Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമൂന്നാം തരംഗത്തെ...

മൂന്നാം തരംഗത്തെ ഒന്നിച്ചുനിന്ന് മറികടക്കാം

text_fields
bookmark_border
മൂന്നാം തരംഗത്തെ ഒന്നിച്ചുനിന്ന് മറികടക്കാം
cancel

ഒമിക്രോൺ വകഭേദത്തി​െൻറ വ്യാപനത്തോടെ ഇപ്പോൾ നാം കോവിഡി​െൻറ മൂന്നാംതരംഗത്തെ നേരിടുകയാണ്. ആദ്യ രണ്ടു ഘട്ടങ്ങളിലും നടപ്പാക്കേണ്ടി വന്ന പൂർണമായ അടച്ചുപൂട്ടൽ ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് നമുക്കറിയാം. അത്തരമൊരു നടപടിയിലേയ്ക്ക് കടക്കേണ്ട സാഹചര്യം ഇവിടെ ഇതുവരെ സംജാതമായിട്ടില്ല എന്നത് ആശ്വാസകരമാണ്.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിൽ ലക്ഷ്യം ​െവച്ച ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും 83 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിനും നൽകിക്കഴിഞ്ഞു എന്നത് മൂന്നാം തരംഗത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇതിനു പുറമേ, കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം (2,91,271) പേർക്കും വാക്‌സിൻ നൽകാൻ സാധിച്ചു. 15നും 17നും ഇടക്ക് പ്രായമുള്ള 66 ശതമാനം പേർക്ക് (10,07,879) വാക്‌സിൻ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി അഞ്ചുകോടിയിലധികം ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഭൂരിപക്ഷം പേരും സമ്മിശ്ര (ഹൈബ്രിഡ്) പ്രതിരോധശേഷി നേടിയിട്ടുണ്ട് എന്നുള്ളത് തീവ്രരോഗബാധയും മരണങ്ങളും കുറക്കാൻ സഹായകമാകും. ഇനിയും വാക്‌സിൻ സ്വീകരിക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ ഉടൻതന്നെ വാക്‌സിൻ എടുക്കേണ്ടതാണ്. വാക്‌സിൻ എടുക്കാത്തവരിലാണ് മരണസംഖ്യ ഉയർന്നുനിൽക്കുന്നതെന്ന് പഠനത്തിൽ (ഡെത്ത് ഓഡിറ്റിംഗ്) വ്യക്തമായിട്ടുണ്ട്. പുതിയ ജനിതകഭേദമായ ഒമിക്രോൺ രോഗതീവ്രതയുണ്ടാക്കാത്തത് വാക്‌സിനെടുത്തവരിലാണ്​.

കോവിഡ് രോഗബാധിതരുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുക എന്നതാണ് ആദ്യഘട്ടം മുതൽതന്നെ കേരളം സ്വീകരിച്ചുവരുന്ന നയം. നിലവിൽ പൂർണമായ അടച്ചുപൂട്ടലിലേക്ക് പോകുന്നതിനു പകരം മേഖലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണങ്ങൾ.

സമ്പൂർണ അടച്ചിടൽ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ചുപൂട്ടിയാൽ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകൾ അടച്ചിട്ടാൽ വ്യാപാരികളെ ബാധിക്കും. വാഹനങ്ങൾ നിരത്തിലിറങ്ങാതെയിരുന്നാൽ അത് എല്ലാവരേയും ബാധിക്കും. അതിനാൽതന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ തന്ത്രമാണ് കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്. അതു വിജയിക്കണമെങ്കിൽ ജനങ്ങളുടെ പൂർണ പിന്തുണ അനിവാര്യമാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഏറ്റവും പ്രധാനമായ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തരുത്. സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. മുറികളിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം. കഴിവതും അടഞ്ഞ എ.സി മുറികൾ ഒഴിവാക്കണം.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 40 കടന്നിരിക്കുകയാണ്. എന്നാൽ, അതിൽ ഭയപ്പെടേണ്ട കാര്യമില്ല. ആദ്യ രണ്ടു ഘട്ടങ്ങളിലും പരമാവധി ആളുകളെ പരിശോധിക്കാനാണ് ശ്രമിച്ചത്. അതിൽ രോഗലക്ഷണമില്ലാത്തവരും പെടും. അപ്പോൾ ടി.പി.ആറിലെ വർധനവ് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇപ്പോൾ പരിശോധനാ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. കോവിഡ് രോഗലക്ഷണമുള്ളവരെ മാത്രമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. അതുകൊണ്ട് ടി.പി.ആറിന് പഴയ പ്രസക്തി ഇപ്പോഴില്ല.

ഇപ്പോഴത്തെ സ്ഥിതിയിൽ കോവിഡ് ബാധിക്കുന്നവർ വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. രോഗം കടുക്കുന്ന സ്ഥിതിയുണ്ടായാൽ ആശുപത്രി സേവനം തേടണം. മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരും പ്രായാധിക്യമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ബാധിതർക്കുള്ള ഗാർഹിക പരിചരണത്തിനും ക്വാറന്റീനും പുതിയ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. വീടുകളിൽ കഴിയുമ്പോൾ ഓക്സിജന്റെ അളവും ശരീരോഷ്മാവും കൃത്യമായി നിരീക്ഷിക്കണം. രോഗിയെ വീടുകളിൽ പരിപാലിക്കുന്നവരും രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കണം. ഇവർ എൻ 95 മാസ്‌ക്കോ ഡബിൾ മാസ്‌ക്കോ ഉപയോഗിക്കണം. ഇ സഞ്ജീവനിപോലെയുള്ള ടെലികൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തണം.

രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് മുതലോ ലക്ഷണങ്ങൾ ഇല്ലാത്തവർ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടിൽ ഏഴു ദിവസം നിരീക്ഷണത്തിൽ കഴിയണം. മൂന്ന് ദിവസം തുടർച്ചയായി പനിയും മറ്റു ചുമ തുടങ്ങിയ രോഗലക്ഷണങ്ങളും ഇല്ലാതിരുന്നാൽ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന സമയത്ത് അപായസൂചനകൾ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ദിവസവും ആറ് മിനിറ്റ് നടത്ത പരിശോധന നടത്തണം. അപായ സൂചനകൾ കാണുകയോ അല്ലെങ്കിൽ വിശ്രമിക്കുമ്പോൾ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിൽ കുറവോ അല്ലെങ്കിൽ ആറ് മിനിറ്റ് നടന്നതിന് ശേഷം ഓക്‌സിജന്റെ അളവ് ബേസ് ലൈനിൽനിന്ന് മൂന്ന് ശതമാനത്തിൽ കുറവോ ആണെങ്കിൽ ടോൾ ഫ്രീ നമ്പറായ ദിശ 104, 1056 ലോ ആശുപത്രിയിലോ അറിയിക്കണം.

മൂന്നാം തരംഗം നേരിടുന്നതിനായി ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ, പീഡിയാട്രിക് സൗകര്യങ്ങൾ എന്നിവ വലിയ തോതിൽ വർധിപ്പിച്ചു. ലിക്വിഡ് ഓക്‌സിജന്റെ സംഭരണശേഷിയും വർധിപ്പിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലും ഓഫിസുകളിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്‌മെന്റിനു രൂപം നൽകിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഒരു ഇൻഫെക്ഷൻ കൺട്രോൾ ടീം (ഐ.സി.ടി) രൂപീകരിക്കുകയും തെരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫിസുകളിലും പിന്തുടരേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച് പരിശീലനം നൽകുകയും ചെയ്യും. സാധ്യമാകുന്നിടത്തെല്ലാം സ്ഥാപനങ്ങളും ഓഫിസുകളും തുറന്നുപ്രവർത്തിക്കണമെന്നാണ് സർക്കാർ സമീപനം.

കോവിഡ് രോഗപ്രതിരോധം എല്ലാവരും കൈകോർത്ത് നടത്തേണ്ട ഒന്നാണ്. ആരോഗ്യപ്രവർത്തകരും പൊലീസടക്കമുള്ള സേനകളും സന്നദ്ധപ്രവർത്തകരും അവിശ്രമം പ്രവർത്തിച്ച് കൊണ്ടിരിക്കയാണ്. ജനങ്ങളുടെ സാധാരണജീവിതത്തിനും നാടിന്റെ പുരോഗതിക്കും പരിക്കേൽക്കാതിരിക്കാനുള്ള ജാഗ്രതയാണ് ഈ കൂട്ടായ്മക്ക് അടിസ്ഥാനം. നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങാതെ തുടരേണ്ടതുണ്ട്. വീടുകളിൽ അടുപ്പ് പുകയേണ്ടതുണ്ട്. പുതിയ കാലത്ത് ഏറ്റെടുക്കാനുള്ള വെല്ലുവിളി പുതിയ തരത്തിലുള്ളതാണെന്നു തിരിച്ചറിഞ്ഞു എല്ലാവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരുകയും സ്വയംകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19Pinarayi Vijayan
News Summary - chief minister about covid third wave
Next Story