കാവിയണിയുന്ന കേന്ദ്രസർവകലാശാലകൾ
text_fieldsഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളില്‍ പിടിമുറുക്കിക്കൊണ്ട് തങ്ങളുടെ ഫാഷിസ്റ്റ് അജണ് ട നടപ്പാക്കാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാറും കേന്ദ്രസര്‍ക്കാറും നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറിെൻറ കാലംവരെയുള്ള അനുഭവം പരിശോധിച്ചാല്‍ ഇതിെൻറയൊക്കെ മേധാവികളായി നിയമിക്കപ്പെട്ടവര്‍ അതാത് രംഗത്തെ ഏറ്റവും പ്രഗല്ഭരും പ്രശസ്തരുമായ വ്യക്തികളായിരുന്നു. ചരിത്രഗവേഷണ കൗണ്‍സിലും പ്രസാർ ഭാരതിയും തൊട്ട് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വരെ അതായിരുന്നു സ്ഥിതി. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന കക്ഷികളുടെ രാഷ്ട്രീയത്തോട് നൂറ് ശതമാനം വിയോജിക്കുന്ന, സർക്കാറിെൻറ പല നയങ്ങളെയും എതിര്‍ക്കുന്ന പ്രമുഖ വ്യക്തികള്‍ വരെ നമ്മുടെ അഭിമാനസ്തംഭങ്ങളായ ഇത്തരം സ്ഥാപനങ്ങളില്‍ നിയമിക്കപ്പെടുകയും അവരുടെ ഉത്തരവാദിത്തം വിമര്‍ശനങ്ങള്‍ക്കിട നല്‍കാതെ നിര്‍വഹിക്കുകയും ചെയ്തിരുന്നു.
നാലുവര്‍ഷം മുമ്പ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കീഴ്‌വഴക്കങ്ങളും ജനാധിപത്യപരമായ ശീലങ്ങളും പൂർവ മാതൃകകളും കാറ്റില്‍പറത്തിക്കൊണ്ട് സംഘ്പരിവാറിെൻറ ആജ്ഞാനുവര്‍ത്തികളും സ്വയംസേവകരും ‘സേവ’ പിടിത്തക്കാരുമായ വ്യക്തികളെയാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ-ഗവേഷണ -സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് അവരോധിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ചരിത്ര ഗവേഷണ കൗണ്‍സിലും തൊട്ട് കാസർകോടുള്ള സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള (സി.യു.കെ) വരെ നമുക്കിത് കാണാന്‍ സാധിക്കും.
ഡോ. കകോത്കറെ പോലുള്ള സാങ്കേതിക ശാസ്ത്രജ്ഞന്‍ ഐ.ഐ.ടിയോട് വിടപറഞ്ഞതും ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. അമര്‍ത്യസെന്നിനെ നളന്ദ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതും തൊട്ട് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കാണാന്‍ സാധിക്കും. ബി.ജെ.പിയുടെ വഴിവിട്ട ഇടപെടലില്‍ പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയ വിശ്വഭാരതി യൂനിവേഴ്‌സിറ്റി വി.സി ഡോ. സുശാന്ത് ദത്ത ഗുപ്തയെ പിരിച്ചുവിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്.
ഹൈദരാബാദ് കേന്ദ്ര സര്‍വ്കലാശാലയിലെ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട ഡോ. അപ്പാറാവും ബനാറസ് യൂനിവേഴ്‌സിറ്റിയിലെ ജി.സി. ത്രിപാഠിയും ദശാബ്ദങ്ങളായി സ്വയംസേവകരാണ്. കാസർകോടുള്ള കേന്ദ്ര സര്‍വ്കലാശാലയിലെ വി.സിയായി നിയമിക്കപ്പെട്ട ഡോ. ജി. ഗോപകുമാറിനെപ്പോലുള്ളവര്‍ സംഘ്പരിവാറിെൻറ പുത്തന്‍ ‘സേവ’ പിടിത്തക്കാരാണെന്ന് പ്രവര്‍ത്തികളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇവരെല്ലാം ചെയ്യുന്നത് സമാനമായ പ്രവര്‍ത്തികളാണ്. കാമ്പസുകള്‍ക്കകത്തെ ദലിത്-ന്യൂനപക്ഷ-പുരോഗമന ചിന്താഗതിക്കാരായ വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് കൈകാര്യംചെയ്യുകയും പീഡിപ്പിക്കുകയും അവരുടെ ജനാധിപത്യപരമായ പ്രതികരണാവകാശത്തെ നിഷേധിക്കുകയും ചെയ്യുന്നു. നിര്‍ഭയമായി അഭിപ്രായം പറയുന്ന അധ്യാപകരെയും ഇവര്‍ വെറുതെ വിടാന്‍ ഒരുക്കമല്ല.
തുടക്കം മദ്രാസ് ഐ.ടി.ഐയില്‍ ആയിരുന്നു. അവിടത്തെ അംബേദ്കർ സ്റ്റുഡൻറ്സ് യൂനിയന്‍ പ്രവര്‍ത്തനത്തെ നിരോധിച്ചുകൊണ്ട്. പിന്നീടവര്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയെ കടന്നാക്രമിക്കുന്നതാണ് നാം കണ്ടത്. ദേശവിരുദ്ധരുടെ കേന്ദ്രമാണ് ജെ.എന്‍.യു എന്നാണ് സംഘ്പരിവാര്‍ പ്രചരിപ്പിച്ചത്. എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗവും ജെ.എന്‍.യു വിദ്യാർഥി യൂനിയന്‍ പ്രസിഡൻറുമായ കനയ്യകുമാറിനെയും സഹപാഠികളെയും ദേശദ്രോഹികള്‍ എന്ന് മുദ്രകുത്തി കള്ളക്കേസെടുത്ത് തിഹാര്‍ ജയിലിലടക്കാന്‍ മുന്നിട്ടിറങ്ങിയത് കേന്ദ്രമന്ത്രിമാരും ആര്‍.എസ്.എസ് നേതാക്കളുമായിരുന്നു.
കേന്ദ്ര സര്‍വ്കലാശാലകളില്‍ സംസ്‌കൃതം നിര്‍ബന്ധമാക്കണമെന്ന നിർദേശവും പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഫെലോഷിപ് തുക നല്‍കാതിരിക്കുന്നതും കൂട്ടിവായിക്കാന്‍ നമുക്ക് കഴിയണം.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തങ്ങളുടെ അജണ്ടകള്‍ക്ക് അനുസരിച്ച് പൊളിച്ചെഴുതാനുള്ള ആസൂത്രിതനീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ ആര്‍.എസ്.എസ് തലവന്‍ മോഹൻ ഭാഗവതിെൻറ സാന്നിധ്യത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ‘സംഘ’പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ദേശീയ സെമിനാര്‍ ഇതിലേക്കുള്ള അടിത്തറെയാരുക്കമായിരുന്നു. ഡല്‍ഹി സെമിനാറിെൻറ തുടര്‍ച്ചയായി രാജ്യത്തെ ആറ് മേഖലകളായി തിരിച്ച് ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ശിൽപശാലക്കാണ് അവര്‍ രൂപംകൊടുത്തത്.
ഹൈദരാബാദ് സര്‍വ്കലാശാല കാമ്പസിനകത്ത് ബ്രാഹ്മണര്‍ക്ക് മാത്രമായി ഒരു കിണറുണ്ട് എന്ന വാർത്ത നമുക്ക് ഞെട്ടിക്കുന്നതായിരുന്നുവെങ്കില്‍ ഇന്ന് അത്തരം ജാതിവിവേചനവും ദലിത് പീഡനവും വ്യാപകമായി അരങ്ങുതകര്‍ക്കുകയാണ്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ജാട്ട് രാജാവായിരുന്ന രാജ മഹേന്ദ്ര പ്രതാപ് സിങ്ങിെൻറ ജന്മദിനം ആഘോഷിക്കാന്‍ അലീഗഢ് സര്‍വ്കലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കിയത് അന്നത്തെ കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി യായിരുന്ന സ്മൃതി ഇറാനിയായിരുന്നെങ്കില്‍, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് കാസർകോട് കേന്ദ്ര സര്‍വ്കലാശാലക്കകത്ത് ഗണേശപൂജ ആഘോഷിക്കാന്‍ ആഹ്വാനംനല്‍കിയത് വൈസ് ചാന്‍സലറായിരുന്നു. ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പഴമൊഴി കണക്കെയാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഗണേശപൂജയുടെ ഭാഗമായി രാവിലെ എട്ടുമുതല്‍ പൂജ, 8.45ന് പുഷ്പാഞ്ജലി, ഒമ്പതു മണിക്ക് പ്രസാദ വിതരണം, വൈകുന്നേരം അഞ്ചുമണിക്ക് ആരതി ഉഴിയല്‍... ഇതായിരുന്നു ചടങ്ങിെൻറ വിശദാംശങ്ങള്‍. ഇങ്ങനെ ഒരു പകല്‍ മുഴുവന്‍ നീളുന്ന പരിപാടി നടന്നത് ഏതെങ്കിലും ക്ഷേത്രങ്ങളിലല്ല, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പടിക്കുപുറത്ത് നിര്‍ത്തേണ്ട, ശാസ്ത്രചിന്തയുടെ വിളനിലമായിരിക്കണമെന്ന് പ്രഖ്യാപിക്കപ്പെട്ട അക്കാദമിക് കേന്ദ്രങ്ങളിലാണ്. ഇന്നലെ വരെ നാം എന്തിനോടൊക്കെയാണ് ‘നോ’ പറഞ്ഞത് അതിനെയൊക്കെ പുനരാനയിക്കുന്നത് ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലാണെന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും വേട്ടയാടുകയാണ് സർവകലാശാല അധികാരികള്‍.
ജനാധിപത്യപരമായി വിയോജിക്കുവാനുള്ള വിദ്യാർഥികളുടെ അവകാശത്തിന് നേരെയാണ് സംഘ്ശക്തികള്‍ വാളോങ്ങുന്നത്. കേന്ദ്രസര്‍ക്കാറിെൻറ നയത്തിനെതിരെ പ്രതിഷേധിക്കരുതെന്ന നിർദേശം കഴിഞ്ഞദിവസം നടപ്പാക്കിയത് തമിഴ്‌നാട് സെൻട്രല്‍ യൂനിവേഴ്‌സിറ്റിയിലാണ്. ഹോസ്റ്റല്‍ സൗകര്യം അനുവദിക്കാത്ത കേന്ദ്ര സര്‍വ്കലാശാല അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലില്‍നിന്ന് ഇറക്കിവിടുകയും അഞ്ച് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത് രജിസ്ട്രാര്‍ നേരിട്ട് ഇടപെട്ടാണ്. മെസ് നിര്‍ത്തലാക്കിയതിനെതിരെ സമരരംഗത്തുണ്ടായിരുന്നവര്‍ക്ക് നേരെയാണ് തിരഞ്ഞുപിടിച്ച് പ്രതികാരനടപടി സ്വീകരിച്ചത്.
(എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.