ചാറ്റ് ജി.പി.ടിയും വിവര വിനിമയത്തിലെ വെല്ലുവിളികളും
text_fieldsചാറ്റ് ജി.പി.ടിയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി സ്വന്തം സെർച്ച് എൻജിനായ ബിങ്ങിന്റെ സ്വീകാര്യത വർധിപ്പിക്കാമോയെന്ന ആലോചനയിലാണ് മൈക്രോസോഫ്റ്റ്. മത്സരം കടുക്കുമ്പോൾ ഗൂഗ്ളും മെറ്റയുമൊക്കെ കൂടുതൽ നിക്ഷേപവുമായി കടന്നുവരും. സ്റ്റാർട്ടപ്പുകൾ തുടങ്ങിവെക്കുക, കുത്തകകൾ ഏറ്റെടുക്കുക എന്ന പഴയ പ്രക്രിയ തന്നെ ഈ മേഖലയിലും ആവർത്തിക്കുമെന്ന് സാരം
വിവരവിനിമയ രംഗത്ത് നിർമിത ബുദ്ധിയുടെ ഉപയോഗം കൂടിവരുന്ന കാലമാണ്. 2022 നവംബറിൽ തുടക്കം കുറിച്ച ചാറ്റ് ജി.പി.ടി പോലുള്ള സങ്കേതങ്ങളുടെ വരവ് ഇതു സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ ചൂടുപകർന്നിരിക്കുകയാണ്. മനുഷ്യരുമായി നടത്തുന്ന സംഭാഷണങ്ങളുടെ അതേ രൂപത്തിൽ മെഷീനുകളുമായി സ്വാഭാവികമെന്നപോലെ സംവദിക്കാൻ സാധിക്കുന്നുവെന്നതാണ് ഈ ചാറ്റ് ബോട്ടുകളുടെ പ്രത്യേകത. Generative Pre-trained Transformer (GPT) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് നൽകിയിരിക്കുന്ന പേര്. അതായത്, വിക്കിപീഡിയയിലും ഓൺലൈൻ പുസ്തകങ്ങളിലുമൊക്കെ അടങ്ങിയിട്ടുള്ള വൻ വിജ്ഞാനശേഖരം ഉപയോഗപ്പെടുത്തി കമ്പ്യൂട്ടർ മെഷീനുകളെ പരിശീലിപ്പിക്കുകയും ചാറ്റ് രൂപത്തിൽ നടക്കുന്ന സംഭാഷണങ്ങൾക്ക് സന്ദർഭത്തിനനുസരിച്ച് അവ ഉത്തരം നൽകുകയും ചെയ്യുന്ന രീതി. മനുഷ്യരും മെഷീനും തമ്മിൽ തികച്ചും സ്വാഭാവികമായ രൂപത്തിലുള്ള സംഭാഷണമാണ് ഇതിൽ നടക്കുകയെന്ന് ചുരുക്കം. ഒരു സെർച്ച് എൻജിൻ നമുക്ക് നൽകുന്ന ആയിരക്കണക്കിന് റിസൽട്ടുകൾക്കും റഫറൻസ് ലിങ്കുകൾക്കുമപ്പുറം വളരെ സൂക്ഷ്മവും കുറിക്കുകൊള്ളുന്നതുമായ ഉത്തരങ്ങൾ സെക്കൻഡുകൾ കൊണ്ട് നൽകാനുള്ള കഴിവാണ് ചാറ്റ് ജി.പി.ടി പോലുള്ളവയെ ജനപ്രിയമാക്കുന്നത്. കഥ, കവിത, ലേഖനം, ഉപന്യാസംപോലുളള മൗലികമായ രചനകൾ നടത്താനും വിവർത്തനം ചെയ്യാനും ഫിലിം-നാടക സ്ക്രിപ്റ്റ്, ഇമേജ്, വിഡിയോ തുടങ്ങിയവ ഏതാനും നിമിഷങ്ങൾക്കുള്ളിൽ നിർമിക്കാനുള്ള അവയുടെ കഴിവും അപാരമാണ്.
നിലവിൽ വന്ന് മൂന്നു മാസമാകുമ്പോഴേക്കും ചാറ്റ് ജി.പി.ടിക്ക് ദിനേന ഏതാണ്ട് 13 മില്യൺ സന്ദർശകരുണ്ട്. ഹൈസ്കൂൾ, സർവകലാശാല വിദ്യാർഥികൾ വിവിധ അസൈൻമെന്റുകൾ ചെയ്യാൻ ആശ്രയിക്കുന്നത് ഈ സംവിധാനത്തെയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അമേരിക്കയിൽ ന്യൂയോർക് എജുക്കേഷൻ ഡിപ്പാർ്ട്ടുമെന്റ് കലാലയങ്ങളിൽ ഇത് നിരോധിക്കുന്നിടത്തോളമെത്തി കാര്യങ്ങൾ. ഓഫിസിലും ജോലി സ്ഥലത്തും റിപ്പോർട്ടുകൾ തയാറാക്കുന്നതിന് ചാറ്റ് ജി.പി.ടി ഉപയോഗപ്പെടുത്തുന്നവർ ഉണ്ട്. ഒരു ശരാശരി കമ്പ്യൂട്ടർ പ്രോഗ്രാമറെക്കാൾ നന്നായി പ്രോഗ്രാം എഴുതാൻ ചാറ്റ് ജി.പി.ടിക്ക് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഭാവിയിൽ കോപ്പിയെഴുത്ത്, എഡിറ്റിങ്, പ്രൂഫ് വായന, കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ ഒരുപാട് മേഖലകളിൽ ഇത് മനുഷ്യർക്ക് പകരം നിന്നേക്കുമെന്നും പഠനങ്ങളുണ്ട്.
ഗൂഗ്ളിന്റെ ഭാവി
ചാറ്റ് ജി.പി.ടിയുടെ വരവിനും വളരെ മുമ്പുതന്നെ നിർമിത ബുദ്ധിയധിഷ്ഠിത സെർച്ചിന് ഗൂഗ്ൾ തയാറെടുപ്പ് തുടങ്ങിയിരുന്നു. 2011ലെ ഒരു കോൺഫറൻസിൽ പങ്കെടുത്തുകൊണ്ട് ഗൂഗ്ൾ ചെയർമാൻ എറിക് ഷിമിഡ് പറഞ്ഞത് സെർച്ച് എൻജിനുകൾ അന്തിമമായി എ.ഐ ഉപയോഗപ്പെടുത്തിയുള്ള ഉത്തരങ്ങളിലേക്ക് മാറേണ്ടി വരുമെന്നായിരുന്നു. പ്രസക്തമായ പേജുകൾ കണ്ടെത്തി കൊടുക്കുന്നതിനുപകരം കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുന്നതിനു സെർച്ച് എൻജിനുകൾ തയാറാകേണ്ടി വരുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു. എന്നാൽ, ചാറ്റ് ജി.പി.ടിയുടെ പെട്ടെന്നുള്ള വരവ് ഗൂഗ്ളിനെ ഞെട്ടിച്ചു.
ഭാവിയിൽ ഗൂഗ്ൾ പോലുള്ള സെർച്ച് എൻജിനുകളുടെ നിലനിൽപിന് കനത്ത വെല്ലുവിളി ഉയർത്താൻ ചാറ്റ് ജി.പി.ടിക്ക് ആകുമെന്ന് പലരും വിലയിരുത്തുന്നു. കേവലം രണ്ടു വർഷം മാത്രമേ ഗൂഗ്ളിന്റെ ബിസിനസ് ഇതേ പോലെ നിലനിൽക്കുകയുള്ളൂവെന്ന് ജിമെയിൽ ഉപജ്ഞാതാവായ പോൾ ബുഖേ (Paul Buchheit) പ്രവചിക്കുന്നുണ്ട്. ഇനി അഥവാ തങ്ങളുടെ സെർച്ച് എൻജിനിൽ നിർമിത ബുദ്ധി ഉപയോഗിച്ചു മാറ്റം വരുത്താൻ ഗൂഗ്ൾ തയാറായാൽ തന്നെ, അത് സാധ്യമാകണമെങ്കിൽ അവരുടെ നിലവിലെ ബിസിനസിന്റെ പ്രധാന ഭാഗം ഉപേക്ഷിക്കേണ്ടി വരും. കാരണം, ലക്ഷക്കണക്കിന് സെർച്ച് റിസൽട്ടുകൾ തരുന്ന നിലവിലെ സെർച്ച് എൻജിൻ മാതൃകകൾക്ക് പകരം, തങ്ങളുടെ ചോദ്യങ്ങൾക്ക് സംഭാഷണ രൂപത്തിൽ കൃത്യവും വ്യക്തവുമായ ഉത്തരങ്ങളാണ് ചാറ്റ് ജി.പി.ടി കാലത്ത് ആളുകൾ പ്രതീക്ഷിക്കുന്നത്. അവ സംഭാഷണരൂപത്തിലും തുടർ ചോദ്യങ്ങൾ ചോദിക്കാനും പറ്റുന്ന രൂപത്തിൽ ആവുകയും വേണമെന്ന് പോൾ പറയുന്നു.
ഈയവസ്ഥ മനസ്സിലാക്കിക്കൊണ്ടാകണം, നേരത്തേതന്നെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരുന്നതാണെങ്കിലും തങ്ങളുടേതായ നിർമിതബുദ്ധി ഉൽപന്നങ്ങൾ പുറത്തിറക്കാൻ ഗൂഗ്ൾ ധിറുതിപിടിച്ച് മെനക്കെട്ടത്. അത് പക്ഷേ, ദുരന്തത്തിലാണ് കലാശിച്ചത്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചേ വലിയ കൊട്ടിഗ്ഘോഷത്തോടെ പുറത്തുവിട്ട ബാർഡ് (Bard) എന്ന ചാറ്റ് ബോട്ട് പല വിവരങ്ങളും തെറ്റായി നൽകിയതോടെ കമ്പനിയുടെ ഷെയർ വിലയിൽ വൻ ഇടിവാണ് വന്നത്. എങ്കിലും പരീക്ഷണങ്ങൾ തുടരാൻ തന്നെയാണ് ഗൂഗ്ളിന്റെ തീരുമാനം. അധികം വൈകാതെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദേല്ലയുടെ പ്രഖ്യാപനവും വന്നു. അവരുടെ സെർച്ച് എൻജിനായ ബിങ് ചാറ്റ് ജി.പി.ടിയുടെ അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിവർത്തനങ്ങൾ കൊണ്ടുവരാൻ പോകുന്നുവെന്നതായിരുന്നു അത്. ബിങ്ങിനെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായാണ് ബിൽ ഗേറ്റ്സ് ഇതിനെ കാണുന്നതെന്ന് വ്യക്തം.
പിടികൊടുക്കാത്ത പിഴവുകൾ
മനുഷ്യ സംഭാഷണ രൂപത്തിലുള്ള ചാറ്റ് ബോട്ടുകൾ നേരിടുന്ന പ്രധാന പ്രശ്നം അവക്ക് ലോക സംഭവങ്ങളെയും വസ്തുതകളെയും യഥാതഥം മനസ്സിലാക്കുന്നതിൽ പിഴവ് സംഭവിക്കുന്നുവെന്നതാണ്. കൂടാതെ, നേരത്തേ പരിശീലിക്കപ്പെട്ട വാചകക്കൂട്ടത്തിനപ്പുറം തങ്ങളുടെ സംഭാഷണങ്ങളെ രേഖകളുപയോഗപ്പെടുത്തിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യായീകരിക്കാൻ അവക്ക് സാധ്യമല്ല. എ.ഐ ചാറ്റ് ബോട്ടുകൾ ഫലപ്രദമായ സെർച്ച് റിസൽട്ട് തരണമെങ്കിൽ അവ കൂടുതൽ ആധികാരികതയും സുതാര്യതയും ഉൾച്ചേർന്നതാകേണ്ടതുണ്ട്. മെഷീൻ പരിശീലനത്തിനുപയോഗിക്കുന്ന അവയുടെ ഡേറ്റബേസിൽനിന്ന് പക്ഷപാതപരമായ ഉള്ളടക്കം നീക്കംചെയ്യുകയും കൂടുതൽ വ്യത്യസ്ത വീക്ഷണങ്ങളെ ഉൾക്കൊള്ളാൻ പരിശീലിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
ചാറ്റ് ബോട്ടുകൾ കള്ളം പറയുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. പറയുന്നതെന്താണെന്ന് അവ മനസ്സിലാക്കുന്നില്ലെന്നതാണിതിന്റെ കാരണം. മറ്റെവിടെയോനിന്ന് പഠിച്ചെടുത്ത സംഗതികൾ ചുരുക്കരൂപത്തിൽ അവതരിപ്പിക്കുന്നതിനിടയിൽ സംഭവിക്കുന്ന പ്രസരണ നഷ്ടമെന്നോണം പലതും തെറ്റായി അവതരിപ്പിക്കുകയാണ്. മൊത്തത്തിൽ ഉറവിടത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങളിൽനിന്ന് പൂർണമായും തെന്നിമാറി അസ്വീകാര്യമായ വിവരങ്ങൾ നൽകുന്ന പ്രവണതയെന്നാണ് ഇതിനെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചാറ്റ് ബോട്ടുകൾ പലപ്പോഴും വംശീയത, സ്ത്രീവിരുദ്ധത, ഗൂഢാലോചന സിദ്ധാന്തങ്ങൾ, പച്ചക്കള്ളങ്ങൾ എന്നിവ ആവർത്തിച്ച് എഴുന്നള്ളിക്കാൻ ധാരാളം സാധ്യതകളുണ്ടെന്ന് അവർ താക്കീത് ചെയ്യുന്നു. ‘ഇൻസൈഡർ’ മാഗസിൻ കറസ്പോണ്ടന്റ് ആദം റോജേഴ്സ് അതേക്കുറിച്ച് പറഞ്ഞത്, ഇനി മുതൽ സെർച്ച് റിസൽട്ടുകളെന്നത് വിഡ്ഢികൾ പ്രോഗ്രാം ചെയ്യുന്ന കഥകൾ മാത്രമായിരിക്കുമെന്നാണ്. “അതിൽ മാസ്മരിക ശബ്ദവും പദസമ്മേളനവും ഉണ്ടാകും, പക്ഷേ, സുപ്രധാന വസ്തുതകൾ ഉണ്ടാകണമെന്നില്ല. അത് സെർച്ച് റിസൽട്ടാകില്ല, മറിച്ച് വെറും സ്പാം മാത്രമായിരിക്കും.”
കുത്തകകൾ പിടിമുറുക്കുമോ
നിർമിത ബുദ്ധി ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കാനെന്ന് അവകാശപ്പെട്ടാണ് ചാറ്റ് ജി.പി.ടിയുടെ സ്ഥാപകരായ സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഓപൺ എ.ഐ’ എന്ന കമ്പനി രംഗത്തുവന്നത്. എന്നാൽ, ഇതേ കമ്പനിയിൽ മൈക്രോസോഫ്റ്റ് ഇപ്പോൾ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചാറ്റ് ജി.പി.ടിയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി സ്വന്തം സെർച്ച് എൻജിനായ ബിങ്ങിന്റെ സ്വീകാര്യത വർധിപ്പിക്കാമോയെന്ന ആലോചനയിലാണ് മൈക്രോ സോഫ്റ്റ്. മത്സരം കടുക്കുമ്പോൾ ഗൂഗ്ളും മെറ്റയുമൊക്കെ കൂടുതൽ നിക്ഷേപവുമായി ഈ രംഗത്തേക്ക് കടന്നുവരും. സ്റ്റാർട്ടപ്പുകൾ തുടങ്ങിവെക്കുക, കുത്തകകൾ ഏറ്റെടുക്കുക എന്ന പഴയ പ്രക്രിയ തന്നെ ഈ മേഖലയിലും ആവർത്തിക്കുമെന്ന് സാരം. മാത്രമല്ല, തുടർന്നങ്ങോട്ട് അവിടെയും വാണിജ്യ താൽപര്യങ്ങൾ ഉത്തരങ്ങളെ സ്വാധീനിക്കാനും തുടങ്ങും. കൂടുതൽ എൻഗേജ്മെന്റ് ഉണ്ടാവുന്ന ഉത്തരങ്ങൾ കൂടുതലായി പ്രമോട്ട് ചെയ്യപ്പെടും.
ചുരുക്കിപ്പറഞ്ഞാൽ, ധാരാളം ഉപയോഗങ്ങളുണ്ടായിരിക്കെതന്നെ ഒരുപാട് ചതിക്കുഴികളും ഉള്ളതാണ് വിവരവിനിമയത്തിനുപയോഗിക്കുന്ന പുതിയ ചാറ്റ് ബോട്ടുകൾ. അസത്യങ്ങളും അർധസത്യങ്ങളും വസ്തുതകളെന്ന് തോന്നിപ്പിക്കുമാറ് അവതരിപ്പിക്കാനുള്ള അപാരമായ കഴിവ് അവക്കുണ്ട്. വിവേചന രഹിതമായ ഉപയോഗത്തിനുപകരം കൃത്യമായ ആസൂത്രണത്തോടെയും പറ്റുമെങ്കിൽ മറ്റ് ഉറവിടങ്ങളെയും കൂടി ആശ്രയിച്ചു മാത്രമേ ഇവയെ ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം, ഉപകാരത്തേക്കാൾ കൂടുതൽ ഉപദ്രവമാണ് ഇവ വരുത്തിവെക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.