മായാവതിയുടെ മനസ്സിലെന്താണ്?
text_fieldsനാലുതവണ യു.പിയുടെ മുഖ്യമന്ത്രിയായിരുന്ന, ദേശീയ രാഷ്ട്രീയവൃത്തങ്ങൾ സദാ ഉറ്റുനോക്കിയിരുന്ന ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) മേധാവി മായാവതി മൂന്നുവർഷത്തോളമായി തന്റെ സാന്നിധ്യമറിയിക്കുന്നത് ഇടക്കിടെ പുറത്തിറക്കുന്ന ചില വാർത്താ കുറിപ്പുകളും വല്ലപ്പോഴും ചെയ്യുന്ന സമൂഹമാധ്യമ പോസ്റ്റുകളും വഴിയാണ്. പല സുപ്രധാന വിഷയങ്ങളിലും പുലർത്തിയ മൗനവും കോൺഗ്രസിനെയും സമാജ്വാദി പാർട്ടിയെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള അവരുടെ പല പ്രസ്താവനകളും ബി.ജെ.പിക്ക് പരോക്ഷമായി നേട്ടമുണ്ടാക്കിക്കൊടുക്കാനുദ്ദേശിച്ചുള്ളതാണെന്ന സംശയം ജനങ്ങൾക്കിടയിലുയർന്നു.
തലക്കുമീതെ തൂങ്ങിക്കിടക്കുന്ന കേസുകളുടെ ഭീതിയിൽ ഭരണകക്ഷിയുടെ ബി ടീം ചമയാൻ നിർബന്ധിതമാവുകയാണവർ എന്നായിരുന്നു ഒരു വിലയിരുത്തൽ. കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദനം നടത്തിയെന്ന യു.പി.എ സർക്കാറിന്റെ കാലത്ത് ആരംഭിച്ച ഒരു സി.ബി.ഐ കേസ് കുരുക്കായി കിടപ്പുണ്ട്. പതിറ്റാണ്ടുകൾ മുമ്പുള്ള എഫ്.ഐ.ആറുകൾ പോലും കുത്തിപ്പൊക്കി രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഭരണകൂടം ആ കേസുപയോഗിച്ച് ഞെരുക്കില്ല എന്ന് ഒരു ഉറപ്പുമില്ല. മായാവതി രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനൊരുങ്ങുന്നു എന്ന ശ്രുതിപോലും പരന്നിരുന്നു.
എന്തായാലും അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമായിരിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പാർട്ടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചും, നിലപാടുകൾ പറഞ്ഞും രംഗത്തുവന്നിരിക്കുന്നു ബഹൻജി. ഈ വെളിച്ചത്തുവരൽ കൊണ്ട് അവർ പ്രധാനമായും നൽകാനുദ്ദേശിക്കുന്നത് പ്രതാപം മങ്ങിയെങ്കിലും അസ്തമിച്ച് ഇല്ലാതായിട്ടില്ല എന്ന സന്ദേശമാണ്. 2004ൽ 19ഉം, 2009ൽ 21ഉം സീറ്റുകൾ നേടിയ ബി.എസ്.പിക്ക് ആദ്യ മോദിതരംഗം വീശിയ 2014ൽ ഒരു സീറ്റുപോലും നേടാനായിരുന്നില്ല. എന്നാൽ, കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ പത്തു സീറ്റുകൾ സ്വന്തമാക്കി വീണ്ടെടുപ്പു നടത്തി പാർട്ടി.
സമാജ്വാദി പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യമാണ് പൂജ്യത്തിൽ നിന്ന് പത്തിലേക്ക് ഉയരാൻ ബി.എസ്.പിയെ സഹായിച്ചത്. സമാജ്വാദി പാർട്ടിയുടെ വോട്ടുകൾ ബി.എസ്.പി പെട്ടിയിൽ വീഴുന്നുവെന്നുറപ്പാക്കി മുലായം സിങ് യാദവും അഖിലേഷ് യാദവും. എന്നാൽ, ബി.എസ്.പി വോട്ടുകൾ എസ്.പി സ്ഥാനാർഥികൾക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കുന്നതിലാണ് മായാവതി ശ്രദ്ധയൂന്നിയത്. ഫലം വന്നപ്പോൾ എസ്.പി അഞ്ച് സീറ്റിലൊതുങ്ങി. സമാജ്വാദി പാർട്ടിയെ വിമർശിക്കാൻ അവർ പ്രകടിപ്പിച്ച വേഗത കണ്ടപ്പോഴാണ് പഴയകാല കണക്കുകൾ തീർക്കാനാണ് മായാവതി സഖ്യമുണ്ടാക്കിയത് എന്ന് വ്യക്തമായത്. 1995ൽ മുലായം സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെ സമാജ്വാദി ഗുണ്ടകൾ മായാവതിയെയും ബി.എസ്.പി നേതാക്കളെയും ലഖ്നോ ഗെസ്റ്റ് ഹൗസിലിട്ട് ആക്രമിച്ചതുൾപ്പെടെ ഒട്ടേറെ പകയുടെയും പകരംവീട്ടലിന്റെയും കണക്കുകൾ അവർക്കിടയിലുണ്ടായിരുന്നു.
2019നുശേഷം ബി.എസ്.പിയുടെ അവസ്ഥ തീർത്തും ശോച്യമായി. 403 അംഗ നിയമസഭയിൽ ഒരൊറ്റ അംഗം പോലുമില്ലാത്ത സ്ഥിതിയായി. നേതാക്കളിൽ പലരും ബി.ജെ.പിയിലേക്കും കോൺഗ്രസിലേക്കും സമാജ്വാദി പാർട്ടിയിലേക്കുപോലും കാലുമാറി. ബി.എസ്.പി അനുഭാവികളിൽ വലിയൊരു വിഭാഗത്തെ കൂടെനിർത്തുക എന്നത് ഒരു അജണ്ടതന്നെയാക്കിമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിതരിൽ വലിയൊരു വിഭാഗം തങ്ങളുടെ ഭാവിയും പ്രതീക്ഷയുമായി കണ്ട മായാവതിയുടെ കപ്പൽ മുങ്ങുന്നതായി തോന്നിയ സന്ദർഭത്തിൽ മോദിയിൽ അവർ ഒരു നങ്കൂരം കണ്ടെത്തി. ആത്യന്തികമായി, ഒരു ജാതിയധിഷ്ഠിത സംസ്ഥാനമായ ഉത്തർപ്രദേശിലെ ‘ജാതവ്’ ദലിതുകളുടെ മാത്രം വോട്ടുബാങ്ക് മാത്രമായിത്തീർന്നിരിക്കുന്നു മായാവതി. മറ്റു ദലിത് വിഭാഗങ്ങളും തീവ്ര പിന്നാക്ക സമൂഹങ്ങളും മറ്റുമേച്ചിൽപ്പുറങ്ങൾ തേടിപ്പോയിരിക്കുന്നു.
ദലിതുകൾക്കുപുറമെ അതി പിന്നാക്ക സമുദായങ്ങളെ പാർട്ടിയുടെ കുടക്കീഴിലെത്തിച്ചത് ബി.എസ്.പി സ്ഥാപകൻ കാൻഷിറാമാണ്, അവർ പാർട്ടിയുടെ ഉറച്ച പിൻബലവുമായിരുന്നു. എന്നാൽ, മായാവതിയുടെ ഉദാസീനതയും നിസ്സംഗതയും ശക്തമായതോടെ എതിരാളികൾക്ക് എളുപ്പം സ്വന്തമാക്കാൻ കഴിയുന്ന പിന്തുണക്കാരായി ഈ വിഭാഗങ്ങൾ. സമാജ്വാദി പാർട്ടിയും ഒരു വിഭാഗത്തെ ഒപ്പം നിർത്തിയെങ്കിലും ഈ മാറ്റം കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണെന്ന് നിസ്സംശയം പറയാം. സവർണാധിപത്യ പാർട്ടിയായ ബി.ജെ.പി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കൗശലത്തിന്റെയും വശീകരണ വൈദഗ്ധ്യത്തിന്റെയും ബലത്തിൽ പൊടുന്നനെ, അവഗണിക്കപ്പെട്ട തീവ്ര പിന്നാക്കക്കാരുടെ സങ്കേതമായി മാറി. ഫലം കാണുമെന്ന് ഒരുറപ്പുമില്ലെങ്കിലും അവസാന നിമിഷത്തിൽ നഷ്ടം നികത്താൻ പറ്റുന്നതെല്ലാം പയറ്റിനോക്കാനുള്ള ശ്രമത്തിലാണ് മായാവതി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം, ബ്രാഹ്മണ സ്ഥാനാർഥികളെ കളത്തിലിറക്കുന്നതൊക്കെ ആ ശ്രമത്തിന്റെ ഭാഗമാണ്. 2007ൽ ബ്രാഹ്മണ സമൂഹത്തെ പാർട്ടിക്കൊപ്പം നിർത്തിക്കൊണ്ടുള്ള സോഷ്യൽ എൻജിനീയറിങ് പരീക്ഷിച്ച ഘട്ടത്തിലാണ് ബി.എസ്.പിക്ക് ഏറ്റവുമധികം നേട്ടമുണ്ടായതും മറ്റാരുടെയും പിന്തുണയില്ലാതെ മായാവതി യു.പിയിൽ അധികാരത്തിലേറിയതും. അതിനുമുമ്പ് മൂന്നുവട്ടം ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രി പദം സ്വന്തമാക്കിയിരുന്നുവെങ്കിലും അതെല്ലാം അൽപായുസ്സായിരുന്നു.
പണംവാങ്ങി മാത്രം പാർട്ടി ടിക്കറ്റ് നൽകുന്നുവെന്ന് പരക്കെ ആക്ഷേപിക്കപ്പെടുന്ന ബി.എസ്.പി എൻ.ഡി.എയുടെയോ ഇൻഡ്യ സഖ്യത്തിന്റെയോ ഭാഗമല്ലാതെ രംഗപ്രവേശം നടത്തുന്നത് പാർട്ടിയെ വീണ്ടും പാളത്തിൽ നിർത്താനാണോ അതോ മറ്റെന്തെങ്കിലും മനസ്സിൽ കണ്ടാണോ എന്ന കാര്യം സംശയാസ്പദമാണ്. ബി.എസ്.പി നിർത്തുന്ന മുസ്ലിം, ബ്രാഹ്മണ സ്ഥാനാർഥികൾ ചോർത്തുക ഇൻഡ്യ സഖ്യത്തിന്റെ വോട്ടുകളാവുമെന്നുറപ്പ്, അതുകൊണ്ട് നേട്ടമുണ്ടാകുന്നത് ആർക്കായിരിക്കുമെന്ന് കൂടുതൽ പറയേണ്ടതില്ലല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.