സി.എച്ച് എന്ന വിപ്ലവം
text_fieldsസംസ്ഥാന രൂപവത്കരണശേഷം 12 മുഖ്യമന്ത്രിമാരാണ് കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ചത്. അതിൽ ഏറ്റവും ചുരുങ്ങിയകാലം ഭരണത്തേര് തെളിച്ച സി.എച്ച്. മുഹമ്മദ് കോയ ഈ ലോകം വിട്ടുമടങ്ങിയിട്ട് ഈ സെപ്റ്റംബർ 28ന് 40 വർഷം തികയുന്നു. 56ാം വയസ്സിൽ 1983ൽ ഹൈദരബാദിൽവെച്ച് മരണപ്പെടുമ്പോൾ കെ. കരുണാകരന്റെ മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രിയായിരുന്നു സി.എച്ച്.
54 ദിവസം മാത്രമാണ് മുഖ്യമന്ത്രി പദവിയിലിരുന്നതെങ്കിലും സംഭവ ബഹുലവും സംഭാവനാഭരിതവുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ-ഭരണജീവിതം. ജനനേതാവെന്നും, സാംസ്കാരിക നായകനെന്നും സമുദായ ഉദ്ധാരകനെന്നും വിദ്യാഭ്യാസ വിപ്ലവകാരിയെന്നുമുള്ള വിശേഷണങ്ങൾ അദ്ദേഹത്തിന് യോജിക്കുന്നു. എന്നിരിക്കിലും വിദ്യാഭ്യാസ മേഖലക്ക് അദ്ദേഹം അർപ്പിച്ച സംഭാവനകൾ അതിൽ മികച്ചു നിൽക്കുന്നു.
കോഴിക്കോടിനടുത്ത് അത്തോളി എന്ന ഗ്രാമത്തിൽ ദരിദ്ര ചുറ്റുപാടിൽ ജനിച്ച് വളർന്ന സി.എച്ച്. പല മന്ത്രിസഭകളിലായി നാൽപതോളം വകുപ്പുകൾ കൈകാര്യം ചെയ്തു. എന്നാൽ ഒരു ഡിഗ്രി പോലും ഇല്ലാതെ 1969ൽ ഇ.എം.എസ്. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി ആയി അവരോധിക്കപ്പെട്ട സി.എച്ച്. എക്കാലവും ഓർമിക്കപ്പെടുക വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവന്ന വിദ്യാഭ്യാസ വിപ്ലവകാരി എന്ന നിലയിലാവും.
തിരുവനന്തപുരത്ത് കാര്യവട്ടത്ത് നൂറിലേറെ വർഷത്തെ ചരിത്രമുള്ള കേരള യൂനിവേഴ്സിറ്റിക്ക് പിറകെ മറ്റൊരു സർവകലാശാല കേരളത്തിൽ ആരംഭിക്കാൻ ധൈര്യം കാണിച്ചത് സി.എച്ച് ആയിരുന്നു; ധൈര്യം എന്ന വാക്ക് ബോധപൂർവം പ്രയോഗിച്ചതാണ്; അത്രമാത്രം ശ്രമകരമായിരുന്നു ആ ദൗത്യം.
മലബാർ ഭാഗത്തെ കോളജുകളിലെ വിദ്യാർഥികളും അധ്യാപകരും വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങൾക്കെല്ലാം തിരുവനന്തപുരത്തേക്ക് വണ്ടി കയറേണ്ടിവരുന്നതിന്റെ പ്രയാസം ഏറെ വലുതായിരുന്നു. മറ്റു പല സാമൂഹിക-സാങ്കേതിക തടസ്സങ്ങൾ അതിനു പുറമെ.
ഇതിനെല്ലാം പരിഹാരമാകുന്ന പുതിയ സർവകലാശാലക്കായി കോഴിക്കോട് പട്ടണത്തിൽനിന്ന് 23 കിലോമീറ്റർ മാത്രം മലപ്പുറം ജില്ലയിൽ ദേശീയപാതയോട് തൊട്ടുരുമ്മി 500 ഏക്കർ ഭൂമി അതിനായി അദ്ദേഹം കണ്ടെത്തി. കോളജുകളുടെ എണ്ണപ്പെരുപ്പത്തിനനുസരിച്ച് സർവകലാശാലകളും ആരംഭിച്ചാൽ മാത്രമെ ഉന്നത വിദ്യാഭ്യാസ നിലവാരം കാത്തുസൂക്ഷിക്കാനാവൂ എന്ന ജസ്റ്റിസ് കോത്താരി കമീഷന്റെ റിപ്പോർട്ട് സി.എച്ചിന്റെ ശ്രദ്ധയിൽപെട്ടത് ഇക്കാലത്താണ്.
ഇ.എം.എസ് സർക്കാറിന്റെ അംഗീകാരം വാങ്ങി മുന്നോട്ടുപോയ സി.എച്ചിന് പലവിധ കടമ്പകൾക്കിടയിൽ ഒരു കുത്തുവാക്കു കൂടി സഹിക്കേണ്ടി വന്നിരുന്നു- അദ്ദേഹം ഒരു മുസ്ലിം സർവകലാശാല കെട്ടിപ്പടുക്കുകയാണ് എന്നായിരുന്നു ചിലരുടെ കുറ്റപ്പെടുത്തൽ.
കുത്തുവാക്കും ദുരാരോപണങ്ങളും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല; നാടിന്റെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യമിട്ട് മുഴുകിയിരുന്ന തിരക്കുപിടിച്ച ദൗത്യത്തിനിടയിൽ ‘ചോര തന്നെ കൗതുകമാക്കിയ’ ആളുകളെ ശ്രദ്ധിക്കാനോ മറുപടി നൽകാനോ അദ്ദേഹം മെനക്കെട്ടില്ല.
പുതിയ സർവകലാശാലയുടെ മേധാവിയായി മദ്രാസ് വൈസ് ചാൻസലറായിരുന്ന ഡോ. മാൽക്കം ആദിശേഷയ്യയെപ്പോലെ ഒരു പ്രഗല്ഭനെ കൊണ്ടുവരാനാകുമോ എന്ന കൊണ്ടുപിടിച്ച ശ്രമത്തിലായിരുന്നു സി.എച്ച്. അത് ഫലം കണ്ടില്ല, ഡോ. ആദിശേഷയ്യ കേരളത്തിലേക്ക് വരാൻ കൂട്ടാക്കിയില്ല.
അങ്ങനെയിരിക്കെയാണ് പാലക്കാട് ഗവ. വിക്ടോറിയ കോളജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളജിലും പ്രിൻസിപ്പൽ പദവിയിൽ തിളങ്ങിയ പ്രഫ: എം. മുഹമ്മദ് ഗനിയുടെ പേര് സി.എച്ചിന്റെ ശ്രദ്ധയിലെത്തുന്നത്. മൈസൂരിൽ ഇംഗ്ലീഷ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവിയായ ആ തിരുനെൽവേലിക്കാരനെ അദ്ദേഹം കേരളത്തിലേക്ക് ക്ഷണിച്ചു.
കാലിക്കറ്റിൽ പരിചയസമ്പന്നരായ നല്ല ഒരു ടീമിനെ സിൻഡിക്കേറ്റ് അംഗങ്ങളായി നാമനിർദേശം ചെയ്യാൻ സി.എച്ച് സന്നദ്ധനായി. മോൺസിഞ്ഞോർ ജോസഫ് കുരീടം, പ്രഫ. കെ. മാധവ മേനോൻ, പ്രഫ. ഐ.ജി. ഭാസ്കര പണിക്കർ, മോൺസിഞ്ഞോർ തോമസ് മൂത്തേടം, ഡോ.സി.പി. കുര്യാക്കോസ്, പ്രഫ. എസ്. ശിവപ്രസാദ്, ഡോ. സി.എം. ഫ്രാൻസിസ് പ്രമുഖർക്കൊപ്പം പേരുചേർക്കപ്പെട്ട മൂന്ന് അംഗങ്ങളുടെ പേരിൽ വീണ്ടും സി.എച്ചിനെതിരെ വർഗീയ ആരോപണം ഉയർത്തി കുത്സിത ശക്തികൾ.
മൂന്ന് അംഗങ്ങൾ മുസ്ലിം സമുദായത്തിൽനിന്നുള്ളവരാണ് എന്നതായിരുന്നു അവരുടെ വിരോധത്തിന് പിറകിൽ. ആ മൂന്നുപേരുടെ പട്ടിക ചൂണ്ടിക്കാട്ടി സി.എച്ച് മറുപടി നൽകി. ഒരാൾ കേരളത്തിന്റെ ആദ്യത്തെ ചീഫ് എൻജിനീയറായ ടി.പി. കുട്ട്യമ്മു സാഹിബായിരുന്നു രണ്ടാമത്തെയാൾ മദ്രാസ് മുഹമ്മദൻസ് കോളജിലെ പഠനത്തിനുശേഷം മുംബൈയിലെ ഒരു പ്രമുഖ ബ്രിട്ടീഷ് കമ്പനിയിൽ ഉദ്യോഗം വഹിച്ചിരുന്ന രാജ്യസഭാംഗം ബി.വി. അബ്ദുല്ലക്കോയ, മൂന്നാമൻ കേരളത്തിലെ പ്രമുഖ കലാലയമായ ഫാറൂഖ് കോളജിൽ ദീർഘകാലമായി പ്രിൻസിപ്പൽ സ്ഥാനം വഹിക്കുന്ന പ്രഫ. കെ.എ. ജലീലും. വിമർശകരുടെ കണ്ണുതള്ളിപ്പോയി.
ഭരണ നിർവഹണ കാര്യങ്ങളിൽ താൻ ജാതിയും മതവും ഒന്നും നോക്കാറില്ലെന്നു സി.എച്ച്. വെട്ടിത്തുറന്ന് പറയാറുണ്ടായിരുന്നു. ‘‘സ്വസമുദായത്തിനു കിട്ടാനുള്ള ഒരു അംഗീകാരവും ഞാനായി നിഷേധിക്കില്ല. അതേസമയം ഇതരസമുദായങ്ങൾക്ക് അവകാശപ്പെട്ട ഒന്നിന്റെയും ഒരു ചെറുമണിത്തൂക്കം പോലും ഞാൻ അപഹരിക്കയുമില്ല’’ -ഇതായിരുന്നു, സി.എച്ചിന്റെ നിലപാട്.
കേരളത്തിൽ നാലു മെഡിക്കൽ കോളജുകളിലും പ്രിൻസിപ്പൽ സ്ഥാനം വഹിക്കാൻ ഭാരതീയ വിചാരകേന്ദ്രം ഭാരവാഹികൂടിയായ കോഴിക്കോട്ടെ ഡോ. കെ. മാധവൻകുട്ടിയെ നിയോഗിക്കാൻ ഒരു മടിയും കാണിക്കാഞ്ഞ ആളാണ് സി.എച്ച്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ആരംഭിച്ചപ്പോൾ വൈസ് ചാൻസലർ പദവിയിലേക്ക് കമ്യൂണിസിറ്റ് ആചാര്യരിൽ പ്രമുഖനായ പ്രഫ. ജോസഫ് മുണ്ടശ്ശേരിയെ നിയമിച്ചതും മറ്റാരുമല്ല.
കോഴിക്കോടിനടുത്ത് ഒരു ക്ഷേത്രത്തിൽ ആരാധനകൾ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ശ്രദ്ധയിൽപെടുത്തിയപ്പോൾ, അത് റദ്ദാക്കാനുള്ള അപേക്ഷയിൽ ഉത്തരവ് തന്നെ എഴുതിക്കൊടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു സി.എച്ച്. എന്ന് ബി.ജെ.പി നേതാവും നിലവിൽ ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഒരു പൊതുവേദിയിൽതന്നെ പ്രഖ്യാപിക്കുകയുണ്ടായി.
അവസരോചിതമായ രീതിയിൽ പാഠ്യപദ്ധതി പരിഷ്കരണത്തിനു എന്നും പ്രാമുഖ്യം നൽകി ആ വിദ്യാഭ്യാസ മന്ത്രി. കടിച്ചാൽ പൊട്ടാത്ത പാഠ്യപദ്ധതി ആണിതെന്ന് നിയമസഭയിൽ ഒരു പ്രതിപക്ഷാംഗം കുറ്റ പ്പെടുത്തിയപ്പോൾ, ഇത് പഠിക്കാനുള്ളതാണ്, കടിക്കാനുള്ളതല്ല എന്നായിരുന്നു മറുപടി.
കേരളത്തിന് അനുവദിക്കപ്പെട്ട റീജനൽ എൻജിനീയറിങ് കോളജ് (ഇന്നത്തെ എൻ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവ കോഴിക്കോട് സ്ഥാപിക്കുക വഴി ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രാദേശിക സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ അദ്ദേഹം ശ്രദ്ധവെച്ചു. കോഴിക്കോട്ടെ വനിതാ എൻജിനീയറിങ് കോളജിന്റെ സ്ഥാപനത്തിനും അദ്ദേഹം പ്രേരണയും പിന്തുണയും നൽകി.
സ്ത്രീ വിദ്യാഭ്യാസം എസ്.എസ്.എൽ.സി വരെ സാർവത്രികവും സൗജന്യവുമാക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഇതര ഭാഷാധ്യാപകർക്കു ലഭിച്ച ആനുകൂല്യങ്ങൾ അറബി ഭാഷ അധ്യാപകർക്കും കൂടി ബാധകമാക്കിയപ്പോൾ വീണ്ടും വർഗീയ ആരോപണക്കാർ വിഷപ്രചാരണങ്ങളുമായി എത്തി.
പക്ഷേ, അത്തരം ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത് വ്യക്തിപരമായിട്ടായിരുന്നില്ല, മറിച്ച് ഭാവിയെക്കുറിച്ച് തനിക്കുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രകടമാക്കിക്കൊണ്ടായിരുന്നു. ‘കുട നന്നാക്കാൻ നടന്നിരുന്നവരെയൊന്നും ഇപ്പോൾ കാണാനില്ല അവരെയൊക്കെയും അറബി അധ്യാപകരായി നിയമിച്ചിരിക്കുകയാണ്’ എന്ന് ഒരു പ്രതിപക്ഷാംഗം നിയമസഭയിൽ ആക്ഷേപിച്ചപ്പോൾ ആ അറബി അധ്യാപകരുടെ മക്കളും വിദ്യാർഥികളുമായിരിക്കും നാളെയുടെ കേരളത്തിന്റെ ശിൽപികൾ എന്നായിരുന്നു സി.എച്ചിന്റെ മറുപടി!.
ഒരു സർക്കാർ ഹൈസ്കൂൾ മാത്രം ഉണ്ടായിരുന്ന മലപ്പുറം ജില്ലയിൽ ഇന്നു വിവിധ സർവകലാശാലകൾ പ്രവർത്തിക്കുന്നു. അവിടെനിന്നു പഠി ച്ചുയർന്ന കുട്ടികൾ ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്നും അലീഗഢ് മുസ്ലിം സർവകലാശാലയിൽനിന്നും ഉന്നത റാങ്കുകൾ നേടുന്നു. വിദേശ സർവകലാശാലകളിൽ ഒന്നാം സ്ഥാനക്കാരായ വിദ്യാർഥികളും മികവുറ്റ അധ്യാപകരുമായി പരിലസിക്കുന്നു.
മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചാണ് റാങ്ക് നേടുന്നതെന്ന് വിലകുറഞ്ഞ ആരോപണമുന്നയിച്ച നേതാവിനെപ്പോലുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു കേരളത്തിലെ പിന്നാക്ക സമൂഹത്തിന്റെ പഠനാഭിലാഷങ്ങൾ.
പതിറ്റാണ്ടുകൾക്ക് മുമ്പു തന്നെ അത് തിരിച്ചറിയാനും അതിൻപ്രകാരമുള്ള പശ്ചാത്തല-വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കാനും മുന്നിട്ടിറങ്ങി എന്നതു തന്നെയാണ് സി.എച്ച്. എന്ന ധിഷണാശാലിയുടെ പ്രസക്തി. അനിഷേധ്യമായ തീരുമാനത്തിന് കീഴടങ്ങി സി.എച്ച്. ഇവിടം വിട്ടുപോയി എന്നത് നേര്. പക്ഷേ അദ്ദേഹം ഇവിടെ നട്ടുനനച്ചുപോയ നന്മയുടെ ചെടികൾ വളർന്നു പന്തലിച്ച് ഇന്നും നാടിന് തണലും പച്ചപ്പും പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.