Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമനസ്സിന് വേണ്ടാത്ത...

മനസ്സിന് വേണ്ടാത്ത ചങ്ങലകൾ

text_fields
bookmark_border
മനസ്സിന് വേണ്ടാത്ത ചങ്ങലകൾ
cancel
എന്റെ കൈപിടിച്ച് കുലുക്കി അദ്ദേഹം പറഞ്ഞു: ‘‘നിങ്ങൾ വലിയ വെളിച്ചം എനിക്ക് പകർന്നു തന്നിരിക്കുന്നു, ആരും എന്നെ ഇതുവരെ തിരുത്തിയിട്ടില്ല. ഇനി തിരുത്തൽ വരുത്താൻ സമയം അവശേഷിപ്പുണ്ടോ എന്നും അറിഞ്ഞുകൂടാ

യൗവനകാലത്ത് പരിചയപ്പെട്ട ഒരു മനുഷ്യനെക്കുറിച്ചെഴുതാം ഇക്കുറി. നല്ല ഒരു കാരണവർ റോളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാവർക്കും ചെറിയ സഹായങ്ങളൊക്കെ ചെയ്യുന്ന, ഉപദേശ നിർദേശങ്ങളെല്ലാം കൈമാറുന്ന പ്രകൃതക്കാരൻ. ത​ന്റെ ഉപദേശം സ്വീകരിച്ച് ആരെങ്കിലും എന്തെങ്കിലും വിജയം നേടിയാൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അനുഭവിച്ചിരുന്ന അദ്ദേഹത്തിന് ഒരുപക്ഷേ, ഒരു നിർബന്ധബുദ്ധിയുണ്ടായിരുന്നു: തന്നിൽനിന്ന്​ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുന്നയാൾ പിന്നെ മറ്റൊരാളോടും സഹായമോ ഉപദേശമോ തേടാൻ പാടില്ല. അത് അദ്ദേഹത്തിന് കടുത്ത നീരസമുണ്ടാക്കുമെന്ന് മാത്രമല്ല, അത്തരക്കാരെ കണക്കറ്റ് ശകാരിക്കുകയും അപമാനിച്ച് പറഞ്ഞുവിടുകയും ചെയ്യും.

കുറെ വർഷങ്ങൾക്കു ശേഷം അദ്ദേഹത്തെ വീണ്ടും കാണാനിടയായി. പല കാര്യങ്ങളും സംസാരിച്ച കൂട്ടത്തിൽ പഴയ ആ ‘വല്യേട്ടൻ’ പ്രകൃതം ഇപ്പോഴും ഉണ്ടോ എന്ന് ഞാൻ ചോദിച്ചു. കളിയാക്കുകയാണോ എന്ന് തിരിച്ചുചോദിച്ച അദ്ദേഹം താൻ ആ രീതിയൊക്കെ അവസാനിപ്പിച്ചതായി പറഞ്ഞു. കാരണമന്വേഷിച്ചപ്പോൾ ‘‘ഈ ലോകം ശരിയല്ല’’ എന്നായിരുന്നു മറുപടി. ‘‘ഞാൻ ധാരാളം പേർക്ക് വഴികാട്ടിയാകാൻ ശ്രമിച്ചു, എന്നാലാവുന്ന സഹായങ്ങൾ നൽകി, പലർക്കും സമാശ്വാസം നൽകി, പക്ഷേ, അവരാരും എന്നെ മാനിക്കുന്നില്ല. എനിക്കിഷ്ടമില്ലാത്തവരുമായി അവർ ബന്ധപ്പെടുന്നു.’’ അദ്ദേഹത്തിന്റെ സംസാരത്തിലുടനീളം നിരാശ പ്രകടമായിരുന്നു.

യൗവനകാലം മുതൽ എനിക്ക് ബന്ധമുള്ള ചില പൊതുസുഹൃത്തുക്കളുമായി ഈ വിഷയം ഞാൻ പങ്കുവെച്ചു. അവർ പറഞ്ഞു: ‘‘നമ്മൾ ഒക്കെ പഠിച്ചിരുന്ന കാലത്ത് അൽപം വിമ്മിട്ടത്തോടെയെങ്കിലും നാം അദ്ദേഹത്തെ ഉൾക്കൊള്ളുമായിരുന്നു, സഹിച്ചിരുന്നു എന്നുതന്നെ പറയാം. പക്ഷേ, പുതിയ തലമുറ അങ്ങനെയാകില്ലല്ലോ. എല്ലാവരും അദ്ദേഹത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന ദുർവാശിക്ക് അവർ നിന്നുകൊടുക്കുമോ?’’ എനിക്കും ഇൗ പ്രസ്താവത്തിൽ യുക്തിയുണ്ടെന്ന് തോന്നി.

ബന്ധുക്കളുടെ കല്യാണത്തിനും മറ്റു വിശേഷ അവസരങ്ങൾക്കും ക്ഷണിക്കേണ്ട രീതിയിൽ ക്ഷണിച്ചില്ല എന്നു പറഞ്ഞ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കുന്ന ചിലരെ നമ്മൾ കണ്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രകൃതം അതിനേക്കാൾ ശാഠ്യം നിറഞ്ഞതായിരുന്നു. ഏതെങ്കിലും ഒരു വിവാഹത്തിന് അദ്ദേഹം പങ്കെടുക്കണമെന്ന്​ ക്ഷണിക്കുന്നവർക്ക് ആഗ്രഹമുണ്ടെങ്കിൽ, പെണ്ണുകാണലും നിശ്ചയവും മുതൽ അദ്ദേഹത്തെ അറിയിച്ചിരിക്കണം. അല്ലെങ്കിൽ അദ്ദേഹം ആ വഴിക്ക് തിരിഞ്ഞുനോക്കുകപോലുമില്ല.

‘‘സഹായങ്ങളുടെ ഗുണഭോക്താക്കളിൽനിന്ന് ഒരു നന്ദിവാക്കെങ്കിലും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു എന്നത് വാസ്തവം. ആധുനിക ലോകമല്ലേ, അത്രത്തോളം നന്ദി പലരും പ്രകടിപ്പിച്ചുകാണില്ല. ആത്മസംതൃപ്തിയാണ് ഇത്തരം പ്രവർത്തനങ്ങളുടെയൊക്കെ യഥാർഥ പ്രതിഫലം എന്നദ്ദേഹം തിരിച്ചറിഞ്ഞില്ല’’ -സുഹൃത്തുക്കൾ അയാളിലെ മാറ്റത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്ത് പറഞ്ഞു.

ഞാൻ പറഞ്ഞു: ‘‘ചില്ലറ സ്വഭാവ വൈചിത്രങ്ങൾ ഉണ്ടെങ്കിലും ഒരുപാടുപേർക്ക് തണലായി നിന്ന മനുഷ്യനാണ്, ഇനിയും സമൂഹത്തിന് അദ്ദേഹത്തിന്റെ തണൽ ആവശ്യവുമുണ്ട്. അതിനാൽ, നാം അദ്ദേഹത്തെ പിടിവാശികളില്ലാത്ത പരോപകാരിയായി മാറ്റിയെടുക്കാൻ ശ്രമിക്കണം.’’

ഞാൻ പറഞ്ഞതിനോട് സുഹൃത്തുക്കൾ വിയോജിച്ചു- ‘‘ഒത്തിരി കാലമായി ശീലിച്ച ആ പ്രകൃതം മാറ്റാൻ അദ്ദേഹത്തിന് ആവുമെന്ന് തോന്നുന്നില്ല, വെറുതെ സമയം മെനക്കെടുത്തണോ?’’

‘‘എന്നാലും സാരമില്ല, എല്ലാവർക്കും ഗുണമുള്ള കാര്യമല്ലേ, നല്ലത് ചെയ്യാനുള്ള മനസ്സ് അദ്ദേഹത്തിനുണ്ട്. അത് കണക്കിലെടുത്ത് നമുക്കൊരു ശ്രമം നടത്താം’’ -ഞാൻ പറഞ്ഞു.

അങ്ങനെ അദ്ദേഹത്തെ പിന്നീട് കാണുകയും നിരാശബോധം മാറ്റണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ‘‘നിരാശബോധമല്ല; യാഥാർഥ്യം മനസ്സിലാക്കിയതുകൊണ്ടുള്ള പിന്മാറ്റമാണ് എന്‍റേത്’’ എന്നായിരുന്നു മറുപടി. ഞാനദ്ദേഹത്തെ തിരുത്തി. ‘‘യാഥാർഥ്യം മനസ്സിലാക്കി പിന്മാറുകയല്ല; തിരുത്തുകയാണ് വേണ്ടത്. എന്തുകൊണ്ട് താങ്കൾക്ക് ചുറ്റുമുള്ളവരുമായി കലഹിക്കേണ്ടിവന്നു എന്ന് പരിശോധിച്ചിട്ടുണ്ടോ? എത്ര ഗാഢമായ ബന്ധങ്ങൾ ആണെങ്കിലും ഓരോ മനുഷ്യന്റെയും മനസ്സ് സ്വതന്ത്രമായിരിക്കേണ്ടത് ഈ ലോകത്തിന്റെ ആവശ്യമാണ്. ആ സ്വതന്ത്ര മനസ്സിന് ചങ്ങലയിടുമ്പോഴാണ് പാരതന്ത്ര്യം ഉണ്ടാകുന്നത്. മനുഷ്യരെക്കുറിച്ച് മാത്രമല്ല, പല തത്ത്വചിന്തകളെയും പ്രത്യയശാസ്ത്രങ്ങളെയും കുറിച്ചും ഈ വിമർശനം ഉന്നയിക്കപ്പെടാറുണ്ട്. തുറന്ന ചിന്തക്കുള്ള അവസരം അവ നിഷേധിക്കുന്നു എന്നതുകൊണ്ടത്രെ അത്.’’

അദ്ദേഹം അൽപനേരം മൗനിയായി നിന്നു. ശേഷം പറഞ്ഞു: ‘‘സുഹൃത്തേ, ഞാൻ വല്ലാതെ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളുടെ മേൽ പിടിമുറുക്കാൻ ശ്രമിച്ചിരുന്നു എന്നത് നേരാണ്, പക്ഷേ, അത് അവരോടുള്ള ഇഷ്ടക്കൂടുതലും ആത്മാർഥതയും കൊണ്ടായിരുന്നു. അതൊരു തെറ്റായിരുന്നോ?’’ ഞാൻ പറഞ്ഞു: ‘‘തെറ്റെന്ന് പറയാനാവില്ല. പക്ഷേ, എല്ലാവർക്കും അവരവരുടേതായ ഒരു സ്വകാര്യ ഇടമുണ്ട്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. അത് അവരുടെ മാത്രം അധികാര പരിധിയിൽപെടുന്ന കാര്യമാണെന്ന് മനസ്സിലാക്കി, പാകതയോടെ പെരുമാറുകയാണെങ്കിൽ, അവർക്ക് നമ്മളോട് അളവറ്റ ആദരവും നമുക്ക് അവരോട് നിസ്സീമമായ സ്നേഹവും ഉണ്ടാകും.’’

എന്റെ കൈപിടിച്ച് കുലുക്കി അദ്ദേഹം പറഞ്ഞു: ‘‘നിങ്ങൾ വലിയ വെളിച്ചം എനിക്ക് പകർന്നു തന്നിരിക്കുന്നു, ആരും എന്നെ ഇതുവരെ തിരുത്തിയിട്ടില്ല. ഇനി തിരുത്തൽ വരുത്താൻ സമയം അവശേഷിപ്പുണ്ടോ എന്നും അറിഞ്ഞുകൂടാ, എങ്കിലും ഞാൻ കാര്യമായി പരിശ്രമിക്കും.’’ ഞാൻ സന്തോഷപൂർവം മടങ്ങി.

അദ്ദേഹം മാറിയോ ഇല്ലയോ എന്നതല്ല വിഷയം. നാം ലോകത്തെ, മനുഷ്യരെ സ്നേഹിക്കുമ്പോൾതന്നെ അവരുടെ സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹത്തെ ഒരിക്കലും ഹനിക്കരുത്. വ്യക്തിപരമായ സ്വാതന്ത്ര്യം ഏതൊരാളുടെയും ജീവിതത്തിന്റെ സൗന്ദര്യമാണ്. ഒാരോ മനുഷ്യന്റെയും ആന്തരികമായ സൗന്ദര്യമാണ് ലോകത്തിന്റെ സൗന്ദര്യമായി പരിണമിക്കുന്നത്.

പ്രശസ്ത മാനേജ്മന്‍റ് വിദഗ്ധൻ പീറ്റർ ഡ്രക്കറുടെ വാക്കുകൾ കുറിക്കുകൊള്ളുന്നതാണ്: ഭാവിയെ പ്രവചിക്കാനുള്ള ഏറ്റവും മികച്ച വഴി അത് സൃഷ്ടിക്കുക എന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Personal Freedomlife`
News Summary - Chains that the mind does not want
Next Story