Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒരു ഗവർണർ ഇങ്ങനെയൊക്കെ ആകാമോ?
cancel

ഭൂഗോളത്തിന്‍റെ സ്‌പന്ദനം മാത്തമാറ്റിക്സിൽ ആണെന്ന 'സ്ഫടികം' സിനിമയിലെ ചാക്കോ മാഷുടെ ഡയലോഗ് പ്രസിദ്ധമാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്​ ഭൂമിയുടെ സ്പന്ദനം ഇംഗ്ലീഷാണ്. വ്യാകരണപ്പിശകില്ലാതെ ഇംഗ്ലീഷ് എഴുതാനറിയാത്തവരെല്ലാം അദ്ദേഹത്തിന്റെ കണ്ണിൽ മഹാ മോശക്കാരാണ്. കേരള സർവകലാശാല വൈസ് ചാൻസലർ വി.പി. മഹാദേവൻപിള്ളയിൽനിന്ന് ഗവർണർ നിർബന്ധിച്ച്​ എഴുതിവാങ്ങിയ കുറിപ്പിലെ അക്ഷരത്തെറ്റിന്റെയും വ്യാകരണപ്പിശകിന്റെയും പേരിൽ വി.സിയെ അദ്ദേഹം പരസ്യമായി അപമാനിച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദേശം വി.സി പാലിക്കാത്തതിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട വിവാദം ഒടുവിൽ ചെന്നെത്തിയിരിക്കുന്നതു മഹാദേവൻ പിള്ളയുടെ കുറിപ്പിലാണ്. ഗവർണറുടെ നിർദേശം സിൻഡിക്കേറ്റ് തള്ളി എന്നാണ് മഹാദേവൻ പിള്ള സ്വന്തം കൈപ്പടയിൽ ഒരു വെള്ളപേപ്പറിൽ എഴുതിക്കൊടുത്തത്. ഗവർണറുടെ ആവശ്യപ്രകാരം വി.സി അദ്ദേഹത്തെ രാജ്ഭവനിൽ ചെന്നു കണ്ടു തീരുമാനം അറിയിച്ചിരുന്നു. ഓഫിസിൽ ചെന്ന് ഔദ്യോഗിക കത്ത് തയാറാക്കാൻ അവസരം കൊടുക്കാതെ നിന്നനിൽപിൽ എഴുതിത്തരണമെന്ന് ഗവർണർ നിർബന്ധിക്കുകയും വി.സി വഴങ്ങുകയും ചെയ്തതായാണ് പറഞ്ഞു കേൾക്കുന്നത്.

വി.സിയുടെ ഈ കുറിപ്പ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതു സ്വാഭാവികമായും ഗവർണറുടെ ഓഫിസിൽ നിന്ന് ചോർത്തിക്കൊടുത്ത സാഹചര്യത്തിലാണ്. വി.സിയുടെ കത്തിൽ അക്ഷരപ്പിശകും വ്യാകരണപ്പിശകുമുണ്ട്. അത്​ അവസരമായെടുത്ത്​ അദ്ദേഹത്തെ പരസ്യമായി അവഹേളിക്കുകയാണ് ഗവർണർ ചെയ്തത്. ''ഇങ്ങനെയാണോ ഒരു വൈസ് ചാൻസലറുടെ ഭാഷ? രണ്ടു വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല'' എന്നാണ് ഖാൻ പ്രതികരിച്ചത്. വി.സി യുടെ ഭാഷ കണ്ട ഞെട്ടലിൽനിന്ന് മോചിതനാകാൻ ഏറെ സമയം എടുത്തുവെന്നുകൂടി ഖാൻ പറഞ്ഞതോടെ അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് വ്യക്തമായി. ഒരാളെ വ്യക്തിപരമായി അവഹേളിക്കുന്നതിന്റെ അങ്ങേയറ്റമായി ഇത്. സ്വന്തം അന്തസ്സും ഗവർണർ പദവിയുടെ മാന്യതയുമാണ് ഇവിടെ ഖാൻ കളഞ്ഞുകുളിച്ചത്. ഗവർണർക്കും മാധ്യമങ്ങൾക്കും മറുപടിയായി നൽകിയ പ്രസ്താവനയിൽ മഹാദേവൻ പിള്ള പറയുന്നു: ''ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല.'' മാതൃഭാഷയായ മലയാളത്തിലാണ് ഈ പ്രസ്താവന പിള്ള നൽകിയത്.

ലോക ഭാഷ എന്ന നിലയിൽ ഇംഗ്ലീഷിനു പ്രാധാന്യമുണ്ട്. ആശയവിനിമയത്തിൽ പലപ്പോഴും ഇംഗ്ലീഷ് അത്യന്താപേക്ഷിതമാകുന്ന സന്ദർഭങ്ങളുണ്ട്. എന്നാൽ, ഇംഗ്ലീഷ് തെറ്റുകൂടാതെ എഴുതാനോ പറയാനോ അറിയാത്തവരെല്ലാം, അതല്ലെങ്കിൽ അബദ്ധത്തിൽ ഒരു തെറ്റു വരുത്തിയ ആൾ മോശക്കാരൻ ആണെന്ന് ഒരു ഗവർണറും ധരിക്കരുത്. ലോകനേതാക്കളിൽ പലരും ഇംഗ്ലീഷ് ഭാഷ വശമില്ലാത്തവരോ തെറ്റു കൂടാതെ ഇംഗ്ലീഷ് പറയാനോ എഴുതാനോ അറിയാത്തവരാണ്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഡോണൾഡ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയുമെല്ലാം ഇംഗ്ലീഷ് മോശമാണ് എന്നാണ് ഇംഗ്ലീഷിനെ കുറിച്ചുള്ള ആധികാരികലേഖനങ്ങളിൽ കാണുന്നത്. മെട്രിക്കുലേഷൻ നിലവാരമേ ട്രംപിന്റെ ഇംഗ്ലീഷിനുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളും വാർത്തസമ്മേളനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നവർ അഭിപ്രായപ്പെട്ടത്. എന്നാൽ, ബറാക്​ ഒബാമ ഇംഗ്ലീഷ് ഭാഷ പ്രയോഗത്തിൽ ഏറെ മുന്നിലാണ്. പുടിന്​ ഇംഗ്ലീഷ് തീരെ വഴങ്ങില്ലെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇംഗ്ലീഷിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. കഴിവതും ഹിന്ദിയിലേ അദ്ദേഹം സംസാരിക്കാറുള്ളൂ. ഇംഗ്ലീഷിൽ സംസാരിക്കാൻ നിർബന്ധിതമായ സന്ദർഭങ്ങളിൽ ഇംഗ്ലീഷും ഹിന്ദിയും കലർത്തിയാണ് മോദി സംസാരിക്കുക. ഇന്ത്യയിലെ നൂറു കണക്കിന് സെലിബ്രിറ്റികൾ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിൽ പിന്നിലാണ്. ഇന്ത്യൻ പാർലമെന്റിലെ എത്ര മെംബർമാർക്ക്​, അല്ലെങ്കിൽ നമ്മുടെ ദേശീയ രാഷ്ട്രീയനേതാക്കളിൽ എത്ര പേർക്ക് തെറ്റു കൂടാതെ ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും കഴിയും? ശശി തരൂർ, പി. ചിദംബരം, മണിശങ്കര അയ്യർ, ഡോ. സുബ്രമണ്യസ്വാമി, ഡെറിക് ഒബ്രിയോൺ, ഉമർ അബ്ദുല്ല,ജ്യോതിരാദിത്യ സിന്ധ്യ എന്നിങ്ങനെ കുറച്ചു പേരുകളേ പറയാൻ കഴിയൂ. പാർലമെന്റിൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഭാഷകളിൽ ഏതിൽ വേണമെങ്കിലും എം.പിമാർക്ക് സംസാരിക്കാം. ഇംഗ്ലീഷ് നിർബന്ധമല്ല.

ഫിസിക്സിൽ ഡോക്ടറേറ്റ്​ ഉള്ള മഹാദേവൻ പിള്ള കേരള യൂനിവേഴ്‌സിറ്റി ഒപ്‌റ്റോ ഇലക്ട്രോണിക്സ് വിഭാഗം മേധാവിയായിരിക്കെയാണ് വൈസ് ചാൻസലറായത്. കുസാറ്റ്, പെരി​യോർ, അളഗപ്പ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് മെംബറായിരുന്ന പിള്ളയെ മുൻ ഗവർണർ ജസ്റ്റിസ് സദാശിവം ചാൻസലറായിരിക്കെയാണ് നിയമിച്ചത്. മൂന്നംഗ പാനലിൽ യോഗ്യതയിൽ ഒന്നാമതായിരുന്നു. 36 വർഷത്തെ അധ്യാപന പരിചയമുണ്ട്. അങ്ങനെയൊരാളെയാണ് ഇംഗ്ലീഷ് ഗ്രാമർ തെറ്റിപ്പോയെന്നു പറഞ്ഞു ഗവർണർ പരിഹസിക്കുന്നത്.

കേരള സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്​ കിട്ടണമെന്ന് സാധാരണ നിലയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആഗ്രഹിക്കാൻ ഇടയില്ല. രാഷ്ട്രപതിക്ക് ഡോക്ടറേറ്റ്​ സംഘടിപ്പിച്ചു കൊടുക്കാൻ ഗവർണർ ഖാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരിക്കാം ഇതെന്ന സംശയത്തിൽ കാര്യമില്ലാതില്ല. ചാൻസലർ ആയ താൻ ആവശ്യപ്പെട്ടാൽ സിൻഡിക്കേറ്റ് ഉടൻ അത്​ അംഗീകരിക്കുമെന്നു ഖാൻ കരുതിക്കാണണം. നടക്കില്ല എന്നു കണ്ടപ്പോൾ ഗവർണർക്കുണ്ടായ വെപ്രാളത്തിന്‍റെ തുടർകമ്പനങ്ങളാണ് കേരളം കണ്ടും കേട്ടും ഇരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ബാക്കിപത്രമാണ് ഗവർണർ പദവി. എന്നേ എടുത്തുകളയേണ്ട സ്ഥാനം. ജസ്റ്റിസ് സദാശിവം ഗവർണറായി വന്നപ്പോൾ ആ പദവി മഹത്തരമായാണ് അനുഭവപ്പെട്ടത്. ഇപ്പോൾ ഇങ്ങനെയൊരു സ്ഥാനം വേണമോ എന്ന വീണ്ടുവിചാരവും പലയിടത്തായി സജീവമാകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorArif Mohammed Khan
News Summary - Can a governor be like this?
Next Story