Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകത്തോലിക്ക സഭ...

കത്തോലിക്ക സഭ മോദിക്കയച്ച കത്ത്

text_fields
bookmark_border
കത്തോലിക്ക സഭ മോദിക്കയച്ച കത്ത്
cancel

ക്രിസ്ത്യൻ ഭവനങ്ങളിൽ പോയി ബി.ജെ.പി നേതാക്കൾ നടത്തിയ ഈസ്റ്റർ ആഘോഷവും കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയത് ക്രിസ്ത്യൻ സമുദായം തന്നെയാണ്. കേരളത്തിന്റെ സാമൂഹിക ചട്ടക്കൂടിൽ വിള്ളലുണ്ടാക്കാൻ ‘ലവ് ജിഹാദ്’ വ്യാജ പ്രചാരണം വേണ്ടുവോളമുപയോഗിച്ച തീവ്ര ക്രിസ്ത്യൻ സംഘടനകൾ പോലും തങ്ങൾക്കുനേരെ എറിഞ്ഞ ചൂണ്ടയാണിതെന്ന് പറഞ്ഞുകൊണ്ടുതന്നെയാണ് ബി.ജെ.പിക്ക് അനുകൂലമായ വികാരം ക്രിസ്ത്യൻ സമുദായത്തിലുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇതുവരെ ഇരു മുന്നണികൾ മാത്രം ചൂണ്ടയെറിഞ്ഞിരുന്ന തങ്ങളുടെ നേർക്ക് ഇനി കുറച്ചുകാലം ബി.ജെ.പിയും ചൂണ്ടയെറിയട്ടെ എന്നവർ ആഹ്ലാദാതിരേകത്താൽ പരസ്യപ്രസ്താവന ഇറക്കുന്നുമുണ്ട്.

ആഘോഷമാക്കാതെ അർഥപൂർണമാക്കുന്നവർ

അതേസമയം എല്ലാവർക്കുമിങ്ങനെ ചൂണ്ടയെറിഞ്ഞു കൊടുക്കാൻ പാകത്തിൽ നിന്നുകൊടുക്കുന്നവരല്ല സമുദായത്തിലെ ഭൂരിഭാഗവുമെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം, വിദ്വേഷ പ്രചാരണം നടത്തുന്ന വർഗീയ സംഘടനകൾ സമുദായത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് പരസ്യമായി തള്ളിപ്പറയുന്നുമുണ്ട്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് മുൻ പ്രിൻസിപ്പൽ വൽസൺ തമ്പുവിനെ പോലെയുള്ള അത്തരക്കാരുടെ സ്വരം മലയാള മാധ്യമങ്ങൾ അധികം കേൾപ്പിക്കുന്നില്ലെന്നത് വേറെ കാര്യം. പ്രധാനമന്ത്രി അടക്കമുള്ളവർ സമുദായവുമായി സംവദിക്കാൻ നടത്തുന്ന നീക്കങ്ങളെ ആഘോഷിച്ചുതീർക്കുന്നതിന് പകരം അർഥപൂർണമാക്കാൻ ആവശ്യപ്പെടുകയാണ് അവർ ചെയ്യുന്നത്. സംഘ് പരിവാറിനെ ചേർത്തുപിടിക്കാനുള്ള തങ്ങളുടെ ഊഴമാണിതെന്ന ലാഘവ ബുദ്ധിയല്ല അവർ പ്രകടിപ്പിക്കുന്നത്. കേരളത്തിലെ പല സഭാനേതാക്കളിൽനിന്നും ഭിന്നമായി സമചിത്തതയോടെ വിഷയത്തെ സമീപിക്കുന്നവർ ദേശീയതലത്തിൽ കത്തോലിക്ക സഭയുടെ തലപ്പത്തുണ്ട്. കേരളത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിത്തുടങ്ങിയ മാധ്യമങ്ങൾ ഒരുക്കുന്ന കെണികൾ ഇല്ലാത്തതുകൊണ്ട് കൂടിയായിരിക്കണം അങ്ങേയറ്റം അവധാനതയോടെയാണ് ഇത്തരം നേതാക്കളുടെയും വൈദികരുടെയും നീക്കങ്ങൾ.

കേരളത്തിലെ ആഘോഷവും ഡൽഹിയിലെ ആലോചനയും

കേരളത്തിൽ വൈദികരുമായുള്ള മോദിയുടെ കൂടിക്കാഴ്ച ആഘോഷമാക്കുമ്പോൾ ഡൽഹിയിൽ കത്തോലിക്ക സഭാ നേതാക്കൾ ന്യൂഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ കത്തോലിക്ക ചർച്ചിൽ ഈസ്റ്റർ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിന്റെ അലയൊലികൾ ഏറക്കുറെ കെട്ടടങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ആഘോഷത്തിനിറങ്ങാതെയും ഹാങ്ങോവറിൽ കഴിയാതെയും കിട്ടിയ ‘എൻട്രി പോയന്റ്’ ഉപയോഗിച്ച് ക്രിസ്ത്യൻ സമുദായം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങളെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുമ്പാകെ അവതരിപ്പിക്കാനാണ് അവർ ശ്രമിച്ചത്. ക്രൂശിതനായ യേശുവിന്റെ രൂപം സമ്മാനിച്ച് പ്രധാനമന്ത്രിയെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ ചർച്ചിൽ വരവേറ്റ ഡൽഹി ആർച്ച് ബിഷപ് ഫാ. അനിൽ കൂട്ടോയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ പ്രതിനിധി സംഘം രണ്ടുദിവസം കഴിഞ്ഞ് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിനെ കണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സമുദായം നേരിടുന്ന ആക്രമണങ്ങളടക്കമുള്ള വിഷയങ്ങൾ ധരിപ്പിച്ചു. കേരളത്തിലെ സഭാനേതാക്കളിൽ ചിലരെ പോലെ ബി.ജെ.പി എന്തു ചിന്തിക്കുമെന്നു കരുതാതെ രാഷ്ട്രപതിയോടൊത്തുള്ള ചിത്രത്തോടൊപ്പം രാഷ്ട്രപതിക്ക് സമർപ്പിച്ച ആവലാതികളുടെ പകർപ്പും അവർ മാധ്യമങ്ങൾക്ക് നൽകി.

ഇതിനുശേഷമായിരുന്നു മാധ്യമങ്ങൾ കൊണ്ടാടിയ മോദിയുടെ കേരള സന്ദർശനവും വൈദികരുമായുള്ള കൂടിക്കാഴ്ചയും. മോദിയെയും ബി.ജെ.പിയെയും പിണക്കേണ്ടെന്നു കരുതിയാണോ എന്നറിയില്ല, കൂടിക്കാഴ്ച ആഘോഷമാക്കിയതുപോലെ നിവേദനം പങ്കുവെച്ചോ (അത്തരത്തിൽ വല്ലതും കൈമാറിയിട്ടുണ്ടെങ്കിൽ) വാർത്താകുറിപ്പിറക്കിയോ മോദിക്കു മുന്നിലുന്നയിച്ച വിഷയങ്ങൾ സഭാ നേതൃത്വം മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നില്ല. കേരളത്തിലെ ക്രിസ്ത്യൻ സമുദായാംഗങ്ങളെ ആ കൂടിക്കാഴ്ചയുടെ ‘ഹാങ്ങോവറിൽ’ നിർത്താനും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനും ബോധപൂർവമായ ശ്രമം നടക്കുമ്പോൾ ഡൽഹിയിൽ രാഷ്ട്രപതിക്ക് സമർപ്പിച്ച ആവലാതികൾ അത്രയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലെത്തിക്കാനുള്ള ആലോചനയിലായിരുന്നു കത്തോലിക്ക നേതൃത്വം.

കാതലായ പ്രശ്നങ്ങളുമായി പ്രധാനമന്ത്രിക്ക് അയച്ച കത്ത്

രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം കൈമാറിയത് ഓർമിപ്പിച്ച് ഡൽഹി കത്തോലിക്ക സഭകളുടെ ഫെഡറേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത് അങ്ങനെയാണ്. ഈസ്റ്റർ ഞായറാഴ്ച സേക്രഡ് ഹാർട്ട് കത്തീഡ്രൽ ചർച്ച് സന്ദർശിച്ച് മോദി ആഘോഷത്തിൽ പങ്കാളിയായതിലുള്ള സന്തോഷം പ്രകടിപ്പിച്ചും കത്തോലിക്ക സഭയുടെ പ്രതിനിധികളായി ലത്തീൻ കത്തോലിക്ക സഭയുടെ ഡൽഹി ആർച്ച് ബിഷപ് ഫാ. അനിൽ കൂട്ടോ, ഫരീദാബാദ് സിറോ മലബാർ കാത്തലിക് ചർച്ച് ബിഷപ് ഫാ. കുര്യാക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം സിറോ മലങ്കര കാത്തലിക് ചർച്ച് ബിഷപ് ഫാ. തോമസ് മാർ അന്തോണിയോസ് എന്നിവർ ചേർന്ന് സ്വീകരിച്ചത് ഓർമിപ്പിച്ചുമായിരുന്നു പ്രധാനമന്ത്രിക്ക് കത്തോലിക്ക നേതൃത്വം കത്തയച്ചത്. ‘ആഘോഷത്തിൽ പങ്കുകൊള്ളാനായി താങ്കൾ വന്ന വേളയിൽ ഓർമയിലെത്തിയതാണെങ്കിലും അത്തരമൊരു സമയത്ത് പറയുന്നത് അനുചിതമാണെന്നു മനസ്സിലാക്കിയാണ് ക്രിസ്ത്യൻ സമുദായം നേരിടുന്ന നിർണായകമായ ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുന്നത്’ എന്നു പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തോലിക്ക സംഘടനകളുടെ ഫെഡറേഷൻ കത്തയച്ചത്.

പ്രധാനമന്ത്രിക്കുള്ള കത്തിൽ സഭ ഉന്നയിച്ച വിഷയങ്ങൾ

സുപ്രധാനമെന്നു പറഞ്ഞ് മൂന്നു വിഷയങ്ങൾ അക്കമിട്ട് വിശദീകരിച്ചായിരുന്നു പ്രധാനമന്ത്രിക്കുള്ള സഭാ നേതൃത്വത്തിന്റെ കത്ത്. ഇന്ത്യയിലെ ക്രിസ്ത്യൻ സമുദായത്തിന് അപകടകരമായതും ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം ഹനിക്കുന്നതുമായ തരത്തിൽ 11 സംസ്ഥാനങ്ങൾ ഉണ്ടാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങളിലേക്കാണ് ആദ്യമായി കത്തോലിക്ക സഭ മോദിയുടെ ശ്രദ്ധ ക്ഷണിച്ചത്. ഇതിന്റെ പേരിൽ ക്രിസ്ത്യൻ സമുദായാംഗങ്ങൾ പീഡിപ്പിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും വ്യാജ കുറ്റങ്ങൾ ചുമത്തപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ്.

രാഷ്ട്രനിർമിതിയിൽ അവിഭാജ്യഘടകമെന്ന നിലയിൽ അഭിമാനാർഹമായ പങ്കുവഹിക്കുന്ന ക്രിസ്ത്യൻ വിദ്യാലയങ്ങളും കലാലയങ്ങളും ആൾക്കൂട്ട ആക്രമണങ്ങൾ നേരിടുകയും തകർക്കപ്പെടുകയും ചെയ്യുന്നതിലേക്കാണ് സഭ രണ്ടാമതായി പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്. രാജ്യത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 72 ശതമാനവും ക്രിസ്ത്യൻ സമുദായത്തിന്റേതാണെന്ന് കത്ത് ഓർമിപ്പിച്ചു.

ഇസ്‍ലാമിലേക്കും ക്രിസ്തുമതത്തിലേക്കും മതപരിവർത്തനം ചെയ്ത ദലിതുകൾക്ക് പട്ടികജാതി സംവരണം നൽകണമെന്നാണ് മൂന്നാമത്തെ ആവശ്യം. മതപരിവർത്തനത്തിനുശേഷവും അവരുടെ സാമൂഹികാവസ്ഥ മാറിയിട്ടില്ലെന്ന് 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ചൂണ്ടിക്കാട്ടുന്ന കത്ത് ഇന്ത്യയിലെ മൊത്തം ക്രിസ്ത്യൻ സമുദായത്തിന്റെ 24 ശതമാനവും കത്തോലിക്കരിൽ 70 ശതമാനവും പാർശ്വവത്കൃതരായ ദലിതുകളാണെന്ന് വ്യക്തമാക്കുന്നു. കത്തോലിക്ക സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റ് എ.സി. മൈക്കിളിന്റെ കത്ത് കിട്ടി ബോധിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുകയും ചെയ്തിരിക്കുന്നു. എല്ലാം ആലോചിച്ചുറപ്പിച്ചു നീങ്ങുന്ന ഡൽഹിയിലെ കത്തോലിക്ക നേതാക്കളുടെ ഓർമപ്പെടുത്തൽ ഇനിയുമുണ്ടാകുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS: Narendra ModiCatholic Sabha
News Summary - Catholic Church letter to modi
Next Story