മധ്യകേരളത്തിനുണ്ട് ചങ്കുറപ്പ്
text_fieldsനഴ്സിങ് സർട്ടിഫിക്കറ്റുമായി മധ്യകേരളത്തിൽനിന്ന് പെൺകുട്ടികൾ ആത്മവിശ്വാസത്തോടെ അനവധി ലോകങ്ങളിലേക്ക് പറന്നതോടെയാണ് പല ഗ്രാമങ്ങളും ചെറുപട്ടണങ്ങളായത്. തിരുവല്ലക്കടുത്ത കുമ്പനാട് പോലുള്ള സ്ഥലങ്ങൾക്ക് ‘ഡോളര് വില്ലേജ്’ എന്ന വിശേഷണവും കിട്ടി. വിദേശത്ത് ഇലവീണാലും മധ്യകേരളത്തിെല പല പ്രദേശങ്ങളും കുലുങ്ങുമെന്നത് ചിരിവാക്കാണെങ്കിലും കോവിഡ് ആ കുലുക്കം യാഥാർഥ്യമാക്കി.
സംസ്ഥാന ആസൂത്രണ ബോർഡിെൻറ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം വിദേശത്തുള്ള നഴ്സുമാരുടെ എണ്ണത്തിൽ കോട്ടയം ജില്ലയാണ് മുന്നിൽ( 23.73 ശതമാനം). പത്തനംതിട്ട (20.75) രണ്ടാമതും എറണാകുളം(18.16) മൂന്നാമതുമാണ്. ആദ്യം ഇറ്റലിയിലേക്കും അമേരിക്കയിലേക്കുമായിരുന്നു നഴ്സ്ജോലിക്കുള്ള കുടിയേറ്റം. ’90ൽ കുവൈത്ത് മുതലായ ഗള്ഫ് രാജ്യങ്ങളിലേക്കും പിന്നീട് കാനഡ, യു.കെ, അയർലൻഡ്, ആസ്ട്രേലിയ, ന്യൂസിലൻഡ്, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ മലയാളികൾ നിറഞ്ഞു.രോഗവ്യാപനത്തുടക്കത്തിൽ ഇറ്റലിയിൽനിന്നടക്കം കൂട്ടമടങ്ങിവരവിന് കളമൊരുങ്ങിയെങ്കിലും പിന്നീട് വേഗം കുറഞ്ഞു. ഗൾഫിൽനിന്നുള്ളതുപോലെ മടക്കം മറ്റ് വിദേശരാജ്യങ്ങളിൽനിന്നുണ്ടായില്ല. നോർക്കയുെട കണക്കനുസരിച്ച് കേരളത്തിലേക്ക് മടങ്ങാൻ യു.െകയിൽനിന്ന് 2,727 പേരും അമേരിക്കയിൽനിന്ന് 2,637 പേരും ആസ്ട്രേലിയയിൽനിന്ന് 1,031 പേരുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ആരോഗ്യമേഖലയിലുള്ളവർക്ക് തൊഴിൽനഷ്ടമില്ലാത്തതാണ് കൂട്ട മടങ്ങിവരവില്ലാത്തതിന് പ്രധാനകാരണം. എന്നാൽ, ടൂറിസം രംഗത്ത് മലയാളികൾക്ക് പണിയില്ലാതായി. യു.െക, അമേരിക്ക എന്നിവിടങ്ങളിലെ ചെറുകിട സംരംഭകർ കടുത്ത പ്രതിസന്ധിയിലാണ്. ഇത് നാട്ടിലേക്ക് പണമൊഴുക്കിന് തടയിടും. ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ തൊഴിൽ നഷ്ടപ്പെട്ടവർക്ക് 3000 ഡോളർ പ്രതിമാസം നൽകുന്നുണ്ട്. സമാന ആനുകൂല്യങ്ങൾ പല രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളുടെ പൗരത്വത്തിെനാപ്പം വീട് അടക്കമുള്ള സൗകര്യങ്ങൾ സ്വന്തമാക്കിയ ഇവർക്ക് വേഗം മടങ്ങാനുമാകില്ല. ഇവരുടെ അവധിക്കാല സന്ദർശനങ്ങൾക്കും കോവിഡ് വിലങ്ങുതടിയാകുമെന്നതിനാൽ വ്യാപാരമേഖലയെ കാത്തിരിക്കുന്നതും തിരിച്ചടി. കുടുംബമായിട്ടാണ് കുടിയേറ്റമെന്നതിനാൽ കുട്ടികളുടെ അവധിക്കാലമാണ് നാട്ടിലേക്കുള്ള സന്ദർശനസമയം. പല രാജ്യങ്ങളിലെയും സ്കൂൾ അവധിക്കനുസരിച്ച് ഡിസംബർ, ജനുവരി, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കൂട്ടവരവ്. എൻ.ആർ.ഐ ഫെസ്റ്റ് എന്ന പേരിൽ സ്വർണം, തുണിക്കടകളും സജീവമാകുന്ന കാലം. വിപണിയിലേക്കുള്ള പണമൊഴുകലിെൻറ കാലം കൂടിയായിരുന്നു ഇത്. ഇതിെനല്ലാം കോവിഡ് ലോക്കിട്ടേക്കാം.
പുറംമോടിയിൽ സമ്പന്നർ
ബിനു ഡി.
ഇതെല്ലാം ഇതുവരെയുള്ള കഥകൾ. കോവിഡ് ഇതെല്ലാം പഴങ്കഥയാക്കുമോ?
മധ്യതിരുവിതാംകൂറിെൻറ സാമൂഹിക- സാമ്പത്തിക ജീവിതത്തിൽ പ്രവാസികളുടെ ചോരയും നീരുമുണ്ട്. തിരുവല്ല, ചങ്ങനാശേരി, കോഴഞ്ചേരി എന്നിവിടങ്ങളിലെ വികസനത്തിൽ പ്രവാസികൾക്ക് മുഖ്യ പങ്കാണുള്ളത്. മേഖലയിൽ ഏറ്റവുമധികം വ്യാപാരം നടക്കുന്നതും ഈ താലൂക്കുകളിലാണ്. സ്വർണക്കടകൾ, ഗൃഹോപകരണ വിൽപന ശാലകൾ, വാഹന വിപണി എന്നിവിടങ്ങളിലെല്ലാം സംസ്ഥാന ശരാശരിയെക്കാൾ ഉയർന്ന ബിസിനസാണ് തിരുവല്ല താലൂക്കിൽ. പ്രവാസികളിൽ ഏറെപ്പേരും ബിസിനസ്, നഴ്സ്, ഐ.ടി മേഖലകളിലാണ്. പ്രതിവർഷം ജനസംഖ്യ കുറഞ്ഞുവരുന്ന മേഖല എന്ന പ്രത്യേകതയും മധ്യതിരുവിതാംകൂറിനുണ്ട്.
ഇതെല്ലാം ഇതുവരെയുള്ള കഥകൾ. കോവിഡ് ഇതെല്ലാം പഴങ്കഥയാക്കുമോ?. യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിൽ ചേക്കേറിയ അനേകരുള്ള നാടാണിത്. അതിനാൽ സാമ്പത്തികമായി മെച്ചെപ്പട്ടവരുമാണ്. എങ്കിലും എൻ.ആർ.ഐ നിക്ഷേപകരിൽ ഏറെയും ഗൾഫ് പ്രവാസികളാണ്. മറ്റുരാജ്യങ്ങളിലുള്ളവർ അവിടത്തന്നെ നിക്ഷേപിക്കുന്ന പ്രവണതയാണ്. 1.09 ലക്ഷം പേരാണ് പത്തനംതിട്ട ജില്ലയിൽ നിന്ന് വിദേശത്ത് ജോലി ചെയ്യുന്നത്, ജില്ലയിലെ ജനസംഖ്യയുടെ 10 ശതമാനം. അഞ്ച് വർഷം മുമ്പ് 1.41 ലക്ഷമായിരുന്നു. സമീപകാലത്ത് പ്രവാസികളുടെ എണ്ണം കുറയുകയാണ്.
കോവിഡ് പ്രതിസന്ധിയിൽ മടങ്ങിവരുന്നതിന് നോർക്കയിൽ 15,921പേർ രജിസ്റ്റർ ചെയ്തു. ഉയർന്ന മധ്യവർഗ കുടുംബങ്ങൾ ഏറെയുള്ള സ്ഥലമെന്ന വിശേഷണമുണ്ടെങ്കിലും ഒരുമാസം വരുമാനം നിലച്ചാൽ എല്ലാം തകിടംമറിയുന്ന നിലയാണ് ഭൂരിഭാഗം കുടുംബങ്ങളുടേതും. പുറംമോഡിയിൽ സമ്പന്നരാണെങ്കിലും വായ്പ തിരിച്ചടവ്, മക്കളുടെ വിദ്യാഭ്യാസം, ചികിത്സ, മറ്റ് ദൈനംദിന ചെലവ്, നിക്ഷേപം എന്നിവയെല്ലാം കൂടിക്കുഴഞ്ഞതാണ് ഇവിടുത്തുകാരുെട ജീവിതം. ഇവരുടെ വാങ്ങൽ ശേഷിയാണ് മധ്യതിരുവിതാംകൂറിെന സമ്പന്നമാക്കുന്നത്. മധ്യതിരുവിതാംകൂറിെൻറ സാമ്പത്തിക വളർച്ച അടിയുറച്ചതാണ്. അത് താഴേക്ക് പോകില്ല. വളർച്ച ഒരുവർഷേത്തക്ക് നിലച്ചേക്കാം. അതുകഴിഞ്ഞാൽ മെച്ചെപ്പടുമെന്നാണ് വിലയിരുത്തൽ.
പായലും പൂപ്പലും
ഇല്ലാത്ത, ഉള്ള
വീടുകൾ
•ആദ്യ വീട്: ചെറിയ ചുറ്റുവട്ടമുള്ള പറമ്പിൽ പായലും പൂപ്പലുമില്ലാതെ പുതുമോടിയിൽ ഒരു വീട്. കാറും എ.സിയുമെല്ലാമുണ്ട്. മുറ്റം ബഹുവർണ പൂട്ടുകട്ടപാകി കേമമാക്കിയിരിക്കുന്നു. മിഡിൽക്ലാസിലും അൽപം ഉയർന്ന കുടുംബം. മകൻ ഗൾഫിൽ പോയി ഉണ്ടാക്കിയതാണെല്ലാം. ഇത് തിരുവല്ലയിലെ ഒരു പ്രവാസി കുടുംബം.
•രണ്ടാമത്തെ വീട്: വലിയ പറമ്പിന് നടുക്ക് പായലും പൂപ്പലും പിടിച്ച വീട്. മുറ്റത്തുവരെ പുല്ലും കാടും. കാറും ഡ്രൈവറുമുണ്ട്. വീട്ടിൽ വയോധിക ദമ്പതികൾ മാത്രം. മക്കൾ യു.എസിൽ.
•അവിടെ ആശങ്ക: ആദ്യ വീട്ടിൽ, മകൻ രാജേഷ് മൂന്നുമാസം മുമ്പ് അബൂദബിയിൽനിന്ന് എത്തി. ഒരുമാസത്തെ അവധി കഴിഞ്ഞ് പോകാറായപ്പോഴേക്കും കോവിഡ് ലോകമാകെ പിടിമുറുക്കി, മടക്കം മുടങ്ങി. 11 വർഷമായി പ്രവാസ ജീവിതം തുടങ്ങിയിട്ട്. അബൂദബിയിൽ വെൽഡിങ് ടെക്നീഷ്യനാണ്. കമ്പനിയിലേക്ക് വിളിക്കുേമ്പാൾ പറയാം, കാത്തിരിക്കൂ എന്ന മറുപടി. ബാങ്ക് വായ്പ കുറെയുണ്ട്. കൈയിലുള്ള സ്വർണം പണയംെവച്ചാണ് വീട്ടുചെലവ് നടക്കുന്നത്. മടങ്ങിപ്പോകാതിരുന്നാൽ കാര്യങ്ങൾ പ്രതിസന്ധിയിലാകും. നാട്ടിൽ വെൽഡിങ് വർക്ക്ഷോപ്പ് ഇട്ടുകൂടെ എന്നു ചോദിക്കുന്നവരുണ്ട്. ഗൾഫിൽ വൻകിട പദ്ധതികൾക്കായുള്ള വെൽഡിങ് പണികളാണ് ചെയ്തുവന്നത്. ആ അറിവുമായി നാട്ടിലെ പണി ചെയ്യാനാവില്ല. മടങ്ങിപ്പോയേ പറ്റൂ രാേജഷിന്.
•ഇവിടെ ആഹ്ലാദം: രണ്ടാമത്തെ വീട്ടിൽ, യു.എസിൽ നിന്ന് മക്കൾ മടങ്ങിവരുമെന്നറിഞ്ഞതിലുള്ള സന്തോഷത്തിലാണ് ദമ്പതികളായ സാമുവലും മറിയാമ്മയും. വർഷങ്ങളായി ക്വാറൻറീൻ ജീവിതമായിരുന്നു ഇവരുടേത്. മകനും മകളും അവരുടെ കുടുംബവും വരുമെന്നറിഞ്ഞതോടെ ശ്വാസം നേരെ വീണു; കോവിഡിന് നന്ദി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.