മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍
text_fields'ഞാന്‍' എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: ''കൊല്ലം ആയിരത്തിനാൽപത്തിയാറ് കുംഭമാസത്തിലെ, തീയതി നിശ്ചയമില്ലാത്ത ഒരു ഞായറാഴ്ചയും മകവും കൂടിയ ദിവസമാണ് ഞാന്‍ ഭൂലോകജാതനായത്.'' സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സാഹിത്യകാര ഡയറക്ടറിയിലും എന്‍.കെ. ദാമോദരന്‍ എഴുതിയ സി.വി ജീവചരിത്രത്തിലും 1046 മകരമാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ, സി.വിയുടെ ജനനത്തീയതി 1871 ഫെബ്രുവരി ആറാം തീയതിയായി. കുംഭമാസം എങ്ങനെ മകരമായെന്ന് നിശ്ചയമില്ല.
'സി.വി. കുഞ്ഞുരാമന് സ്മരണിക' പ്രസിദ്ധീകരിച്ചുകൊണ്ടാണ് സി.വിയുടെ സാഹിത്യലോകത്ത് ഞാന്‍ പ്രവേശിക്കുന്നത്. അതൊരു യാത്രയായിരുന്നു! ആ യാത്രയില്‍ പല പുതിയ അറിവുകളും നേടുകയുണ്ടായി. അതിനിടയില്‍, ചില രസകരമായ സന്ദര്‍ഭങ്ങളുമുണ്ടായി. 'കാക്കേ കാക്കേ കൂടെവിടെ' വിവാദം അതിലൊന്നാണ്. ഇപ്പോഴും നിശ്ചയം പോരാ ആ കവിതയുടെ രചയിതാവ് ആരാണെന്ന്? കെ.പി. അപ്പന് എഴുതിയതുപോലെ ചിന്തിക്കാനാണ് എനിക്കിഷ്ടം. 'അയ്യോ കാക്കേ പറ്റിച്ചോ' എന്നെഴുതാന്‍ ഒരു സി.വി. കുഞ്ഞുരാമനു മാത്രമേ കഴിയുകയുള്ളൂ.
സി.വി. കുഞ്ഞുരാമന് ഒരു ബഹുമുഖപ്രതിഭയായിരുന്നു. എഴുത്തുകാരന്, സാമൂഹിക വിപ്ലവകാരി, പത്രാധിപര്‍, നവോത്ഥാന നായകന്, നോവലിസ്റ്റ്, കവി, ചരിത്രകാരന്, ഉപന്യാസകാരന്‍, അഭിഭാഷകന്, നിയമസഭ സാമാജികന്, അധ്യാപകന്. ആധുനിക മലയാള ഗദ്യത്തിെൻറ സ്രഷ്ടാക്കളില് അഗ്രഗണ്യനാകുന്നു സി.വി. കുഞ്ഞുരാമന്. നിലനിന്നിരുന്ന പല വിശ്വാസങ്ങളെയും തകര്‍ത്തുകൊണ്ടാണ് സി.വിയുടെ ഗദ്യം സ്ഥാപിക്കപ്പെടുന്നത്. പഞ്ചവടി, വാല്മീകി രാമായണം, വ്യാസഭാരതം, സോമനാഥന്, എെൻറ ശ്രീകോവില്‍, കാര്‍ത്തികോദയം, അറബിക്കഥകള്‍, വരലോല, രാധാറാണി, കാന്തിമതി, രാഗപരിണാമം, ഹേമലീല, ഉണ്ണിയാര്‍ച്ച, ഒരു നൂറ്റാണ്ടിനുമുമ്പ് എന്നിവയാണ് സി.വിയുടെ പ്രധാന കൃതികള്‍.
1911ല്‍ സി.വി സ്വന്തമായി 'കേരള കൗമുദി' ആരംഭിച്ചു. അദ്ദേഹത്തിെൻറ ധീരമായ അഭിപ്രായ പ്രകടനങ്ങളും അതിശക്തമായ ഭാഷയും രാഷ്ട്രീയ-സാമൂഹികകാര്യങ്ങളില്‍ വമ്പിച്ച ചലനങ്ങളുണ്ടാക്കി. മലയാളരാജ്യം, നവജീവന്‍, നവശക്തി, കഥാമാലിക, വിവേകോദയം, യുക്തിവാദി എന്നീ ആനുകാലികങ്ങളുടെ പത്രാധിപത്യം സി.വി വഹിച്ചിട്ടുണ്ട്.
'കേരള കൗമുദി'യിലും 'മലയാളരാജ്യ'ത്തിലും 'ദേശാഭിമാനി'യിലും എഴുതിയ മുഖപ്രസംഗങ്ങള്‍ സി.വി തൂലികയുടെ മൂര്‍ച്ചയും മാർദവവും അറിയിക്കുന്നതാണ്. 'ഇരുമ്പുലക്ക' പ്രതിയോഗികളെ അമര്‍ത്താന്‍ സി.വി. കുഞ്ഞുരാമന് പ്രയോഗിച്ച ഗദയാണ്. അദ്ദേഹത്തിെൻറ മനോഹരമായ കൈയക്ഷരം മയ്യനാടന്‍ വടിവ് എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിെൻറ ഗദ്യശൈലിയും വിശിഷ്ടമായ കൈയക്ഷരവുമാണ് സി.വിയുടെ ഒസ്യത്ത് എന്നു കരുതുന്നു.
പത്രലോകത്ത് അപൂർവ റെേക്കാഡുകളുടെ സ്ഥാപകനുമാണ് സി.വി. കുഞ്ഞുരാമന്. നാരായണ ഗുരുവുമായി സി.വി നടത്തിയ സംവാദം മലയാള പത്രചരിത്രത്തിലെ ആദ്യത്തെ പ്രസ് ഇൻറര്‍വ്യൂ ആയി വിലയിരുത്തപ്പെടുന്നു. ഒരു പ്രഫഷനല്‍ ജേണലിസ്റ്റായിരുന്ന സി.വി നർമവും മർമവും അറിഞ്ഞ പത്രാധിപര്കൂടിയായിരുന്നു. കൗമുദി ബാലകൃഷ്ണന് ഒരിക്കല്‍ എഴുതി: ''സി.വി. കുഞ്ഞുരാമന് ഒരു കാലഘട്ടത്തിെൻറ ഞെട്ടലായിരുന്നു. അദ്ദേഹം ചരിക്കാത്ത പാതയില്ല. തകര്‍ക്കാത്ത അനാചാരമില്ല. ഞങ്ങള്‍ക്ക് ഒരു കുടുംബമുണ്ടാക്കിയത് അദ്ദേഹമാണ്.''
ഒരു കാലഘട്ടത്തിെൻറ ഞെട്ടല്‍
പണ്ഡിതനായ സി.വി. കുഞ്ഞുരാമന് വിപ്ലവം സൃഷ്ടിച്ചത് ഭാഷയിലാണ്. സംസ്കൃതം നിറഞ്ഞ മലയാള ഭാഷയെ ശുദ്ധീകരിച്ച് ലളിതവും സുന്ദരവുമാക്കി. പാമരനും വായിച്ചാല്‍ മനസ്സിലാകുന്ന മലയാളം! മലയാളിയുടെ ദൃഢമായ ഒരു വിശ്വാസത്തെ സി.വി അങ്ങനെ തകര്‍ത്തു. 1891ല്‍ എഴുതിയ കെ.സി. കേശവപിള്ളയുടെ ജീവിതകഥ മുതല്‍ 1948ല്‍ പുറത്തിറങ്ങിയ ആത്മകഥ 'ഞാന്‍' വരെ ഇതിന് ഉദാഹരണങ്ങളാകുന്നു. സി.വി കൈവെക്കാത്ത മേഖലകളില്ല: കവിത, കഥ, നോവല്‍, ഉപന്യാസം, നിരൂപണം, വിവര്‍ത്തനം, മുഖപ്രസംഗം, യാത്രാവിവരണം, ചരിത്രം, ഗവേഷണം, പുരാണഇതിഹാസങ്ങളുടെ വ്യാഖ്യാനം, ജീവചരിത്രം, ആത്മകഥ. ഭാവനയുടെ ഒരു വിസ്മയലോകം സൃഷ്ടിച്ച്, മലയാളത്തില്‍ ആദ്യമായി വാല്മീകി രാമായണം, വ്യാസഭാരതം, അറബിക്കഥകള്‍, ഷേക്സ്പിയറിെൻറ കഥകള്‍ എന്നിവ സി.വി. കുഞ്ഞുരാമന് പുറത്തുകൊണ്ടുവന്നു. ഒരു കാര്യംകൂടി ഓര്‍ക്കണം: കേവലം എട്ടാം ക്ലാസ് മാത്രം വരെ പഠിച്ച സി.വിയാണ് ഇത്രയും എഴുതിയത്! ഇതിനുപുറമെ, മലയാളഗദ്യത്തിനു രണ്ടു സംഭാവനകളും നൽകി. സി.വി ശൈലിയും മയ്യനാടന്‍ വടിവും.
കേരള കൗമുദിയും മലയാളരാജ്യവും സി.വി. കുഞ്ഞുരാമന് സ്ഥാപക പത്രാധിപരായിരുന്ന പത്രങ്ങളാണല്ലോ. കേരള കൗമുദി സി.പിയെ എതിര്‍ക്കുന്ന പത്രം; മലയാളരാജ്യം സി.പിയെ അനുകൂലിച്ച പത്രവും; രണ്ടു പത്രങ്ങള്‍ക്കും മുഖപ്രസംഗമെഴുതുന്നത് സി.വി. കുഞ്ഞുരാമന്! ലോക പത്രചരിത്രത്തില്‍ ഇങ്ങനെ ഒരു പ്രതിഭാസം കാണുമെന്നു തോന്നുന്നില്ല.
സാമൂഹിക പരിഷ്കരണ രംഗത്താണ് സി.വി. കുഞ്ഞുരാമന് പിന്നീട് സ്ഫോടനം സൃഷ്ടിച്ചത്. അര്‍ഹതയും യോഗ്യതയും ഉണ്ടായിരുന്നിട്ടും ഈഴവര്‍ക്കു സ്കൂളിലും ക്ഷേത്രങ്ങളിലും പ്രവേശനം നൽകിയില്ല. കേരളത്തിലെ മുഴുവന്‍ ഈഴവരും മതം മാറി ക്രിസ്തുമതത്തില്‍ ചേരണമെന്ന് സി.വി. കുഞ്ഞുരാമന് ആഹ്വാനംചെയ്തു. സി.വി. 'ഉരുട്ടിവിട്ട' മതപരിവര്ത്തനകോലാഹലം ചരിത്രമായി. എല്ലാവര്ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് 1936ല്‍ ഒരു വിളംബരം വന്നു.
സി.വി. കുഞ്ഞുരാമെൻറ ജീവിതവും എഴുത്തും ഭാഷയും ഇന്നും ആരെയും ആവേശംകൊള്ളിക്കുന്നതാണ്.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.