Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാന്ദ്യകാലത്തെ ...

മാന്ദ്യകാലത്തെ ജനക്ഷേമ ബജറ്റ്

text_fields
bookmark_border
മാന്ദ്യകാലത്തെ  ജനക്ഷേമ ബജറ്റ്
cancel

പ്രതീക്ഷിച്ചതുപോലെ സംസ്ഥാന ബജറ്റ് ലക്ഷണമൊത്ത മാന്ദ്യവിരുദ്ധ ബജറ്റാണ്. ആഗോളതലത്തിലും ദേശീയതലത്തിലും അനുഭവപ്പെടുന്ന മാന്ദ്യത്തിന്‍െറ ദൂഷ്യഫലങ്ങള്‍ സംസ്ഥാനത്തെയും ബാധിച്ചുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനവും കടുത്ത വരള്‍ച്ചയും പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. മധ്യപൂര്‍വദേശത്തെ രാജ്യങ്ങളുടെ പ്രശ്നം കേരളത്തെയാണ് മറ്റ് സംസ്ഥാനത്തെക്കാള്‍ ഏറെ ബാധിക്കുന്നത്. ഈ അവസ്ഥയില്‍ സര്‍ക്കാര്‍ ക്ഷേമവികസനച്ചെലവുകളും പൊതുനിക്ഷേപവും വെട്ടിക്കുറക്കുന്നത് ആത്മഹത്യപരമായിരിക്കും. ഇപ്പോള്‍തന്നെ തളര്‍ച്ച നേരിടുന്ന വ്യവസായത്തെയും കച്ചവടത്തെയും കൂടുതല്‍ ക്ഷീണിപ്പിക്കാനേ അത്തരമൊരു നയം സഹായിക്കൂ. അതുകൊണ്ടാണ് മാന്ദ്യത്തെ നേര്‍ക്കുനേര്‍ നേരിടാനും വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും പുതിയ സംസ്ഥാന ബജറ്റ് ശ്രമിക്കുന്നത്.

പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ കഴിയുന്ന ഒരു ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടും കേരളത്തിലെ ചര്‍ച്ച വഴിതിരിച്ചുവിടുന്നത് നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഒരു നഷ്ടവും വരാത്ത ‘വാര്‍ത്താചോര്‍ച്ചയിലേക്ക്’ ജനശ്രദ്ധ തിരിച്ചുവിടുന്നത് സംസ്ഥാനത്തിന്‍െറ വികസനതാല്‍പര്യങ്ങള്‍ക്ക് സഹായകമല്ല.

ബജറ്റില്‍ പ്രഖ്യാപിച്ച 201718 ലേക്കുള്ള വാര്‍ഷിക പദ്ധതികളുടെ അടങ്കല്‍ 26,500 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ 24,000 കോടിയെ അപേക്ഷിച്ച് ഇത് 10.4 ശതമാനം കൂടുതലാണ്. പദ്ധതി നിക്ഷേപത്തിലെ ഈ വര്‍ധന മാന്ദ്യതരംഗത്തെ അതിജീവിക്കാന്‍ കേരളത്തെ സഹായിക്കും. ഇതിനുപുറമെയാണ് ബജറ്റിന് വെളിയില്‍ കിഫ്ബി വഴിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വലിയ നിക്ഷേപ പരിപാടികള്‍. കിഫ്ബിയെ മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം എന്ന് വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ അത്ര നിസ്സാരമായല്ല അതിനെ കാണുന്നത്. വളരെ വേഗത്തിലാണ് കിഫ്ബിയെ അതിന്‍െറ ദൗത്യം നിര്‍വഹിക്കാന്‍ പാകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയെടുത്തത്. അതുമായി ബന്ധപ്പെട്ട നിയമനിര്‍മാണം പൂര്‍ത്തിയാക്കി. പുതിയ ഡയറക്ടര്‍ ബോര്‍ഡും ഇതര സമിതികളും നിലവില്‍ വന്നു.

താക്കോല്‍സ്ഥാനങ്ങളിലെ നിയമനങ്ങള്‍ പൂര്‍ത്തിയായി. 4000 കോടിയുടെ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. മറ്റൊരു 11,000 കോടിയുടെ പ്രോജക്ടുകള്‍ക്ക് ഈമാസം അവസാനത്തോടെ നടക്കുന്ന ബോര്‍ഡ് മീറ്റിങ്ങില്‍ അംഗീകാരം നല്‍കും. ഇതിനുപുറമെയാണ് 2017 18ല്‍ 20,000 കോടിയുടെ പ്രോജക്ടുകള്‍കൂടി ഏറ്റെടുക്കും എന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്. മാന്ദ്യത്തെ അതിജീവിക്കാനും സ്വകാര്യമേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താനും ഈ പ്രഖ്യാപനങ്ങള്‍ ധാരാളമാണ്.

എന്നാല്‍, ഇതൊക്കെ യാഥാര്‍ഥ്യമാവുമോ എന്ന സംശയമാണ് ദോഷൈകദൃക്കുകളായ പ്രതിപക്ഷത്തോടൊപ്പം പഴയകാലത്തെ അനുഭവം ഗൗരവമായി എടുക്കുന്ന നിഷ്പക്ഷ നിരീക്ഷകര്‍പോലും ചിന്തിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ പദ്ധതി നിര്‍വഹണ രംഗത്തെ ഇതുവരെയുള്ള റെക്കോഡ് ഒട്ടും ആത്മവിശ്വാസം നല്‍കുന്നതല്ല. നിര്‍വഹണം കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ കര്‍മപരിപാടി തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥ സംവിധാനത്തിന്‍െറ ഗതിവേഗം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാറിന്‍െറ ശ്രമം വിജയിച്ചാലേ ധനമന്ത്രി ആഗ്രഹിക്കുന്ന പ്രയോജനം ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ സൃഷ്ടിക്കാന്‍ കഴിയൂ.

സംസ്ഥാനത്തിന്‍െറ 201718 ലെ 26,500 കോടിയുടെ വാര്‍ഷിക പദ്ധതിയിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ വിസ്താരഭയത്താല്‍ ഇവിടെ എടുത്തുപറയുന്നില്ല. കൃഷി, ജലസേചനം, വ്യവസായം, വിവരസാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയ കേരളത്തിന്‍െറ പ്രധാന വളര്‍ച്ചസ്രോതസ്സുകള്‍ക്കെല്ലാം വലിയതോതിലുള്ള വര്‍ധനയാണ് പദ്ധതി അടങ്കലില്‍ വരുത്തിയിരിക്കുന്നത്. വൈദ്യുതി, ഗതാഗതം തുടങ്ങിയ മേഖലകള്‍ക്കും അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇതെല്ലാം വളര്‍ച്ചയെ സഹായിക്കും.

എന്നാല്‍, വളര്‍ച്ചയോടൊപ്പം സാമൂഹികനീതിയെയും പരിസ്ഥിതിരക്ഷയെയും ഉയര്‍ത്തിപ്പിടിക്കുന്നു എന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്.
വൃദ്ധര്‍, രോഗികള്‍, അഗതികള്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം ബജറ്റില്‍ പ്രത്യേക പരിഗണന കിട്ടുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ സമ്പൂര്‍ണ സാമൂഹിക സുരക്ഷയിലേക്കും സാമൂഹികനീതിയിലേക്കുമാണ് കേരളം സഞ്ചരിക്കുന്നത് എന്നുപറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇത് കേരള വികസനമാതൃകയുടെ പഴയ നന്മകളെ കൂടുതല്‍ ബലപ്പെടുത്തുന്ന സമീപനമാണ്. ഈ ഗണത്തില്‍തന്നെ പെടുത്താവുന്ന ഒരു കാര്യമാണ് ജെന്‍ഡര്‍ ബജറ്റിങ്ങിന്‍െറ പുന$സ്ഥാപനം. ന്‍െഡര്‍ ബജറ്റിങ് നമ്മുടെ ധനകാര്യവ്യവസ്ഥയുടെ അവിഭാജ്യഭാഗമായി മാറേണ്ടതുണ്ട്.

201718ലേക്കുള്ള കേരള ബജറ്റിന്‍െറ കൂടുതല്‍ അടിസ്ഥാന സ്വഭാവമുള്ളതും ദീര്‍ഘകാല പ്രസക്തിയുള്ളതുമായ മറ്റൊരു പ്രത്യേകത അത് നവകേരളമിഷനുകള്‍ക്ക് ജനകീയാസൂത്രണത്തിന്‍െറ രണ്ടാം പതിപ്പിനും നല്‍കുന്ന പ്രാധാന്യമാണ്. കേരളത്തിന്‍െറ മുന്നോട്ടുള്ള കുതിപ്പിന് എക്കാലവും പ്രചോദനമായിട്ടുള്ളത് ജനകീയ മുന്നേറ്റങ്ങളാണ്. ഭൂപരിഷ്കരണത്തിനും സാക്ഷരത പ്രസ്ഥാനത്തിനും ജനകീയാസൂത്രണത്തിനും പ്രചോദനമായത് ജനകീയ ഇടപെടലുകളും അത് നല്‍കിയ കരുത്തുമാണ്. അത്തരമൊരു കുതിപ്പിന് അരങ്ങൊരുക്കുകയാണ് രണ്ടാം ജനകീയാസൂത്രണവും നവകേരളമിഷനുകളും ചേര്‍ന്ന് ചെയ്യുന്നത്.

കൃഷി, പരിസരശുചിത്വം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, പാര്‍പ്പിടം എന്നീ മേഖലകളില്‍ സംസ്ഥാന മിഷനുകളും പ്രാദേശിക ഗവണ്‍മെന്‍റുകളും ചേര്‍ന്ന് വലിയ ഒരു ജനകീയയജ്ഞത്തിനാണ് തയാറെടുക്കുന്നത്. നവകേരള നിര്‍മാണമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചുരുക്കത്തില്‍, മാന്ദ്യത്തെ അതിജീവിക്കാനും സമ്പദ്ഘടനയിലെ വളര്‍ച്ചയുടെ സ്രോതസ്സുകളെ ബലപ്പെടുത്താനും നവകേരള സൃഷ്ടിയിലേക്ക് മുന്നേറാനും ഈ ബജറ്റ് സംസ്ഥാനത്തെ സഹായിക്കും.
(ആസൂത്രണബോര്‍ഡ് അംഗമാണ്  ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budjet 2017
News Summary - budjet
Next Story