വിദ്യാഭ്യാസത്തിലും വേണം ജാതി സെൻസസ്
text_fields‘‘ജാതിവ്യവസ്ഥ മനുഷ്യനിർമിതമാണ്. ഒരു വിഭാഗത്തിന്റെ മേൽക്കോയ്മക്കുവേണ്ടി മറ്റുള്ളവരിൽ അപകർഷതയുണ്ടാക്കുകയും മാനുഷിക മൂല്യങ്ങൾ തഴയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്’’ എന്ന് പറഞ്ഞത് അമേരിക്കൻ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഇസബെൽ വിൽക്കേസനാണ്. അമേരിക്കയിലെ വർണവിവേചനം, ഇന്ത്യയിലെ ജാതിവ്യവസ്ഥ, നാസി ജർമനിയിലെ വംശീയ വിദ്വേഷം എന്നിവയിലൂന്നിയ സാമൂഹിക പ്രശ്നങ്ങൾ ‘ജാതി: നമ്മുടെ അസംതൃപ്തിയുടെ ഉത്ഭവം’ എന്ന പുസ്തകത്തിൽ അവർ ചർച്ചചെയ്യുന്നു. വിവിധ കാരണങ്ങളാൽ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണം, സാമ്പത്തിക സുരക്ഷിതത്വം, അവസര സമത്വത്തോടൊപ്പം അധികാര പങ്കാളിത്തം എന്നിവ ഉറപ്പുവരുത്താനാണ് ഭരണഘടനാ ശിൽപികൾ സംവരണം കൊണ്ടുവന്നത്. രാജ്യം സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ അവശ-പിന്നാക്ക വിഭാഗങ്ങളെ കൂടുതൽ പിന്നോട്ടടിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മേൽജാതി നിയന്ത്രണത്തിലുള്ള അധികാരി-ഉദ്യോഗസ്ഥ വർഗം.
രാജ്യത്ത് സംവരണവ്യവസ്ഥ നിലനിൽക്കുമ്പോഴും പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് കണ്ടെത്തിയ കാകാകലേൽകർ കമീഷൻ, മണ്ഡൽ കമീഷൻ, രംഗനാഥ മിശ്ര കമീഷൻ, സച്ചാർ കമ്മിറ്റി എന്നിവ കൃത്യമായ പരിഹാരമാർഗങ്ങൾ നിർദേശിച്ചെങ്കിലും അത് നടപ്പിൽ വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇത്തരം ആഴത്തിലുള്ള പഠനങ്ങൾ നടന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ അധ്യാപക-വിദ്യാർഥി എണ്ണത്തിലെ ഞെട്ടിപ്പിക്കുന്ന ജാതീയമായ അന്തരങ്ങൾ അതിന് അടിവരയിടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്തരം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം സർക്കാർ രേഖകളിൽനിന്ന് കണ്ടെത്താനാവും. എന്നാൽ, ഓരോ സ്ഥാപനങ്ങളിലും പഠിക്കുന്ന കുട്ടികളുടെ ജാതിതിരിച്ചുള്ള കണക്കുകൾ പലപ്പോഴും ലഭ്യമല്ല. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം ആഗ്രഹിക്കുന്ന ഗവേഷകർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി ഒരു കൂട്ടം സാമൂഹിക പ്രവർത്തകർ വിവരാവകാശ നിയമപ്രകാരം ഇത്തരം കണക്കുകൾ ശേഖരിച്ച് പഠന വിധേയമാക്കി. രാജ്യത്തെ ആദിവാസി, ദലിത് സമൂഹങ്ങളിൽനിന്നുള്ള കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടി, ആർട്സ് വിഷയങ്ങളിൽ ബിരുദ കോഴ്സുകളിൽ കുറഞ്ഞ അളവിലെങ്കിലും പഠിക്കാൻ മുന്നോട്ടുവരുന്നുണ്ട്. എന്നാൽ സയൻസ്, മെഡിക്കൽ, എൻജിനീയറിംഗ്-ടെക്നോളജി കോഴ്സുകളിൽ ബിരുദ പഠനത്തിന് അവർ പലവിധ വെല്ലുവിളികൾ നേരിടുന്നതായി കണക്കുകൾ പറയുന്നു. സംവരണം ചെയ്യപ്പെട്ട സീറ്റുകൾ തികയും വിധത്തിൽപോലും ഈ സമൂഹത്തിൽനിന്ന് വിദ്യാർഥികൾ എത്തുന്നില്ല. സ്വാഭാവികമായും അവരുടെ പ്രാതിനിധ്യം ബിരുദാനന്തര ബിരുദത്തിലും, ഗവേഷണ മേഖലയിലും, അധ്യാപകരുടെ എണ്ണത്തിലും കുത്തനെ കുറയുന്നു. ഉന്നത ഗവേഷണ സ്ഥാപനങ്ങളായ കാൺപുർ, ഖരഗ്പുർ, ഡൽഹി, മുംബൈ, മദ്രാസ് ഐ.ഐ.റ്റികളിലെ വിദ്യാർഥി-അധ്യാപക കണക്കുകൾ പരിശോധിക്കുമ്പോൾ മുസ്ലിംകളടക്കമുള്ള ഒ.ബി.സി. വിഭാഗങ്ങളുടെ പ്രാതിനിധ്യവും മറിച്ചല്ല. ദേശീയ തലത്തിൽ കൃത്യമായ ഒ.ബി.സി ജനസംഖ്യ കണക്കുകൾ ഇപ്പോഴും സർക്കാറിൽപോലും ലഭ്യമല്ലെന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
ബിരുദ കോഴ്സുകൾക്ക് പട്ടികവർഗ വിദ്യാർഥികൾക്ക് ഏഴര ശതമാനം സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർട്സ് കോളജുകളിൽ മാത്രമാണ് ഈ വിഭാഗത്തിൽനിന്നുള്ളവർ സംവരണ സീറ്റുകൾക്കും മുകളിൽ പ്രവേശനം നേടുന്നത്. ഇത് ഏകദേശം ഒമ്പത് ശതമാനത്തോളം വരും. എന്നാൽ, എൻജിനീയറിങ്ങിൽ പകുതിയും (3.5 %) , മെഡിക്കലിൽ നാലും, സയൻസിൽ അഞ്ചും, ടെക്നോളജിയിൽ മൂന്നു ശതമാനവുമാണ് ഇവരുടെ പ്രാതിനിധ്യം. ഇതിനു സമാനമായ കണക്കുകൾതന്നെയാണ് പട്ടികജാതി വിഭാഗത്തിലെ പഠിതാക്കൾക്കുമുള്ളത്. 15 ശതമാനം സംവരണമുള്ളവരിൽ 13 ശതമാനത്തോളം സയൻസ് വിദ്യാർഥികളാണ്. എന്നാൽ, എൻജിനീയറിങ്ങും മെഡിക്കലും, ടെക്നോളജിയും തിരഞ്ഞെടുക്കുന്നവരുടെ എണ്ണം പിന്നെയും കുറയുന്നു. ഈ വിഷയങ്ങളിൽ താൽപര്യമില്ലാത്തതല്ല ഈ എണ്ണക്കുറവിന് കാരണം, മറിച്ച് അതിനുള്ള സാഹചര്യങ്ങളില്ലാത്തതാണ്.
വിദ്യാകേന്ദ്രങ്ങളല്ല ജാതിക്കോട്ടകൾ
ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ ഗവേഷകരുടേയും ഗവേഷണ വിദ്യാർഥികളുടേയും എണ്ണം കൂടുതലാണ്. ഉന്നത ഗവേഷണ സ്ഥാപനങ്ങളായ പത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലും (IIT), ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും (IISc ), ബനാറസ് ഹിന്ദു സർവകലാശാലയിലും നടത്തിയ കണക്കെടുപ്പിൽ ഒ.ബി.സി, എസ്.സി, എസ്.ടി. വിഭാഗങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽപോലും കുട്ടികളില്ല. ഇതിൽ തന്നെ, ഐ.ഐ.ടികളിലും, ഐ.ഐ.എസ്.സിയിലും സംവരണ സീറ്റുകളുടെ പകുതിമാത്രം വിദ്യാർഥികളാണ് പ്രവേശനം നേടുന്നത് എന്നത് ആശങ്കയുണ്ടാക്കുന്നു. കൃത്യമായ പരിശീലനങ്ങളുടെ അഭാവം, വ്യക്തമായ മാർഗനിർദേശങ്ങൾ നൽകാൻ ആളില്ലാത്ത അവസ്ഥ, വിവിധയിടങ്ങളിൽ ശിപാർശകൾ ചെയ്യാനും, അഡ്മിഷൻ സഹായങ്ങൾ നൽകാനും ആളുകളില്ലാത്ത പ്രയാസങ്ങൾ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങൾ എന്നിവയെല്ലാം ആദിവാസി-ദലിത് വിദ്യാർഥികളെ പിന്നോട്ടടിപ്പിക്കുന്ന കാരണങ്ങളാണ്. അതിലേറെ, ഉയർന്ന ജാതിയിൽ പെട്ട പ്രഫസറുടെ കീഴിൽ ഗവേഷണം ചെയ്യാൻ താല്പര്യം അറിയിച്ച ആദിവാസി വിദ്യാർഥികളെ ‘ക്വോട്ട കാൻഡിഡേറ്റ്’ എന്നാക്ഷേപിച്ച് മടക്കി അയക്കുന്നതുൾപ്പെടെയുള്ള പ്രവണതകളാണ് അവരുടെ മനസ്സ് മടുപ്പിക്കുന്നത്. ഇവയെല്ലാം താണ്ടി ഗവേഷണത്തിന് ചേർന്നാലും മത-ജാതീയ വിവേചനവും ലൈംഗിക ചൂഷണവുമെല്ലാം മൂലം പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്ന സാഹചര്യവും പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളിൽ സാധാരണമാണ്. ഐ.ഐ.റ്റികളിലും, ഐ.ഐ.എസ്.സിയിലും 98 ശതമാനം പ്രഫസർമാരും, 90 ശതമാനം അസോസിയേറ്റ് പ്രഫസർമാരും ഉന്നത ജാതിയിൽപെട്ടവരാണെന്നത് ഇത്തരം സാഹചര്യങ്ങൾക്ക് ആക്കം കൂട്ടുന്നു. എന്നാൽ, സി.എസ്.ഐ.ആറിന്റെ 38 ലാബുകളിൽ 18 ശതമാനത്തോളം ഗവേഷകർ ദലിതരും, 4 ശതമാനം ആദിവാസി വിഭാഗത്തിലുമുള്ളവരാണെന്നത് ആശ്വാസകരമാണ്.
ഗവേഷണ ഫണ്ടുകളും മേൽജാതികൾക്ക്
രാജ്യത്ത് സി.എസ്.ഐ.ആർ, യു.ജി.സി, ഡി.ബി.ടി, ഡി.എസ്.ടി, എന്നീ ഏജൻസികളാണ് ഗവേഷണ ഫണ്ടുകൾ വിതരണം ചെയ്യുന്നത്. വ്യക്തിഗത സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും പ്രോജക്ടുകൾക്ക് വേണ്ടിയുള്ള ധനസഹായവുമുൾപ്പെടെ ലക്ഷങ്ങൾ ഇത്തരം സ്ഥാപനങ്ങൾ സർവകലാശാലകൾക്കും ലാബുകൾക്കും ഓരോ വർഷവും നൽകുന്നു. എന്നാൽ, പോസ്റ്റ് ഡോക്ടറൽ ഗവേഷണം ചെയ്യുന്നവർക്ക് ലഭിക്കുന്ന INSPIRE ഫാക്കൽറ്റി ഫെല്ലോഷിപ്പുകൾ 2016-20 കാലഘട്ടത്തിൽ ലഭിച്ച 80 ശതമാനം ആളുകളും ഉയർന്ന ജാതിക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എസ്.സി വിഭാഗത്തിൽനിന്ന് കേവലം ആറു ശതമാനം പേർക്കും എസ്.ടി വിഭാഗത്തിൽനിന്ന് ഒരു ശതമാനത്തിൽ താഴെ ആളുകൾക്കും മാത്രമാണ് ഇത് ലഭ്യമായിരിക്കുന്നതെന്ന് ഡി.എസ്.ടിയുടെ ഡേറ്റ പറയുന്നു. 12 ശതമാനത്തിനു മുകളിൽ ഒ.ബി.സി. വിഭാഗത്തിലുള്ളവർക്ക് ഫണ്ടുകൾ ലഭ്യമാകുമ്പോഴും 80 ശതമാനത്തിലധികം പണം ജനറൽ വിഭാഗത്തിലേക്കാണ് ഒഴുകുന്നത്.
കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കൈക്കൊണ്ട വിവേചനപൂർണമായ നടപടികൾ ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർഥികളുടെ ഉന്നത പഠനത്തെ ഏറെ പ്രയാസകരമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ശതമാനം മുസ്ലിംകളിൽ കേവലം 5.5 ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്ന് 2019-20 ലെ കണക്കുകൾ പറയുന്നു. അതിലുപരി, 2019ലെ പുതുക്കിയ സാമ്പത്തിക സംവരണ മാനദണ്ഡങ്ങളും മറ്റും ഒന്നുകൂടി അവശ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഹനിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു ജാതി സെൻസസ് നടത്തിയാൽ മാത്രമേ രാജ്യത്തെ പിന്നാക്ക സമൂഹം വിദ്യാഭ്യാസ മേഖലയിൽനിന്ന് എത്രമാത്രം പുറന്തള്ളപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാവൂ, അതിൻ പ്രകാരം തിരുത്തൽ നടപടികൾ ആരംഭിക്കാനുമാവൂ.
(തിരുച്ചിറപ്പള്ളി ജമാൽ വാക്സിൻ റിസർച്ച് സെൻററിൽ ശാസ്ത്രജ്ഞനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.