ലോകം ശ്വാസമടക്കി കാത്തിരുന്ന ഗുഹാ രക്ഷാദൗത്യങ്ങൾ
text_fieldsഗുഹാ പര്യവേക്ഷണത്തിൽ തൽപരനായ യു.എസ് പൗരൻ ഫ്ലോയിഡ് കോളിൻസ് 1925 ജനുവരി 30ന് കെന്റക്കിയിലെ സാൻഡ് ഗുഹയിൽ അകപ്പെട്ടു. അതിനുള്ളിൽ 17 ദിവസം അദ്ദേഹം ജീവനായി പൊരുതിനിന്നു. 75 പേരടങ്ങുന്ന രക്ഷാപ്രവർത്തകർ രാപ്പകലില്ലാതെ അധ്വാനിച്ച് 60 അടി താഴ്ചയിൽ എത്തിയെങ്കിലും പാറയിൽ കാൽ കുടുങ്ങിയ നിലയിൽ കോളിൻസിന്റെ മൃതദേഹമാണ് കാണാനായത്. അരലക്ഷം പേർ രക്ഷാപ്രവർത്തനം കാണാൻ അന്നവിടെ തടിച്ചുകൂടിയിരുന്നു.
-1952 ആഗസ്റ്റിൽ ഫ്രാൻസിലെ പൈറനീസ്-അറ്റ്ലാന്റിക്സ് പ്രവിശ്യയിലെ ലാ വെർണ വൈനറി ഗുഹയിൽ മാർസെൽ ലൂബൻസ് എന്ന ഗുഹാ പര്യവേക്ഷകൻ കൈക്കുഴ പൊട്ടി 1135 അടി താഴേക്കു വീണു. 36 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷങ്ങൾക്കുശേഷം 1954ലാണ് അദ്ദേഹത്തിന്റെ മൃതശരീരം പുറത്തെത്തിച്ചത്.
-1983 ഏപ്രിൽ 23ന് പൊടുന്നനെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് യു.എസ് കെന്റക്കിയിലെ വെർനർ മലനിരകളിൽ എട്ട് ഗുഹാ പര്യവേക്ഷകർ കുടുങ്ങി. 70 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മുങ്ങൽ വിദഗ്ധർ 1800 അടി താഴ്ചയിൽനിന്ന് എട്ടു പേരെയും രക്ഷപ്പെടുത്തി.
-1989 നവംബർ 13ന് പശ്ചിമബംഗാളിലെ മഹാബീർ കൽക്കരി ഖനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ 232 തൊഴിലാളികൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു. 161 പേരെ ഉടൻ രക്ഷപ്പെടുത്തി. ആറു പേർ മരിച്ചു. ബാക്കിയുള്ളവരെ നാലു ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ രക്ഷിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മൈനിങ് എൻജിനീയർ ജസവന്ത് ഗില്ലിനെ രാജ്യം പരമോന്നത സിവിലിയൻ ധീരതക്കുള്ള സർവോത്തം ജീവൻരക്ഷാ പതക് നൽകി ആദരിച്ചു.
-2010 ആഗസ്റ്റ് അഞ്ചിന് ചിലെയിലെ സനോസെ ഖനിയിൽ പാറക്കൂട്ടം തകർന്ന് കുടുങ്ങിയ 33 പേർ മരണപ്പെട്ടുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, 70 ദിവസത്തെ പരിശ്രമത്തിനു ശേഷം 33 പേരെയും ഘട്ടം ഘട്ടമായി രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. -2010 ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ വാങ്ജിയാലിങ് ഖനിയിൽ ജോലിക്കിടയിൽ മണ്ണിടിഞ്ഞുവീണ് 115 ഖനിത്തൊഴിലാളികൾ കുടുങ്ങിപ്പോയി.അപകടത്തിന് ഏഴു ദിവസത്തിന് ശേഷമാണ് വിദഗ്ധരെത്തി തൊഴിലാളികളെ പുറത്തെത്തിച്ചത്.
-2014ൽ ജർമനിയിലെ ഏറ്റവും ആഴമേറിയ ഗുഹയിൽ പര്യവേക്ഷണം നടത്തുന്നതിനിടെ പാറയിൽ തലയിടിച്ച 52കാരനായ ജോഹാൻ വെസ്റ്റ്ഹോസറിനെ രക്ഷിക്കാൻ 728 പേർ വേണ്ടിവന്നു. 12 മൈലിലധികം നീണ്ടുകിടക്കുന്ന ഗുഹയിൽ വെസ്റ്റ്ഹോസർ ഭൂമിയിൽനിന്ന് 3766 അടി താഴെയായിരുന്നു കുടുങ്ങിയത്. 11 ദിവസത്തെ സങ്കീർണമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഹെലികോപ്ടറിന്റെ സഹായത്തോടെ സ്ട്രെച്ചറിൽ ഉയർത്തി രക്ഷപ്പെടുത്തുകയായിരുന്നു.
- 2018 ജൂണ്‍ 23നാണ് ഫുട്ബാള്‍ പരിശീലനത്തിനു പോയ 12 കുട്ടികളും കോച്ചും തായ്ലന്ഡിലെ ചിയാങ്റായ് പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയിൽ ഗുഹയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പ്രശ്നമായത്. തായ്ലന്‍ഡിലെയും വിദേശ രാജ്യങ്ങളിലെയും മുങ്ങല്‍വിദഗ്ധര്‍ അടക്കം 100ലധികം പേരുള്‍പ്പെട്ട സംഘം നടത്തിയ സാഹസിക രക്ഷാദൗത്യത്തിലൂടെ 17 ദിവസത്തിനുശേഷം ജൂലൈ 10നാണ് മുഴുവൻ പേരെയും പുറത്തെത്തിച്ചത്.
-2018 ഡിസംബർ 13ന് മേഘാലയയിലെ ഈസ്റ്റ് ജയിന്തിയ ഹിൽസിലെ ക്സാനിലെ കൽക്കരി ഖനിയിൽ 370 അടി താഴ്ചയിൽ 15 ഖനിത്തൊഴിലാളികൾ കുടുങ്ങി. അന്നു തന്നെ തിരച്ചിൽ തുടങ്ങിയെങ്കിലും 12 ദിവസത്തിനു ശേഷമാണ് ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചത്.
അഞ്ചു ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ള 10 പേർക്കായുള്ള രക്ഷാപ്രവർത്തനം 2019 മാർച്ച് രണ്ടു വരെ തുടർന്നു. ഖനിത്തൊഴിലാളികളെ രക്ഷിക്കാനുള്ള ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ശ്രമങ്ങളിലൊന്നായിരുന്നു ഈ ഓപറേഷൻ.
സമാഹരണം
സനൂപ് കുന്നുമ്മൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.