ബസ് ചാർജ് വർധന: സർക്കാർ ബദൽ മാർഗങ്ങൾ തേടണം
text_fieldsഇന്ധന വില വർധനവിെൻറ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കാതെ മറ്റൊരു നിർവാഹവുമില്ലെന്ന ബസുടമകളുടെ വാദം അതേപടി അംഗീകരിച്ച് നടപ്പിൽ വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. 'ചാർജ് വർധന' എന്ന ഒറ്റമൂലി മാത്രമാണ് ഇക്കാലമത്രയും ഫെയർ റിവിഷൻ കമ്മിറ്റിയും സർക്കാറിന് മുന്നിൽവെച്ചിട്ടുള്ളത്. യാത്രക്കാർ സംഘടിതരല്ലാത്തതുകൊണ്ട്, പൊളിഞ്ഞുപാളീസായിരിക്കുന്ന ഇക്കാലത്തും അവരീ അമിതഭാരം ചുമക്കേണ്ടിവരും.
സ്വകാര്യ ബസുടമകൾ ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അത് പരിഹരിക്കേണ്ടത് സർക്കാർ തന്നെയാണ്. കുറഞ്ഞ ചെലവിൽ പൊതുജനത്തിന് ഗതാഗതസൗകര്യം ഒരുക്കേണ്ടതും സർക്കാറാണ്.
ഒരു ലിറ്റർ ഡീസൽ വിലയിൽ 25 രൂപയോളം സർക്കാറിെൻറ നികുതി വരുമാനമാണ്. സംസ്ഥാന ഇന്ധന നികുതിയിൽനിന്ന് സ്വകാര്യ ബസുകൾക്ക് അൽപം കുറച്ചുകൊടുത്താൽ ചാർജ് വർധനവില്ലാതെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. സ്ത്രീകൾക്കും വിദ്യാർഥികൾക്കും പൊതുഗതാഗത സംവിധാനം സൗജന്യമാക്കിയ ഡൽഹിയെയും തമിഴ്നാടിനെയുമാണ് നാം മാതൃകയാക്കേണ്ടത്. ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ മിനിമം ചാർജുള്ള സംസ്ഥാനം കേരളമാണ്. ലോകത്തും രാജ്യത്തും പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കേരളം തിരിഞ്ഞുനടക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
പൊതുഗതാഗത സംവിധാനങ്ങളുടെ അമിതചാർജ് കാരണം ഇരുചക്ര വാഹനങ്ങളടക്കമുള്ള സ്വകാര്യ വാഹനങ്ങളിലേക്ക് യാത്രക്കാർ മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ലാഭത്തിനൊപ്പം സമയലാഭവും മറ്റ് സൗകര്യങ്ങളും യാത്രക്കാർക്ക് ലഭിക്കുന്നു.
രണ്ടുപേർ അടുത്ത ടൗണിൽ പോയി തിരിച്ചുവരണമെങ്കിൽ ബസിൽ ഇനി 40 രൂപ വേണം. ടൂവിലറിൽ ഇതിെൻറ പകുതി ചെലവുപോലും വരില്ല. സത്യത്തിൽ ചാർജ് വർധന സ്വകാര്യ ബസുകളടക്കമുള്ള പൊതുഗതാഗ സംവിധാനങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന പൊതുഗതാഗത സംവിധാനത്തിലേക്ക് പൊതുജനത്തെ ആകർഷിക്കാനുള്ള പദ്ധതികൾ സർക്കാറും ബസുടമകളും ആസൂത്രണം ചെയ്യേണ്ട സന്ദർഭമാണിപ്പോൾ.
റോഡുകളെല്ലാം സ്വകാര്യ വാഹനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ഗതാഗതക്കുരുക്കിനൊപ്പം അന്തരീക്ഷ മലിനീകരണവും വർധിക്കുന്നു, അപകടങ്ങളും. കഴിഞ്ഞ വർഷം 98 ശതമാനം വാഹനങ്ങളും സ്വകാര്യ മേഖലയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിദ്യാർഥികളുടെ ചാർജ് വർധനവാണ് മറ്റൊരാവശ്യം. വിദ്യാർഥികൾ കയറുന്നതു മൂലം വരുമാനം ഇടിയുന്നുവെന്ന മട്ടിലെ അസത്യ പ്രചാരണം ബസുടമകളുടെ ഭാഗത്തുനിന്ന് കുറച്ചു വർഷമായി വ്യാപകമാണ്. വിദ്യാർഥികൾക്ക് പല സംസ്ഥാനങ്ങളിലും യാത്ര സൗജന്യമാണ്. ഇവിടെ പണം നൽകിയാണ് അവർ യാത്ര ചെയ്യുന്നത്. എന്നാൽ, രണ്ടാംകിടക്കാരെപ്പോലെ കടുത്ത അവഹേളനം സഹിച്ചാണ് അവർ യാത്ര ചെയ്യേണ്ടിവരുന്നത്.
ജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കിക്കൊടുക്കേണ്ടതും അവരെ ചൂഷണത്തിൽനിന്ന് രക്ഷിക്കേണ്ടതും സർക്കാർ തന്നെയാണ്. ഫെയർസ്റ്റേജ് അപാകതകൂടി പരിഹരിച്ച ശേഷമേ ബസ് ചാർജ് വർധിപ്പിക്കാവൂ എന്ന് 1995 മുതൽ വിവിധ കേസുകളിൽ ഹൈകോടതി ഉത്തരവിട്ടിട്ടും സഞ്ചരിക്കാത്ത ദൂരത്തിന് യാത്രാക്കൂലി നൽകേണ്ടിവരുന്ന അസംഘടിത യാത്രക്കാരുടെ ആവലാതികൾക്ക് ഒരു പരിഹാരവും നാളിതുവരെ ഉണ്ടായിട്ടില്ല. മിനിമം ചാർജിൽ രണ്ട് സ്റ്റേജ് (5 കി.മീറ്റർ) യാത്ര ചെയ്യാമായിരുന്നത് കോവിഡിെൻറ പശ്ചാത്തലത്തിൽ ഒരു സീറ്റിൽ ഒരാൾ എന്ന നിബന്ധന വന്നപ്പോൾ 2020 ജൂലൈ മാസം മുതൽ ഒരു സ്റ്റേജായി (രണ്ടര കി.മീ.) ചുരുക്കി.
ഇപ്പോൾ യാത്രക്കാരെ കുത്തിനിറച്ചുകൊണ്ട് പോകുമ്പോഴും മിനിമം ചാർജിൽ രണ്ട് സ്റ്റേജിനുള്ള യാത്ര അനുവദിച്ചിട്ടില്ല. ഇത് തുടരുകയാണെങ്കിൽ പുതിയ ബസ് ചാർജ് വർധന 28 ശതമാനത്തിൽ അധികമുള്ള ഭീമമായ വർധനവായിരിക്കും വരാൻ പോകുന്നത്.
പൊതുഗതാഗത സംരക്ഷണ സമിതി കേരള ജനറൽ സെക്രട്ടറിയാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.