ഹിന്ദുത്വ രാഷ്ട്രീയത്തെ ഭയപ്പെടുത്തുന്ന ജാതിസർവേ ഫലം
text_fieldsബി.ജെ.പി നേതാക്കൾ എന്തൊക്കെപ്പറഞ്ഞാലും ശരി നിതീഷ്, ലാലു, തേജസ്വി എന്നിവർക്ക് ജാതി സർവേയെപ്പറ്റി അന്നും ഇന്നും കൃത്യമായ ഒരു നിലപാടുണ്ടായിരുന്നു. ബിഹാറിൽ മാത്രമല്ല, ദേശീയ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ഇന്ത്യയൊട്ടാകെ ജാതി സെൻസസ് നടത്തണമെന്നായിരുന്നു അവരുടെ ഡിമാൻഡ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ സഖ്യം അധികാരത്തിൽ വന്നാൽ തങ്ങളത് നടപ്പാക്കുമെന്നും അവർ ആണയിടുന്നു
ഏറെ രാഷ്ട്രീയ പോരുകളെയും നിയമപോരാട്ടങ്ങളെയും അതിജയിച്ച് ബിഹാറിൽ നിതീഷ് കുമാർ ഭരണകൂടം നടത്തിയ ജാതി സർവേയുടെ വിശദാംശങ്ങൾ പുറത്തുവന്നിരിക്കുന്നു. സർവേ റിപ്പോർട്ട് പുറത്തുവിടാൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടുതന്നെ തിരഞ്ഞെടുത്തത് ബോധപൂർവമായിരുന്നു.
സംസ്ഥാനത്ത് 36 ശതമാനം പേർ അതിപിന്നാക്ക ജാതികളിൽ പെടുന്നവരാണ് എന്ന വിവരമാണ് സർവേയുടെ സുപ്രധാന വെളിപ്പെടുത്തൽ. ഒ.ബി.സി എന്ന് പൊതുവായി പറയാറുള്ള മറ്റു പിന്നാക്ക വിഭാഗങ്ങളെ പിന്നാക്ക വിഭാഗങ്ങൾ, അതിപിന്നാക്ക വിഭാഗങ്ങൾ എന്നിങ്ങനെ ബിഹാറിൽ തരംതിരിച്ചിരിക്കുന്നു.
പിന്നാക്ക വിഭാഗങ്ങൾ ജനസംഖ്യയുടെ 27 ശതമാനമുണ്ട്. അതായത്, ഒ.ബി.സി സമൂഹത്തിന്റെ മൊത്തം ജനസംഖ്യ 63 ശതമാനം വരും. ഹിന്ദുത്വം മുഖ്യ അജണ്ടയാക്കി പയറ്റുന്ന ഭാരതീയ ജനത പാർട്ടിയെ സംബന്ധിച്ച് ബിഹാറിൽ ഈ ജനസംഖ്യാ കണക്ക് പുറത്തറിയുന്നതുതന്നെ വലിയ വെല്ലുവിളിയാണ്.
എന്തെന്നാൽ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന ഈ സമൂഹത്തിന് സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭൂസ്വത്തിലുമെല്ലാമുള്ള പ്രാതിനിധ്യം സംബന്ധിച്ച കണക്ക് ഉടനടി പുറത്തുവരാനിരിക്കുകയാണ്. ജനസംഖ്യാനുപാതമുള്ള പ്രാതിനിധ്യം വേണമെന്ന ആവശ്യമുയരുന്നത് ബി.ജെ.പിയെ വല്ലാതെ പൊള്ളിക്കും.
പിന്നാക്കക്കാരുടെ ന്യായമായ ഈ ആവശ്യത്തെ പിന്തുണച്ചുകളയാമെന്ന് അവർ തീരുമാനിച്ചുവെന്നിരിക്കട്ടെ, അതോടെ പാർട്ടിയുടെ അടിത്തറയും അടിസ്ഥാനവുമായ മേൽജാതിക്കൂട്ടങ്ങൾ കോപിക്കും, അസ്വസ്ഥത പ്രകടിപ്പിക്കും.
സർവേ പ്രകാരം സംസ്ഥാന ജനസംഖ്യ 13,07,25,310 ആണ്. അതിൽ 19.65 ശതമാനം ആണ് പട്ടികജാതിക്കാർ (2,56,89,820). പട്ടിക വർഗം 1.68 ശതമാനവും (21,99,361) സംവരണമില്ലാത്തവർ അഥവാ ജനറൽ വിഭാഗം 15.52 ശതമാനം (2,02,91679) പേരുമാണ്. സംസ്ഥാനത്തെ ഹൈന്ദവ ജനസംഖ്യ 82 ശതമാനം വരും. മുസ്‍ലിംകൾ 17.70 ശതമാനവും.
തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥ അക്ഷരാർഥത്തിൽ പ്രകടമാണ് ബി.ജെ.പി ക്യാമ്പിലിപ്പോൾ. ജാതി അടിസ്ഥാനത്തിൽ കണക്കെടുപ്പ് നടത്തുന്നത് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുമെന്നാണ് പാർട്ടിയുടെ അടിസ്ഥാന നിലപാട്. ഗിരിരാജ് സിങ്ങിനെപ്പോലുള്ള മേൽജാതി നേതാക്കൾ സർവേഫലം പുറത്തുവിട്ടതിനെ സ്വാഗതം ചെയ്യാൻ കൂട്ടാക്കുന്നില്ല, പകരം നിതീഷിന്റെയും ലാലുവിന്റെയും ഭരണകാലത്തെ വികസനക്കണക്ക് വെളിപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.
അതേസമയം രാജ്യസഭാംഗമായ സുശീൽകുമാർ മോദിയെപ്പോലുള്ളവർ പറയുന്നത്, ജാതി സർവേ നടത്താനുള്ള തീരുമാനമെടുത്തത് ബി.ജെ.പി കൂടി സഖ്യകക്ഷിയായിരുന്ന സർക്കാറിന്റെ കാലത്താണ് എന്നാണ്. ആർ.ജെ.ഡി മേധാവി ലാലുപ്രസാദ് യാദവിന് ജാതിസർവേയുടെ ക്രെഡിറ്റിന്റെ പങ്ക് നൽകാനാവില്ല എന്നും സുശീൽ കുമാർ കൂട്ടിച്ചേർക്കുന്നു.
ബി.ജെ.പി നേതാക്കൾ എന്തൊക്കെപ്പറഞ്ഞാലും ശരി നിതീഷ്, ലാലു, തേജസ്വി എന്നിവർക്ക് ജാതി സർവേയെപ്പറ്റി അന്നും ഇന്നും കൃത്യമായ ഒരു നിലപാടുണ്ടായിരുന്നു. ബിഹാറിൽ മാത്രമല്ല, ദേശീയ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ഇന്ത്യയൊട്ടാകെ ജാതി സെൻസസ് നടത്തണമെന്നായിരുന്നു അവരുടെ ഡിമാൻഡ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ സഖ്യം അധികാരത്തിൽ വന്നാൽ തങ്ങളത് നടപ്പാക്കുമെന്നും അവർ ആണയിടുന്നു.
ബി.ജെ.പി നടത്തിയ ഗൂഢാലോചനകളെയും നിയമ കടമ്പകളെയുമെല്ലാം മറികടന്ന് ഗാന്ധിജയന്തി ദിനത്തിൽ ജാതി സർവേ വിവരങ്ങൾ പുറത്തുവിട്ട ബിഹാർ സർക്കാറിനെ അഭിനന്ദിച്ച ലാലുപ്രസാദ് യാദവ് അതിനെ വിശേഷിപ്പിച്ചത് ചരിത്ര മുഹൂർത്തം എന്നാണ്.
ഈ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനപ്പെടുത്തി ദരിദ്ര-പിന്നാക്ക പാർശ്വവത്കൃത സമൂഹങ്ങൾക്കുവേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് ഓർമപ്പെടുത്തുന്ന അദ്ദേഹം സർക്കാർ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഓർമപ്പെടുത്തുന്നു.
2024ൽ ഞങ്ങളുടെ സർക്കാർ അധികാരമേറുമ്പോൾ രാജ്യമൊട്ടുക്ക് ജാതി സെൻസസ് നടപ്പാക്കുമെന്നും ദലിതുകൾക്കും മുസ്‍ലിം പിന്നാക്ക, അതിപിന്നാക്ക വിരുദ്ധരായ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്തേക്കെറിയുമെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജാതി അടിസ്ഥാനത്തിലുള്ള സർവേയെ സർവാത്മനാ സ്വാഗതം ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമ പോസ്റ്റിൽ അദ്ദേഹം കുറിച്ചിട്ടത് ഇങ്ങനെ: ബിഹാറിലെ ജാതി സർവേയിൽനിന്ന് വ്യക്തമാവുന്നത് ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളാണ് ജനസംഖ്യയുടെ 84 ശതമാനം എന്നാണ്.
പക്ഷേ, കേന്ദ്രത്തിലെ 90 സെക്രട്ടറിമാരിൽ ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളത് മൂന്നേ മൂന്നുപേരാണ്. ആയതിനാൽ രാജ്യത്തെ ജാതി സ്ഥിതിവിവരക്കണക്ക് അറിയൽ അത്യാവശ്യമാണ്. ജനസംഖ്യാനുസാരമായ അവകാശം ഉറപ്പാക്കുക എന്നത് നമ്മുടെ വാക്കാണ്.
അധികാരവും പ്രാതിനിധ്യവുമെല്ലാം കൈപ്പിടിയിലൊതുക്കിവെച്ചിരിക്കുന്ന മേൽത്തട്ട് സമൂഹമാണ് ആ പാർട്ടിയുടെ ആത്മാവും ശരീരവും എന്നിരിക്കെ ദേശീയതലത്തിൽ ജാതി സെൻസസ് വേണമെന്ന ആവശ്യം ശക്തിപ്പെടുന്നത് ബി.ജെ.പിയെ ശരിക്കും വെട്ടിലാക്കും.
ഇപ്പോൾ ഒപ്പം നിൽക്കുന്ന പിന്നാക്ക സമൂഹങ്ങൾ പാർട്ടിയെ കൈവിടുകയും ചെയ്യും. ദുസാദുകളും പസ്വാന്മാരും 5.31 ശതമാനമാണ്. കുശ്‍വാഹകൾ 4.21 ശതമാനം, മുശഹർ, മാഞ്ജി സമൂഹം 3.08 ശതമാനം. ഈ സമൂഹങ്ങളിൽനിന്നുള്ള നേതാക്കളായ ചിരാഗ് പാസ്വാൻ, പശുപതി പരാസ്, ഉപേന്ദ്ര കുശ് വാഹ, ജിതിൻ റാം മാൻജി എന്നിവർ എൻ.ഡി.എ സഖ്യത്തിനൊപ്പമാണിപ്പോൾ.
ആകെ 10.56 ശതമാനം വരുന്ന മേൽജാതിക്കാരുടെ കണക്കുകൂടി ഇവിടെ പറഞ്ഞുപോകാം. ബ്രാഹ്മണർ 3.65 ശതമാനം, രജപുത്രർ 3.45 ശതമാനം, ഭൂമിഹാറുകൾ 2.86 ശതമാനം, കായസ്ഥർ 0.6 ശതമാനം.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിൽനിന്ന് വാരിക്കൂട്ടിയ സീറ്റുകളെല്ലാം നഷ്ടമാകുമെന്ന ഭീതി ബി.ജെ.പിയെയും എൻ.ഡി.എ ഘടകകക്ഷികളെയും വല്ലാതെ അലട്ടുന്നുണ്ട്. മറുവശത്ത് ‘ഇൻഡ്യ’ സഖ്യത്തിന്റെ ആത്മവിശ്വാസം ഹിമാലയത്തോളം ഉയരുകയും ചെയ്തിരിക്കുന്നു.
14.26 ശതമാനം വരുന്ന യാദവരും 17.70 ശതമാനമുള്ള മുസ്‍ലിം ജനസംഖ്യയും ഇളക്കമില്ലാത്ത പിൻബലമായി തുടരുമെന്ന പ്രതീക്ഷ അവർക്കുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമുദായമായ കുർമികൾ സംസ്ഥാന ജനസംഖ്യയുടെ 2.87 ശതമാനമാണ്. ജാതി സർവേ റിസൽട്ട് പുറത്തുവിടാനായതിൽ വ്യക്തിപരമായി നിതീഷ് കുമാറിന് അഭിമാനിക്കാൻ ഏറെ കാരണങ്ങളുണ്ട്.
ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ പോന്ന ഉഗ്രനൊരായുധം സമ്മാനിച്ചതുവഴി ‘ഇൻഡ്യ’ സഖ്യത്തിൽ അദ്ദേഹത്തിന്റെ പ്രാമുഖ്യം കൂടുതൽ ബലപ്പെടുകയും ചെയ്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.