നിഴൽ കാസ്ട്രോ
text_fieldsഒസ്വാൾഡോ ഡോർട്ടികോ ടൊറാഡോ എന്ന വിപ്ലവകാരിയെ ഭൂമിമലയാളത്തിൽ എത്രപേർക്കറിയാം? മഹത്തായ ക്യൂബൻ വിപ്ലവത്തിനുശേഷം, നീണ്ട 17 വർഷം ആ രാജ്യത്തിെൻറ പ്രസിഡൻറ് പദത്തിലിരുന്നിട്ടുണ്ട് ടിയാൻ. എന്നിട്ടും കമ്യൂണിസത്തിെൻറ ജനപ്രിയ ചരിത്രത്തിൽ അദ്ദേഹം ഇല്ലാെത പോയിട്ടുണ്ടെങ്കിൽ അതിനു കാരണം, ആ പേരിനൊപ്പം ‘കാസ്ട്രോ’ എന്ന ‘സർ നെയിം’ ഇല്ലാത്തതു മാത്രമായിരിക്കും. അമേരിക്കയുടെ പിന്തുണയോടെ ക്യൂബ അടക്കിഭരിച്ച ബാറ്റിസ്റ്റയെ കെട്ടുകെട്ടിച്ച നാൾ മുതൽ ആ രാജ്യത്തിെൻറ പര്യായമായി ‘കാസ്ട്രോ’ എന്ന പേരുകൂടിയുണ്ട്. ഒസ്വാൾഡോയുടെ ഭരണകാലത്ത്, ഫിദൽ കാസ്ട്രോയായിരുന്നു പ്രധാനമന്ത്രി; ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്തും അദ്ദേഹംതന്നെ. ആഗോളതലത്തിൽ കമ്യൂണിസത്തിെൻറ സുവർണ കാലമായിരുന്നു അത്. ആദ്യമായി ബഹിരാകാശയാത്ര നടത്തി അമേരിക്കയെ ഞെട്ടിച്ച് സോവിയറ്റ് യൂനിയൻ ഒരുപടി മുന്നിൽ നിൽക്കുന്നു. കമ്യൂണിസം തന്നെയാണ് ഭാവിയെന്ന് ലോകം പറഞ്ഞുതുടങ്ങിയിരുന്ന അക്കാലം മുതൽതന്നെ ക്യൂബയെന്നാൽ കാസ്ട്രോ മാത്രമാണ്. ആ കാസ്ട്രോ യുഗം അവസാനിച്ചിരിക്കുന്നുവെന്നും ക്യൂബ പുതുയുഗപ്പിറവിയിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നുവെന്നും മാധ്യമങ്ങൾ. സംഭവം ഇത്രയേയുള്ളൂ: 2008 മുതൽ പ്രസിഡൻറ് പദവിയിലുള്ള റാഉൾ കാസ്ട്രോ കസേരയൊഴിഞ്ഞു; പകരം, അഞ്ചു വർഷമായി വൈസ് പ്രസിഡൻറ് പദവിയിലിരിക്കുന്ന വിശ്വസ്ത സേവകൻ മിഗ്വേൽ ഡിയസ് കാനലിനെ അവിടെയിരുത്തി.
ഭൂഗോളത്തിലെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് തുരുത്തുകളിലൊന്നായ ക്യൂബ, ഉദാരനയങ്ങളുടെ വക്താവിനെയാണ് പ്രസിഡൻറായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് പ്രചാരണം. ലാപ്േടാപ് ഉപയോഗിക്കുന്ന, ഇൻറർനെറ്റ് സെൻസർഷിപ്പിനെതിരെ സംസാരിക്കുന്ന, സ്വകാര്യവത്കരണത്തിനുവേണ്ടി വാദിക്കുന്ന ഒരാൾ ഭരണചക്രം തിരിക്കുേമ്പാൾ പിന്നെ ആ രാജ്യം ഏതു ദിശയിലായിരിക്കും പോവുക? എന്നാൽ, ആ സാമാന്യബുദ്ധിവെച്ച് ക്യൂബയെ അളക്കാൻ കഴിയില്ലെന്ന് മിഗ്വേലിെൻറ ആദ്യ പ്രസ്താവന തെളിയിച്ചിരിക്കുന്നു. ഫിദൽ കാസ്ട്രോയുെട നിഴലായി ഒസ്വാൾഡോ പ്രവർത്തിച്ചതുപോലെ, റാഉളിെൻറ ആജ്ഞാനുവർത്തിയായി കഴിഞ്ഞുകൂടാനാണ് അദ്ദേഹത്തിെൻറ തീരുമാനം. അല്ലെങ്കിലും 58ാം ജന്മദിനസമ്മാനമായി കിട്ടിയ ഇൗ പ്രസിഡൻറ് സ്ഥാനത്തിന് മരണംവരെ കടപ്പെട്ടിരിക്കാൻ മിഗ്വേൽ ബാധ്യസ്ഥനാണല്ലോ. അധികാരമേറ്റ് നടത്തിയ ആദ്യ പ്രസംഗം മുഴുവൻ റാഉളിനുള്ള പ്രശംസാവാചകങ്ങളും നന്ദിപ്രകടനങ്ങളുമായിരുന്നു. ‘സമത്വം അല്ലെങ്കിൽ മരണം; അന്തിമ വിജയം ഞങ്ങൾക്കുതന്നെ’ എന്ന പതിവ് മുദ്രാവാക്യത്തിലാണ് പ്രസംഗം അവസാനിപ്പിച്ചതെങ്കിലും, ഇടക്കിടെ ക്യൂബയുടെ വിപ്ലവനക്ഷത്രങ്ങളെ പുകഴ്ത്താൻ അദ്ദേഹം മറന്നില്ല. അതിനാൽ, വിപ്ലവത്തിനുശേഷം ജനിച്ച ഒരു തലമുറ അധികാരസ്ഥാനത്തെത്തുേമ്പാൾ, നവലോകം സൃഷ്ടിക്കപ്പെടുമെന്ന് ആരും ദിവാസ്വപ്നം കാണേണ്ടതില്ലെന്നാണ് ദോഷൈകദൃക്കുകളുടെ പക്ഷം. അഥവാ, വൈസ് പ്രസിഡൻറായിരിക്കെ നടത്തിയ അധികാരപ്രയോഗങ്ങളെല്ലാം തുടരുകതന്നെ ചെയ്യും. ഏതാനും വർഷങ്ങൾക്കുമുമ്പ് ബറാക് ഒബാമ ക്യൂബയിൽ വന്നത് ഒാർമയില്ലേ? ആയിരക്കണക്കിന് വിമതരെയാണ് അന്ന് ജയിലിലടച്ചത്. 2016ൽ മാത്രം, പതിനായിരം പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് കണക്കുകൾ. വിമതസ്വരങ്ങളെ ഇനിയും വെച്ചുപൊറുപ്പിക്കില്ലെന്ന് തുടർന്നും വ്യക്തമാക്കിയ സ്ഥിതിക്ക്, കാസ്ട്രോയുടെ പ്രേതം മിഗ്വേലിൽ ആവാഹിച്ചുവെന്നുതന്നെ മനസ്സിലാക്കാം.
എൻജിനീയറാണ്. 20ാം വയസ്സു മുതൽതന്നെ പാർട്ടിയുടെ ഭാഗമാണ്. പ്രഫഷൻ പൂർണമായും പാർട്ടിക്ക് സമർപ്പിച്ച പ്രായോഗികവാദിയെന്ന് വിമർശകർപോലും സമ്മതിക്കും. സോവിയറ്റ് യൂനിയൻ തകർന്നതിനെ തുടർന്ന് ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ച സമയം. ക്യൂബ രാഷ്ട്രീയവും സാമ്പത്തികവുമായി വൻതകർച്ചയുടെ വക്കിലാണപ്പോൾ. അന്ന് പാർട്ടിയെ കൈപിടിച്ചുയർത്താൻ മിഗ്വേൽ നടത്തിയ പ്രവർത്തനങ്ങളാണത്രെ അദ്ദേഹത്തെ ജനപ്രിയനാക്കിയത്. അന്ന് മറ്റൊരു സമ്മാനം കാസ്ട്രോ നൽകി^ ഒരു കാർ. പേക്ഷ, അത് നിരാകരിച്ച് സ്വന്തം സൈക്കിളിൽ നാടുചുറ്റി കരിഷ്മ വർധിപ്പിച്ചയാളാണ്. രണ്ട് പ്രവിശ്യകളുടെ ഭരണചക്രം മുമ്പ് നിയന്ത്രിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലുണ്ട്. 2008 വരെയും പ്രവർത്തന മേഖല ജന്മനാടായ വില്ല ക്ലാരയിലായിരുന്നു. റാഉൾ അധികാരത്തിലെത്തിയപ്പോഴാണ് ഹവാനയിലേക്ക് ക്ഷണം ലഭിച്ചത്. ആദ്യം ഉന്നത വിദ്യാഭ്യാസ മന്ത്രിയായി. പിന്നെ ഉപപ്രധാനമന്ത്രിയും വൈസ് പ്രസിഡൻറുമൊക്കെയായി. ഒടുവിൽ, 86ാം വയസ്സിൽ റാഉൾ പടിയിറങ്ങുേമ്പാൾ, ചുമതല പൂർണമായും മിഗ്വേലിനെ ഏൽപിച്ചിരിക്കുകയാണ്. അടിയന്തരമായി ഒരുപാട് ജോലികൾ പൂർത്തിയാക്കാനുണ്ട്. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഒന്നാമത്തേത്. കാലങ്ങളായി രണ്ട് കറൻസിയാണ് അവിടെയുള്ളത്. ഇനിയും അത് ഏകീകരിക്കേണ്ടതുണ്ട്. അമേരിക്കയുമായി ഒബാമയുടെ കാലത്ത് മൊട്ടിട്ടുവന്ന നല്ല ബന്ധത്തിന് ട്രംപ് പാരവെച്ചിരിക്കുകയാണ്. അത് പരിഹരിച്ചില്ലെങ്കിൽ തലവേദന ഇരട്ടിയാകും. ഇതിനൊക്കെ പുറമെയാണ് ‘സ്വാതന്ത്ര്യ’ത്തിനായി വാദിക്കുന്ന വിമതരുടെ കാര്യം.
1960 ഏപ്രിൽ 20ന് വില്ല ക്ലാരയിൽ ജനനം. പിതാവ് സ്കൂൾ അധ്യാപകനും മാതാവ് ഫാക്ടറി തൊഴിലാളിയുമായിരുന്നു. ലാസ് വിലാസ് സെൻട്രൽ സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദം നേടിയശേഷമാണ് ക്യൂബൻ വിപ്ലവ സൈന്യത്തിെൻറ ഭാഗമാകുന്നതും പിന്നെ കാസ്ട്രോ സഹോദരന്മാരുടെ വിശ്വസ്തനായി മാറുന്നതും. ആദ്യ ഭാര്യ മാർത്തയിൽ രണ്ട് മക്കളുണ്ട്. ഇപ്പോൾ, രണ്ടാം ഭാര്യ ലിസ് ക്വിസ്റ്റക്കൊപ്പം ഹവാനയിൽ താമസം. മിഗ്വേലിെൻറ വരവോടെ, കാസ്ട്രോ യുഗം അവസാനിച്ചുവെന്ന് ആരും കരുതേണ്ട. പാർട്ടി തലപ്പത്ത് ഇനിയും രണ്ടു വർഷംകൂടിയുണ്ട് റാഉൾ. മകൻ അലജാൻഡ്രോയും ഭരണകൂടത്തിെൻറ ഇടനാഴികളിൽ നിരീക്ഷകനായുണ്ട്. പുറത്തു മാത്രമല്ല, അകത്തുമുണ്ട് മിഗ്വേലിന് വെല്ലുവിളിയെന്നു സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.