പകരാം അമ്മിഞ്ഞപ്പാലിൻ മധുരം
text_fieldsകുഞ്ഞിെൻറ മാനസിക, ശാരീരിക വളർച്ചക്ക് അമ്മയുടെ പാലിന് പകരംവെക്കാൻ മറ്റൊന്നുമില്ല. മുലയൂട്ടൽ ഒരു സാധാരണ പ്രക്രിയയാണെങ്കിലും ശരിയായ അറിവില്ലായ്മയും ചില തെറ്റിദ്ധാരണകളും സങ്കീർണതകൾ ഉണ്ടാക്കുന്നു. സാധാരണ പ്രസവമാണെങ്കിൽ കുഞ്ഞ് ജനിച്ച് അര മണിക്കൂറിനുള്ളിലും സിസേറിയനാണെങ്കിൽ 2-3 മണിക്കൂറിനുള്ളിലും ശേഷവും മുലയൂട്ടൽ ആരംഭിക്കണം. അമ്മയുടെ ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അമ്മയെ അതിന് പ്രാപ്തയാക്കാൻ വീട്ടുകാരും സഹായിക്കേണ്ടതാണ്.
പ്രസവിച്ച് രണ്ടു മുതൽ മൂന്നു ദിവസത്തിനുള്ളിലുള്ള കട്ടി കൂടിയതും മഞ്ഞനിറത്തിലുള്ളതുമായ പാലായ കൊളസ്ട്രം ധാരാളം േപ്രാട്ടീൻ അടങ്ങിയിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ കുഞ്ഞിെൻറ മാനസിക, ശാരീരിക ബുദ്ധിവികാസത്തിന് ഇത് വളരെയേറെ ഗുണം ചെയ്യുന്നു. കൂടാതെ പ്രതിരോധശേഷിയെ സഹായിക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ ധാരാളമായി കാണപ്പെടുന്നതുകൊണ്ട് കുഞ്ഞ് അണുബാധയിൽനിന്ന് സംരക്ഷിക്കപ്പെടുന്നു.
കുഞ്ഞ് ജനിച്ച ആദ്യദിവസങ്ങളിൽ അമ്മക്കു പാൽ കുറവായിരിക്കും, വിശേഷിച്ചും സിസേറിയനാണെങ്കിൽ. എന്നാൽ, ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കുഞ്ഞ് എത്രത്തോളം പാൽ വലിച്ചുകുടിക്കുന്നു എന്നതിനനുസരിച്ചാണ് പാൽ കൂടുതൽ ചുരത്തപ്പെടുന്നത്. ജനിച്ച ആദ്യനാളുകളിൽ രണ്ടു മുതൽ മൂന്നു മണിക്കൂർ ഇടവിട്ട് പാൽ നൽകണം. 20 മിനിറ്റ് വരെ കൊടുക്കാം. ഈ ദിവസങ്ങളിൽ കുഞ്ഞ് അധികസമയത്തും ഉറക്കത്തിലായിരിക്കും. മൂന്നു മുതൽ നാല് മണിക്കൂറിനുള്ളിൽ ഉണർന്നിട്ടില്ലെങ്കിൽ ഉറക്കത്തിൽനിന്ന് ഉണർത്തി പാൽ കൊടുക്കണം.
പാൽ കൊടുക്കുന്ന രീതിയിലുമുണ്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ. നിവർന്നിരുന്ന് മുലയൂട്ടുന്നതാണ് ഉത്തമം. കുഞ്ഞിെൻറ തല അൽപം ഉയർത്തി അമ്മയുടെ വയറിലേക്ക് കുഞ്ഞിെൻറ വയറു വരുന്ന രീതിയിൽ ചരിച്ചുപിടിച്ച് മുലക്കണ്ണും ചുറ്റുമുള്ള കറുത്തഭാഗവും കൂടി കുഞ്ഞിെൻറ വായിൽ വരുന്ന വിധമാണ് മുലയൂട്ടേണ്ടത്. കുട്ടിക്ക് പാൽ വലിച്ചുകുടിക്കാൻ പ്രയാസം വരുമെന്നതിനാലും സ്തനം മൂക്കിൽ അമരുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലും കിടന്നുകൊണ്ട് മുലയൂട്ടുന്നത് നല്ലതല്ല. മുലയൂട്ടിയതിനുശേഷം അഞ്ചു മുതൽ 10 മിനിറ്റു വരെ തോളിൽ കിടത്തി, പുറംഭാഗത്ത് തട്ടി വായു ഒഴിവാക്കണം. ഛർദി, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവ ഇതുവഴി ഒഴിവാക്കാം.
മുലപ്പാലിൽ 87 ശതമാനവും വെള്ളമാണ്. കൂടാതെ േപ്രാട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, രോഗപ്രതിരോധ വസ്തുക്കൾ തുടങ്ങി കുഞ്ഞിന് ആവശ്യമായതെല്ലാം അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ആറു മാസം വരെ കുഞ്ഞിന് വെള്ളത്തിേൻറയോ മറ്റ് കൃത്രിമമായ പാൽ ഉൽപന്നങ്ങളുടെയോ ആവശ്യമില്ല. പൂർണ വളർച്ചയെത്താത്ത ശരീര അവയവങ്ങളുടെ വളർച്ചക്ക് കൂടിയാണ് മുലപ്പാൽ നൽകുന്നത്. ആറു മാസത്തിനു ശേഷം ചെറിയ രീതിയിൽ കുറുക്കിയ ഭക്ഷണം നൽകിത്തുടങ്ങാം. ചെറിയ അളവിൽ കട്ടി കുറച്ചാണ് ഇത് തയാറാക്കേണ്ടത്. ഏകദേശം 10 മാസംകൊണ്ട് സാധാരണഭക്ഷണത്തിലേക്ക് കുട്ടിയെ ശീലിപ്പിച്ചെടുക്കാം. രണ്ടുവർഷം മുലയൂട്ടുന്നതാണ് വളരെ ഉത്തമം.
എല്ലാ അമ്മമാരിലും പൊതുവായി കണ്ടുവരുന്ന ഒരു പരാതിയാണ് പാലില്ല എന്നുള്ളത്. എന്നാൽ, അമ്മ നൽകുന്ന ചെറിയ അളവ് പാലിനോളം വരില്ല നമ്മൾ കൃത്രിമമായി കൊടുക്കുന്നതൊന്നും. കുഞ്ഞിെൻറ മൂത്രത്തിെൻറ അളവ്, കുഞ്ഞിെൻറ ഭാരം എന്നിവ നോക്കി വേണ്ടത്ര പാൽ കുഞ്ഞിന് കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കാം. ആദ്യത്തെ രണ്ടു മുതൽ മൂന്നു ദിവസത്തിനുള്ളിൽ ശരീരഭാരം അൽപമൊന്ന് കുറയുമെങ്കിലും പിന്നീട് ക്രമാതീതമായി ഭാരം വർധിക്കുന്നു.
പാൽ കുറവുള്ള അമ്മമാർ കുഞ്ഞിന് കൃത്രിമ പാൽ നൽകുന്നതിനു പകരം പാലുൽപാദനം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണക്രമീകരണങ്ങൾ നടത്തുക, സാധാരണ ഭക്ഷണത്തെക്കാൾ ഏകദേശം 600 കലോറി അധികം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക, സമീകൃതാഹാരക്രമം പാലിക്കുക, മത്സ്യം, പാൽ, മുട്ട, പയറുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾെപ്പടുത്തുക. ഭക്ഷണംപോലെ പ്രധാനമാണ് അമ്മയുടെ മാനസികാരോഗ്യവും. അമ്മക്ക് മാനസിക വിഷമതകൾ ഉണ്ടാകുമ്പോൾ പാൽ ഉൽപാദനം കുറയുന്നു.
മുലയൂട്ടുന്ന സമയത്ത് അമ്മയും ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്. പാലുകൊടുക്കുന്നതിന് മുമ്പും ശേഷവും മുലക്കണ്ണുകൾക്കു ചുറ്റും വൃത്തിയാക്കണം. കൈകൾ സോപ്പോ ഹാൻഡ്വാഷോ ഉപയോഗിച്ച് വൃത്തിയാക്കണം. കുഞ്ഞ് പാൽ കൃത്യമായി വലിച്ചുകുടിച്ചില്ലെങ്കിൽ അമ്മക്ക് പാൽ കെട്ടിക്കിടന്ന് വേദനയും കല്ലിപ്പും വരും.
മുലയൂട്ടുന്ന അമ്മമാരിൽ ഉൽപാദിപ്പിക്കപ്പെടുന്ന രണ്ട് ഹോർമോണുകളാണ് പ്രോലാക്ടിൻ, ഒാക്സിടോസിൻ എന്നിവ. ഗർഭപാത്രം ചുരുങ്ങാനും രക്തസ്രാവം കുറക്കാനും ഈ ഹോർമോണുകൾ സഹായിക്കുന്നു. കൂടാതെ, ഗർഭകാലത്തുണ്ടാകുന്ന മാനസികപ്രശ്നങ്ങളിൽനിന്നു മുക്തിനേടാനും മുലയൂട്ടൽ സഹായിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം സുദൃഢമാകുന്നതും ഈ സമയത്താണ്. മുലയൂട്ടൽ സമയത്ത് അണ്ഡോൽപാദനം നടക്കാത്തതുകൊണ്ട് ചില സ്ത്രീകളിൽ ആർത്തവപ്രക്രിയ കുറച്ചുകാലത്തേക്ക് ഉണ്ടാവില്ല. ഇതൊരു പ്രകൃതിദത്തമായ ഗർഭനിരോധന മാർഗമാണ്. കൂടാതെ സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവക്കുള്ള സാധ്യതകൾ കുറയുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
മുലയൂട്ടൽ അമ്മയുടെ ശരീരം പൂർവഗർഭാവസ്ഥയിലേക്ക് കൊണ്ടുവരുമെന്നതാണ് സത്യം. ഇന്ന് ജോലിയുള്ള അമ്മമാരാണ് അധികവും. അതുകൊണ്ടുതന്നെ മറ്റ് ഭക്ഷണപദാർഥങ്ങൾ കുഞ്ഞിന് വളരെ നേരത്തേതന്നെ കൊടുക്കുന്ന പ്രവണത കൂടുതൽ കണ്ടുവരുന്നു. ഇത് ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു.
അമ്മക്ക് സ്വന്തം കുഞ്ഞിന് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ് മുലപ്പാൽ. മുലയൂട്ടുന്ന അമ്മമാർക്ക് േപ്രാത്സാഹനം നൽകാനാണ് എല്ലാ വർഷവും ആഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ വാരമായി (World Breastfeeding Week) ആയി അചരിച്ചുവരുന്നത്. ‘മുലയൂട്ടൽ -ജീവിതത്തിെൻറ അടിത്തറ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇത് ഉൾക്കൊണ്ട് ഓരോ അമ്മയെയും നമുക്ക് േപ്രാത്സാഹിപ്പിക്കാം. അതുവഴി ഓരോ കുഞ്ഞിെൻറയും ജന്മാവകാശം സംരക്ഷിക്കാം.
(ലേഖകൻ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ ഡ്രഗ് ഇൻഫർമേഷൻ ബ്യൂറോ ഇൻചാർജാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.