ജാതിവിവേചനം ജനാധിപത്യത്തിന് കളങ്കം
text_fieldsമഹത്തായ ഇന്ത്യൻ ജനാധിപത്യം വിശ്വം മുഴുക്കെ കീർത്തി നേടിക്കഴിഞ്ഞു. പക്ഷേ, ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങൾക്ക് അന്ത്യംകുറിക്കുന്നതിൽ നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നു. ദലിതുകൾ ക്രൂരപീഡനത്തിനിരയാകുന്ന വാർത്തകൾ നിത്യേനയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഡൽഹിക്ക് സമീപം ദിവസങ്ങൾ മാത്രം മുമ്പായിരുന്നു ഒരു ദലിത് കുടുംബത്തെ ജീവനോടെ മേൽജാതിക്കാർ ചുട്ടുകൊന്നത്.
തലസ്ഥാന നഗരിയിലെ വിഖ്യാതമായ ജെ.എൻ.യുവിൽ ജാതി വിവേചനങ്ങൾ അസഹ്യമായതിനെ തുടർന്ന് ദലിത് വിദ്യാർഥിക്ക് സ്വയം ജീവനൊടുക്കേണ്ടിവന്നതും ദിവസങ്ങൾക്കു മുമ്പായിരുന്നു. 28കാരനായ മുത്തുകൃഷ്ണൻ. ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ ചേർന്ന് പഠിക്കുക അയാളുടെ ചിരകാലാഭിലാഷമായിരുന്നു. ഒടുവിൽ ഏറെ പ്രതീക്ഷയോടെ എം.ഫിൽ പഠനത്തിന് അവസരം ലഭിക്കുകയും ചെയ്തു. പക്ഷേ, ദലിതനായി പിറന്നതിനാൽ ഒാരോ വേദിയിലും കീഴാളതയുടെ പേരിലുള്ള വിവേചനങ്ങൾ അയാളെ വേട്ടയാടുകയുണ്ടായി.
ഇത്തരം ജീവബലികളും വിവേചനങ്ങളും വാസ്തവത്തിൽ സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നില്ല എന്നതാണ് ആശ്ചര്യമുളവാക്കുന്ന യാഥാർഥ്യം. ഒരു സാധാരണ സംഭവമോ വാർത്തയോ പോലെ അവ ക്ഷണനേരത്തിനകം വിസ്മരിക്കപ്പെടുന്നു. വാസ്തവത്തിൽ സമൂഹത്തെ ഒന്നടങ്കം ഇത്തരം സംഭവങ്ങൾ പിടിച്ചുകുലുക്കേണ്ടതായിരുന്നു. മേൽജാതി വിഭാഗത്തിലെ വിദ്യാർഥിയായിരുന്നു ഇൗ രീതിയിൽ ആത്മഹത്യ ചെയ്തിരുന്നതെങ്കിൽ ദേശവ്യാപക പ്രക്ഷോഭങ്ങൾ അരങ്ങേറുമായിരുന്നു. പ്രശ്നത്തിൽ മാധ്യമങ്ങൾ കൈക്കൊണ്ട സമീപനവും അപലപനീയമായിരുന്നു. വൻ സംഭവങ്ങൾക്കിടയിൽ പാർശ്വവാർത്തയായാണ് മാധ്യമങ്ങൾ മുത്തുകൃഷ്ണെൻറ ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. മാധ്യമ പ്രവർത്തകർ പൊതുവെ ഉപരിവർഗക്കാരാണെന്ന യാഥാർഥ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
മുത്തുകൃഷ്ണെൻറ മരണത്തെ സംബന്ധിച്ച് സി.ബി.െഎ അന്വേഷണം ആവശ്യമാണെന്ന് അവെൻറ മാതാപിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഡൽഹി പൊലീസിനെ ആശ്രയിക്കുന്ന സി.ബി.െഎയിൽനിന്ന് പുതുതായി എന്ത് പ്രതീക്ഷിക്കാനാകും? സമാന സംഭവമായിരുന്നു േപായവർഷം ഹൈദരാബാദ് സർവകലാശാലയിൽ അരങ്ങേറിയതും. വിവേചനങ്ങളിൽ മനമുരുകി ഗവേഷക വിദ്യാർഥിയായ രോഹിത് വെമുലയാണ് അവിടെ ജീവനൊടുക്കിയത്. എന്നാൽ, സംഭവം നാടിെന ഇളക്കിമറിച്ചു. പ്രക്ഷോഭങ്ങളെ തുടർന്ന് സർവകലാശാല ഭരണവിഭാഗത്തിൽ അഴിച്ചുപണികൾ നടത്തേണ്ടിയും വന്നു. വെമുലയെ മരണത്തിലേക്ക് നയിക്കാനിടയാക്കിയ ഹൈദരാബാദ് വാഴ്സിറ്റി അധികൃതരുടെ സമീപനങ്ങളെ മുത്തുകൃഷ്ണൻ ശക്തമായി വിമർശിച്ചിരുന്നു. ജെ.എൻ.യുവിലെ ജാതിവിവേചനങ്ങൾക്കെതിരെ മുത്തുകൃഷ്ണൻ ശബ്ദമുയർത്തി. ജെ.എൻ.യുവിെൻറ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചിട്ട വരികൾ ആ യുവാവിെൻറ ആത്മസംഘർഷങ്ങളുടെ പ്രതിഫലനമായിരുന്നു.
സർവകലാശാലകളിൽ ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ നൽകുന്ന സൂചനകൾ എന്താണ്? ഉപരിപഠന മേഖലയിലെ ദലിത് വിദ്യാർഥികൾ കടുത്ത വിവേചനങ്ങൾക്കിരകളാകുന്നു എന്ന യാഥാർഥ്യംതന്നെ. 2007^2013 കാലയളവിൽ ഹൈദരാബാദിലെ വിവിധ കലാലയങ്ങളിൽ ഒരു ഡസൻ വിദ്യാർഥികൾ ജീവനൊടുക്കിയതിൽ കൂടുതൽ പേരും ദലിതുകളായിരുന്നു. ഇതേ കാലയളവിൽ ഡൽഹിയിലെ എയിംസിൽ രണ്ട് ദലിത് വിദ്യാർഥികളുടെയും മറ്റിടങ്ങളിലായി 14 ദലിതുകളുടെയും ആത്മഹത്യകളും അരങ്ങേറി.
ദലിത് വിദ്യാർഥികളുടെ മരണങ്ങളെ നിസ്സംഗതയോടെ സമീപിക്കുന്ന മനോനിലയാണ് നമ്മുടേത്. ഉപരിപഠന മേഖലയിൽ ദലിത് വിദ്യാർഥികളുടെ അനുപാതം നിസ്സാരമാണെങ്കിലും 25 ആത്മഹത്യകളിൽ 23ഉം ദലിത് വിദ്യാർഥികൾ നടത്തുന്നു എന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കാൻ ജനാധിപത്യ ഭാരതത്തിന് എങ്ങനെ സാധിക്കുന്നു? ജാതിവിവേചനങ്ങളും അയിത്തവുമാണ് ദലിത് വിദ്യാർഥികളെ മരണത്തിലേക്കാനയിക്കുന്നതെന്ന് സുപ്രധാന പഠന ഗവേഷണങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. അസ്പൃശ്യതയെ പല ഉന്നത കലാലയങ്ങളിലും സ്വാഭാവിക രീതിയായി സ്വീകരിക്കപ്പെടുന്നു. ജാതിവിവേചനങ്ങൾ ഇൗ കാലഘട്ടത്തിലും സ്ഥായിയായി തുടരുന്നു എന്ന യാഥാർഥ്യം അംഗീകരിക്കാൻ സർവരും തയാറാകേണ്ടതുണ്ട്. കാമ്പസുകളിലെ ദലിത് വിവേചനം ഒറ്റപ്പെട്ട സംഭവമാണെന്നും ആത്മഹത്യകൾ ചില പ്രത്യേക സാഹചര്യങ്ങളിൽ സംഭവിച്ച ആകസ്മികതകളാണെന്നുമുള്ള ന്യായീകരണങ്ങൾ അർഥരഹിതമാണ്.
കാമ്പസുകളിൽ നടന്ന 25 ആത്മഹത്യകളിൽ 23ഉം ദലിത് വിദ്യാർഥികളുടേതായി മാറിയതിനെ യാദൃച്ഛികതയായി സാധൂകരിക്കാൻ സാധിക്കുമോ? 2010 പ്രഫസർ മേരി തോൺടണും സംഘവും ഇന്ത്യയിലേയും ബ്രിട്ടനിലേയും പ്രമുഖ സർവകലാശാലകളിൽ നടത്തിയ സർവേയിൽ ജാതീയവും മതപരവുമായ വിവേചനങ്ങൾ വ്യാപകമായ തോതിൽ തുടരുന്നത് സ്ഥിരീകരിക്കുകയുണ്ടായി. 2013ൽ സാംസൺ ഒവിഷെഗൻ സർവകലാശാലകളിലെ ദലിത് അനുഭവങ്ങൾ പഠന വിധേയമാക്കിയപ്പോൾ കണ്ടെത്തിയ യാഥാർഥ്യങ്ങളും നടുക്കം പകരുന്നവയാണ്. ദലിതുകൾക്കും മുന്നാക്ക ജാതിക്കാർക്കുമിടയിൽ വ്യക്തമായ വിഭജനങ്ങൾ നിലനിർത്തുന്ന രീതിയാണ് സർവകലാശാലകൾ അവലംബിക്കുന്നതെന്നും ദലിത് വിദ്യാർഥികൾ ഒളിഞ്ഞും തെളിഞ്ഞുമുള്ള ജാതി വിവേചനങ്ങൾക്കിരയാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സാഹചര്യങ്ങൾ മുൻകാലങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ടു എന്നത് നിസ്തർക്കമാണ്. എന്നാൽ, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജാതിവ്യവസ്ഥ നിത്യവ്യവഹാരങ്ങളിൽ ഒഴിയാ സാന്നിധ്യമായി ശേഷിക്കുന്നു. ദലിത് വിദ്യാർഥികളും ഇതര വിദ്യാർഥികളും അധ്യാപകരും സർവകലാശാല ഭരണവിഭാഗവും തമ്മിലുള്ള ബന്ധങ്ങൾ പ്രശ്നരഹിതമാകണം. ദലിതുകളും ഇതര പിന്നാക്ക പാർശ്വവത്കൃതരുമായ വിദ്യാർഥികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്താൻ നടപടികൾ അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്.
എെൻറ അഭിപ്രായത്തിൽ വിദ്യാഭ്യാസരംഗത്തെ വിവേചനങ്ങൾക്കെതിരെ നിയമങ്ങൾ കർക്കശമാക്കണം. ഒപ്പം ഇരകളാക്കപ്പെടുന്ന വിദ്യാർഥികൾക്ക് അക്കാദമിക സഹായവും ലഭ്യമാക്കണം. സർവകലാശാലകളുടേയും കലാലയങ്ങളുടേയും നടത്തിപ്പുമായി ബന്ധപ്പെട്ട സമിതികളിൽ അധഃകൃത വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും വേണം..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.