കേരളത്തിെൻറ സംവരണനിയമം കേന്ദ്രം തള്ളിയോ?
text_fieldsസർവകലാശാലകളിലെ അധ്യാപക നിയമനത്തിൽ കേരളത്തിെൻറ സംവരണനിയമം കേന്ദ്രസർക്കാർ തള്ളി എന്ന വാർത്ത പ്രമുഖ മലയാള ദിനപത്രത്തിൽ കഴിഞ്ഞ ദിവസം അച്ചടിച്ചുവന്നത് ജനമധ്യത്തിൽ വൻ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ കാറ്റഗറി അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രഫസർ, അസോസിയറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലെ നിയമനങ്ങളിൽ എല്ലാ പഠനവകുപ്പുകളും കൂട്ടിച്ചേർത്ത് സംവരണം നടപ്പാക്കുന്നത് തെറ്റാണെന്ന് പറഞ്ഞിരുന്നു. പകരം, വിഷയാടിസ്ഥാനത്തിൽ ഒാരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകളിൽ നേരിട്ട് നിയമനം നടത്തുേമ്പാൾ സംവരണം പാലിക്കണമെന്ന നിർദേശം കോടതി പുറപ്പെടുവിച്ചു. ഇൗ വിധിയെ മുൻനിർത്തി യു.ജി.സി ഒാരോ വകുപ്പും വെവ്വേറെ യൂനിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കാൻ ഉള്ള വ്യവസ്ഥകൾക്ക് രൂപം നൽകിയിട്ടുണ്ട്. എന്നാൽ ഇൗ വ്യവസ്ഥകൾ അപ്പാടെ പാലിക്കാൻ കേന്ദ്രസർവകലാശാലകൾക്ക് മാത്രമാണ് ബാധ്യതയുള്ളത്.
ബാധകമല്ലാത്ത യു.ജി.സി വ്യവസ്ഥകൾ
സംസ്ഥാന സർവകലാശാലകളിൽ അതത് സംസ്ഥാന സർക്കാർ പാസാക്കുന്ന നിയമമാണ് സംവരണം പാലിക്കുന്നതിനുവേണ്ടി നടപ്പാക്കുന്നത്. അലഹബാദ് ഹൈകോടതി 2014ൽ ‘യു.ജി.സി വ്യവസ്ഥകൾ സംസ്ഥാന സർക്കാർ പാലിക്കേണ്ടതില്ല’ എന്ന ഒരു വിധിന്യായം പുറെപ്പടുവിച്ചിരുന്നു. ഇൗ വിധിയെ ചോദ്യംചെയ്ത് യു.ജി.സി ഫയൽചെയ്ത അപ്പീലിന്മേലുള്ള വിധിയിൽ അസന്ദിഗ്ധമായി സുപ്രീംകോടതി ചില പ്രധാന കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പഠനം, ഗവേഷണം, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ ഘടകങ്ങളിൽ യു.ജി.സി നിർദേശങ്ങൾ അപ്പാടെ പാലിക്കാൻ രാജ്യത്തെ എല്ലാ കേന്ദ്ര-സംസ്ഥാന സർവകലാശാലകൾക്കും ബാധ്യതയുണ്ട്. ഒരുതരത്തിലുള്ള മായം ചേർക്കലും ഇൗ ഘടകങ്ങളിലെ വ്യവസ്ഥകളിൽ സാധാരണനിലയിൽ യു.ജി.സി അനുവദിക്കില്ല. എന്നാൽ, പെൻഷൻ പ്രായം ഉൾപ്പെടെയുള്ള സേവന, വേതന വ്യവസ്ഥകൾ, അവധി വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർവകലാശാലകൾ യു.ജി.സി വ്യവസ്ഥകൾ കർശനമായി പാലിക്കണം. അതേസമയം, സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന വ്യവസ്ഥകളാണ് സംസ്ഥാന സർവകലാശാലകൾക്ക് ബാധകമാകുന്നത്. കേരള സർക്കാർ ഇൗ അപ്പീൽ ഹരജിയിൽ കക്ഷിചേർന്നിരുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്.
ക്രീമിലെയർ വ്യവസ്ഥകൾ സംവരണസംബന്ധിയായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുള്ളത് യുക്തമായ ഭേദഗതികളിലൂടെയാണ് കേരള സംസ്ഥാന സർക്കാർ നടപ്പാക്കിയത്. സംസ്ഥാന സർക്കാറിന് ഇതിന് ഇവിടെ നിലവിലുള്ള സാഹചര്യം അനുസരിച്ച് തീരുമാനിക്കാൻ ആകുമെന്നത് വ്യക്തമാക്കാനാണ് ഇക്കാര്യം ഇവിടെ സൂചിപ്പിച്ചത്. ഉദാഹരണമായി, നോൺക്രീമിലെയർ ആനുകൂല്യം നേടി സംവരണത്തിന് അർഹരാകാൻ അപേക്ഷകെൻറ അച്ഛൻ/അമ്മ എന്നിവരിൽ ഒരാൾക്കെങ്കിലും 35 വയസ്സിനുമുമ്പ് ‘കാറ്റഗറി എ’ പദവിയിൽ നേരിട്ട് നിയമനം ലഭിച്ചവരാകരുത് എന്ന വ്യവസ്ഥയാണ് കേന്ദ്രസർക്കാർ ഉത്തരവിൽ ഉള്ളത്. ‘35 വയസ്സിനു മുമ്പ്’ എന്ന ഇൗ വ്യവസ്ഥ ‘36 വയസ്സിനു മുമ്പ്’ എന്ന തരത്തിലാണ് കേരളത്തിൽ നടപ്പാക്കിയത്. കൂടാതെ ശമ്പള വരുമാനം, കാർഷിക വരുമാനം എന്നിവ ഒഴിച്ചുള്ള മാതാപിതാക്കളുടെ വരുമാനം എട്ടുലക്ഷം രൂപയിൽ അധികം ആകാൻ പാടില്ല എന്ന കേന്ദ്ര ഉത്തരവിലെ വ്യവസ്ഥ ആറുലക്ഷം രൂപയിൽ കവിയരുത് എന്നതരത്തിലാണ് കേരള സർക്കാറിെൻറ ഉത്തരവിലുള്ളത്.
കേരളത്തിെൻറ പ്രത്യേക സാഹചര്യം
പിന്നാക്ക വിഭാഗക്കാർക്ക് മൊത്തത്തിൽ സംവരണം കേന്ദ്രസർക്കാർ സർവിസിലെ നിയമനത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിനുപകരം കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഇൗഴവ, മുസ്ലിം, ലത്തീൻ കത്തോലിക്കർ, ഇതര പിന്നാക്ക വിഭാഗക്കാർ എന്ന തരത്തിൽ വെവ്വേറെ സംവരണാനുകൂല്യം നിശ്ചിത ശതമാനം എന്ന് നിജപ്പെടുത്തി നൽകുന്ന രീതിയാണ് സംസ്ഥാന സർക്കാർ സർവിസിലെ നിയമനത്തിൽ നിലനിൽക്കുന്നത്. സംസ്ഥാന സർക്കാർ സർവിസിലും സർക്കാർ സ്ഥാപനങ്ങളിലും സംവരണ വ്യവസ്ഥ കേന്ദ്രനിയമത്തിെൻറ ഉള്ളിൽനിന്ന് ക്രമപ്പെടുത്തുവാൻ കഴിയും എന്നതാണ് വസ്തുത.
കേരള സംസ്ഥാനത്ത് സർവകലാശാലകളിൽ സംവരണം നടപ്പാക്കിക്കൊണ്ടുള്ള നിയമഭേദഗതി 1978ൽ നിയമസഭയിൽ പാസാക്കിയപ്പോൾ കേരള, കാലിക്കറ്റ് സർവകലാശാലകൾക്കാണ് അത് ബാധകമാക്കിയിരുന്നത്. ഇപ്പോൾ യു.ജി.സി നിർദേശിച്ചിരിക്കുന്നതുപോലെ ഒാരോ വകുപ്പും ഒാരോ യൂനിറ്റായി കരുതി പബ്ലിക് സർവിസ് കമീഷൻ പാലിക്കുന്ന വ്യവസ്ഥകൾ സർവകലാശാലകൾ പാലിക്കണമെന്ന് നിയമഭേദഗതി വ്യക്തമാക്കി. എന്നാൽ, പിന്നീട് നിലവിൽവന്ന മഹാത്മാ ഗാന്ധി സർവകലാശാല, കണ്ണൂർ സർവകലാശാല, ഇതര സംസ്ഥാന സർവകലാശാലകൾ എന്നിവിടങ്ങളിൽ ഒാരോന്നിലും ആകെ ഉണ്ടാകുന്ന അധ്യാപക ഒഴിവുകളെ അസിസ്റ്റൻറ് പ്രഫസർ, അസോസിയറ്റ് പ്രഫസർ, പ്രഫസർ (മുമ്പ് െലക്ചറർ, റീഡർ, പ്രഫസർ) എന്നിങ്ങനെ മൂന്നു കാറ്റഗറികളിലാക്കി സംവരണ വ്യവസ്ഥകൾ പാലിക്കണമെന്നാണ് ആരംഭത്തിൽതന്നെ നിയമത്തിൽ നിഷ്കർഷിച്ചത്.
ഇവ്വിധം രണ്ട് വ്യത്യസ്ത നിയമങ്ങൾ സംവരണം പാലിക്കുന്നതിനായി സംസ്ഥാനത്ത് നിലനിന്നത് പോരായ്മ തന്നെ ആയിരുന്നു. ഇതിനിടയിൽ സംവരണ തിരിമറിക്ക് കുപ്രസിദ്ധി നേടിയ കേരള സർവകലാശാലയിൽ ചില നിക്ഷിപ്ത താൽപര്യക്കാർ ഉണർന്നുപ്രവർത്തിച്ചതിെൻറ ഫലമായി ഒറ്റ പോസ്റ്റുകളിൽ സംവരണ വ്യവസ്ഥ പാലിക്കേണ്ടതില്ല എന്ന കോടതിവിധി സമ്പാദിച്ചു. സർവകലാശാലയിലെ ഉന്നതരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. ഇക്കാര്യത്തിൽ, കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സംവരണവിരുദ്ധലോബി തയാറാകുന്നു. ഫലത്തിൽ, ഒറ്റ പോസ്റ്റുകളിൽ സംവരണം നിഷേധിച്ചുകൊണ്ട് യൂനിവേഴ്സിറ്റിയുടെ ഒൗദ്യോഗിക വിജ്ഞാപനം 2013-14ൽ പുറത്തുവന്നു. സംവരണാനുകൂലികൾ ബഹുജന പിന്തുണയോടെ സമരമുഖത്ത് വരാൻ ഇത് വഴിയൊരുക്കി.
2014ലെ ഭേദഗതി
കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് തിരിച്ചറിഞ്ഞ യു.ഡി.എഫ് സർക്കാർ 2014ൽ സർവകലാശാല നിയമഭേദഗതിയിലൂടെ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് മറ്റ് സംസ്ഥാന സർവകലാശാലകളിൽ നിലവിലുള്ള മൂന്ന് കാറ്റഗറി അടിസ്ഥാനത്തിലുള്ള നിയമവ്യവസ്ഥ കേരള, കാലിക്കറ്റ് സർവകലാശാലകൾക്കും ബാധകമാക്കി. അപ്പോൾ ഒരു ചോദ്യം ഉയർന്നുവന്നു. ഇതിനകം വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവുകളിൽ ഏത് സംവരണ നിയമവ്യവസ്ഥയാണ് പാലിക്കേണ്ടത്? വിഷയം കോടതിയുടെ പരിഗണനക്ക് എത്തി. വിജ്ഞാപനം പുറപ്പെടുവിച്ച സമയത്തുണ്ടായിരുന്ന നിയമവ്യവസ്ഥകൾ പാലിക്കപ്പെടണം എന്നതായിരുന്നു കോടതിവിധി. ഇതനുസരിച്ച്, നിയമനം പൂർത്തിയാക്കിയിട്ടാണ് 2014ലെ ഭേദഗതി അനുസരിച്ചുള്ള വിജ്ഞാപനം കേരള, കാലിക്കറ്റ് സർവകലാശാലകൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇൗ വിജ്ഞാപനം അനുസരിച്ച് നിയമന നടപടികൾ പോലും തുടങ്ങിയിട്ടില്ല.
കേരള സർക്കാറിന് വേണമെങ്കിൽ നിയമഭേദഗതി അസംബ്ലിയിൽ അവതരിപ്പിച്ച് പാസാക്കി യു.ജി.സി വ്യവസ്ഥകൾ നടപ്പാക്കാം. പക്ഷേ, അത് നടക്കുന്നതുവരെ നിലവിെല വ്യവസ്ഥകൾ അനുസരിച്ചുമാത്രമേ നിയമനങ്ങൾ നടത്താനാവൂ. 2017ൽ പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ ലവലേശമെങ്കിലും വെള്ളം ചേർക്കുന്നത് നിയമവിരുദ്ധമായിരിക്കും. സംവരണാനുകൂല്യം ലഭിക്കുന്ന വിഭാഗക്കാരോടുള്ള വെല്ലുവിളിയാകും അത്. അലഹബാദ് ഹൈകോടതി വിധിക്കെതിരെ 2014ൽ സുപ്രീംകോടതിയിൽ അപ്പീൽപോയ യു.ജി.സി 2017ൽ അപ്പീൽ സമർപ്പിക്കാതെ തീരുമാനം എടുത്തതിലും ദുരൂഹത ഉണ്ട്. അധ്യാപക യോഗ്യതയായ ‘നെറ്റി’നെതിരെ ‘കേട്ടാഫ് മാർക്ക്’ സംബന്ധി ആയി കേരള ഹൈകോടതി ഉണ്ടായപ്പോഴും യു.ജി.സി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. സംവരണവിരുദ്ധർ രാജ്യമാകെ ശക്തിപ്രാപിക്കുേമ്പാൾ അത് ഭരണഘടനാനുസൃതമായ ആനുകൂല്യം ഒരു വലിയ വിഭാഗം ജനതക്ക് നിഷേധിക്കുന്നതിനുവേണ്ടിയാണ് എന്നതിൽ ലജ്ജ തോന്നുന്നു. രാഷ്ട്രീയകക്ഷി നേതാക്കൾ എന്നാണ് മൗനം വെടിഞ്ഞ് ഭൂരിപക്ഷം ജനതക്ക് സാമൂഹികനീതി ഉറപ്പാക്കാൻ രംഗത്തുവരുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.