടതി Jones vs City of Opelika കേസിൽ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്: ‘‘ചിന്താസ്വാതന്ത്ര്യം പരിപൂർണമാണ്. മനസ്സിന്റെ ആന്തരിക വ്യാപാരം നിയന്ത്രിക്കാനും തടയാനും സ്വേച്ഛാധിപത്യപരമായ ഒരു ഭരണകൂടത്തിനുപോലും സാധിക്കില്ല.’’ പക്ഷേ, ഈ നിരീക്ഷണം, നമ്മുടെ ന്യൂറോണുകൾപോലും ഭരണകൂടത്തിന്റെ ഇടപെടലുകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കെ അപ്രസക്തമായി മാറുന്നു. ന്യൂറോടെക്നോളജി മുതൽ നിർമിതബുദ്ധി വരെയുള്ള സാങ്കേതിക വിദ്യകളിലുള്ള ഭയാനകമാംവിധമുള്ള മുന്നേറ്റം സ്വേച്ഛാധികാര പ്രവണതകളെ ഊട്ടിയുറപ്പിക്കുന്ന സാഹചര്യങ്ങളാണ് നിർമിച്ചുകൊണ്ടിരിക്കുന്നത്. ഈ സമഗ്രാധിപത്യ നുഴഞ്ഞുകയറ്റത്തെ തടഞ്ഞുനിർത്തി വ്യക്തികളുടെ ചിന്താസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഭരണകൂടവും സിവിൽ സമൂഹവും നിയമത്തിന്റെ സംരക്ഷണ കവചങ്ങൾ തീർത്തേ പറ്റൂ.
(കേരള സർക്കാറിന്റെ നിയമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.