പൗരത്വ ഭേദഗതി നിയമം: കേന്ദ്രത്തിനു പറയാനുള്ളത്
text_fieldsപൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം പടരുന്ന പശ്ചാത്തലത്തി ൽ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി പ്രകാശ് ജാവ്ദേക്കർ മാധ്യമങ്ങൾക്കു നൽകിയ വിശദീകരണത്തിൽ നിന്ന്...
ആദ്യമേ പറയട്ടെ, പൗരത്വ ഭേദഗതി ബിൽ -2019 ഉം ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) രണ്ടു വ്യത്യസ്ത വിഷയങ്ങളാണ്. ഈ രണ്ടു വിഷയങ്ങളും കൂട്ടിക്കുഴക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ചില സംശയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്. ഇപ്പോൾ കൈക്കൊണ്ടുവരുന്ന നടപടികൾ മുസ്ലിംകൾക്കുള്ള സംരക്ഷണം ഇല്ലാതാക്കുമെന്നും അവർ ‘പുറത്തുള്ളവരായി’ പ്രഖ്യാപിക്കപ്പെടുമെന്നും അടിസ്ഥാനരഹിതമായ ഭയം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ആദ്യമായി, പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച്. വിഭജനം വരെ ബംഗ്ലാദേശും പാകിസ്താനും ഇന്ത്യയുടെ ഭാഗമായിരുന്നുവല്ലോ. പാകിസ്താനും ബംഗ്ലാദേശും രൂപവത്കരിക്കപ്പെട്ടതാകട്ടെ, മതത്തിെൻറ അടിസ്ഥാനത്തിലാണു താനും. ധാരാളം മുസ്ലിംകൾ ഈ രാജ്യങ്ങളിലേക്കു പോവുകയും ഈ രാജ്യങ്ങളിൽനിന്ന് ഏറെ ഹിന്ദുക്കൾ ഇന്ത്യയിലേക്കു വരുകയുമുണ്ടായി. അഭയാർഥികൾ ഇന്ത്യയിൽ പുനരധിവാസം നടത്തി. ആ നാളുകളിൽ മഹാത്മാഗാന്ധി പറഞ്ഞു: ‘ഒന്നായിരുന്ന ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു. ഇന്ത്യയിലേക്കു വന്നവർക്ക്പൗരത്വം നൽകേണ്ടത് നമ്മുടെ കടമയാണ്.’ ഇതുതന്നെയായിരുന്നു നെഹ്റുവിെൻറയും സർദാർ പട്ടേലിെൻറയും നിലപാട്. ദശലക്ഷക്കണക്കിന് അഭയാർഥികൾക്കാണ് അക്കാലത്ത് പൗരത്വം നൽകിയത്.
ഇന്ന് പാകിസ്താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും സ്വയംപ്രഖ്യാപിത ഇസ്ലാമിക രാഷ്ട്രങ്ങളാണ്. അതിനാൽത്തന്നെ, അവിടങ്ങളിൽ മതത്തിെൻറ പേരിൽ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലേയില്ല. ഇന്ത്യയിലാകട്ടെ, വിശുദ്ധമായി കാണുന്നത് ഏതെങ്കിലും മതത്തെയല്ല; ഭരണഘടനയെയാണ്. എന്നിരിക്കെ, ഇന്ത്യ എന്നും പിന്തുടർന്നുവന്നിട്ടുള്ളത് ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി അഭയാർഥികൾക്കു സംരക്ഷണം നൽകുക എന്ന നയമാണ്. ഈ നയത്തിനു രൂപം നൽകാനുള്ള നടപടികൾക്ക് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 2003ൽ തുടക്കമിട്ടു. പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നും എത്തുന്ന ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നു സമരം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ പലതും അന്ന് വാജ്പേയി ഗവൺമെൻറിനെ പിന്തുണക്കുകയായിരുന്നു.
അതിനുശേഷമാണ് മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിൽ യു.പി.എ ഗവൺമെൻറ് അധികാരത്തിലെത്തിയത്. വ്യവസ്ഥകൾ ഒരു വർഷത്തേക്കു നീട്ടി അവർ പ്രസ്തുത ബിൽ പാർലമെൻറിൽ പാസാക്കിയെടുത്തു. 2005ൽ ഇത് ആവർത്തിക്കപ്പെട്ടു. ഇപ്പോൾ ഞങ്ങളെ എതിർക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളും തൃണമൂൽ കോൺഗ്രസും മറ്റ് ഏതാനും പാർട്ടികളും യു.പി.എ ഗവൺമെൻറിെൻറ ഭാഗമായിരുന്നു. 2003ലെ നിയമം പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഹിന്ദു അഭയാർഥികളെക്കുറിച്ചു മാത്രമേ പറയുന്നുള്ളൂ.
എന്നാൽ, ഇപ്പോഴത്തെ നമ്മുടെ നിയമം മതപരമായ വിവേചനം നിമിത്തം ദുരിതമനുഭവിക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയും ജൈനൻമാരെയും പാഴ്സികളെയും കുറിച്ചു പറയുന്നുണ്ട്. അതിനാൽ ഈ നിയമം മുൻകാല നിയമങ്ങളെക്കാൾ സമഗ്രമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെ സ്വാഗതം ചെയ്യുന്ന സാഹചര്യമായിരുന്നു ഉണ്ടാവേണ്ടത്. എന്നാൽ, രാഷ്ട്രീയലാഭങ്ങൾ മോഹിച്ച് ചില പാർട്ടികൾ തങ്ങൾ 2004ലും 2005ലും കൈക്കൊണ്ടതിനു വിരുദ്ധമായ നിലപാടു കൈക്കൊള്ളുകയാണ്. ഇതു കാപട്യമാണ്.
എന്തുകൊണ്ടാണ് മുസ്ലിംകളോട് വിവേചനം എന്നാണ് ഇപ്പോൾ ഉയരുന്ന ഒരു ചോദ്യം. ഉത്തരം മുസ്ലിംകളോട് വിവേചനമില്ല എന്നാണ്. ഭാവിയിലും മുസ്ലിംകളോട് വിവേചനം ഉണ്ടാവരുത് താനും. ഈ വിഷയത്തിൽ ഇപ്പോഴോ ഭാവിയിലോ മുസ്ലിംകൾ ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടിവരില്ല. മുസ്ലിം പൗരന്മാരുടെ ദേശസ്നേഹം ഒരുതരത്തിലും സംശയിക്കപ്പെടാൻ പോകുന്നില്ല. ഒരു മുസ്ലിം പൗരെൻറയും അവകാശങ്ങൾ നഷ്ടമാവുകയുമില്ല. ഇപ്പോഴത്തെ പ്രശ്നം ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്നതേ അല്ല. ലോകത്ത് ഒരു രാജ്യവും കുറുക്കുവഴികളിലൂടെ പൗരത്വം നൽകില്ല. എല്ലാ രാഷ്ട്രങ്ങൾക്കും പൗരത്വം അനുവദിക്കുന്നതിന് അവരുടേതായ വ്യവസ്ഥകളുണ്ട്; അനധികൃതമായി എത്തുന്നവരെ പുറത്താക്കുകയും ചെയ്യും.
ഇത് ആരാലും എതിർക്കപ്പെടാത്ത ഒരു ആഗോള ശൈലിയാണ്. അതേ ശൈലി ഇന്ത്യ പിന്തുടരുമ്പോൾ എതിർപ്പുമായി ചിലർ രംഗത്തെത്തുന്നു എന്നതു തീർച്ചയായും നിർഭാഗ്യകരമാണ്. ഇതേ ശക്തികളാണ് ചിലരുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും കൂട്ടിക്കുഴച്ചത്. ലോകത്തെ പ്രമുഖ രാഷ്ട്രങ്ങൾക്കെല്ലാം പൗരൻമാരുടെ രജിസ്റ്ററുണ്ട്. ഇന്ത്യക്ക് അതില്ല. അതു സാധ്യമാക്കുന്നതിന് എൻ.ആർ.സി സഹായിക്കും. 1985ൽ അസം കരാർ ഒപ്പിട്ട വേളയിൽ രാജീവ് ഗാന്ധിയാണ് ഇത്തരമൊരു രജിസ്റ്ററിെൻറ ആവശ്യകത ആദ്യം തിരിച്ചറിഞ്ഞത്. ഇപ്പോൾ അസമിലുള്ള എൻ.ആർ.സി അന്നത്തെ കരാറിെൻറ വ്യവസ്ഥകൾ പ്രകാരം നടപ്പാക്കിയതാണ്.
രജിസ്റ്ററിൽ പേരില്ലാത്തവർക്ക് വീണ്ടും അപേക്ഷ നൽകാൻ അവസരം നൽകിയിട്ടുണ്ട്. ഈ പ്രശ്നമൊന്നാകെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാകയാൽ എന്തെങ്കിലും സംശയമുന്നയിക്കുന്നതു ശരിയുമല്ല. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ എൻ.ആർ.സി നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് രൂപം നൽകാനിരിക്കുന്നതേയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ യാഥാർഥ്യമായിട്ടുള്ളതു പൗരത്വ ഭേദഗതി നിയമം മാത്രമാണ്. എൻ.ആർ.സിയെക്കുറിച്ച് ചർച്ചകൾ നടന്നുവരുന്നതേയുള്ളൂ. എന്നാൽ, ഒരു കാര്യം വ്യക്തമാക്കാം: 130 കോടിയിലേറെ വരുന്ന ഇന്ത്യക്കാരിൽ ഒരാൾപോലും എൻ.ആർ.സിയിൽനിന്ന് ഒഴിവാക്കപ്പെടില്ല. ഒഴിവാക്കപ്പെടുമെന്നു സംശയിച്ച് ആരും ഭയക്കേണ്ടതില്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.