കേരളസർക്കാറും റഫാൽ വഴിയിൽ
text_fieldsനാല് മദ്യനിർമാണശാലകൾ മന്ത്രിസഭപോലും അറിയാതെ അനുവദിച്ച കേരള സർക്കാറിെൻറ ത ീരുമാനം പ്രളയക്കെടുതികളിൽനിന്നുള്ള സംസ്ഥാനത്തിെൻറ അതിജീവനത്തെയും ഇടതുമുന്നണി സർക്കാറിെൻറ മദ്യനയത്തെയും ഒരുപോലെ തകർക്കുന്നതാണ്. എക്സൈസ് കമീഷണറുടെ ശിപാർശയിൽ സർക്കാറിനുവേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് എന്നിവർ 2018 ജൂൺ, ജൂലൈ, സെപ്റ്റംബർ എന്നീ മാസങ്ങളിലെ വിവിധ തീയതികളിലായി ഇറക്കിയ ഉത്തരവിലാണ് കേരളത്തിൽ നാല് സ്ഥാപനങ്ങൾ മദ്യനിർമാണാവകാശം നേടിയത്. ഇക്കാര്യം പുറത്തുകൊണ്ടുവന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുമതി നൽകിയതിനു പിന്നിൽ വൻ അഴിമതി ആരോപിച്ചു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും ഇത് പുനരാലോചന ആവശ്യമില്ലാത്ത സർക്കാർ തീരുമാനമാണെന്ന് ന്യായീകരിച്ചു.
അഴിമതിയുടെ പ്രശ്നം തൽക്കാലമിരിക്കട്ടെ. സർക്കാർ തീരുമാനത്തിനു മുഖ്യമന്ത്രി നൽകിയ ക്ലീൻചിറ്റ് സംസ്ഥാന സർക്കാറിെൻറ നയമാണോ എന്ന് സി.പി.എമ്മും ഇടതുമുന്നണിയും വിശദീകരിക്കാൻ ബാധ്യസ്ഥമാണ്. നാട്ടിലെ ആവശ്യത്തിന് ആനുപാതികമായി മദ്യം ഉൽപാദിപ്പിക്കാനാണ് പുതിയ തീരുമാനമെന്നുകൂടി മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മദ്യോൽപാദന ശാലകൾക്കുള്ള മൂന്ന് അപേക്ഷകൂടി പരിശോധനയിലാണെന്നും ഇനിയും അപേക്ഷ പരിഗണിക്കുമെന്നുമാണ് എക്സൈസ് മന്ത്രി പറഞ്ഞത്. നായനാർ ഗവൺമെൻറ് അധികാരത്തിലുണ്ടായിരുന്ന ’99ൽ നൂറിലേറെ അപേക്ഷ ഒരു സെലക്ഷൻ ബോർഡ് പരിശോധിക്കുകയും പരിഗണനക്ക് സർക്കാറിനു മുന്നിൽ സമർപ്പിക്കുകയും ചെയ്തു. ഒന്നിനും അനുമതി നൽകേണ്ടെന്നാണ് അന്ന് ഗവൺമെൻറിനുവേണ്ടി നികുതികാര്യ പ്രിൻസിപ്പൽ സെക്രട്ടറി വിനോദ് റായ് ഉത്തരവിട്ടത്.
സി.പി.എമ്മിലോ ഭരണമുന്നണിയിലോ ചുരുങ്ങിയത് മന്ത്രിസഭയിലെങ്കിലുമോ ചർച്ചചെയ്ത് അംഗീകരിക്കാതെ മദ്യനയവുമായി ബന്ധപ്പെട്ട ഈ നിർണായക വിഷയത്തിൽ ഇത്തരമൊരു തീരുമാനം സർക്കാറിേൻറതായി നടപ്പിലാക്കുന്നതിന് വകുപ്പുമന്ത്രിയോ മന്ത്രിയെ പിന്താങ്ങി മുഖ്യമന്ത്രിയോ നടത്തിയ ന്യായീകരണത്തിന് അടിസ്ഥാനമില്ല.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിെല മദ്യനയം ഇപ്രകാരമാണ്: മദ്യം കേരളത്തിൽ ഗുരുതര സാമൂഹികവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിെൻറ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറക്കാൻ സഹായകരമായ നയമായിരിക്കും ഇടതുമുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജനത്തെ േപ്രാത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനെക്കാൾ കൂടുതൽ ശക്തമായ ഇടപെടൽ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരത പ്രസ്ഥാനത്തിെൻറ മാതൃകയിൽ അതിവിപുലമായ ഒരു ജനകീയ ബോധവത്കരണ പ്രസ്ഥാനത്തിന് രൂപംനൽകും. ഡി അഡിക്ഷൻ സെൻററുകൾ സ്ഥാപിക്കും. മദ്യവർജനസമിതിയും സർക്കാറുമായുള്ള സഹകരണം ശക്തിപ്പെടുത്തും.
പക്ഷേ, ഭരണം മൂന്നാം വർഷത്തിലെത്തിയിട്ടും ഇപ്പറഞ്ഞതൊന്നും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാത്രമല്ല, മദ്യലഭ്യത കൂടുതൽ ഉറപ്പുവരുത്താൻ കേരളത്തിൽ മദ്യനിർമാണശാലകൾ അപേക്ഷ കിട്ടുന്നതിനനുസരിച്ച് യഥേഷ്ടം അനുവദിക്കാൻ നയം മാറ്റുകകൂടി ചെയ്തു സർക്കാർ. നികുതിവരുമാനവും തൊഴിലവസരവും കൂടുമെന്നും പുറത്തുനിന്ന് വ്യാജമദ്യം വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്നുമാണ് സർക്കാർ പറയുന്നത്. ഗുരുതര സാമൂഹികവിപത്തായി മദ്യം മാറിയിട്ടുണ്ടെന്ന് പറഞ്ഞവർതന്നെ ആ വിപത്ത് സർക്കാർ നടപടിയിലൂടെ വർധിപ്പിക്കാൻ തീരുമാനിക്കുന്നു. മഹാപ്രളയം തകർത്ത കേരളത്തിെൻറ പുനർനിർമാണത്തിനായുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകേണ്ട സന്ദർഭത്തിലാണ് ഭരണഘടനാപരമായി മന്ത്രിസഭയിലോ ഇടതുമുന്നണിയിൽ പോലുമോ ചർച്ചചെയ്യാതെ മദ്യവർജനനയം മദ്യമൂട്ടൽ നയമായി സർക്കാർ തിരുത്തി നടപ്പാക്കുന്നത്.
എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനം? ചോദ്യമുയർത്തിയ പ്രതിപക്ഷ നേതാവിനെ പരിഹസിച്ചു ചിരിച്ച് ന്യായീകരണവുമായി മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും മുന്നോട്ടുപോകുന്നു. 1999നു ശേഷം 19 വർഷമായി സർക്കാറുകൾ ഇടതായാലും വലതായാലും കേരളത്തിൽ ഡിസ്റ്റിലറിയോ മദ്യവാറ്റു കേന്ദ്രമോ അനുവദിച്ചിട്ടില്ല. ഇപ്പോൾ ഇത് അനുവദിക്കുന്നതിന് എക്സൈസ് കമീഷണർമാർ പറഞ്ഞ ന്യായങ്ങളൊന്നും ഈ കാലയളവിൽ സംസ്ഥാനത്ത് ഉയർന്നുവന്നിട്ടില്ല.
മുമ്പ് കെ. കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് ഒരു ഡിസ്റ്റിലറിക്ക് അനുവാദം നൽകിയതും അത് റദ്ദാക്കേണ്ടിവന്നതും ’99ലെ വിനോദ് റായ് ഉത്തരവിനോടു ചേർത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ടി.പി. രാമകൃഷ്ണനും ഓർക്കേണ്ടതുണ്ട്. അന്ന് മന്ത്രിസഭ യോഗത്തിൽ അജണ്ട വെച്ചാണ് കെ. കരുണാകരൻ ഡിസ്റ്റിലറിക്ക് അനുവാദം നൽകിയത്. ഇപ്പോൾ മേനിപറയുന്ന നികുതിവരുമാനവും തൊഴിൽ സാധ്യതയും വിഷഭീതിയില്ലാത്ത മദ്യലഹരിയുമൊക്കെ അന്നത്തെ തീരുമാനത്തിനും ബാധകമായിരുന്നു.
പക്ഷേ, അന്ന് സി.പി.എം മുഖപത്രം ഒരു യുവകോൺഗ്രസുകാരൻ തന്നെ ചോർത്തി നൽകിയ രേഖകൾ പുറത്തുവിട്ടാണ് ഡിസ്റ്റിലറി അനുവദിച്ചതിനെ തുറന്നുകാട്ടിയത്. മുഖ്യമന്ത്രി കെ. കരുണാകരെൻറ സന്തതസഹചാരിയായ ഒരു ‘പാവം പയ്യെൻറ’ പേരിലാണ് ഡിസ്റ്റിലറി അനുവദിച്ചിരുന്നത്. അത് സ്വജനപക്ഷപാതമാണെന്നും സ്വന്തക്കാരന് നേട്ടമുണ്ടാക്കി മുഖ്യമന്ത്രി സത്യപ്രതിജ്ഞലംഘനം നടത്തിയിരിക്കയാണെന്നും പാർട്ടി മുഖപത്രവും പാർട്ടിയും വിമർശിച്ചു. ‘ദേശാഭിമാനി’ വെളിപ്പെടുത്തലിെൻറ പിൻബലത്തിൽ നവാബ് രാജേന്ദ്രൻ മുഖ്യമന്ത്രി കരുണാകരനെതിരെ സത്യപ്രതിജ്ഞലംഘനത്തിന് ഹൈകോടതിയെ സമീപിച്ചു. അപകടം മനസ്സിലാക്കി മന്ത്രിസഭ തീരുമാനം റദ്ദാക്കുകയായിരുന്നു.
ഇ.കെ. നായനാരുടെയും വി.എസിെൻറയും പിണറായിയുടെയും നേതൃത്വത്തിലുള്ള സർക്കാറുകൾക്ക് പൊതുവായി ഒരു ഭരണനയമുണ്ട്. അത് പ്രതിപക്ഷവുമായി പരസ്പരം ബന്ധപ്പെട്ടതാണ്. അതിനു രൂപംകൊടുത്തത് 1957ൽ അധികാരത്തിൽവന്ന ഇ.എം.എസിെൻറ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ്. അന്ന് ഇ.എം.എസ് നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനത്തിൽ പ്രതിപക്ഷത്തിെൻറ ചുമതലയെപ്പറ്റി ഇങ്ങനെ പറഞ്ഞു:
‘പ്രതിപക്ഷമായി നിന്ന് ഞങ്ങളുടെ ഗവൺമെൻറിനെ വിമർശിക്കുക. അവതരിപ്പിക്കുന്ന നിയമങ്ങളിലും എടുക്കുന്ന നടപടികളിലുമുള്ള പോരായ്മകളും ഗവൺമെൻറ് കൂട്ടായോ ഏതെങ്കിലും മന്ത്രി വ്യക്തിപരമായോ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നുകാണിക്കുക. ഇതെല്ലാം ചെയ്യുന്നത് ഗവൺമെൻറിനെ എതിർക്കുന്ന പാർട്ടികളുടെയും സംഘടനകളുടെയും കടമയാണ്. അതിനെ ഞങ്ങൾ തികഞ്ഞ ആത്മാർഥതയോടെ സ്വാഗതംചെയ്യും.’
അതോടൊപ്പം ഇ.എം.എസ് ഒരു കാര്യംകൂടി കൂട്ടിച്ചേർത്തു: ‘ഈ വിമർശനങ്ങളെല്ലാം നടത്തുന്നത് ഞങ്ങളുടെ ഗവൺമെൻറ് ചെയ്യുന്ന തെറ്റുകൾ തിരുത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടി ആയിരിക്കണമെന്നും അതുകൊണ്ടുതന്നെ ഞങ്ങൾ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകേണ്ടത് പ്രതിപക്ഷത്തിെൻറ കടമയാണെന്നും അവർ ഓർക്കണം.’
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾക്കൊള്ളേണ്ട നയപരമായ സുപ്രധാന തത്ത്വവും പ്രയോഗവും മേൽപറഞ്ഞ വരികളിലുണ്ട്. ലോകത്താകെയുള്ള മനുഷ്യർ പ്രളയാനന്തര കേരളത്തിെൻറ അതിജീവനത്തിനുവേണ്ടി മനസ്സലിഞ്ഞും വെന്തുരുകിയും നിലകൊള്ളുമ്പോൾ ഇവിടെ അഴിമതിയുടെയും നയലംഘനങ്ങളുടെയും ഒരു ചുവടുവെപ്പുപോലും ഉണ്ടായിക്കൂടാ. നടപടിക്രമങ്ങളും സുതാര്യതയും ഗവൺമെൻറ് ഉറപ്പുവരുത്തണം.
ഏതാനും മദ്യനിർമാണ ശാലകളും അതിലൊന്നിന് 10 ഏക്കർ സ്ഥലവും ഈ നാട്ടിൽ സർക്കാർ പതിച്ചുകൊടുക്കുമ്പോൾ അഴിമതിയുടെ സാധ്യതയും വിളയാട്ടവും സംശയിക്കുന്നതിൽ തെറ്റില്ല. ഇപ്പോൾ അനുവദിച്ച നാല് സ്ഥാപനങ്ങളുടെ അടിവേരുകളിലേക്കും പശ്ചാത്തല വിവരങ്ങളിലേക്കും സൂക്ഷ്മമായി കടക്കാതെ കൂടുതൽ തൽക്കാലം പറയാനാവില്ലെങ്കിലും. എന്നാൽ, പ്രാഥമികമായ നിരീക്ഷണത്തിൽ വ്യക്തമാകുന്നത് ഉത്തരവാദിത്തത്തോടെ ഗവൺമെൻറിെൻറയും പ്രതിപക്ഷത്തിെൻറയും ശ്രദ്ധക്ക് ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബർ അഞ്ചിന് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം എറണാകുളം കിൻഫ്ര വ്യവസായ പാർക്കിൽ ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയ സ്ഥാപനം ഈ മേഖലയിൽ പ്രവർത്തന പരിചയമില്ലാത്തതാണെന്ന് കാണുന്നു. തന്നെയുമല്ല, എട്ടുവർഷം പ്രായമുള്ള ഈ സ്ഥാപനം ദക്ഷിണ ഡൽഹിയിലെ ഒരു മേൽവിലാസത്തിൽ പ്രവർത്തിക്കുന്ന വാതക ഉൽപാദനവും വിതരണവുമായി മാത്രം ബന്ധമുള്ളതാണ്. ഇത്തരമൊരു സ്ഥാപനം കേരളത്തിൽ മദ്യനിർമാണത്തിന് കിൻഫ്ര വ്യവസായ പാർക്കിൽ പത്തേക്കർ സ്ഥലംതേടിയെത്തുന്നു എന്നത് ആശ്ചര്യകരമാണ്. കൃത്യമായി ജനങ്ങൾക്കറിയേണ്ട വിഷയവുമാണ്. ഈ അപേക്ഷയടക്കം പരസ്യപ്പെടുത്താതിരുന്നിട്ടും അപേക്ഷ നൽകാനും അനുമതി നേടിയെടുക്കാനും കഴിഞ്ഞ മറ്റു സ്ഥാപനങ്ങളുടെയും ഇനിയും അപേക്ഷ പരിഗണിക്കുന്നവരുടെയും വിശ്വാസ്യത ബോധ്യപ്പെടുത്തേണ്ടതുണ്ട്.
രാജ്യരക്ഷാ പടക്കോപ്പ് ഉൽപന്നങ്ങളുടെ ഹരിശ്രീപോലും അറിയാത്ത അംബാനിയുടെ റിലയൻസ് ഡിഫൻസിന് റഫാൽ വിമാന കരാറിൽ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു. ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നു നാം പറയുന്നു. പ്രധാനമന്ത്രിയെ കള്ളനെന്നു വിളിക്കുന്നു. അതേസമയം, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിൽ ആർക്കും കൊടുക്കാത്ത മദ്യനിർമാണശാലകൾ മന്ത്രിസഭ പോലുമറിയാതെ പൊട്ടിമുളക്കുന്നു. അതിനുനേരെ കണ്ണടച്ച് കൈയടിച്ച് പിന്തുണ നൽകാനാകുന്നതെങ്ങനെ? ഇത്രയും വെളിപ്പെട്ട സ്ഥിതിയിൽ ഈ ഇടപാടു സംബന്ധിച്ചുള്ള അപേക്ഷകളും അപേക്ഷകരെക്കുറിച്ചുള്ള വിവരങ്ങളും ഏതെല്ലാം തലത്തിൽ തീരുമാനമെടുത്തു എന്ന വിവരവും സർക്കാർ ഉടൻ പരസ്യപ്പെടുത്തണം. അതു പരിശോധിച്ചേ അഴിമതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ. അതിനുള്ള അവസരം സൃഷ്ടിക്കേണ്ട അടിയന്തര ബാധ്യത മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.