തെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുന്ന ബജറ്റ്; പ്രതീക്ഷിക്കാനും ഏറെ
text_fieldsഅടിസ്ഥാന മേഖലയിലെ വികസനം ചൂണ്ടിക്കാട്ടുന്നത് തെരഞ്ഞെടുപ്പിൽ വിജയ ഫോർമുലയാകുന്നുവെന്നതിനാൽ ഇതിലൂന്നിയുള്ള ബജറ്റ് അത്ഭുതപ്പെടുത്തുന്നതല്ല
കഴിഞ്ഞ വർഷങ്ങളിലേതുപോലെത്തന്നെ മൂലധന ചെലവിന് മുൻതൂക്കം കൊടുക്കുന്നതാണ് ഇത്തവണത്തെയും കേന്ദ്ര ബജറ്റ്. അടിസ്ഥാന മേഖല വികസനത്തിനുവേണ്ടി ഇത്തവണ മാറ്റിവെച്ചിരിക്കുന്നത് ജി.ഡി.പിയുടെ 3.3 ശതമാനമാണ്.
ഒമ്പത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റ് എന്ന നിലയിലും മാത്രമാണ് ഇത്തവണത്തെ ബജറ്റ് പ്രാധാന്യം അർഹിക്കുന്നത്. അടിസ്ഥാന മേഖലയിലെ വികസനം ചൂണ്ടിക്കാട്ടുന്നത് തെരഞ്ഞെടുപ്പിൽ വിജയ ഫോർമുലയാകുന്നുവെന്നതിനാൽ ഇതിലൂന്നിയുള്ള ബജറ്റ് അത്ഭുതപ്പെടുത്തുന്നതല്ല.
തെരഞ്ഞെടുപ്പ് ആസന്നമായ ഓരോ സംസ്ഥാനത്തെയും ലക്ഷ്യമിടുന്ന ചില പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നതും ഈ ലക്ഷ്യത്തിലാണ്. മധ്യവർഗത്തിന് താൽപര്യമുള്ള ആദായ നികുതി ഇളവുകൾ പ്രഖ്യാപിച്ചതും തെരഞ്ഞെടുപ്പിലെ സാധ്യത തേടിയാണെന്ന് കരുതണം.
എന്നാൽ, ഇളവുകൾ എത്ര പേർക്ക് ഗുണകരമാകും എന്നത് കാത്തിരുന്ന് കാണേണ്ടിവരും. എല്ലാവരെയും ഉൾകൊണ്ടുള്ള വികസനം, റീച്ചിങ് ലാസ്റ്റ് മൈൽ, അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപവും, പരമാവധി സാധ്യതകൾ തുറന്നു നൽകൽ, ഹരിത വളർച്ച, യുവശക്തി, സാമ്പത്തിക മേഖല എന്നീ ഏഴ് അടിസ്ഥാന ആശയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്. സമ്പദ്വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളെയും സ്പർശിക്കാൻ ബജറ്റ് ശ്രമിക്കുന്നുണ്ട്.
കർഷകരും സർക്കാറും വ്യവസായികളും ഒന്നിച്ച് ഇടപെട്ടുള്ള കൃഷിയുടെ വിപണി വിപുലീകരണത്തിനും മറ്റ് അനുബന്ധ സേവനങ്ങൾക്കും വേണ്ടി 2200 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മത്സ്യമേഖലക്ക് 6000 കോടിയും. ഗ്രാമീണ തൊഴിൽ മേഖലയിലെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വർഷം 73000 കോടി വകയിരുത്തിയപ്പോൾ ഇത്തവണ അത് 60000 കോടിയായി കുറഞ്ഞു.
അതേസമയം, കഴിഞ്ഞ തവണ 73000 കോടിയാണ് വകയിരുത്തിയതെങ്കിലും 89400 കോടി രൂപവരെ ചെലവാക്കിയെന്ന കണക്കാണ് നൽകുന്നത്. 20 ലക്ഷം കോടിയിലേക്ക് കർഷകരുടെ വായ്പാപരിധി ഉയർത്തി എന്ന് പറയുന്നുണ്ടെങ്കിലും പ്രത്യക്ഷത്തിൽ ഏതെങ്കിലും തരത്തിൽ ഇത് അവർക്ക് സഹായകരമാകുമോയെന്നത് അറിയാനിരിക്കുന്ന കാര്യമാണ്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മുൻകാലങ്ങളിലുള്ള പ്രഖ്യാപനം. എന്നാൽ, പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കാനുതകുന്ന പരാമർശങ്ങളോ പദ്ധതികളോ ഇത്തവണത്തെ ബജറ്റിലില്ല. അതേസമയം, പ്രധാനമന്ത്രി ഗരീബ് യോജന നിർത്തിവെക്കുന്നു എന്ന തീരുമാനം ബജറ്റിൽ തിരുത്തിയത് ആശ്വാസകരവുമാണ്.
നഗരവത്കരണത്തിന്റെ ഭാഗമായി 10000 കോടി രൂപയുടെ നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് ടയർ 2, 3 നഗരങ്ങൾക്കായി ചെലവാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് കോടി രൂപവരെ ഉൽപാദനമുള്ള ചെറുകിട ഇടത്തരം സംരംഭങ്ങളെ ടാക്സ് റിബേറ്റിലേക്ക് കൊണ്ടുവന്നിട്ടുള്ളത് ഈ മേഖലക്ക് പ്രോത്സാഹനമാകേണ്ടതാണ്.
മേഖലയിലെ അടിസ്ഥാന വികസന സൗകര്യം മെച്ചപ്പെടുത്താൻ പ്രഖ്യാപിച്ച പദ്ധതികളും പ്രതീക്ഷ നൽകുന്നു. കേരളത്തിന് ഇത് ഏറെ ഗുണം ചെയ്യും. ബജറ്റിൽ പ്രഖ്യാപിച്ച 50 പുതിയ വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും പ്രാദേശിക കണക്ടറ്റിവിയെ മെച്ചപ്പെടുത്തുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.
എന്നാൽ, പൂർണ വ്യക്തതയുണ്ടാകണമെങ്കിൽ ഇതിന്റെ പ്രായോഗികതയും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും വെളിപ്പെടേണ്ടിയിരിക്കുന്നു. പുതിയ കാലഘട്ടത്തിന് അനുസൃതമായി ദേശീയ ഹൈഡ്രജൻ മിഷന് വേണ്ടി 19700 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്.
റെയിൽവേക്ക് 240000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. പാത ഇരട്ടിപ്പിക്കലിനാണ് ഇതിൽ 30000 കോടി. ആധുനിക കോച്ചുകൾ, മേല്പാലങ്ങൾ, വൈദ്യുതീകരണം എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. കേരളത്തിന് എന്ത് നേട്ടമുണ്ടാകുമെന്നത് ബജറ്റ് വിശദാംശങ്ങൾ പൂർണമായി പുറത്തു വന്നാലേ പറയാനാവൂ. 50 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.
പാരമ്പര്യേതര ഊർജ മേഖലയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഒട്ടനവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ കടന്നുവന്നിട്ടുണ്ട്. 35000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കേരളമടക്കം സംസ്ഥാനങ്ങളിൽ പുതിയ പ്രതീക്ഷക്ക് വക നൽകാൻ സഹായിക്കുന്നതാണിത്.
ചതുപ്പ് നിലങ്ങളുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഗ്രാമങ്ങളിൽ ആരോഗ്യ, കാർഷിക മേഖലയുടെ വികസനത്തിന് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാമെന്നാണ് ബജറ്റിൽ പറഞ്ഞുവെക്കുന്നത്.
മൊബൈൽ ഫോൺ ആക്സസറീസിന്റെയടക്കം നികുതിയിളവ് ആഭ്യന്തര ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും. ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന നികുതിനിർദേശങ്ങളും ബജറ്റിലുണ്ട്. ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെ മൽസരം വർധിക്കുന്ന പ്രവണതയും ഇതിന്റെ ഭാഗമായുണ്ടാകും.
സ്വർണത്തിന് കസ്റ്റംസ് നികുതി കുറച്ച് വിലവർധന തടയുന്നതിന് പകരം ആഭരണങ്ങൾക്ക് നികുതി വർധന ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇത് കള്ളക്കടത്തു പോലുള്ള ദുഷ്പ്രവണതകൾ വർധിപ്പിക്കാനിടയാക്കും.
ഗ്രാമീണ മേഖലയിൽ നിലനിൽക്കുന്ന മാന്ദ്യത്തിന് അറുതി വരുത്താൻ പ്രത്യേക പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്തതാണ് ബജറ്റിന്റെ മറ്റൊരു ദോഷം. മധ്യവർഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റ് എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
ചെയർമാൻ, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.