ചാരദൗത്യം
text_fieldsഭാരതത്തിെൻറ ഔദ്യോഗിക ചാരസേനയുടെ വർത്തമാന വിശേഷങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാൻ, ‘കൂട്ടിലടക്കപ്പെട്ട ഏതാനും തത്ത’കളുടെ പഴങ്കഥ ഓർക്കുന്നത് ഗുണം ചെയ്യും. അതിനും മുമ ്പ്, മാന്യ വായനക്കാർ മുഈൻ ഖുറൈശി എന്ന ബീഫ് മുതലാളിയെ ഒന്ന് പരിചയപ്പെടണം. ഇന്ദ്രപ ്രസ്ഥത്തിലെ പേരുകേട്ട ബീഫ് കയറ്റുമതിക്കാരനായിരുന്നു മുഈൻ; പുറമെ, ചില്ലറ ഹവാല ഇടപ ാടുകളുമുണ്ട്. ഗോമാതാവിെൻറ ശാപം എന്നല്ലാതെ എന്തു പറയാൻ, ചെറിയൊരു കള്ളപ്പണക്കേസിൽ ടിയാൻ അകത്തായി. മോദി ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിലേറിയ കാലമാണെന്നോർക്കണം. ബീഫ് കച്ചവടക്കാരനെ കൈയോടെ പിടികിട്ടിയാൽ പിന്നെ വിടുമോ? അതുകൊണ്ട്, കേസ് സി.ബി.ഐക്ക് വിട്ട് സാമാന്യം കനമുള്ള വകുപ്പുകൾതന്നെ ചുമത്തി. ശിഷ്ടകാലം ജയിൽവാസം ഉറപ്പിച്ച് ഖുറൈശി കണ്ണീരൊലിപ്പിച്ചിരിക്കുേമ്പാഴാണ് കഥയിലെ ട്വിസ്റ്റ്.
കേസന്വേഷിക്കുന്ന സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന, ഖുറൈശിക്ക് ക്ലീൻചിറ്റ് ഓഫറുമായി വരുന്നു. കുറച്ചു കാശ് ഒപ്പിച്ചാൽ പ്രതികൾക്കും കൂട്ടുപ്രതികൾക്കുമൊക്കെ ക്ലീൻ ചിറ്റ് ഉറപ്പ്. രണ്ടുകോടിക്ക് ആ ഡീൽ അന്നുതന്നെ ഉറപ്പിച്ചു. തുടർ ഇടപാടുകൾ നടത്തിയത് ഖുറൈശിയുടെ ദുബൈയിലുള്ള കൂട്ടുകാരൻ മനോജ് പ്രസാദായിരുന്നു. അതും ഭംഗിയായി കഴിഞ്ഞു. പക്ഷേ, അതിനിടയിൽ ഇൗ ബിസിനസ് സി.ബി.െഎ കരിങ്കാലികൾ ഒറ്റി. അസ്താനയും മനോജ് പ്രസാദുമൊക്കെ കുടുങ്ങി. സംഗതി മറ്റൊരു കേസായി; അന്വേഷണമായി. സെൻട്രൽ വിജിലൻസ് കമീഷണർ തയാറാക്കിയ എഫ്.ഐ.ആർ പുറത്തെത്തിയപ്പോഴാണ് ബഹുരസം. അസ്താനക്കുവേണ്ടി, ഇടപാട് നടത്തിയിരിക്കുന്നത് മറ്റൊരു ഐ.പി.എസുകാരനാണ്. പേര് സാമന്ത് ഗോയൽ. ‘റോ’യിലെ സ്പെഷൽ സെക്രട്ടറി. ഇദ്ദേഹം മനോജ് പ്രസാദുമായി നടത്തിയ ഫോൺ സംഭാഷണത്തിെൻറയും വാട്സ്ആപ് സൗഹൃദ സന്ദേശങ്ങളുടെയുമൊക്കെ വിശദാംശങ്ങളുണ്ട് ടി എഫ്.ഐ.ആറിൽ. കേസിൽ പ്രതിചേർക്കപ്പെട്ടില്ലെങ്കിലും, അന്വേഷണ പരിധിയിലാണ് അദ്ദേഹമെന്നർഥം. പിന്നീട്, ഈ കേസിെൻറ പേരിൽ സി.ബി.ഐയിൽ തമ്മിൽതല്ലായപ്പോൾ, അസ്താന വിരുദ്ധപക്ഷത്തുള്ള ഒരുപിടി പേരെ അന്തമാനിലേക്കും മറ്റും സ്ഥലം മാറ്റിയിരുന്നല്ലോ. അതിെൻറ പിന്നണിയിലും ഗോയൽതന്നെയായിരുന്നു. ‘റോ’യിലെ തിരക്കുപിടിച്ച ജോലിക്കിടയിലും സി.ബി.ഐയിലും പ്രധാനമന്ത്രിയുടെ ഓഫിസിലുെമല്ലാം ചാരദൗത്യത്തിന് സമയം കണ്ടെത്തിയ ഈ മാന്യദേഹത്തിനിപ്പോൾ അർഹിക്കുന്ന പദവിതന്നെ കൈവന്നിരിക്കുന്നു; തിങ്കളാഴ്ച മുതൽ ‘റോ’യുടെ തലവനാണ് സാമന്ത്.
പണ്ട് ഐ.പി.എസ് കാലത്ത് ഒരു ബെഞ്ചിലിരുന്നതിെൻറ സൗഹൃദമാണ് സാമന്തിനെ ‘ഖുറൈശി ഇടപാട്’ ഏൽപിക്കാൻ അസ്താനക്ക് പ്രേരണയായതെന്നാണ് പിന്നാമ്പുറ സംസാരങ്ങൾ. നോക്കൂ, പിടിക്കപ്പെട്ടിട്ടും രണ്ടുപേർക്കും അപകടമൊന്നും പറ്റിയില്ലെന്നു മാത്രമല്ല, പദവികൾ പിന്നെയും കിട്ടിക്കൊണ്ടിരിക്കുകയാണ്. അതിനുമൊരു കാരണമുണ്ട്. ഗുജറാത്തിൽ പൊലീസ്പണിയെടുത്ത് കാലം കഴിച്ചുകൂട്ടുകയായിരുന്ന അസ്താനയെ ഡൽഹിയിലെത്തിച്ചത് സാക്ഷാൽ മോദിയാണ്. സി.ബി.ഐയുടെ സ്പെഷൽ ഡയറക്ടർ പദവിയിൽ ഇരുത്താൻ ചട്ടമൊന്നും മോദി നോക്കിയിട്ടില്ല. ഇതേ ചങ്ങാത്തം പ്രധാനമന്ത്രിക്ക് സാമന്തുമായുമുണ്ട്. അതുകൊണ്ടാണ് തലമുതിർന്ന മറ്റു നേതാക്കൾ ഉണ്ടായിട്ടും സാമന്ത് ഗോയലിനുതന്നെ മോദി മേധാവിയുടെ പട്ടം നൽകിയത്. പക്ഷേ, നമ്മുടെ മാധ്യമങ്ങൾക്ക് ഈ പിന്നാമ്പുറ കഥകളിലൊന്നും താൽപര്യമില്ല. അവർക്ക് മോദി-സാവന്ത് കൂട്ടുകെട്ടിെൻറ മറ്റൊരു കഥയാണ് മുന്നോട്ടുവെക്കാനുള്ളത്. ബാലാകോട്ടിൽ വ്യോമസേനയുടെ വിജയകരമായ ദൗത്യത്തിനു പിന്നിൽ മോദിയുടെ ‘മേഘ സിദ്ധാന്ത’മായിരുന്നുവെന്ന് ഇതിനകംതന്നെ തെളിയിക്കപ്പെട്ട സത്യമാണല്ലോ! മഴയും മേഘവുമുള്ള രാത്രിയിൽ എങ്ങനെ ആക്രമണം നടത്തുമെന്ന് സൈന്യം ശങ്കിച്ചപ്പോഴാണല്ലോ മോദി ഈ സിദ്ധാന്തം അവതരിപ്പിച്ചതുതന്നെ. സിദ്ധാന്തംകൊണ്ടുമാത്രം കാര്യമില്ല. അതു നടപ്പാക്കാനും വേണം അത്രതന്നെ കാര്യക്ഷമതയുള്ള ആൾ. അത് സാവന്തല്ലാതെ മറ്റാരുമായിരുന്നില്ല. അതുകൊണ്ടാണ് മാധ്യമങ്ങൾ ‘ബാലാകോട്ട് സൂത്രധാരൻ’ എന്നുതന്നെ സാവന്തിനെ വിശേഷിപ്പിക്കുന്നത്. ‘മേഘസിദ്ധാന്തം’ മോദിക്ക് ഉപദേശിച്ചതുതന്നെയും സാവന്താണെന്ന മറ്റൊരു കഥയും ഇക്കൂട്ടരിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ബാലാകോട്ടിന് മുമ്പും സമാനമായ ഓപറേഷൻസ് ആസൂത്രണം ചെയ്തുവെന്നും ഇദ്ദേഹത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. മൂന്നുവർഷം മുമ്പ്, ഉറി ബദലായി നമ്മുടെ സൈന്യം നടത്തിയ വീരോചിത ‘സർജിക്കൽ സ്ട്രൈക്ക്’ ആയിരുന്നു അതിലൊന്ന്. ‘റോ’യിലെ ഉദ്യോഗസ്ഥർക്കിടയിൽ ‘പാകിസ്താൻ എക്സ്പേർട്ട്’ എന്നാണ് വിളിപ്പേര്. ആ വിളിപ്പേരിെൻറ യുക്തിയിൽ ഇതൊക്കെ തൽക്കാലം വിശ്വസിച്ചേ പറ്റൂ. വിവരാവകാശംവെച്ചുള്ള വസ്തുതാന്വേഷണത്തിന് നിർവാഹമില്ല. ഇനി ഉണ്ടെങ്കിൽതന്നെ രാജ്യരക്ഷയോർത്ത് ആ പാതകം ചെയ്യാനും പാടില്ല.
അരനൂറ്റാണ്ടായി ‘റോ’ എന്ന സംവിധാനം നമ്മുടെ രാജ്യത്തുണ്ട്. അറിയാമല്ലൊ, ചൈനയുമായുള്ള യുദ്ധത്തിനുശേഷം വിദേശ രാജ്യങ്ങളുടെ നീക്കങ്ങളറിയാൻ ഇൻറലിജൻസ് ബ്യൂറോ മാത്രം മതിയാകില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ഇങ്ങനെയൊരു സംവിധാനം ഉടലെടുത്തത്. നെഹ്റു തുടങ്ങിവെച്ച നടപടികൾ മകൾ ഇന്ദിരയിലൂടെ പൂർത്തിയായി. അവിടുന്നിങ്ങോട്ട് അപൂർവം ചില സമയങ്ങളിലൊഴിച്ച് നന്നായി പണിയെടുത്തുവെന്ന് ശത്രുക്കൾപോലും സമ്മതിച്ചതാണ് ഈ സ്ഥാപനത്തെപ്പറ്റി. അത്രക്കുണ്ടായിരുന്നു കാര്യക്ഷമത. അല്ലെങ്കിലും നെഹ്റുവിനെപ്പോലൊരു ദീർഘദർശി മുന്നോട്ടുവെച്ച ആശയങ്ങളും അനുബന്ധ സ്ഥാപനങ്ങളുമൊന്നും ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല. ഇപ്പോൾ നെഹ്റുവിനെ പടിപടിയായി കുടിയിറക്കിക്കൊണ്ടിരിക്കുേമ്പാൾ, ‘റോ’യിലും മാറ്റങ്ങൾ സ്വാഭാവികം. എല്ലായിടത്തും കാവിനിറമുള്ള സ്വന്തക്കാരെ ഇരുത്തുേമ്പാൾ, ഇവിടെയും അപവാദം പാടില്ലല്ലൊ. സാവന്തിെൻറ നിയമനത്തിലും അത്രയൊക്കെയേ സംഭവിച്ചിട്ടുള്ളൂ. ഒന്നര വ്യാഴവട്ടക്കാലത്തെ ‘ചാരദൗത്യ’ത്തിെൻറ അനുഭവ പരിജ്ഞാനമുണ്ട്. ആ അനുഭവം മുതൽകൂട്ടാവട്ടെ.
ഇനിയുള്ള ദിവസങ്ങളിൽ ലോക രാഷ്ട്രങ്ങൾ, വിശേഷിച്ചും നമ്മുടെ അയൽക്കാരൊക്കെ, സാകൂതം നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥനാണ് സാവന്ത്. അതുകൊണ്ടുതന്നെ, വ്യക്തിവിവരങ്ങളൊന്നും ആരുമായും കഴിവതും പങ്കുവെക്കരുതെന്നാണ്. അദ്ദേഹത്തിനു പുതിയ പദവി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിെൻറ തൊട്ടടുത്ത നിമിഷങ്ങളിൽതന്നെ സൈബറിടത്തുനിന്നൊെക്ക ആ പേരുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെയും മായ്ഞ്ഞുതുടങ്ങി. പക്ഷേ, എത്ര മായ്ച്ചുകളഞ്ഞാലും ചരിത്രപുസ്തകത്തിന് മറക്കാനാകാത്ത ചിലതുണ്ടാകുമല്ലൊ. 2001ൽ, പഞ്ചാബിൽനിന്ന് ‘റോ’ ഉേദ്യാഗസ്ഥനായി ഡൽഹിയിലെത്തുന്നതിന് മുമ്പുള്ള ചില സംഭവങ്ങളൊക്കെയും അങ്ങനെ മായാതെ കിടക്കുന്നതാണ്. പഞ്ചാബിൽ മിലിറ്റൻസി ശക്തമായ കാലത്ത്, അതിനെ മുൻനിരയിൽ നേരിട്ടവരുടെ കൂട്ടത്തിൽ ആ പേരുണ്ട്. അക്കാലത്ത്, സാവന്ത് പിടിച്ചുകൊണ്ടുപോയ മൂന്ന് ചെറുപ്പക്കാരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. പട്യാലയിലെയും ഗുർദാസ്പുരിലെയുമൊക്കെ ജനങ്ങൾ ഇപ്പോഴും സാവന്തിെന ഓർക്കുന്നത് ആ സംഭവത്തിെൻറ പേരിലാണ്. 1984 ഐ.പി.എസ് ബാച്ചാണ് ഈ പഞ്ചാബുകാരൻ. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. സി.എ ഇൻററും പാസായിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.