െഎക്യപ്പുഞ്ചിരി
text_fieldsസാഹോദര്യത്തിനും മൈത്രിക്കും വേണ്ടി ചിന്തിക്കുകയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുേമ്പാഴാണ് ഒരാൾക്ക് യഥാർഥ സന്തോഷമുണ്ടാവുകയെന്നാണ് മഹാത്മജി പറഞ്ഞിട്ടുള്ളത്. അത്തരമൊരു സന്തോഷത്തിെൻറപേരാണ് തബസ്സും ഹസൻ. തബസ്സും എന്ന വാക്കിെൻറ അർഥം തന്നെ സന്തോഷം, പുഞ്ചിരി എന്നൊക്കെയാണ്. ഇൗ രാജ്യം വലിയ കേടുപാടുകളില്ലാെത കഴിഞ്ഞുപോകണമെന്ന് ആഗ്രഹിക്കുന്ന സകലർക്കും ശുഭപ്രതീക്ഷയുടെ പുഞ്ചിരി സമ്മാനിച്ച് തബസ്സും ഇപ്പോൾ ആ വാക്കിനെ അന്വർഥമാക്കിയിരിക്കുന്നു. യോഗിയുടെ യു.പിയിൽ ഗോരഖ്പുരിനും ഫുൽപുരിനും ശേഷം കൈരാനയും പ്രതിപക്ഷ െഎക്യം പിടിച്ചെടുക്കുേമ്പാൾ, ആ മഹാസഖ്യത്തിെൻറ വാഹകയായി ചരിത്രത്തിലേക്ക് നടന്നുകയറാനാണ് കൈരാനയുടെ മരുമകളുടെ നിയോഗം.
മുസഫർ നഗർ കലാപത്തിെൻറ ചോരപ്പാടുകൾ വീണ പടിഞ്ഞാറൻ യു.പിയിെല ഒരു ജാട്ട് ഗ്രാമത്തിൽ വോട്ടുചോദിച്ചെത്തിയതായിരുന്നു തബസ്സും. കാലങ്ങളായി അവിടെ നിലനിന്നിരുന്ന ജാട്ട്^മുസ്ലിം സഹവർത്തിത്വം ഇല്ലാതാക്കിയ ആ കലാപം ഹിന്ദുത്വ പാർട്ടിയുടെ രാഷ്ട്രീയ മുതലെടുപ്പുമാത്രം ലക്ഷ്യമാക്കിയാണെന്ന് അവർ ഇന്ന് തിരിച്ചറിയുന്നുണ്ട്. കുടുംബം പോലെ കഴിഞ്ഞവരെ ഗ്രാമത്തിൽനിന്ന് ആട്ടിയോടിച്ചതിൽ അവർക്ക് ദുഃഖം മാത്രമല്ല, അധികാരികളോട് ഒടുങ്ങാത്ത പകയുമുണ്ട്. ആ പകകൂടിയാണ് യഥാർഥത്തിൽ ബി.ജെ.പിക്കെതിരായ െഎക്യമുന്നണിയെ സാധ്യമാക്കിയതും തബസ്സുമിനെ പാർലമെൻറിലെത്തിച്ചതും. തബസ്സുമിനെയും സംഘത്തെയും അവർ ഹൃദ്യമായി വരവേറ്റു. ഒരു ഗ്ലാസ് വെള്ളം അതിലൊരാൾ നീട്ടിയപ്പോൾ അവർ സ്നേഹപൂർവം നിരസിച്ചു. തബസ്സും റമദാൻ വ്രതത്തിലാണ്. ഇൗ കടുത്ത വേനലിൽ നോമ്പുമനുഷ്ഠിച്ച് ഇങ്ങോട്ടു വേരണ്ടിയിരുന്നില്ലല്ലൊ, എല്ലാം ഇവിടെ ഭദ്രമല്ലെ എന്നായി അവർ. രണ്ട് സമുദായങ്ങളുടെ അറ്റുപോയ സ്നേഹം തുന്നിച്ചേർക്കാൻ എന്നേ നോെമ്പടുത്തിരിക്കുന്നു തബസ്സും. ആ ഉദ്യമത്തിെൻറ ഭാഗംകൂടിയായിട്ടാണ് അവർ ആ ഗ്രാമത്തിലെത്തിയത്.
അവിടെ അവർ പറഞ്ഞത് ഏതാനും വാക്കുകൾ മാത്രം: ‘‘എെൻറ ഭർത്താവ് വാഹനാപകടത്തെ തുടർന്ന് മരണാസന്നനായി കിടന്നത് ഒരു ജാട്ടിെൻറ മടിയിലായിരുന്നു. അദ്ദേഹം അന്ത്യശ്വാസം വലിക്കുേമ്പാൾ ഞങ്ങളാരുമല്ല, ജാട്ടുകളായ രണ്ട് സുഹൃത്തുക്കളായിരുന്നു കൂടെയുണ്ടായിരുന്നത്.’’ ഇൗ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.
സമാജ്വാദി പാർട്ടിയുടെ േനതാവായിരുന്നു തബസ്സുമിെൻറ ഭർത്താവ് മുനവ്വർ ഹസൻ. നിയമനിർമാണ സഭയുടെ നാല് നിലങ്ങളിലും വിരാജിച്ച ഇന്ത്യയിലെ അത്യപൂർവ രാഷ്ട്രീയക്കാരൻ. യു.പി അസംബ്ലിയിൽ എം.എൽ.എയും എം.എൽ.സിയുമായിട്ടുണ്ട്. 96ൽ ആദ്യമായി ലോക്സഭയിൽ. ലോക്സഭയിൽ രണ്ട് തവണയും ആറ് വർഷം രാജ്യസഭയിലുമിരുന്നിട്ടുണ്ട്. 2004ൽ മുസഫർ നഗറിൽനിന്നാണ് ഏറ്റവും ഒടുവിൽ ലോക്സഭയിലെത്തിയത്. അതിനിടെ, പാർട്ടി മാറി ബി.എസ്.പിയിലെത്തിയിരുന്നു. കൂറുമാറ്റ കേസ് നടന്നുകൊണ്ടിരിക്കെ, 2008 ഡിസംബറിലായിരുന്നു ആ അപകട മരണം. അപ്പോഴേക്കും 2009 പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
മുനവ്വർ ഹസെൻറ കുടുംബത്തിന് ലോക്സഭ ടിക്കറ്റ് നൽകണമെന്ന് മായാവതിക്ക് ഒരേ നിർബന്ധം. അങ്ങനെയാണ് തബസ്സും ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. തബസ്സുമിനെ സംബന്ധിച്ച് ദീക്ഷാ കാലമായിരുന്നു (ഭർത്താവ് മരണപ്പെട്ടശേഷം ഭാര്യ നിശ്ചിത ദിവസം വീട്ടിൽതന്നെ കഴിഞ്ഞുകൂടുന്നത്) അന്ന്. പ്രചാരണത്തിനൊന്നും കാര്യമായി ഇറങ്ങാൻ കഴിഞ്ഞില്ല. എന്നിട്ടും കൈരാനയുടെ എം.പിയായി അവർ തെരഞ്ഞെടുക്കപ്പെട്ടു. ബി.എസ്.പിക്ക് വലിയ തിരിച്ചടി നേരിട്ട ആ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ ആശ്വാസത്തുരുത്തായി അവർ. 2014ൽ കൈരാനയിൽ മകൻ നാഹിദ് ഹസന് അവസരം നൽകി മാറിനിന്നു. പക്ഷേ, മോദി പ്രഭാവത്തിൽ ആ സീറ്റ് ഹുകും സിങ് സ്വന്തമാക്കി. പക്ഷേ, പരാജയത്തിന് തബസ്സുമും നാഹിദും പ്രതികാരം ചെയ്തു. ഹുകും സിങ് മരുമകനുവേണ്ടി ഒഴിഞ്ഞുകൊടുത്ത സീറ്റിൽ നാഹിദ് തന്നെ ജയിച്ചു കയറി. 2017ൽ, ഹുകുംസിങ്ങിെൻറ മകൾ മൃഗങ്കയെ തോൽപിച്ച് കൈരാന നിയമസഭാ മണ്ഡലം വീണ്ടും കൈപ്പിടിയിലൊതുക്കി. ഇപ്പോൾ ഹുകും സിങ്ങിെൻറ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് തബസ്സും മത്സരിച്ചത്; തോൽപിച്ചത് മൃഗങ്കയെയും. പ്രതിപക്ഷ െഎക്യ കാഹളം മുഴക്കിയ ഇൗ വിജയത്തോടൊപ്പം ചേർത്തുപറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്: 2014നുശേഷം യു.പിയിൽനിന്ന് ആദ്യമായി ഒരു മുസ്ലിം അംഗം പാർലമെൻറിലെത്തിയിരിക്കുന്നു.
16ാം വയസ്സിലായിരുന്നു മുനവ്വർ ഹസനുമായുള്ള വിവാഹം. മുനവ്വറിെൻറ പിതാവ് അക്തർ ഹസനും കൈരാനെയ പ്രതിനിധാനംചെയ്ത് പാർലമെൻറിലെത്തിയിട്ടുണ്ട്; 1984ൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു അത്. ഭർതൃവീട്ടിലെത്തിയ നാൾ മുതലേ യു.പി രാഷ്ട്രീയത്തിെൻറ ഭാഗമായിരുന്നുവെന്ന് സാരം. അഞ്ചു വർഷത്തിനുശേഷം മുനവ്വർ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെ തബസ്സുമും രാഷ്ട്രീയത്തിെൻറ ചൂടറിഞ്ഞു തുടങ്ങി. അങ്ങനെ തുടങ്ങിയ രാഷ്ട്രീയ വിദ്യാഭ്യാസമാണ് മോദി^അമിത് ഷാ തന്ത്രങ്ങളെവരെ പൊളിച്ചടുക്കുന്നതിടംവരെയെത്തിയത്. ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ മോദിവിരുദ്ധ മഹാസഖ്യത്തിെൻറ അംബാസഡർ ആയിരിക്കുന്നു. 2019ലേക്കുള്ള വഴിയടയാളമെന്നാണ് സ്വന്തം വിജയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ നിരീക്ഷകർ പൂർണമായും ശരിവെച്ചിരിക്കുന്നു ആ വിശേഷണത്തെ.
1970ലെ ക്രിസ്മസ് ദിനത്തിൽ സഹാറൻപുരിനടുത്ത ദുംചേധ ഗ്രാമത്തിൽ ജനനം. അക്തർ ഹസെൻറയും അക്തരി ബീഗത്തിെൻറയും ഏഴു മക്കളിൽ രണ്ടാമത്തെയാൾ. സഹാറൻപുരിലെ ജെ.ബി.എസ് കന്യ ഇൻറർകോളജിൽനിന്ന് ഇൻറർമീഡിയറ്റ് പാസായി. പാർലമെൻറ് രേഖകളിൽ ജോലി കാണിച്ചിരിക്കുന്നത് കൃഷി എന്നാണ്. യു.പി സുന്നി വഖഫ് ബോർഡ് അംഗം, കേന്ദ്ര നീതിന്യായ മന്ത്രാലയത്തിെൻറയും കുടുംബക്ഷേമ വകുപ്പിെൻറയും സമിതികളിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമാണ് തബസ്സും. ആ പദവി രാജിവെച്ചശേഷമാകും എം.പിയായി സത്യപ്രതിജ്ഞ ചെയ്യുക. നാഹിദ് ഹസൻ കൂടാതെ ഒരു മകൾകൂടിയുണ്ട്്: ഇഖ്റ ഹസൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.