മലയാളിക്ക് മണക്കുന്നില്ലേ ജാതിയുടെ ചീഞ്ഞുനാറ്റം?
text_fieldsകേവലം ആറു വയസ്സ് മാത്രമുള്ള ഒരു കുട്ടിയെ മാനസികമായും ശാരീരികമായും വിഷമിപ്പിക്കുന്ന ഒരു പ്രവൃത്തി നിർബന്ധിച്ച് ചെയ്യിച്ചത് ബാലനീതിയുടെകൂടി ലംഘനമാണ്. അടിയന്തര സാഹചര്യത്തില്‍ ആലോചനയില്ലാതെയാണ് കുട്ടിയോട് ക്ലാസ് റൂം വൃത്തിയാക്കാന്‍ പറഞ്ഞതെങ്കില്‍ കുട്ടി വിസമ്മതം അറിയിച്ചപ്പോഴെങ്കിലും അധ്യാപികക്ക് തെറ്റ് ബോധ്യപ്പെടണമായിരുന്നുഇടുക്കി ജില്ലയിലെ ഒരു എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയോട് അധ്യാപിക ജാതി...
കേവലം ആറു വയസ്സ് മാത്രമുള്ള ഒരു കുട്ടിയെ മാനസികമായും ശാരീരികമായും വിഷമിപ്പിക്കുന്ന ഒരു പ്രവൃത്തി നിർബന്ധിച്ച് ചെയ്യിച്ചത് ബാലനീതിയുടെകൂടി ലംഘനമാണ്. അടിയന്തര സാഹചര്യത്തില്‍ ആലോചനയില്ലാതെയാണ് കുട്ടിയോട് ക്ലാസ് റൂം വൃത്തിയാക്കാന്‍ പറഞ്ഞതെങ്കില്‍ കുട്ടി വിസമ്മതം അറിയിച്ചപ്പോഴെങ്കിലും അധ്യാപികക്ക് തെറ്റ് ബോധ്യപ്പെടണമായിരുന്നു
ഇടുക്കി ജില്ലയിലെ ഒരു എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയോട് അധ്യാപിക ജാതി വിവേചനം കാണിച്ചത് സംബന്ധിച്ച പരാതി എ.ഇ.ഒക്കും സ്കൂള്‍ ഹെഡ്മാസ്റ്റർക്കും ലഭിച്ചിരുന്നു. കുറ്റാരോപിതയെ താക്കീത് ചെയ്യാനേ സാധിക്കൂ എന്ന് ഹെഡ്മാസ്റ്ററും എയ്ഡഡ് സ്കൂള്‍ ആയതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് പരിമിതിയുണ്ടെന്ന് എ.ഇ.ഒയും പ്രതികരിച്ചു. തുടർന്ന് പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം അധ്യാപികക്കെതിരെ കേസെടുക്കണമെന്ന പരാതിയുമായി മാതാവ് പൊലീസിലെത്തി. അതിനിടെ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളില്‍ ഒരാള്‍ പനിയും തലകറക്കവും കാരണം ക്ലാസില്‍ ഛർദിച്ചപ്പോള്‍ അധ്യാപിക ഒരു കുട്ടിയോട് അത് വാരിക്കളയാന്‍ ആവശ്യപ്പെട്ടു, വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി വാരിപ്പിച്ചു എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. തന്റെ കുട്ടിയെക്കൊണ്ട് മാത്രം ഇത് ചെയ്യിക്കാന്‍ കാരണം തങ്ങള്‍ പട്ടികജാതിക്കാര്‍ ആയതുകൊണ്ടാണ് എന്നാണ് പരാതിക്കാരിയുടെ വാദം. എന്നാലിത് സ്കൂള്‍ അധികാരികളോ സര്‍ക്കാര്‍ മേലധികാരികളോ പ്രഥമദൃഷ്ട്യാ സ്വീകരിച്ചില്ലെന്നാണ് അവര്‍ പുലര്‍ത്തിയ നിസ്സംഗത സൂചിപ്പിക്കുന്നത്.
ക്ലാസില്‍ കുട്ടികള്‍ ഛർദിക്കുന്നത് ചെറിയ ക്ലാസുകളില്‍ സ്ഥിരമാണ്. ശുചീകരണ തൊഴിലാളികളെ ഏൽപിക്കുകയോ അല്ലെങ്കില്‍ കുട്ടികള്‍ അല്ലാത്ത മറ്റാരെങ്കിലും വൃത്തിയാക്കല്‍ ജോലി ഏറ്റെടുക്കുകയോ ആണ് ചെയ്യേണ്ടത്. സാമാന്യബോധമുള്ള അധ്യാപകരാരും ആ പ്രവൃത്തി കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കില്ല. ഏതൊരു സാഹചര്യത്തിലും കുട്ടികളെകൊണ്ട് അത് ചെയ്യിക്കുന്നത് നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. അധ്യാപികക്ക് പറ്റിയ ‘ക്ഷമിച്ചുകളയേണ്ട ഒരു കൈയബദ്ധം’ മാത്രമായി ഇതിനെ കാണുന്ന നിഷ്കളങ്ക മലയാളികള്‍ക്കുവേണ്ടി ഈ വിഷയത്തിനകത്ത് ജാതി പ്രശ്നം ഉണ്ടോ എന്ന് നമുക്ക് നോക്കാം.
പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധനനിയമം അനുസരിച്ച് കേസ് കൊടുക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പരാതിക്കാരോട് സ്ഥിരമായി ചോദിക്കാറ് നിങ്ങളെ അവർ ജാതിപ്പേര് വിളിച്ചുവോ എന്നാണ്. ജാതിപ്പേര് വിളി മാത്രമല്ല, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന മനുഷ്യരുടെ അന്തസ്സിനെ ഏതെങ്കിലും തരത്തില്‍ ഹനിക്കുന്ന ഏതൊരു പ്രവൃത്തിയും ഈ നിയമത്തിന് കീഴില്‍ കുറ്റകൃത്യമാണ്. കേവലം ആറു വയസ്സ് മാത്രമുള്ള ഒരു കുട്ടിയെ മാനസികമായും ശാരീരികമായും വിഷമിപ്പിക്കുന്ന ഒരു പ്രവൃത്തി നിർബന്ധിച്ച് ചെയ്യിച്ചത് ബാലനീതിയുടെകൂടി ലംഘനമാണ്. അടിയന്തര സാഹചര്യത്തില്‍ ആലോചനയില്ലാതെയാണ് കുട്ടിയോട് ക്ലാസ് റൂം വൃത്തിയാക്കാന്‍ പറഞ്ഞതെങ്കില്‍ കുട്ടി വിസമ്മതം അറിയിച്ചപ്പോഴെങ്കിലും അധ്യാപികക്ക് തെറ്റ് ബോധ്യപ്പെടണമായിരുന്നു.
എന്തുകൊണ്ട് പട്ടികജാതിക്കാര്‍ അല്ലാത്ത കുട്ടികളോട് ആ വൃത്തികെട്ട കാര്യം ചെയ്യാന്‍ അധ്യാപിക പറഞ്ഞില്ല എന്ന ഒറ്റക്കാരണം മാത്രം മതി അവരുടെ ചോയ്സ് ഒരു നിഷ്കളങ്കമായ തിരഞ്ഞെടുപ്പ് ആയിരുന്നില്ലെന്ന് മനസ്സിലാക്കാന്‍. അധികാരം പ്രയോഗിക്കപ്പെടുന്ന ഏതൊരു ഇടത്തിലും അധികാരമുള്ളവര്‍ അധികാരമില്ലാത്തവര്‍ എന്നൊരു ദ്വന്ദ്വം ഉണ്ടാകുന്നത് നമുക്ക് കാണാന്‍ കഴിയും. ‘തിരിച്ചെതിര്‍ക്കാന്‍ ഇടയില്ലാത്തവരുടെ മേല്‍ കുതിരകയറുക’ എന്നതാണ് അധികാരപ്രയോഗത്തിന്റെ നിയമങ്ങളില്‍ ഒന്ന്. ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട അധ്യാപിക തന്റെ അധികാരം പ്രയോഗിച്ചത് ഈ അധികാരപ്രയോഗ നിയമത്തെ അടിസ്ഥാനമാക്കിയാണ്. അധികാരശ്രേണിയില്‍ ആ കുട്ടി ദുര്‍ബലനാണെന്ന് അധ്യാപിക മനസ്സിലാക്കുന്നത് അവന്റെ ജാതി, നിറം, ക്ലാസ്, വീടിരിക്കുന്ന സ്ഥലം, അവന്റെ ബന്ധുക്കള്‍ ആരാണ് എന്നൊക്കെ നോക്കിയിട്ടാണ്. ഒരധ്യാപിക ഇങ്ങനെയൊക്കെ നോക്കിയിട്ടാണോ ക്ലാസ് എടുക്കുന്നതെന്ന് മലയാളി പൊതുസമൂഹം അത്ഭുതം കൂറിയേക്കാം. ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാ ഇടങ്ങളിലും നടക്കുന്നത്. പക്ഷേ, ചെയ്യുന്നതിലെ വൃത്തികേട് നമുക്കോ നമുക്ക് ചുറ്റുമുള്ളവർക്കോ മനസ്സിലാകാത്ത വിധം അവയൊക്കെയും നമ്മള് ജീവിക്കുന്ന ഇടങ്ങളില്‍ അത്രമേല്‍ സ്വാഭാവികം ആയിക്കഴിഞ്ഞിരിക്കുന്നു. ഈ സ്വാഭാവികതയുടെ പുതപ്പ് മാറ്റി നോക്കിയാല്‍ മാത്രമേ അധ്യാപികയുടെ പ്രവൃത്തിയില്‍ നമുക്ക് ജാതി കാണാന്‍ കഴിയൂ.
സഹപാഠിയുടെ എച്ചില് കോരിക്കളയാന്‍ കുട്ടിയെ അധ്യാപിക നിര്‍ബന്ധിച്ചത് മഹാത്മാ ഗാന്ധിയുടെ ശുചിത്വ മൂല്യബോധം കുട്ടിയെ പഠിപ്പിക്കാനാണെന്ന് വായനക്കാരില്‍ ആരെങ്കിലും കരുതുന്നുണ്ടോ. ഇന്ത്യയില്‍ ഓരോ ദിവസവും നിരവധി പട്ടികജാതി പട്ടികവര്‍ഗ മനുഷ്യര്‍ കൊല ചെയ്യപ്പെടുന്നുണ്ട്, അവരുടെ സ്ത്രീകള്‍ ബലാല്ക്കാരം ചെയ്യപ്പെടുന്നുണ്ട്. അവരുടെ വീടുകള്‍ തീയിടുകയും അവരുടെ കിണറുകളില്‍ വിഷം കലക്കുകയും അവരുടെ കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും അവരെ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന് വെളിയില്‍ പട്ടികജാതി പീഡനങ്ങള്‍ നേരിട്ടുള്ളതും കൃത്യമായി നമുക്ക് പ്രവചിക്കാന്‍ കഴിയുന്നതുമായ ആളുകളില്‍ നിന്നുണ്ടാകുന്നതും ആണ്. കേരളത്തിന് പുറത്ത് പട്ടികജാതി പീഡനങ്ങള്‍ അങ്ങേയറ്റം വന്യവും ഹിംസാത്മകവുമാണ്. കേരളത്തിലെ പട്ടികജാതി പീഡനങ്ങള്‍ പലതും അങ്ങേയറ്റം അദൃശ്യവും ഹിംസാത്മകത പ്രത്യക്ഷത്തിൽ പ്രകടമാവാത്തവയുമാണ്. അതുകൊണ്ടുതന്നെ അത്തരം വയലന്‍സ് അനുഭവിക്കുന്ന ആളുകള്‍ക്കുപോലും അതൊരു ജാതി വയലന്‍സ് ആണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. അഥവാ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ‘അതൊക്കെ നിങ്ങളുടെ തോന്നലാണ്, അവരൊക്കെ നല്ല തറവാടികളാണ്, അവരൊന്നും ജാതിക്കുശുമ്പ് ഉള്ളവരല്ലെന്നേ’ എന്നിങ്ങനെയുള്ള വാചകങ്ങൾകൊണ്ട് ആ തിരിച്ചറിവിന്റെ മുനയൊടിച്ചു കളയും. ഇവിടെയാണ് നീതിബോധമുള്ള പൊതുസമൂഹത്തിന്റെയും പൊലീസ് ഓഫിസര്‍മാരുടെയും കോടതികളുടെയും മഹത്വം കിടക്കുന്നത്. അംബേദ്കര്‍ പറഞ്ഞത് ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ. ‘ആര്‍ക്കാണോ അധികാരമുള്ളത് അവരുടെ ധാർമികമായ ഔന്നത്യത്തിലും നീതിബോധത്തിലും മാത്രമേ ഭരണഘടന മെച്ചപ്പെട്ട ഒന്നായി മാറൂ. അല്ലാത്ത സാഹചര്യത്തില്‍ അത് വെറുമൊരു പുസ്തകം മാത്രമായി അവശേഷിക്കും’.
(കൊടുങ്ങല്ലൂര്‍ ഗവ.കോളജിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.