അസമിലെ ശൈശവ വിവാഹവേട്ട; ഈ നടപടികളെന്തിന്? രക്ഷിക്കാനോ ശിക്ഷിക്കാനോ?
text_fieldsസർക്കാർ നടപടി ആരംഭിച്ചശേഷം ദിനേന രണ്ടും മൂന്നും ആളുകൾ വീതം ഗർഭം അലസിപ്പിക്കാനുള്ള ഗുളികകൾ ചോദിച്ചുവരുന്ന കാര്യം കാൽഗാച്ചിയയിലെ ഒരു ഫാർമസിസ്റ്റാണ് വെളിപ്പെടുത്തിയത്. ഗർഭഛിദ്രത്തിന് സഹായം തേടി നിരവധിപേർ എത്തിയതായി ബാർപെട്ട സിവിൽ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് സക്കീർ ഹുസൈൻ പറയുന്നു. പൊലീസിനെ ഭയന്ന് ആശുപത്രിയിൽ വരാൻ മടിക്കുന്ന പലരും അശാസ്ത്രീയവും അപകടകരവുമായ മാർഗങ്ങളിലൂടെ ഗർഭഛിദ്രവും പ്രസവവും നടത്തുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു
അസമിലെ ബാർപെട്ട ജില്ലയിലുള്ള കാൽഗച്ചിയയിൽ താമസിക്കുന്ന സകീനയും 17 വയസ്സുകാരി മരുമകൾ റുഖ്സാനയും ഒരാഴ്ചയായി ഉറങ്ങിയിട്ടില്ല. ജില്ല ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രായപൂർത്തിയാവാത്ത ഗർഭിണികളുടെ ലിസ്റ്റിൽ റുഖ്സാനയുടെ പേരുണ്ട് എന്നതു തന്നെ കാരണം. ഗർഭിണിയുടെ പേരും പ്രായവും, ഭർത്താവിന്റെയും ബന്ധുക്കളുടെയും പേരുവിവരങ്ങൾ, വീട്ടുമേൽവിലാസം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ആ പട്ടിക ഈ കുടുംബത്തിന് മാത്രമല്ല ആ ചെറുഗ്രാമത്തിലാകമാനം ഭീതി പടർത്തിയിട്ടുണ്ട്. ഏതു സമയവും തങ്ങൾ അറസ്റ്റ് ചെയ്യപ്പെേട്ടക്കാം എന്നാണ് അവരുടെ ആശങ്ക. ശൈശവ വിവാഹത്തിനെതിരെ എന്ന പേരിൽ ഈ മാസം ആദ്യവാരം സർക്കാർ തുടക്കമിട്ട നടപടികളുടെ ഭാഗമായി മൂവായിരത്തോളം പേരാണ് അസമിൽ ഇതിനകം പിടിയിലായത്.
2021ലെ ശൈത്യകാലത്ത് വീടുവിട്ടിറങ്ങി ആൺസുഹൃത്തിനൊപ്പം വന്നതാണ് റുഖ്സാന. അദ്ദേഹം മഹാരാഷ്ട്രയിലെവിടെയോ ദിവസവേതനത്തിന് ജോലി ചെയ്യുകയാണ്. റുഖ്സാനയുടെ കാര്യങ്ങൾ നോക്കുന്നതും ആശുപത്രിയിൽ കൊണ്ടുപോകുന്നതുമെല്ലാം ഭർതൃമാതാവായിരുന്നു. പക്ഷേ, ലിസ്റ്റ് പുറത്തുവരുകയും പൊലീസ് നടപടികൾ തുടങ്ങുകയും ചെയ്തതോടെ വീടുവിട്ട് പുറത്തിറങ്ങാനുള്ള ധൈര്യമവർക്കില്ല. ഫെബ്രുവരി എട്ടിന് പരിശോധനക്ക് ചെല്ലാൻ ഡോക്ടർ പറഞ്ഞിരുന്നതാണ്. ടി.വിയിൽ കണ്ടതുപോലെ, തങ്ങളെയും അറസ്റ്റ് ചെയ്യുമോ എന്നു ഭയന്ന് പോയില്ലെന്ന് പറയുന്നു സകീന.
അസമിൽ എവിടെയും ഇപ്പോൾ ഇതുതന്നെ സ്ഥിതി. ഗർഭിണികൾ പരിശോധനക്ക് പോകുന്നില്ലെന്ന് മാത്രമല്ല, തങ്ങളുടെ ആരോഗ്യാവസ്ഥ ആശാ വർക്കർമാരുമായി പങ്കുവെക്കാൻപോലും അവർ കൂട്ടാക്കുന്നില്ല. പരിശോധനക്ക് വരുന്നവരുടെ എണ്ണത്തിൽ പൊടുന്നനെ കുറവുണ്ടായെന്ന് ബാർപെട്ട സിവിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. നസീറുൽ ഇസ്ലാമും സമീപപ്രദേശമായ ഗോൽപാറയിലെ ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. ഫെബ്രുവരി മൂന്ന് വരെ ദിനേന 60-65 പേർ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏകദേശം പകുതിയായി.
ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ. ഈ മാസം അഞ്ചിന് ബൊംഗയ്ഗാവ് ജില്ലയിലെ വീട്ടിൽ പ്രസവത്തിനിടെ 17കാരി മരണപ്പെട്ട സംഭവവുമുണ്ടായി. അറസ്റ്റ് ചെയ്തേക്കുമെന്ന ഭയത്താൽ പെൺകുട്ടിയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വീട്ടുകാർ കൂട്ടാക്കിയില്ലെന്നും ജീവൻ നഷ്ടപ്പെട്ട ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ പിതാവ്, ഭർത്താവ്, ഭർതൃപിതാവ് ഉൾപ്പെടെ അഞ്ചുപേരെ പോക്സോ നിയമവും ശൈശവ വിവാഹ നിരോധന നിയമവും ചുമത്തി അറസ്റ്റിലാക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ അറസ്റ്റ് നടന്ന ബാർപെട്ടയിൽ പ്രായപൂർത്തിയായ പല ഗർഭിണികളെയും പുറം ലോകം അറിയാത്തവിധം ഒളിപ്പിച്ച് പാർപ്പിച്ചിരിക്കുകയാണ് വീട്ടുകാർ. പൊലീസ് നടപടി ഭയന്ന് ഭർത്താക്കന്മാർ നാടുവിട്ട് പോകുന്നു.
സർക്കാർ നടപടിയിലും നിർദേശങ്ങളിലും കൃത്യതയില്ലാത്തതിനാൽ 18 തികയാത്ത ഗർഭിണികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ ആശങ്കയുണ്ടെന്ന് ആരോഗ്യകേന്ദ്രം ജീവനക്കാർ പറയുന്നു. രജിസ്റ്റർ ചെയ്യുന്നതോടെ അവരുടെ പ്രായവും മറ്റു വിവരങ്ങളും പുറത്തറിയും. പൊലീസ് നടപടിയുടെ പേരിൽ പലരും പഴി പറയുന്നത് ആശാ വർക്കർമാരെയാണുതാനും. ഈയിടെ ഒരു ആരോഗ്യ സർവേക്ക് ചെന്ന ആശാ വർക്കർമാരോട് ജനങ്ങൾ സഹകരിക്കാൻ കൂട്ടാക്കിയില്ല. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ മാതൃശിശു ആരോഗ്യ പരിരക്ഷയിൽ വലിയ പങ്ക് വഹിക്കുന്നവരാണ് ആശാ വർക്കർമാർ. ഗർഭിണിയുടെ ആരോഗ്യം, പരിശോധനകൾ, ആശുപത്രിയിലുള്ള പ്രസവം എന്നിവയെല്ലാം ഉറപ്പാക്കുന്നത് അവരാണ്. അവരിൽ വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായാൽ വലിയ സാമൂഹിക-ആരോഗ്യ പ്രത്യാഘാതങ്ങളാണ് സംജാതമാവുക.
പൊലീസ് നടപടി ഭയന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ പ്രസവം നടത്തിയതുപോലെ ഗർഭം അലസിപ്പിക്കാനും മാർഗം തേടുന്നുണ്ട് പലരും. സർക്കാർ നടപടി ആരംഭിച്ചശേഷം ദിനേന രണ്ടും മൂന്നും ആളുകൾ വീതം ഗർഭം അലസിപ്പിക്കാനുള്ള ഗുളികകൾ ചോദിച്ചുവരുന്ന കാര്യം കാൽഗാച്ചിയയിലെ ഒരു ഫാർമസിസ്റ്റാണ് വെളിപ്പെടുത്തിയത്. ഗുളികകൊണ്ട് സാധ്യമല്ലാത്ത അബോർഷനുകൾ ചില ഡോക്ടർമാർ പണം വാങ്ങി ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. ഗർഭഛിദ്രത്തിന് സഹായം തേടി നിരവധിപേർ എത്തിയതായി ബാർപെട്ട സിവിൽ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് സക്കീർ ഹുസൈൻ പറയുന്നു. പൊലീസിനെ ഭയന്ന് ആശുപത്രിയിൽ വരാൻ മടിക്കുന്ന പലരും അശാസ്ത്രീയവും അപകടകരവുമായ മാർഗങ്ങളിലൂടെ ഗർഭഛിദ്രവും പ്രസവവും നടത്തുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.
സർക്കാർ ലക്ഷ്യമിടുന്നതുപോലെ മാതൃ-ശിശു മരണനിരക്ക് കുറക്കാനാണ് ഞങ്ങൾ പരിശ്രമിക്കുന്നത്. പക്ഷേ, ഗർഭിണികൾ ആശുപത്രിയിൽ വരാൻ കൂട്ടാക്കാതായാൽ വിപരീത ഫലമാണ് സൃഷ്ടിക്കപ്പെടുക -ഡോ. ഇസ്ലാം പറയുന്നു.
*സ്വകാര്യത സംരക്ഷിക്കാൻ പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്
(അസമിൽനിന്നുള്ള മാധ്യമപ്രവർത്തകനായ ലേഖകൻ scroll.inൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.