സർക്കാറിെൻറ ജോലി നികുതിപിരിവ് മാത്രമോ?
text_fieldsഇന്ത്യപോലൊരു രാജ്യത്ത് കേന്ദ്രസർക്കാറിന് വ്യാപാരവാണിജ്യങ്ങളും കമ്പോളങ്ങളും വീക്ഷിക്കാതെയും ഇടപെടാതെയും കണ്ണുമടച്ചങ്ങനെ മുന്നോട്ടുപോകാൻ സാധിക്കുമോ? ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാതിരുന്നാൽ കുത്തകമുതലാളിമാരെ ആരു നിയന്ത്രിക്കും? അതുമാത്രമല്ല, കുത്തക സ്വകാര്യമുതലാളിമാരെ മാത്രം േപ്രാത്സാഹിപ്പിക്കുന്ന നയം കൂടിയായാലോ? ഈ സാഹചര്യത്തിലാണ് ജിയോയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തുനിന്ന് പ്രധാനമന്ത്രി പിൻവാങ്ങണമെന്ന് ബി.എസ്.എൻ.എൽ ജീവനക്കാർ ആവശ്യപ്പെട്ടത്.
ജിയോയും മറ്റ് സ്വകാര്യകമ്പനികളും കേവലം 15,000 ജീവനക്കാരെക്കൊണ്ട് ചെയ്യിക്കുന്ന പണിയാണ്, ബി.എസ്.എൻ.എൽ രണ്ടു ലക്ഷം ജീവനക്കാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് തീവ്ര വലതുപക്ഷക്കാരുടെ വാദം. സ്വകാര്യകമ്പനികൾ ജീവനക്കാരെ ചൂഷണം ചെയ്യുകയും കടുത്ത മാനസിക സമ്മർദത്തിലാഴ്ത്തുകയും ചെയ്യുന്നു എന്നത് മാത്രമല്ല പൊതു മേഖലയെ തകർക്കുന്നതിനായി സേവനങ്ങൾ ആദ്യം സൗജന്യമാക്കുകയും പിന്നെ നിരക്കു കുറച്ചും ജനങ്ങളെയും മാർക്കറ്റിനെയും തങ്ങളുടെ കൈപ്പടിയിലാക്കിയശേഷം പിന്നീട് നിരക്ക് വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു.
ബി.എസ്.എൻ.എല്ലിന് കേന്ദ്രസർക്കാർ 4 ജി സ്പെക്ട്രം അനുവദിച്ചിരുന്നുവെങ്കിൽ ആ സ്ഥാപനം ഇന്നത്തെപ്പോലെ തകർച്ചഭീഷണി നേരിടുകയില്ലായിരുന്നു. സ്വകാര്യകമ്പനിക്ക് ഈ മേഖലയുടെ കുത്തക തീറെഴുതി കൊടുത്താൽ വെറുതെ രണ്ടു ലക്ഷം ജീവനക്കാരെ ചുമേക്കണ്ടതില്ല എന്നാണ് വലതുപക്ഷ ചിന്താഗതി. ബി.എസ്.എൻ.എല്ലിലെ രണ്ടു ലക്ഷം ജീവനക്കാരും അവരെ ആശ്രയിച്ചു കഴിയുന്ന 10 ലക്ഷത്തോളം കുടുംബാംഗങ്ങളും കൂടാതെ ഇവരുടെ വരുമാനം മാർക്കറ്റിലെ വിവിധ മേഖലകളിലുണ്ടാക്കുന്ന സ്വാധീനവും പരോക്ഷമായി കോടിക്കണക്കിന് ജനങ്ങൾക്കു ഗുണകരമായിത്തീരുന്നു. അതിനാൽതന്നെ ഇത്തരം പൊതുമേഖല സ്ഥാപനങ്ങൾ അനിവാര്യമായും നിലനിർത്തേണ്ടതാണ്.
സർക്കാറിെൻറ പണി ഭരണവും നികുതിപിരിവും മാത്രമായാൽ പിന്നെ കമ്പോളത്തിന്മേലുള്ള നിയന്ത്രണവും ആർക്കാണ്? ഇന്ത്യയുടെ പ്രഖ്യാപിതനയങ്ങൾക്ക് എക്കാലത്തും മാതൃക രാഷ്ട്രശിൽപിയും പ്രഥമ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്. വിദേശകാര്യത്തിൽ അദ്ദേഹം സ്വീകരിച്ച ചേരി ചേരാ നയം; കമ്പോളരംഗത്ത് പൊതുമേഖലയും സ്വകാര്യ മേഖലയും മത്സര ബുദ്ധിയോടെ പ്രവർത്തിക്കുന്ന മിശ്ര സമ്പദ് വ്യവസ്ഥ (Mixed Economy) എന്നിവ ഉദാഹരണം. ഈ നയത്തിലൂടെ കുത്തക മുതലാളിമാരെയും പൂഴ്ത്തിവെപ്പും വിലവർധനയും നിയന്ത്രിക്കാനാകും. പൊതുമേഖലയുടെ ഉണർവിനും ജാഗ്രതക്കും ക്ഷമതക്കും ആക്കം കൂട്ടാൻ ഒരു കേന്ദ്ര വിപണി നിയന്ത്രണ നയം അനിവാര്യമാണ്.
കൃഷിനാശംമൂലം ഉള്ളി മുതലായവയുടെ ഉൽപാദനം കുറഞ്ഞു. കൂട്ടത്തിൽ കുറെ പൂഴ്ത്തിവെപ്പും നടക്കുന്നു. ഫലം ഇവയുടെ അഭൂതപൂർവമായ വിലവർധനവും. സ്വന്തമായി കൂടുതലൊന്നും ഉൽപാദിപ്പിക്കാത്ത കേവലം ഉപഭോക്താക്കളായ പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നിത്യോപയോഗസാധനങ്ങൾ മിതവും നിശ്ചിത വിലക്കും രാജ്യമെമ്പാടും ലഭ്യമാകുന്നു എന്ന് നിരന്തരം നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നു. എന്നാൽ, സകലമാന സമ്പത്തും പ്രകൃതിവിഭവങ്ങളും ഫലപുഷ്ടിയുള്ള മണ്ണും കൊണ്ട് അനുഗൃഹീതമായ ഈ രാജ്യത്തെ സമ്പത്തിെൻറ ബഹുഭൂരിപക്ഷവും കേവലം ആയിരത്തോളം പേർ കൈവശം െവച്ച് അനുഭവിക്കുകയും കോടിക്കണക്കിന് ജനങ്ങൾ ദാരിദ്യ്രരേഖക്കു താഴെ കഴിയുകയും ചെയ്യുന്നു.
1991 മുതൽ 2019 വരെ ഇന്ത്യയിലെ പല പൊതുമേഖല സ്ഥാപനങ്ങളെയും മൂന്നര ലക്ഷം കോടി രൂപക്ക് വിറ്റഴിച്ചുവെങ്കിൽ അതിൽ 90 ശതമാനവും സ്വന്തമായി ഒരു വിറ്റഴിക്കൽ മന്ത്രാലയം തന്നെ രൂപവത്കരിച്ച് വിറ്റഴിച്ചിട്ടുള്ളത്, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ തന്നെയാണ്. ഇവിടെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയോ മറ്റു വെള്ളാനകളായുള്ള സ്ഥാപനങ്ങളുടെയോ ഷെയറുകൾ വിൽക്കുന്നതിനെ എതിർക്കുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യൻ റെയിൽവേ, ബി.എസ്.എൻ.എൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബി.പി.സി.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിർക്കേണ്ടത് അനിവാര്യമാണ്. 2018–19 ൽ 9503 കോടി രൂപ നികുതി അടച്ച ബി.പി.സി.എൽ കമ്പനിയെ വെറും തുച്ഛമായ വിലക്കാണ് മുതലാളിമാർക്ക് വിൽക്കാൻ പോകുന്നത്. ഇത് നിസ്സാരമായൊരു സംരംഭമല്ല. രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയിലെ നെടുംതൂണായി നിൽക്കുന്ന ഒരു പ്രസ്ഥാനമാണത്. പെേട്രാളിയം വിപണന ശൃംഖലയുടെ 25 ശതമാനം സ്വന്തമായുള്ളതാണ് ഭാരത് പെേട്രാളിയം കോർപറേഷൻ. കൊച്ചി റിഫൈനറി അടക്കം രാജ്യത്തിെൻറ പ്രധാനകേന്ദ്രങ്ങളിൽ 38.8 ദശലക്ഷം ബാരൽ ക്രൂഡ് ഒായിൽ ശുദ്ധീകരണ ശേഷിയുള്ള നാല് റിഫൈനറികൾ ഉള്ള കോർപറേഷൻ. ആറായിരത്തിൽപരം ഏക്കർ ഭൂമിയും 14,802 പമ്പുകളും 5907 എൽ.പി.ജി വിതരണ കേന്ദ്രങ്ങളും 52 എൽ.പി.ജി ബോട്ടിലിങ് പ്ലാൻറുകളും 7.8 ദശലക്ഷം എൽ.പി.ജി ഉപഭോക്താക്കളുമുള്ള സ്ഥാപനം.
ഇതിന് കണക്കാക്കപ്പെടുന്ന ആസ്തി എട്ടു ലക്ഷം കോടിയിലധികം രൂപയാണ്. കരുതലായി മാത്രം 34,470 കോടി രൂപ കമ്പനി വശമുണ്ട്. മുംബൈയിൽ ഒരു സെൻറിന് ഏതാണ്ട് ഒരു കോടിക്ക് മുകളിൽ വിലയുള്ള 650 ഏക്കർ, കൊച്ചിയിൽ 200 ഏക്കർ, കൂടാതെ മധ്യപ്രദേശിലും അസമിലും റിഫൈനറികൾ. മൊത്തം കമ്പനി വിൽപനക്ക് െവച്ചിരിക്കുന്നത് വെറും 60,000 കോടി രൂപക്ക്. പെേട്രാൾ പൊതുമേഖല എണ്ണക്കമ്പനികൾക്കും സ്വകാര്യ എണ്ണക്കമ്പനികൾക്കും അനുമതി നൽകുകയാണ് വേണ്ടത്. സർക്കാർ മേഖലയിൽ ഒരു രൂപ കുറക്കുമ്പോൾ സ്വകാര്യമേഖല രണ്ടുരൂപ കുറക്കട്ടെ. തന്മൂലം അതിെൻറ ഗുണഫലം ജനങ്ങൾക്ക് ലഭിക്കട്ടെ. ഇലക്ട്രിക് കാറുകളുടെ കാലം വരാൻപോകുന്നതുകൊണ്ട് കിട്ടുന്ന വിലയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ വിറ്റഴിക്കണമെന്ന് പറയുന്നത് മക്കൾ പുതിയ വീടു വെക്കുമ്പോൾ അമ്മിയും ആട്ടുകല്ലും വിറ്റ് തറവാട് വീട് പൊളിച്ചു കളഞ്ഞ് മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കണം എന്നു പറയുന്നതു പോലെയാണ്. ‘സ്വദേശീവത്കരണം’ എന്ന തീവ്രവലതുപക്ഷ ചിന്താഗതി ഇപ്പോൾ ‘സ്വകാര്യവത്കരണം’ എന്ന ആശയത്തിലെത്തിയത് ‘ആശയത്തെ ആമാശയത്തിന്’ വേണ്ടി പണയം െവച്ചതുകൊണ്ടാകാം.
മാറിമാറി വരുന്ന സർക്കാറുകൾ അവരുടെ ഇഷ്ടക്കാരെ കുത്തിനിറച്ച് പൊതുപണം ശമ്പളമായി ചോർത്താനുള്ള േസ്രാതസ്സാണ് പൊതുമേഖലയെന്നതാണ് മറ്റൊരു തീവ്ര വലതുപക്ഷവാദം. ഇത് തികച്ചും തെറ്റായ സാമാന്യവത്കരണമാണ്. ബഹുഭൂരിപക്ഷം സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളും യു.പി.എസ്.സി, പി.എസ്.സി തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങൾ മുഖേനയാണ് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ഈ രീതിയിലല്ലാതെയും സംവരണതത്ത്വങ്ങൾ പാലിക്കാതെയും ഏതെങ്കിലും പൊതുമേഖല സ്ഥാപനങ്ങൾ ആളെ നിയമിക്കുന്നുണ്ടെങ്കിൽ അവയെക്കൂടി ജനറൽ റിക്രൂട്ട്മെൻറിൽ ഉൾപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാവുന്നതാണ്. അതിലൂടെ മെറിറ്റ് അംഗീകരിക്കപ്പെടുകയും യോഗ്യരും അർഹരുമായവർക്കും പിന്നാക്ക ദുർബലവിഭാഗങ്ങൾക്കും തൊഴിലും അർഹമായ പ്രാതിനിധ്യവും ലഭ്യമാകും. ഇതിലൂടെ ഭരണഘടനാപരമായ സംരക്ഷണം സ്വകാര്യമേഖലയിൽ നിന്ന് വ്യത്യസ്തമായി പൊതുമേഖലയിലൂടെ അർഹരായവർക്ക് ലഭിക്കുകയും ചെയ്യും. ഒരു ജനാധിപത്യ മതേതരസർക്കാറിെൻറ മുൻഗണന ആത്യന്തികമായി ജനക്ഷേമം തന്നെയായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.