കാര്‍ഡുജീവികള്‍ അറിയാന്‍
text_fieldsവാരിക്കുന്തം വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചിട്ടെന്തു കാര്യം! രാവിലെ കുളിച്ച് കുറിയും തൊട്ട് സകല പരദൈവങ്ങളെയും വിളിച്ച് എ.ടി.എമ്മിനുമുന്നില്‍ പോയിനിന്ന് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നതാണ് ശരാശരി ഇന്ത്യക്കാരന് ഒരുമാസമായുള്ള നടപ്പുദീനം. ഒന്നില്‍നിന്നു മറ്റൊന്നിലേക്കോടി 2000 രൂപ തരപ്പെടുത്താന്‍ കഴിഞ്ഞാല്‍ ലോട്ടറിയടിച്ച ആഹ്ളാദം. സ്വന്തം പണം അക്കൗണ്ടില്‍ നിന്നെടുക്കാന്‍ ഇത്രമേല്‍ പ്രാര്‍ഥിക്കുകയും പിരാകുകയും ചെയ്യേണ്ടി വരുന്ന ജനം ലോകത്ത് വേറൊരിടത്തും ഉണ്ടാവില്ല. പുറംരാജ്യക്കാരെല്ലാം നോട്ടുരഹിത സമ്പദ്വ്യവസ്ഥയിലെ കാര്‍ഡുജീവികളാണോ എന്നും തിട്ടമില്ല. എങ്കിലും ചൈനക്കും മേലെ മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഒരു സമ്പദ്വ്യവസ്ഥ നമ്മുടെ പ്രധാനമന്ത്രി സ്വപ്നം കാണുന്നുണ്ട്.
ആ സ്വപ്നാടനത്തില്‍ മുഷിഞ്ഞു മടങ്ങിയ കറന്‍സിനോട്ടുകള്‍ എവിടെയുമില്ല. പകരം മിന്നിത്തിളങ്ങുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍; ഇ-വാലറ്റുകള്‍, പേ-ടി.എം, ജിയോ മണി, പേമെന്‍റ് ബാങ്ക്, ഓല ടാക്സി എല്ലാം ചേര്‍ന്ന ഡിജിറ്റല്‍ ലോകമാണത്. കള്ളവുമില്ല ചതിയുമില്ല. കള്ളപ്പണവും കള്ളനോട്ടും കള്ളത്തരങ്ങളുമില്ല. ഭീകരത ലവലേശമില്ല. ദേശസ്നേഹത്തിനുമുന്നില്‍ എല്ലാം മറന്ന് ആടിപ്പാടുന്ന ജനത. സിനിമാക്കൊട്ടകയില്‍പോലും ദേശീയഗാനം. സ്വപ്നത്തില്‍നിന്ന് കണ്ണുതുറന്നാലോ, ബാങ്കിനും എ.ടി.എമ്മിനും മുന്നില്‍ ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടിവരുന്ന കാലം.
രാജ്യമെമ്പാടും അസാധുനോട്ടുകള്‍ നിറയുകയും സാധുജനം രൂപ തരപ്പെടുത്താന്‍ നെട്ടോട്ടം നടത്തുകയും ചെയ്യുന്ന പണഞ്ഞെരുക്കം ഇനിയൊരു മാസംകൂടി കഴിഞ്ഞാലും തീരാന്‍ പോകുന്നില്ല. നോട്ട് അസാധുവാക്കല്‍ വിപ്ളവത്തിലൂടെ കള്ളപ്പണവും ഭീകരതയും ഇല്ലാതാക്കുന്ന സൂത്രപ്പണിയില്‍ അഭിമാനപുളകിതരായി നവമാധ്യമങ്ങളില്‍ പ്രധാനമന്ത്രിക്കുവേണ്ടി പടവെട്ടി നടന്ന ദേശസ്നേഹികള്‍പോലും, സംഗതി പന്തിയല്ളെന്നു സംശയിച്ചുതുടങ്ങി. ഈ ഘട്ടത്തിലാണ് ഡിജിറ്റല്‍ വേള്‍ഡിലേക്കൊരു പ്രോത്സാഹന പാക്കേജ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. വാരിക്കുന്തം വിഴുങ്ങിയവര്‍ക്കുള്ള ഈ ചുക്കുകാപ്പിയില്‍ മാന്ത്രിക മേമ്പൊടികള്‍ പലതാണ്. അതിന്‍െറ രത്നച്ചുരുക്കമോ, വളരെ ലളിതം. ഇന്‍ഷുറന്‍സ് പ്രീമിയം അടക്കുന്നതിന് എട്ടുശതമാനം ഡിസ്കൗണ്ട് കിട്ടാന്‍ പുതിയൊരു പോളിസി ഓണ്‍ലൈനില്‍ എടുക്കുകയേ വേണ്ടൂ.
എണ്ണക്കമ്പനികള്‍ നേരിട്ടുനടത്തുന്ന പെട്രോള്‍ പമ്പില്‍ പോയി 500 രൂപക്ക് പെട്രോളടിച്ചാല്‍ മൂന്നേമുക്കാല്‍ രൂപ ഇനാം! ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റെടുത്ത്, ട്രെയിനപകടത്തില്‍ നമ്മള്‍ മരിച്ചുകിട്ടിയാല്‍ 10 ലക്ഷം രൂപ വരെ കുടുംബക്കാര്‍ക്ക് കിട്ടും. ഒരു പട്ടണത്തിലെ പതിനായിരത്തില്‍ ഒരുവനാണ് നമ്മളെങ്കില്‍, സര്‍ക്കാര്‍ അവിടേക്ക് അനുവദിക്കുന്ന രണ്ട് സൈ്വപ്പിങ് മെഷീനുകളില്‍ നിര്‍ബാധം കാര്‍ഡ് ഉരക്കാന്‍ നമുക്ക് അവസരംതരും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള ഒരു മലയാളിയെങ്കിലും കൈപൊക്കിയാല്‍, പുതിയ റൂപെ ക്രെഡിറ്റ് കാര്‍ഡ് ഫ്രീ!നോട്ട് അസാധുവാക്കി ഒരുമാസംകൊണ്ട് ഭീകരര്‍, കള്ളപ്പണക്കാര്‍, കള്ളനോട്ടുകാര്‍, ബിനാമി, മാഫിയക്കാര്‍ തുടങ്ങിയവരെ പട്ടിണിയിലാക്കുകയോ കൈയാമം വെക്കുകയോ പൊട്ടക്കിണറ്റില്‍ ചാടിക്കുകയോ ചെയ്തുകഴിഞ്ഞു. ഇനിയാരെങ്കിലും ബാക്കിയുണ്ടെങ്കില്‍, ഈ മാസം 30നുമുമ്പായി വലയില്‍ കുടുങ്ങിയിരിക്കും. അതുകൊണ്ട് ദേശസ്നേഹികള്‍ക്ക് സര്‍ക്കാറിനോട് കടപ്പെടാതെ വയ്യ.
ദേശാഭിമാനികള്‍ക്ക് ത്യാഗംസഹിച്ച് ക്യൂ നില്‍ക്കാതെയും വയ്യ. പക്ഷേ, ഓണ്‍ലൈന്‍ പണമിടപാട് എന്ന രണ്ടാം വിപ്ളവം എങ്ങനെയാണ് ദേശസ്നേഹികളാകാന്‍ നമുക്ക് അവസരം നല്‍കുന്നതെന്ന് സര്‍ക്കാര്‍ ഇനിയും വിശദീകരിച്ചിട്ടില്ല. ഇളവുകള്‍ പ്രഖ്യാപിക്കുകമാത്രമാണ് ഉണ്ടായത്. കറന്‍സിനോട്ടിന്‍െറ പോലെയല്ല കാര്യം. ഡിജിറ്റല്‍ പണമിടപാടിന്‍െറ പ്രധാന കുത്തകക്കാര്‍ സര്‍ക്കാറല്ല. അംബാനിയും പേ-ടി.എമ്മും വിസ, മാസ്റ്റര്‍ കാര്‍ഡ് പോലുള്ള ഇലക്ട്രോണിക് പേമെന്‍റ് ഗേറ്റ്വേക്കാരുമൊക്കെയാണ് പ്രധാന ദേശസ്നേഹികള്‍.
അവരുടെ കാര്‍ഡും പണമിടപാടിന്‍െറ ഇലക്ട്രോണിക് പ്ളാറ്റ്ഫോമും ഉപയോഗിച്ച് ദേശസ്നേഹം പ്രകടിപ്പിക്കാന്‍ മാത്രമാണ് നമുക്ക് അവസരം. ഈ സ്വകാര്യ കമ്പനികളെ ഇടനിലക്കാരാക്കി പണമിടപാടു നടത്താന്‍ ഇതിനകം തയാറായവര്‍ കോടിക്കണക്കാണ്. ഈ രാജ്യസ്നേഹികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സാദാ ദേശാഭിമാനികള്‍ കോരിത്തരിച്ചേ മതിയാവൂ. എത്രയോ കോടികള്‍ ചെലവിട്ടാണ്, കോടിക്കണക്കായ ഇടപാടുകാര്‍ക്കുവേണ്ടി ഡിജിറ്റല്‍ പണമിടപാടിന് അവര്‍ സൗകര്യം ഒരുക്കിവെച്ചിരിക്കുന്നത്. നമ്മള്‍ കടയില്‍ ചെല്ലുന്നു. സാധനം വാങ്ങുന്നു. ഇ-വാലറ്റില്‍നിന്നും പ്ളാസ്റ്റിക് കാര്‍ഡില്‍നിന്നും സ്മാര്‍ട്ട് ഫോണിലൂടെ പണം മാറ്റിക്കൊടുക്കുന്നു. നോട്ട് ചുമക്കേണ്ട. എല്ലാം ഫ്രീ! ഓണ്‍ലൈന്‍ പേമെന്‍റിന് ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാറിനുമുണ്ട് ഭീമമായ നഷ്ടം. സര്‍ക്കാറിന്‍െറ കാര്യം പോട്ടെ. സ്വകാര്യ കമ്പനികള്‍ രാജ്യത്തിനുവേണ്ടി കോടികള്‍ ഒഴുക്കിക്കളയുന്നതോര്‍ത്താല്‍ സങ്കടപ്പെടാതെ വയ്യ.
സൗജന്യങ്ങള്‍ പറ്റരുതെന്നും ആരുടെയും സൗജന്യത്തില്‍ ജീവിക്കരുതെന്നുമാണ് പഴയ ദേശാഭിമാനികളും അപ്പനപ്പൂപ്പന്മാരും പഠിപ്പിച്ചതെങ്കില്‍, കോര്‍പറേറ്റ് സൗജന്യം പറ്റുന്ന ദേശാഭിമാനികളാകാന്‍ നാം മത്സരിക്കുന്ന വൈചിത്ര്യമാണ് ഇപ്പോള്‍ കാണുന്നത്. സൗജന്യ മൊബൈല്‍ഫോണ്‍ കാളിന്‍െറയും സൗജന്യ ഡാറ്റയുടെയും വാഗ്ദാനങ്ങള്‍ക്കുമുന്നില്‍ മയങ്ങി സിംകാര്‍ഡ് എടുക്കുന്ന ദേശാഭിമാനികളാണ് സമൂഹത്തില്‍ നല്ല പങ്ക്.യഥാര്‍ഥത്തില്‍, കപട ദേശസ്നേഹത്തില്‍ ഒളിപ്പിച്ചുവെച്ച് കറന്‍സി സ്വകാര്യവത്കരിക്കുന്നതിന്‍െറ ഞെട്ടിപ്പിക്കുന്ന ചിത്രമാണ് നമ്മുടെ കണ്‍മുന്നില്‍. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു വഴി ജനമധ്യത്തില്‍ പ്രചരിച്ച നോട്ടിന്‍െറ അനുപാതം കുറക്കാനല്ലാതെ, സമൂഹത്തിന്‍െറ പണമിടപാട് കുറക്കാന്‍ സര്‍ക്കാറിന് കഴിയില്ല.
നോട്ടിന്‍െറ രൂപത്തിലുള്ള 86 ശതമാനം കറന്‍സി പിന്‍വലിച്ചെങ്കിലും അത്രയും പകരം നോട്ട് അച്ചടിക്കുന്നില്ളെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കുറവുവന്ന നോട്ടിനു പകരമുള്ള ഡിജിറ്റല്‍ പേമെന്‍റ് മാര്‍ഗം തുറക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സര്‍ക്കാറിന്‍െറ കൈത്താങ്ങില്‍ അതിലേക്ക് ജനങ്ങളെ വഴിനടത്തുകയാണ് സ്വകാര്യ കമ്പനികള്‍ ചെയ്യുന്നത്. ഇലക്ട്രോണിക് പണമിടപാട് സേവനം ഇപ്പോള്‍ സൗജന്യം. സുഖം പിടിച്ചുവരുമ്പോഴേക്ക് സര്‍വിസ് ചാര്‍ജുകൂടി സ്വകാര്യ കമ്പനികള്‍ ഈടാക്കിത്തുടങ്ങുമെന്നു മാത്രം. പണം കൊടുക്കുന്നവനും വാങ്ങുന്നവനും ഇടനിലക്കാരായ സ്വകാര്യ കമ്പനിയും തമ്മിലുള്ള ഏര്‍പ്പാടായി അതു മാറുന്നു. ഇതുവരെ കറന്‍സി അച്ചടിക്കുന്ന സര്‍ക്കാറായിരുന്നു ഇടനിലക്കാരന്‍. സര്‍ക്കാറിന്‍െറ കറന്‍സികൊണ്ട് സാധന-സേവനങ്ങള്‍ കൊടുക്കുന്നവനും വാങ്ങുന്നവനും പണവിനിമയം നടത്തുന്നു. ഇലക്ട്രോണിക് കറന്‍സി വിനിമയത്തില്‍ കറന്‍സി അരൂപിയാണ്. അതിന്‍െറ വിനിമയ സൗകര്യമൊരുക്കുന്ന സ്വകാര്യ കമ്പനി പ്രവര്‍ത്തനച്ചെലവും ലാഭവും ഈടാക്കുന്നു. അതിലൊരു പങ്ക് സര്‍ക്കാര്‍ പറ്റുന്നു. ഇതിന് വഴിയൊരുക്കുന്ന കോര്‍പറേറ്റ്-സര്‍ക്കാര്‍ കച്ചവടമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഓണ്‍ലൈന്‍ പേമെന്‍റ് രീതി നേരത്തെ തന്നെ ഇന്ത്യയിലടക്കം എല്ലായിടത്തുമുണ്ട്. അത് ഉപയോഗിക്കാനറിയാവുന്നവര്‍ക്ക് വലിയൊരളവില്‍ സൗകര്യവുമാണ്. കഴിവും സൗകര്യവുമുള്ളവര്‍ സര്‍വിസ് ചാര്‍ജ് കൊടുത്തുകൊണ്ട് ആ മാര്‍ഗം സ്വീകരിക്കട്ടെ. എന്നാല്‍, മാര്‍ക്കറ്റില്‍നിന്ന് നേരിട്ടുവാങ്ങാവുന്ന സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമടക്കം നോട്ട് അപരിഷ്കൃത വസ്തുവാക്കുന്ന രീതി അപകടമാണ്. ഇന്ത്യയില്‍ വലിയൊരു പങ്ക് ദരിദ്രരും സാധാരണക്കാരുമാണ്. ഇ-പേമെന്‍റ് രീതിയിലേക്ക് കുറെയേറെപ്പേര്‍ വളര്‍ന്നിട്ടില്ളെന്നല്ല. എന്നാല്‍, ബാക്കിവരുന്ന ബഹുഭൂരിപക്ഷത്തിന് പുതിയ സാങ്കേതിക സൗകര്യങ്ങളും ഉപയോഗ പരിജ്ഞാനവും ഭരണകൂടം ഉണ്ടാക്കിക്കൊടുത്തിട്ടില്ല.
സ്മാര്‍ട്ട് ഫോണും മൊബൈല്‍ ഡാറ്റയും ഇന്‍റര്‍നെറ്റ് കണക്ഷനും ഇ-വാലറ്റുമെല്ലാം സംയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ട ഓണ്‍ലൈന്‍-ഡിജിറ്റല്‍ പേമെന്‍റ് സംവിധാനത്തിന്‍െറ പണച്ചെലവ് താങ്ങേണ്ട കാര്യം ജനത്തിനില്ല. കറന്‍സിനോട്ട് അച്ചടിച്ചുനല്‍കുന്നതില്‍നിന്ന് പിന്മാറുകയും കോര്‍പറേറ്റുകള്‍ക്ക് ലാഭമൂറ്റാന്‍ ഡിജിറ്റല്‍ പേമെന്‍റ് രംഗം തുറന്നുകൊടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സ്വകാര്യമേഖലക്ക് കുത്തക നല്‍കുന്നതിനു പകരം, എന്തുകൊണ്ട് സര്‍ക്കാര്‍/റിസര്‍വ് ബാങ്ക്/പൊതുമേഖല ബാങ്കുകള്‍ ഉത്തരവാദപ്പെട്ട ഡിജിറ്റല്‍ പേമെന്‍റ് പ്ളാറ്റ്ഫോം ഉണ്ടാക്കുന്നില്ല? അതിനുപകരം, കോര്‍പറേറ്റ് പങ്കാളിത്തത്തിന്‍െറയും ലാഭത്തിന്‍െറയും കാര്യം സമര്‍ഥമായ പ്രചാരവേല കൊണ്ടു മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശസ്നേഹവും ഭീകരതയുമെല്ലാമായി കൂട്ടിക്കുഴച്ച് ജനങ്ങളെ അച്ചടക്കത്തോടെ അനുസരിപ്പിക്കുകയാണ്. വന്നുപെട്ട മാന്ദ്യമല്ല, വരുത്തിവെച്ച മാന്ദ്യം അനുഭവിപ്പിക്കുകയാണ്. ഉല്‍പാദനവും തൊഴിലും വരുമാനവുമെല്ലാം ചുരുങ്ങുകയാണ്. യഥാര്‍ഥത്തില്‍, കുടിച്ചത് ചുക്കുവെള്ളം; വിഴുങ്ങേണ്ടിവരുന്നത് വാരിക്കുന്തം!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.