Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകാക്കഫോണികൾക്കും ഒരു...

കാക്കഫോണികൾക്കും ഒരു കാലമുണ്ട്

text_fields
bookmark_border
Vaikom Muhammad Basheer, Harriet Beecher Stowe, Vylopilly, P.P. Ramachandran, Nasar Irimbiliyam
cancel
camera_alt

വൈക്കം മുഹമ്മദ് ബഷീർ, ഹാരിയറ്റ് ബീച്ചർ സ്റ്റോവ്, വൈലോപ്പിള്ളി, പി.പി. രാമചന്ദ്രൻ, നാസർ ഇരുമ്പിളിയം

ഒരുകാലത്ത് മനുഷ്യരെക്കാളേറെ കാക്കകൾ ഉണ്ടായിരുന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എവിടെ തിരിഞ്ഞാലും കാക്കകൾ പുലർച്ച മുതൽ അർധരാത്രിവരെ എങ്ങും എവിടെയും എപ്പോഴും കൂട്ടം കൂട്ടമായി മലയാളത്തിൽ കാ കാ എന്നും ഇംഗ്ലീഷിൽ േക്രാ േക്രാ എന്നും ശബ്ദമുണ്ടാക്കി ആരെയും കൂസാതെ സ്വതന്ത്രരായി സർവ പ്രതാപങ്ങളോടെയും ജീവിച്ചുപോന്നു. അതുകൾ ഗ്രാമത്തെയാകെ കാേക്രാ മുഖരിതമാക്കി. കറുത്തനിറവും പരുക്കൻ ശബ്ദവും ജീർണവസ്​തുതീറ്റയും മാത്രം കണ്ട് കണ്ടാവണം അന്നൊന്നും കാക്കകളെ ആദരിക്കാൻ ഞങ്ങൾക്ക് തോന്നാതിരുന്നത്. കാണുന്നിടത്തൊക്കെവെച്ച് അതിനെ കല്ലെടുത്തെറിഞ്ഞു. മലയാളം എം.എക്ക് ചേർന്ന് വൈലോപ്പിള്ളിയുടെ ‘കാക്ക’ എന്ന പേരിലുള്ള കവിത വായിച്ചശേഷമാണ്, കാക്കകൾ സർവതന്ത്രസ്വതന്ത്രരായി വിഹരിക്കുന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ മഹത്ത്വം ശരിക്കും മനസ്സിലായത്.

‘കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ/സൂര്യപ്രകാശത്തിനുറ്റതോഴി’ എന്ന കാക്കയെക്കുറിച്ചുള്ള വൈലോപ്പിള്ളിയുടെ വരികളും മൂളി പിൽക്കാലത്ത് സ്വന്തം ഗ്രാമത്തിലെത്തിയപ്പോഴേക്കും ആദരിക്കാനൊരവസരം തരാതെ കാക്കകളെല്ലാം അപ്രത്യക്ഷരായി കഴിഞ്ഞിരുന്നു.

കാലം മാറിയതോടെ എങ്ങും വൈദ്യുതദീപങ്ങൾ തെളിഞ്ഞു. ഗ്രാമത്തിലാകെ കെട്ടിടങ്ങൾ നിറഞ്ഞു. പട്ടണമായി മാറിയ പഴയഗ്രാമം ബഹളമയമായി. അതോടെ കാക്കകൾ സ്​ഥലംവിട്ടു! ഈയിടെ പഴയഗ്രാമത്തിന്റെ അവശിഷ്​ടങ്ങൾ നിലനിൽക്കുന്ന പരിഷ്കാരം വേണ്ടത്ര കടന്നുവരാത്ത പ്രദേശങ്ങളിലൂടെ കടന്നുപോയപ്പോൾ അവിടെ ഒരു കാക്കത്തൂവൽപോലും കാണാൻ കഴിഞ്ഞില്ല. പരസ്​പര സംഭാഷണങ്ങൾക്കിടയിൽ എങ്ങോ പറന്നുപോയ കാക്കകളെക്കുറിച്ച് കാര്യമായി ആരുമൊന്നും പറഞ്ഞില്ല.

‘ഞാനിവിടെയുണ്ടെന്നറിയിക്കുവാൻ/മധുരമാമൊരു കൂവൽമാത്രം മതി/ഞാനിവിടെയുണ്ടായിരുന്നതിൻ/തെളിവായി വെറുമൊരു തൂവൽ താഴെയിട്ടാൽ മതി’ എന്ന് പ്രശസ്​ത കവി പി.പി. രാമചന്ദ്രനെഴുതിയത് കാക്കകളെക്കുറിച്ചല്ല, കിളികളെക്കുറിച്ചാണ്. കാക്ക കിളിയല്ല!

മുമ്പൊക്കെ കാക്കകൾ കൂടുതലുണ്ടായിരുന്ന കാലത്ത്, ഒരു കല്ലെടുക്കുന്നത് കണ്ടാൽതന്നെ അവ പേടിച്ച് പറന്നുപോവുമായിരുന്നു. അവശേഷിക്കുന്ന കാക്കക്കുട്ടികൾ കല്ലും ശാപവാക്കുകളും പോ കാക്കേ വിളികളും നിരന്തരം കേട്ട് വളർന്നതുകൊണ്ടാവണം, മുദ്രാവാക്യങ്ങളിൽ പറയുന്നതുപോലെ, ശരിക്കും തീയിൽ ജനിച്ചതുകൊണ്ടാവണം, കൈയിലെ കല്ല് കണ്ടാലൊന്നും ഇപ്പോളവ വേഗം പറന്നുപോവാത്തത്. പോ കാക്കേ എന്നുച്ചത്തിൽ പറഞ്ഞാൽ മുമ്പത് തലതാഴ്ത്തി നിന്നിരുന്നു. എന്നാലിന്നതും തലപൊക്കി എവിടെപ്പോകാൻ എന്ന് ചോദിക്കുംമട്ടിൽ തുറിച്ചുനോക്കുകയാണ്. എണ്ണം കുറഞ്ഞിട്ടും വമ്പത്തരത്തിന് ഒരു കുറവുമില്ല. വിവരമുള്ളവരോട് ഇക്കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അവർ പറഞ്ഞത്, ഇതൊക്കെ കലികാലത്തിന്റെ അടയാളമാവാമെന്നാണ്. എന്നാൽ, കവികളായ വി.എം.ജിയും രാജീവ് പെരുമൺപുറയും ഇതിനെ കാണുന്നത് കലികാലമായല്ല, ജനായത്തത്തിന്റെ കരുത്തായാണ്. എല്ലാ കാക്കകൾക്കും ഒരു കാലമുണ്ട് എന്നോ മറ്റോ അർഥമുള്ള ഒരുവരി അവരുടെ കവിതയിലുണ്ടായിരുന്നത് ഓർക്കുന്നു! കാക്കഫ്രീ പ്രദേശമായി മാറിയ ഒരു ഗ്രാമത്തിന്റെ കാക്കോൾജിയായുടെ മങ്ങിയ ഓർമകളെ ശിരസ്സിലേറ്റിയ ഒരു കിടിലൻ വാക്യമായാണ് വിമർശകർ ആ കാവ്യപ്രയോഗത്തെ വിശദീകരിക്കുന്നത്!

അതെന്തായാലും പ്രത്യക്ഷത്തിൽ പരസ്​പര ബന്ധമില്ലാത്ത പ്രബന്ധങ്ങളുടെ സമാഹാരമായ സ്വന്തം പുസ്​തകത്തിന്, കാക്കഫോണികൾക്കും ഒരു കാലമുണ്ട് എന്ന് പേര്കൊടുത്തു. ഈ പേര് നിനക്ക് എവിടന്ന് കിട്ടി? സുഹൃത്തുക്കൾ ചോദിച്ചു. ഞാൻ പറഞ്ഞു, പിറന്ന ഗ്രാമത്തിൽനിന്ന്. ഇംഗ്ലീഷിൽ ഈ വാക്കിന്റെ സ്​പെല്ലിങ് അറിയുമോ, അർഥമറിയുമോ നിനക്ക്? ഞാൻ പറഞ്ഞു: ഇല്ല. അബദ്ധത്തിൽപോലും സ്​കൂളിൽ വെച്ചോ കോളജിൽവെച്ചോ, കാക്കഫോണിയെന്ന വാക്കിനെ കണ്ടിട്ടും കേട്ടിട്ടുമുണ്ടായിരുന്നില്ല. സിംഫണിയും യുഫോണിയുമൊക്കെ വാക്യത്തിൽ പ്രയോഗിച്ചിട്ടില്ലെങ്കിലും കേട്ടിട്ടുണ്ടായിരുന്നു. അപ്പോഴാണ് മനസ്സിലായത്, പുസ്​തകത്തിന്റെ തലക്കെട്ട് രൂപപ്പെട്ടത് ഇംഗ്ലീഷിൽ നിന്നല്ല സ്വന്തം ഗ്രാമത്തിൽനിന്നാണെന്ന്! ഫോണുകൾ ഇല്ലാതിരുന്ന, കാക്കകൾ മാത്രമുണ്ടായിരുന്ന, ക്വിറ്റ്ഇന്ത്യാ സമരകാലത്ത് ക്വിറ്റ് ഇന്ത്യാ എന്നതിനു പകരം നാടൻ മലയാളത്തിൽ പോടാബ്രിട്ടാ എന്ന് മുദ്രാവാക്യം വിളിച്ച ഗ്രാമത്തിന്റെ മനസ്സ് പിളർന്നുവന്ന വാക്കാണ് സ്വന്തം പുസ്​തകത്തിന്റെ തലക്കെട്ടായതെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഒരിക്കൽകൂടി ഗ്രാമസ്​മരണകൾ മനസ്സിലൂടെ ആഹ്ലാദം പകർന്ന് കടന്നുപോയി! സാഹിത്യത്തിൽ പറഞ്ഞാൽ നൊസ്റ്റാൾജിയയുടെ ബ്രദർ വില്ലേജോൾജിയായുടെ െഫ്രയിം പൊളിക്കുന്ന ഒരു മൈൻഡ്സെറ്റ്! കൊന്ന് തീർക്കാനോ തിന്ന് തീർക്കാനോ ആട്ടിയകറ്റാനോ കഴിയാത്ത കാക്കകൾക്ക് ആരുടെയും വക്കാലത്ത് ആവശ്യമില്ല.

കാക്കഫോണി (Cacophony) എന്ന വാക്കിന്റെ ജന്മദേശം ഞങ്ങളുടെ ഗ്രാമമല്ല, അങ്ങ് അകലെയുള്ള ഗ്രീസാണ്. ഗ്രീക് ഭാഷയിലെ കാകോസ് ​(Kakos) ഫോണി(Phony) എന്നീ രണ്ട് വാക്കുകൾ കൂടിച്ചേർന്നാണ് കാക്കഫോണി ഉണ്ടായതെന്ന് ഡിക്ഷ്നറി. കാകോസ്​ എന്നാൽ ചീത്ത. ഫോണിയെന്നാൽ ശബ്ദം. ചീത്തശബ്ദം എന്നർഥം. ആ വാക്കിന്റെ വിപരീതമായി കാണുന്നത്, നല്ലശബ്ദം, എന്ന അർഥത്തിൽ യുഫോണി (Euphony)യാണ്. ശബ്ദം, അലർച്ച, ചിലയ്ക്കൽ മുതൽ കാക്കഫോണിക്ക് പര്യായങ്ങൾ നിരവധി! ചിന്തയെ തുലക്കുന്ന ഒരു ഭീകരനായിട്ടാണ് പൊതുവിൽ നിഘണ്ടുവിലെ കാക്കഫോണിയുടെ നിൽപ്. ‘A cacophony is a blend of unharmonious sounds.’ ചേർച്ചയില്ലാത്ത ശബ്ദങ്ങളുടെ കലർപ്പെന്ന നിലയിൽ മനോഹരമായ വിശദീകരണവും കാക്കഫോണിക്കുണ്ട്. ചേരാതെ നിൽക്കുന്നവരൊക്കെ എന്നും ചേരാതെ നിൽക്കണമെന്നുള്ളത് ഒരു ഫാഷിസ്റ്റ് മോഹം മാത്രമാണ്! മോരും മുതിരയും പോലെ തുടങ്ങി എത്രയെത്ര വിശുദ്ധ പോലെകളുടെ ശ്മശാനമാണ് ചരിത്രം. ഞാൻ ഞാൻ എന്നഹങ്കരിച്ച ആ രാജാക്കന്മാരും സുൽത്താന്മാരും ഇന്നെവിടെ എന്ന് മുമ്പ് വൈക്കം മുഹമ്മദ് ബഷീർ.

മഹത്തായ സാഹിത്യസൃഷ്​ടികളെല്ലാം കാക്കഫോണിക് ആണ്! ഇടയിൽ സിംഫണികളും ഉണ്ടാവാമെന്നുമാത്രം. അനിവാര്യതകളിൽനിന്നാണ് സിംഫണികൾ പൊതുവിൽ ഉണ്ടാവുന്നതെങ്കിൽ, യാദൃച്ഛികതകളിൽനിന്നാണ് കാക്കഫോണികളധികവും ഉണ്ടാവുന്നത്. ഉറച്ചു​േപായ മർദകക്രമങ്ങൾക്ക് ഒരിക്കലും ഒരു കാക്കഫോണിയാകാനാവില്ല. അതു​െകാണ്ടാവണം മർദകക്രമങ്ങളെ കലപില ശബ്ദംകൊണ്ട് അസ്വസ്​ഥമാക്കുന്ന അതിനേറെ തെറികൾ കേൾക്കേണ്ടി വന്നത്. അങ്ങനെ നോക്കുമ്പോൾ ഭാഗ്യം, നിർഭാഗ്യം എന്നൊക്കെ മുദ്രകുത്തപ്പെടുന്നതിനിടയിൽനിന്നും കാക്കഫോണിയുടെ ഇളി കാണാനാവും. നമുക്ക് അനുകൂലമാവുമ്പോൾ യാദൃച്ഛികത ഭാഗ്യവും, അല്ലാതാവുമ്പോൾ നിർഭാഗ്യവുമാവും! യൂനിഫോമിടാൻ വിസമ്മതിക്കുന്ന ഒരു വികൃതിക്കുട്ടിയാണ് കാക്കഫോണി. ഇനി മുതൽ ‘ഇടപെടൽ’ എന്ന കോളത്തിൽ ഇടക്ക് വല്ലപ്പോഴും ഇപ്രകാരമുള്ള പരസ്​പരബന്ധം കുറഞ്ഞ കാക്കഫോണിക് വിശേഷങ്ങൾകൂടി ഉൾപ്പെടുത്താനാവുമെന്നാണ് മോഹിക്കുന്നത്.

അതിന്റെ ഭാഗമായി ഇപ്രാവശ്യം ലോകം ശ്രദ്ധിച്ച, അമേരിക്കൻ വിപ്ലവത്തിന് ഊർജം പകർന്ന ഒരു നോവലും, അനിവാര്യമായും മലയാളികൾ ശ്രദ്ധിക്കേണ്ട പോസ്റ്റർ കവിതകളിൽനിന്ന് ഒരു കവിതയും എടുത്തു ചേർക്കുന്നു. ‘അങ്കിൾടോംസ്​ കാബിൻ’ എഴുതിയ ഹാരിയറ്റ് ബീച്ചർ സ്റ്റോവിന് പരിചയപ്പെടുത്തൽ ആവശ്യമില്ല. അമേരിക്കയിൽ ഈ കൃതിക്കെതിരെ അക്കാലത്ത് (1852ൽ)വലിയ കോലാഹലങ്ങളുണ്ടായി! ഒരു പ്രതിവിപ്ലവകാക്കഫോണി! ഈ നോവലിനെതിരെ പ്രതിനോവലുകളും ഉണ്ടായി! അബ്രഹാം ലിങ്കൺ ഹാരിയറ്റ് ബീച്ചർ സ്റ്റോവിനെ നോക്കി ഈ കൊച്ചുസ്​ത്രീയാണ് അമേരിക്കയിൽ ഇത്രവലിയ കോലാഹലമുണ്ടാക്കി വിപ്ലവം സൃഷ്​ടിച്ചതെന്നോർത്ത് വിസ്​മയപ്പെട്ടത് ചരിത്രം!

അടിമകളോട് സ്​നേഹപൂർവം പെരുമാറുന്ന ഒഫീലിയ എന്ന യജമാനത്തിയും പുതുതായി എത്തിയ അടിമഭൃത്യ ടോപ്സിയും തമ്മിലുള്ള സംഭാഷണത്തിലെ വിള്ളലിലും ഇളിയിലും ഇളകിയാടിയത് പ്രകട കാക്കഫോണിയാണ്. ‘ടോപ്സീ നിനക്കെത്ര വയസ്സായി’ എന്ന ഓഫീലിയയുടെ സിംഫണിക് ചോദ്യത്തെ പല്ലുകൾ മുഴുവൻ പുറത്തുകാട്ടി ഇളിച്ച് അവൾ പറഞ്ഞത് എനിക്കറിയില്ല എന്നാണ്. അറിയില്ല എന്നതിനേക്കാൾ ആ ഇളിയാണ് അടിമ-ഉടമ വ്യവസ്​ഥയെ ഇളിഭ്യമാക്കിയത്. തുടർന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കെല്ലാം, അവൾ നൽകുന്നത് ഇളിയോടു കൂടിയുള്ള കാക്കഫോണിക് മറുപടികളാണ്. സ്വന്തം വയസ്സു പോലും നിനക്കറിയില്ലേ, അതാരും പറഞ്ഞു തന്നിട്ടില്ലേ? നിന്റെ അമ്മ ആരാണ് എന്ന ചോദ്യത്തെ അവൾ നിലംപരിശാക്കിയത് എനിക്ക് അമ്മയില്ല.

ഒരിക്കലും ഉണ്ടായിട്ടും ഇല്ല എന്ന നിഷേധത്തിനൊപ്പം അതിനെരിവ് പകരുംവിധം ഇളിച്ചുകൊണ്ടാണ്. എന്നാൽ, ഒഫീലിയ എന്ന യജമാനത്തിയെ ടോപ്സിയിലൂടെ ഹാരിയറ്റ് ബീച്ച് സ്റ്റോവ് വട്ടം കറക്കിയത്, അമ്മയില്ലാതെ നിയെങ്ങനെ പിന്നെ ജനിച്ചു എന്ന അവരുടെ ചോദ്യത്തിന്, ഞാൻ ഒരിക്കലും ജനിച്ചിട്ടേ ഇല്ലല്ലോ എന്ന അവളുടെ മറുപടിയാണ്. ഇതേ ആശയം ഈ കുറിപ്പെഴുതുമ്പോൾ മറ്റൊരു വിധത്തിൽ മുമ്പ് കണ്ടത് പ്രശസ്​ത ദലിത് ചിന്തകനായ സൂരജ് യംഗ്ഡേയുടെ ജാതിയെക്കുറിച്ചുള്ളൊരു പുസ്​തകത്തിൽ ഉദ്ധരിച്ച കലേകുറി പ്രസാദിന്റെ കവിതയിലാണ്. ‘ഞാനെന്നാണ് ജനിച്ചതെന്ന് എനിക്കറിയില്ല. എങ്കിലും ആയിരക്കണക്കിന് കൊല്ലങ്ങൾക്കുമുമ്പ് ഞാനീമണ്ണിൽ കൊല്ലപ്പെട്ടുകൊണ്ടിരുന്നു എന്നുറപ്പാണ്’ എന്ന വരികളിൽ എരിയുന്നത് ഒരു നോവലിലും കൊള്ളാത്ത കീഴാള ജനതയുടെ നോവാണ്. ഇതുതന്നെയായിരുന്നു എന്റെ ജന്മമാണ് ഞാൻ ചെയ്ത കുറ്റം എന്നെഴുതി പൊരുതി ജീവിതം അവസാനിപ്പിച്ച രോഹിത് വെമുലയും സ്വന്തം ജീവിതംകൊണ്ട് ജാതിവ്യവസ്​ഥയെ വെല്ലുവിളിച്ചുകൊണ്ട് അടയാളപ്പെടുത്തിയത്. മനുഷ്യർ വേദനിക്കുമ്പോൾ, അരക്ഷിതത്വങ്ങളിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ കൂട്ടിനുണ്ടാകുന്നത് കാക്കഫോണികളായിരിക്കും.

ഇന്നത്തെ ഇന്ത്യനവസ്​ഥയിൽ പലനിലകളിൽ പ്രസക്തമായ ‘തനിനിറം’ എന്ന യുവപ്രതിഭ നാസർ ഇരുമ്പിളിയത്തിന്റെ പോസ്റ്റർ കവിത മറ്റെല്ലാ കവിതകളെയെന്നപോലെ കാക്കഫേണിക് ഭാവുകത്വത്തിന്റെ കൂടി ഭാഗമാണ്.

അങ്ങനെ തുളസിച്ചെടിയും ആൽമരവും ഹിന്ദുവായി/ഈന്തപ്പനയും മൈലാഞ്ചിയും മുസ്ലീമുമായി/ആനയും പശുവും ഹൈന്ദവനായപ്പോൾ/ആടും പോത്തും മുസൽമാനായി/കാക്കയും പരുന്തും ഹിന്ദുവാകും/പ്രാവും അബാബീലും മുസ്ലിം/കുളം ഹിന്ദുവായി, പുഴ മുസ്ലിം/ബിരിയാണി മുസ്ലിം, സദ്യ ഹിന്ദു/ഇനിയീ ആകാശവും ഭൂമിയും/വെള്ളവും വെളിച്ചവും/കാറ്റും കടലും എപ്പോഴാണാവോ/തനിനിറം വെളിവാക്കുന്നത്.

കേരളത്തിലുടനീളം നവഫാഷിസത്തിനെതിരെയുള്ള പ്രഭാഷണങ്ങളിൽ ഞാനാവർത്തിച്ചു പറഞ്ഞ പല കവിതകളിൽ ഒന്ന് നാസർ ഇരിമ്പിളിയത്തിന്റെ ‘തനിനിറം’ എന്ന കവിതയാണ്. ആ കവിത ആശയപ്രചാരണത്തിന്റെ ഭാഗമായി ആവർത്തിക്കുമ്പോൾ, എനിക്കീ നാസർ ഇരിമ്പിളിയം എന്ന കവിയെയോ, അദ്ദേഹത്തിന്റെ മറ്റ് കവിതകളെയോ കുറിച്ച് ഒന്നുമറിയില്ല. ഒരിക്കൽ വളാഞ്ചേരിയിൽ വെച്ചാണെന്ന് തോന്നുന്നു ആദ്യമായി നാസറിനെ കാണുന്നത്. പശു വിപരീതം മുസ്‍ലിം എന്നുവരെ തലകുത്തി നിൽക്കുന്ന ഒരു ക്രൂരകാലത്തെയാണ് ‘തനിനിറം’ എന്ന ആക്ഷേപഹാസ്യകവിത അടപടലം പിടിച്ചുകുലുക്കുന്നത്. ഹാരിയറ്റ് ബീച്ചർസ്റ്റോവിന്റെ ‘അങ്കിൾ​േടാംസ് കാബിൻ’ നോവലും നാസർ ഇരിമ്പിളിയത്തിന്റെ കവിതയും പ്രത്യേകം പറയേണ്ടതില്ലാത്തവിധം രണ്ട് ലോകങ്ങളിലാണ് നിലകൊള്ളുന്നത്.

പലപേരിൽ കടന്നുപോവുന്ന അധിനിവേശങ്ങളുടെ വിസ്​തൃത ലോകമാണ് ഹാരിയറ്റ് ബീച്ചറുടെ നോവൽ ആവിഷ്കരിക്കുന്നത്. എന്നാൽ ആ നോവലിലെ ഒരു പുറത്തിന്റെ കാൽപ്പുറംപോലും ദൈർഘ്യമില്ലാത്ത, ഒരു വിധേനയും അതിനോട് താരതമ്യപ്പെടുത്താനാവാത്ത തനിനിറം കവിതയിലും മിന്നിമറിയുന്നത് സ്വസ്​ഥതകളിൽ സുഷിരം വീഴ്ത്തുംവിധമുള്ള അധിനിവേശവിരുദ്ധ കാക്കഫോണിക് കാഴ്ചകളാണ്. താരതമ്യങ്ങളിൽ അത്യാവശ്യമായ ഔചിത്യമോ ഔന്നത്യമോ ഒന്നും കലഹപ്രിയരായ കാക്കഫോണികൾക്ക് പരിഗണിക്കേണ്ട കാര്യമില്ല. അതൊരു സകലഗുലാബിയാണ്, ഈയൊരു കുറിപ്പുപോലെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literatureCacophony
News Summary - Cacophony
Next Story