മുഖ്യമന്ത്രീ, വിനാശത്തെ എങ്ങനെയാണ് വികസനമെന്ന് വിളിക്കുക?
text_fieldsജനാധിപത്യപരമായി രാജ്യത്ത് നടപ്പാക്കുന്ന ഏതു പദ്ധതിയുടെയും ഉടമ ജനങ്ങൾ തന്നെയാണ്. അതിനാൽ നമ്മൾ പങ്കാളികളാകുന്ന, നമ്മുടെ സമ്മതമുള്ള പദ്ധതികളാണ് ഇവിടെയുണ്ടാവേണ്ടത്. ഭരണഘടനയുടെ 243ാം വകുപ്പ് അനുസരിച്ച് ജനങ്ങളുടെ ഇച്ഛ അനുസരിച്ചേ വികസനം നടത്താവൂ എന്നുണ്ട്. അങ്ങനെ വരുമ്പോൾ, ജനങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്ന, പരിസ്ഥിതിയെ തകിടംമറിക്കുന്ന, കേരളത്തെ കീറിമുറിക്കുന്ന കെ-റെയിൽ പദ്ധതി എങ്ങനെയാണ് ജനകീയ പദ്ധതിയാവുക? ഇത്തരമൊരു പദ്ധതി ജനം അംഗീകരിക്കില്ല. അവരുടെ അംഗീകാരമോ സഹകരണമോ കൂടാതെ കെ-റെയിൽ പദ്ധതി നടപ്പാക്കാനാവില്ലെന്ന് അധികാരികൾ തിരിച്ചറിയുകയും വേണം.
ഡി.പി.ആർ (വിശദ പദ്ധതി രേഖ) പോലും നിയമസഭയിൽ വെച്ചിട്ടില്ലാത്ത, എം.എൽ.എമാർക്കുപോലും അറിയാത്ത പദ്ധതിയാണ് കെ-റെയിൽ. എന്നിട്ടും, മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ, കെ-റെയിൽ ഹരിതപദ്ധതിയാണെന്ന് അവകാശപ്പെട്ടത് എന്നെ ഞെട്ടിച്ചു. മുഖ്യമന്ത്രിയുടെ ആ പ്രയോഗത്തെ ഞാൻ ചോദ്യംചെയ്യുന്നു. ഇത്രമാത്രം കൃഷിഭൂമി നശിപ്പിക്കുന്ന, പശ്ചിമഘട്ടത്തെ അട്ടിമറിക്കുന്ന പദ്ധതി എങ്ങനെയാണ് ഹരിത പദ്ധതി ആകുന്നത്?
നിർമാണത്തിെൻറ ഓരോ ഘട്ടത്തിലും പുതിയ വീടുവെക്കാനുള്ള ഊർജവും പാരിസ്ഥിതിക പ്രശ്നവും കണക്കിലെടുക്കുമ്പോൾ ഇത് എങ്ങനെയാണ് ഹരിത പദ്ധതിയാവുക. റോഡുഗതാഗതം കുറയുമെന്നാണ് പദ്ധതി വക്താക്കൾ പറയുന്നത്. കേരളത്തിൽ എവിടെയാണ് റോഡുഗതാഗതം കുറയുകയെന്നത് വെളിപ്പെടുത്തേണ്ടതുണ്ട്.
പശ്ചിമഘട്ടമില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. പ്രളയം ഉണ്ടായപ്പോൾ അണക്കെട്ടുകൾ തുറന്നുവിട്ടു. ഗാഡ്ഗിൽ റിപ്പോർട്ട് ലഘൂകരിച്ചാണെങ്കിലും കസ്തൂരി രംഗൻ റിപ്പോർട്ടും പറയുന്നു, നമ്മുടെ വികസന പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്ന്. ഉരുൾപൊട്ടലും മരണങ്ങളും ഇവിടെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ അത് അവഗണിച്ചുകൊണ്ട് എങ്ങനെയാണ് കെ-റെയിൽ പോലൊരു പദ്ധതി കൊണ്ടുവരാനാകുന്നത്. ഓരോ പദ്ധതിക്കുമെതിരെ പോരാടേണ്ടിവരുന്നു എന്നതാണ് ജനങ്ങൾ നേരിടുന്ന ദുരന്തം. നമ്മുടെ നേതാക്കൾക്ക് നയപരമായി ഏതു പദ്ധതികൾ വേണമെന്ന തിരിച്ചറിവ് ഇല്ലാതായിരിക്കുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയരുന്ന ചോദ്യങ്ങളിലൊന്നാണ്, എന്തുകൊണ്ട് സ്റ്റാൻഡേഡ് ഗേജ് എന്നത്. എല്ലാവർക്കും യാത്രചെയ്യാവുന്ന, ചരക്കുഗതാഗതം സാധ്യമാകുന്ന ബ്രോഡ്ഗേജ് പാത എന്തുകൊണ്ട് തയാറാക്കുന്നില്ല? റെയിൽവേ പോലും സ്വകാര്യവത്കരിക്കുന്ന കാലത്ത് റെയിൽവേക്കുപോലും ആവശ്യമില്ലാത്ത പദ്ധതികൾ എന്തുകൊണ്ട് കൊണ്ടുവരുന്നുവെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ആണവ ദുരന്തശേഷം ജപ്പാൻ അവരുടെ വികസന നയത്തിൽനിന്ന് പിറകോട്ടുപോയി. നാട്ടിൽ 'വികസനം' നടപ്പാക്കുന്നതിനുപകരം കയറ്റിയയക്കുകയാണ് അവരുടെ രീതി. അതിനായാണ് പദ്ധതിയുടെ വായ്പ ഏറ്റെടുത്ത ജപ്പാൻ ഇൻറർനാഷനൽ കോഓപറേഷൻ ഏജൻസി (ജൈക്ക) പോലുള്ള സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലെ വിദഗ്ധരെയും രാഷ്ട്രീയ നേതാക്കളെയും ആസൂത്രണ ബോർഡ് അംഗങ്ങളെയും സ്വാധീനിക്കുന്നത്. ഇതല്ലാതെ വഴിയില്ല എന്ന് അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു. 65,000 കോടിയിൽ പൂർത്തിയാകുമെന്ന് സംസ്ഥാനവും 1,00,026 കോടി രൂപ ചെലവുവരുമെന്ന് കേന്ദ്രവും പറയുന്നു. ഈ കടം എങ്ങനെയാണ് സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നത്?
ഈ പണം എവിടെനിന്നാണുണ്ടാകുന്നത്? ഇതിനുവേണ്ട ഭാരിച്ച പലിശയും പിഴപ്പലിശയുമെല്ലാം നമുക്ക് എന്തു സാമ്പത്തിക ഉണർവാണ് നേടിത്തരുക?
കേരളത്തിെൻറ മുഖ്യമന്ത്രി എഴുതിയിരിക്കുന്നു, ഇതിനുവേണ്ട ചെലവ് ഞങ്ങൾ കണ്ടെത്തിക്കൊള്ളാമെന്ന്. അതായത്, കേരളത്തിെൻറ നികുതിപ്പണത്തിൽനിന്നെടുക്കാമെന്ന്. അതുകൊണ്ടുതന്നെ കേരളത്തിന് നികുതിപ്പണം കൊടുക്കുന്ന ഓരോരുത്തർക്കും ഈ പദ്ധതിയെക്കുറിച്ചുള്ള സർവവിധ കാര്യങ്ങളും അറിയാൻ അവകാശമുണ്ട്. എന്ത് ഉൽപാദനമാണ് ഇതിെൻറ പേരിൽ നടക്കുന്നത്, വായ്പ എങ്ങനെ തിരിച്ചടക്കും എന്ന് പദ്ധതി വക്താക്കളോട് ചോദിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്.
കൊച്ചിയിലെ വല്ലാർപാടം പദ്ധതിയും ദേശീയപാതയുമടക്കമുള്ള നിർമാണങ്ങളുടെ പേരിൽ നിരവധിപേർ കുടിയിറക്കപ്പെട്ടിരുന്നു. തുറമുഖങ്ങളും വിമാനത്താവളങ്ങളുമടക്കം അദാനിക്കും മറ്റും കൈമാറ്റം ചെയ്യപ്പെടുന്നു. ഈ പദ്ധതിയുടെ സ്വഭാവം വെച്ചുനോക്കുമ്പോൾ ഇതും പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി (പി.പി.പി) ആയി മാറാനുള്ള സാധ്യതയുണ്ട്.
ഈ പദ്ധതികൊണ്ട് എത്രപേർക്ക് തൊഴിൽ കിട്ടും? കുറച്ചുപേർക്ക് ദിവസക്കൂലിക്ക് ജോലി കിട്ടുമായിരിക്കും.
മുമ്പ് ഇത്തരത്തിൽ അവകാശവാദങ്ങളുമായി നടപ്പാക്കപ്പെട്ട പദ്ധതികളിൽ എത്രപേർക്ക് ജോലികിട്ടി എന്ന ചോദ്യമുയരണം. എത്രപേർക്ക് വീട് നഷ്ടപ്പെട്ടു, കൃഷിഭൂമി നഷ്ടപ്പെട്ടു, തൊഴിൽ നഷ്ടപ്പെട്ടു എന്ന് പരിശോധിക്കപ്പെടണം. ഇതിൽ എത്ര പേർ പുനരധിവസിപ്പിക്കപ്പെട്ടുവെന്നറിയണം.
പരിസ്ഥിതി ആഘാത വിലയിരുത്തലും (ഇ.ഐ.എ) സാമൂഹിക ആഘാത പഠനവുമെല്ലാം ഏതാനും കോർപറേറ്റ് ഏജൻസികളെക്കൊണ്ട് നടത്തിച്ച് സർക്കാർ പറയുന്നിടത്ത് ഒപ്പിട്ടുകൊടുക്കുകയല്ല വേണ്ടത്. ജനാഭിപ്രായം പരിഗണിക്കുകതന്നെ വേണം. നഗരസഭകളിലും ഗ്രാമസഭകളിലും ജനാഭിപ്രായം നോക്കാതെ മുന്നോട്ടുപോകുമ്പോൾ എതിർക്കുകയല്ലാതെ വഴിയില്ല. ഭരണഘടനയുടെ 243ാം വകുപ്പ് അനുസരിച്ച്, ജനത്തിന് പഞ്ചായത്തീരാജിെൻറ അധികാരം ഉപയോഗിച്ച് ഗ്രാമസഭയിൽ തെൻറ നാട്ടിലെ വികസനം വിശകലനം ചെയ്യാനും ചോദ്യം ഉന്നയിക്കാനും അവകാശമുണ്ട്. 2010 മുതലുള്ള നിയമമാണിതെങ്കിലും നടപ്പാവുന്നില്ല. അതിനാൽ, 2013ലെ നിയമം അനുസരിച്ചാണോ പദ്ധതികൾ നടപ്പാക്കുന്നതെന്ന് ചോദിക്കേണ്ടതുണ്ട്. ഇതുവരെ ആരെങ്കിലും വന്ന് ഗ്രാമസഭകളിൽ, കെ-റെയിൽ നടപ്പാക്കുന്നത് സംബന്ധിച്ച് ചോദിച്ചിട്ടുണ്ടോ? ഇല്ല. അതുകൊണ്ടുതന്നെ പദ്ധതി ജനാധിപത്യവിരുദ്ധമാണ്.
2020ൽ പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ട ഇ.ഐ.എ ഭേദഗതി ചെയ്യാനുള്ള നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. അത് വന്നിരുന്നുവെങ്കിൽ, പല പദ്ധതികളുടെയും പേരിൽ പരിസ്ഥിതി നശിപ്പിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ല എന്ന അവസ്ഥ വന്നേനെ.
വിശദ പദ്ധതിരേഖ അറിയുകയെന്നത് ജന്മാവകാശമാണ്. നമ്മുടെ നാട്ടിൽ നാളെ എന്താണ് എനിക്ക് സംഭവിക്കാൻപോകുന്നത് എന്നറിയാനുള്ള അവകാശമാണത്. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിക്കണമെന്ന് മാത്രമാണ് സി.പി.എമ്മിെൻറ പോളിറ്റ് ബ്യൂറോ അംഗങ്ങളോട് എനിക്ക് പറയാനുള്ളത്. പദ്ധതിക്കെതിരെ നിരന്തരം പോരാടിയാൽ മാത്രമേ വിജയിക്കാനാവൂ. നിശ്ചയദാർഢ്യത്തോടെയുള്ള പോരാട്ടം വിജയിക്കുകതന്നെ ചെയ്യുമെന്ന് കർഷകസമരം നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
(മനുഷ്യാവകാശ ദിനത്തിൽ കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി തൃശൂരിൽ ഒരുക്കിയ സംഗമത്തിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)
തയാറാക്കിയത്: പി.പി. പ്രശാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.