Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി. കേശവന്റെ 'ഭഗവാൻ...

സി. കേശവന്റെ 'ഭഗവാൻ കാൾ മാർക്സ്'

text_fields
bookmark_border
സി. കേശവന്റെ ഭഗവാൻ കാൾ മാർക്സ്
cancel
camera_alt

സി. കേശവൻ

സി. കേശവന്റെ വിഖ്യാതമായ 'ഭഗവാൻ കാൾ മാർക്സ്' പ്രസംഗത്തിന് ഇന്ന് 75 വയസ്സ്. ഇതുപോലൊരു സെപ്റ്റംബർ 14ന്വക്കത്താണ് ചരിത്രം സൃഷ്ടിച്ച ആ പ്രസംഗം മുഴങ്ങിക്കേട്ടത്. തൊഴിലാളികളെ സംഘടിക്കുവിൻ! നിങ്ങൾക്കു നിങ്ങളുടെ കാൽചങ്ങല മാത്രമേ നഷ്ടപ്പെടാനുള്ളൂ! ജയിച്ചാൽ ലോകം മുഴുവൻ! എന്നുപറഞ്ഞ കാൾ മാർക്സിനെ ദൈവമായി സങ്കല്പിച്ചു നടത്തിയ ആ വാഗ്ദ്ധോരണി ഒട്ടേറെ പ്രകമ്പനങ്ങളാണ് കേരളത്തിൽ സൃഷ്ടിച്ചത്. ഈ പരിതസ്ഥിതിയിൽ ഭഗവാൻ കാൾ മാർക്സിന്റെ സന്ദേശം മാത്രമേ തൊഴിലാളികൾക്ക് ആശയുടെ നേരിയൊരു കതിരു നല്കുന്നുള്ളൂവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ലോകമൊട്ടുക്ക് നടന്ന ജനകീയ മുന്നേറ്റങ്ങളും സി. കേശവനെ സ്വാധീനിച്ചിരുന്നു. ഗുരുവും മഹാത്മജിയും മാർക്സും അദ്ദേഹത്തിന് ഗുരുതുല്യരായിരുന്നു. തന്നെ സ്വാധീനിച്ച ചരിത്ര മുന്നേറ്റങ്ങളുടെ ആവേശം അതേപടിയായി ജനങ്ങൾക്കുമുന്നിൽ പകർന്നുനൽകുന്നതിന് അനിതരസാധാരണമായ പ്രാഗത്ഭ്യമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.മനുഷ്യരെ വേർതിരിക്കുകയും അകറ്റിനിർത്തുകയും ചെയ്യുന്ന വിശ്വാസങ്ങളെയും വ്യക്തികളെയും ശത്രുവായിത്തന്നെകണ്ട് പൊരുതി. ബഹുമുഖ പ്രതിഭയായിരുന്ന സി. കേശവൻ മദ്യവർജന പ്രസ്ഥാനത്തിലൂടെയാണ് പൊതുകാര്യ ജീവിതത്തിൽ ഇടപെടുന്നത്.

ആ കാലഘട്ടം ചലനാത്മകമായിരുന്നു. അദ്ദേഹത്തിന്റെ തന്റേടവും ധിക്കാരവും ആദ്യം തിരിച്ചറിഞ്ഞത് പത്രലോകത്തെ കുലപതി സി.വി.കുഞ്ഞുരാമനാണ്. കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ എഴുതി: "അച്ഛന്റെ വിശ്വാസ പ്രമാണങ്ങളുടെ ആകെത്തുക രണ്ടുവാക്കിൽ ചുരുക്കിയാൽ സത്യവും സ്നേഹവുമാണ്''. കേരളത്തിന് സ്വന്തമായ മലയാളത്തനിമ വേണമെന്ന് ആഗ്രഹിച്ചതും വാർത്തെടുത്തതും സി. കേശവനാണ്.

നിവർത്തന പ്രസ്ഥാനത്തിന്റെ നായകനായി 1935 മേയ് 13ന് സി. കേശവൻ കോഴഞ്ചേരിയിൽ ചെയ്ത പ്രസംഗം ആധുനിക ചരിത്രത്തിലെ തിളങ്ങുന്ന ഒരേടാണ്. പിന്നാക്ക ജനവിഭാഗങ്ങൾക്ക് ആരാധന സ്വാതന്ത്ര്യം, വോട്ടവകാശം, സര്‍ക്കാര്‍ ജോലി തുടങ്ങിയ പൗരാവകാശങ്ങള്‍ നിഷേധിച്ച് എല്ലായിടത്തും സവര്‍ണഭരണം സാധ്യമാക്കിയ ദിവാൻ സർ സി.പിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം 'സര്‍ സി.പി എന്ന ജന്തു'വിനെ നമുക്കാവശ്യമില്ല എന്നും പ്രഖ്യാപിച്ചു. ആ പ്രസംഗത്തെത്തുടർന്ന് അറസ്റ്റിലായ അദ്ദേഹത്തെ ഒരു കൊല്ലത്തേക്ക് ശിക്ഷിക്കാനാണ് കോടതി ആദ്യം തീരുമാനിച്ചത്. വിധികേട്ട് സി. കേശവൻ ധിക്കാരത്തോടെ ചോദിച്ചു: "ഇത്രയേയുള്ളോ ശിക്ഷ? ഞാൻ വിചാരിച്ചു എന്നെ തൂക്കിക്കൊല്ലുമെന്ന്!". അദ്ദേഹത്തിന്റെ തന്റേടം കോടതിക്ക് പ്രസംഗത്തേക്കാൾ പ്രകോപനപരമായി തോന്നി. അങ്ങനെ തടവ് രണ്ടുവർഷത്തേക്കായി.

നാഗർകോവിലിനു പുറത്തുള്ള ഒരു ജയിലിലാണ് നേരെ കൊണ്ടുപോയത്. പിന്നീട് പൂജപ്പുര ജയിലിലേക്കും. ഏകാന്ത തടവുകാരനായി സി. കേശവൻ എഴുതിയ 'ഡോൺ ജൂവൻ' എന്ന അവിസ്മരണീയ ലേഖനം ജയിലിനുള്ളിലെ ചിന്തകളാണ്. മോചിതനായ വേളയിൽ ആലപ്പുഴ നല്കിയ സ്വീകരണത്തിൽ നടത്തിയ കിടങ്ങാംപറമ്പ് പ്രസംഗം മറ്റൊരു ചരിത്രമായി നിലകൊള്ളുന്നു. കേരളത്തിൽ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാപിക്കുന്നത് ഈ കാലയളവിലാണ്. ക്വിറ്റിന്ത്യാ സമരവേളയിൽ പലകുറി ജയിലിലടക്കപ്പെട്ടു.

തിരു-കൊച്ചി മുഖ്യമന്ത്രിയായിരിക്കെ സി. കേശവന്റെ ധിഷണയിലുദിച്ചതാണ് കാർഷികബന്ധ ബില്ല്. ഇതിനായി മാത്യു തരകനുമായി ചേർന്ന് കരട് തയാറാക്കിയെങ്കിലും നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയാതെപോയി. സി. കേശവൻ ഒരുനല്ല പാട്ടുകാരനായിരുന്നു. ടാഗോറിനുവേണ്ടി പാടിയ ആശാന്റെ 'ദിവ്യകോകിലം' ഏറെ പ്രസിദ്ധമാണ്. ചില നേരമ്പോക്കു പാട്ടുകളും ഫലിതപ്രിയനായ അദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.

(സി. കേശവൻ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C. Keshavanbagavan Karl Marx
News Summary - C. Keshavan's 'Lord Karl Marx'
Next Story