പെരുകുന്ന ആത്മഹത്യകൾക്കെതിരെ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
text_fields2020 മാർച്ച് 25 മുതൽ ജൂലൈ ഒമ്പതുവരെ കേരളത്തിൽ 18 വയസ്സിന് താഴെയുള്ള 66 കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, കുട്ടികൾക്കിടയിൽ വർധിക്കുന്ന ആത്മഹത്യ പ്രവണത ഗുരുതരമായ സാമൂഹിക പ്രശ്നമായി വളരുകയാണെന്ന് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസം മത്സരത്തിനല്ല, അറിവ് നേടാനുള്ള ഉപാധിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ടെന്ന് പതിവ് സായാഹ്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. താളംതെറ്റിയ കുടുംബജീവിതം, സ്ഥിരം വഴക്ക് അങ്ങനെ ജീവനൊടുക്കിയവരുണ്ട്. സമൂഹത്തിെൻറ മുന്നിൽ താനൊരു അവഹേളനാപാത്രമാകുന്നു എന്ന് കുട്ടിക്ക് തോന്നുന്നു, ആ കുട്ടി ആത്മഹത്യ ചെയ്യുന്നു- പല കാരണങ്ങളിലൊന്നായി ഇക്കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അവതരിപ്പിച്ച ആത്മഹത്യ കണക്കുകളും കണ്ടെത്തിയ കാരണങ്ങളും പ്രത്യക്ഷത്തിൽ ശരിയാണെന്നിരിക്കെ പൊതുവെ സംസ്ഥാനം അകപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തിലേക്ക് കണ്ണോടിക്കുന്നത് പ്രസക്തമാവും.
നാസ്തികനും കേവല ഭൗതികവാദിയുമായ ഏതു വ്യക്തിയും കൗമാര ആത്മഹത്യക്ക് കണ്ടെത്താവുന്ന ന്യായമോ വ്യാഖ്യാനമോ ആണ് കമ്യൂണിസ്റ്റുകാരനായ പിണറായി വിജയനും അവതരിപ്പിച്ചത്. തദടിസ്ഥാനത്തിൽ അദ്ദേഹം മുതിർന്ന തലമുറയെ ബോധവത്കരിച്ചതും സ്വാഭാവിക നടപടിയാണ്. എന്നാൽ, ദൈവത്തിലും ആത്മീയതയിലും ധാർമിക മൂല്യങ്ങളിലും വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങെള സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി സൂചിപ്പിച്ചതിനേക്കാൾ ഗർഹണീയമായ കാരണങ്ങൾ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതകൾക്കു പിന്നിലുണ്ട്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും പ്രബുദ്ധതയിലും ഇന്ത്യയിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആത്മഹത്യയുടെ സാധാരണ കാരണങ്ങളായെണ്ണാറുള്ള പട്ടിണിയും രോഗങ്ങളും സംസ്ഥാനത്ത് താരതമ്യേന കുറവാണുതാനും. എന്നിട്ടും സ്വയം ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ മലയാളികൾ, വിശിഷ്യ യുവാക്കളും കൗമാരക്കാരും ഇതര സംസ്ഥാനങ്ങളെ പിന്നിലാക്കുന്നതെന്തുകൊണ്ട് എന്ന് ആലോചിക്കേണ്ടതുണ്ട്.
കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് മനഃശാസ്ത്രപരമായി പെരുമാറാൻ കഴിയാതെപോവുന്നത് ഒരു കാരണം തന്നെയാവും. പക്ഷേ, മൂലകാരണം അന്വേഷിച്ചുപോയാൽ ചെന്നെത്തുന്നത് അവരുടെ വളർച്ചയുടെയും ശിക്ഷണത്തിെൻറയും കാര്യത്തിൽ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള സമൂഹത്തിെൻറ അബദ്ധജടിലവും ബുദ്ധിശൂന്യവുമായ ചിന്തകളിലായിരിക്കും. അതോടൊപ്പം, കേരളത്തിെൻറ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വൻമാറ്റങ്ങളും ഗൗരവതരമായ ചിന്താ ശൈഥില്യത്തിലും തജ്ജന്യമായ ധാർമിക പ്രതിസന്ധിയിലും സുപ്രധാന പങ്കുവഹിക്കുന്നു. സോഷ്യൽ മീഡിയയുടെ അപ്രതിഹതമായ വ്യാപനം പുതുതലമുറയിൽ ചെലുത്തുന്ന സ്വാധീനം ഇതോടു ചേർത്തുവായിക്കണം.
നിരീശ്വരത്വവും മതനിഷേധവും യുക്തിവാദവും ബോധപൂർവവും ആസൂത്രിതവുമായി ഇളം മസ്തിഷ്കങ്ങളിലേക്ക് അടിച്ചുകയറ്റാനുള്ള ശ്രമങ്ങൾക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. സാമ്പ്രദായിക വിശ്വാസാചാരങ്ങളെ ചോദ്യംചെയ്യുന്നതോടൊപ്പം ബദലായി അവതരിപ്പിക്കപ്പെടുന്നത് പക്വവും സുചിന്തിതവുമായ ആദർശങ്ങളോ ക്രിയാത്മക മാർഗദർശനങ്ങളോ അല്ല. സാന്മാർഗികതയും സദാചാരനിഷ്ഠയും ധാർമിക നിയന്ത്രണങ്ങളും പിന്തിരിപ്പനും പഴഞ്ചനും പ്രതിലോമപരവുമായി പ്രചാരണം ചെയ്യപ്പെടുന്നുണ്ട്. ജഡിക സുഖസൗകര്യങ്ങൾക്കപ്പുറം മനുഷ്യന് ജീവിതലക്ഷ്യമേയില്ലെന്ന ബോധവത്കരണമാണ് നടക്കുന്നത്. വിവാഹം പവിത്രമാണെന്നോ ദാമ്പത്യം സുദൃഢമായി കൊണ്ടുപോവേണ്ട ബന്ധമാണെന്നോ കുഞ്ഞുങ്ങൾ ദൈവം കനിഞ്ഞരുളുന്ന അനുഗ്രഹങ്ങളാണെന്നോ വിശ്വസിക്കുന്നവർ ഇൗ പരിഷ്കൃതയുഗത്തിൽ ജീവിക്കേണ്ടവരേയല്ല എന്നാണ് സിദ്ധാന്തിക്കപ്പെടുന്നത്. പരപുരുഷ-പരസ്ത്രീ ബന്ധമോ സ്വവർഗരതിയോ പാപമേയല്ല. വയോധികരായ മാതാപിതാക്കളെ തെരുവുകളിൽ ഉപേക്ഷിക്കുന്നതും വൃദ്ധസദനങ്ങളിൽ നടതള്ളുന്നതും ന്യായീകരിക്കാവുന്ന കൃത്യങ്ങൾ മാത്രം.
പ്രയോജനശൂന്യമായ സാധന സാമഗ്രികളെന്തും വലിച്ചെറിയുകയല്ലാതെ ബാധ്യതയായി കൊണ്ടുനടക്കേണ്ട കാര്യമെന്ത് എന്നാണ് വിചാരം. ഈയാലോചന മൂർച്ഛിക്കുേമ്പാഴാണ് ദയാവധത്തെക്കുറിച്ച ചൂടേറിയ ചർച്ചകൾ മുഖരിതമാവുന്നത്. മറിച്ചുള്ള ചിന്തകളെ പ്രചോദിപ്പിക്കുന്ന മാനവികതയും മാനവികവിഷയങ്ങളും വിദ്യാഭ്യാസത്തിൽനിന്ന് മാറ്റിനിർത്തപ്പെടുന്നു. ശാസ്ത്രമാണത്രെ പരമസത്യം. ശാസ്ത്രത്തിെൻറ അടിത്തറയാകട്ടെ, പ്രയോജനാത്മക വാദവും. ശാസ്ത്രീയസത്യങ്ങളെ ആ പേരിൽ അവതരിപ്പിക്കപ്പെടുന്ന പലതും അസത്യങ്ങളോ കേവലം അഭ്യൂഹങ്ങളോ ആണെന്നതോടൊപ്പം ശാസ്ത്രം മനുഷ്യനുവേണ്ടിയാണ്, മനുഷ്യൻ ശാസ്ത്രത്തിനുവേണ്ടിയല്ല എന്നാലോചിക്കാൻ ശാസ്ത്രവാദികൾ തയാറല്ല. ഏണസ്റ്റ് ഹെമിങ്വേ മുതൽ യസുനാരി കവാബത്ത വരെയുള്ള േലാകപ്രശസ്തരായ സാഹിത്യസാമ്രാട്ടുകൾ ഒടുവിൽ ആത്മഹത്യയിൽ അഭയം തേടേണ്ടിവന്നത് എന്തുകൊണ്ട് എന്നാലോചിക്കാൻ ശാസ്ത്രവാദികളും യുക്തിവാദികളും തലമുറകളെ അനുവദിക്കുന്നില്ല. വി.ഐ. ലെനിൻ മുതൽ ബി.ടി. രണദിവെ വരെയുള്ള കമ്യൂണിസ്റ്റ് വിപ്ലവകാരികൾ വേദന അസഹ്യമായപ്പോൾ വിഷം കൊടുത്തുവിടാൻ പാർട്ടി നേതൃത്വങ്ങളോട് യാചിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തിയത് പാർട്ടിക്കാർ തന്നെ. ഇവരൊക്കെയല്ലേ ഇളംതലമുറക്കാരുടെ മാതൃകാപുരുഷന്മാരായി മാർക്സിസ്റ്റ് സാഹിത്യങ്ങളും പ്രസിദ്ധീകരണങ്ങളും ബുദ്ധിജീവികളും നിരന്തരം അവതരിപ്പിക്കുന്നത്? കൗമാരക്കാരിലെ വർധിത ആത്മഹത്യനിരക്ക് തന്നെ ഞെട്ടിക്കുന്നുവെന്ന് വെളിപ്പെടുത്തിയ മാർക്സിസ്റ്റുകാരനായ മുഖ്യമന്ത്രി പിണറായി വിജയന് അറിയാമോ, അദ്ദേഹത്തിെൻറ സ്വപ്നരാജ്യമായ ചൈനയിലാണ് ലോകത്തിലെ ആത്മഹത്യകളിൽ നാലിലൊന്നും നടക്കുന്നതെന്ന്! മറ്റു രാജ്യങ്ങളിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിൽ ചൈനയിൽ അത് സ്ത്രീകളാണെന്ന സത്യം നിത്യേന വൈകുന്നേരങ്ങളിൽ കോവിഡ് കണക്കുകൾ അവതരിപ്പിക്കാൻ പ്രത്യക്ഷപ്പെടുന്ന മുഖ്യമന്ത്രിയെ അനുഗമിക്കുന്ന ആരോഗ്യമന്ത്രി ശൈലജ ടീച്ചറെങ്കിലും അറിഞ്ഞിരിക്കണം.
കേരളത്തിലെ കുട്ടികളുടെ ആത്മഹത്യക്കുള്ള കാരണങ്ങളിലൊന്നായി പിണറായി എടുത്തുകാട്ടിയത് കുടുംബകലഹങ്ങളാണ്. ആ കലഹങ്ങൾ സൃഷ്ടിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിക്കുന്നത് എന്താണെന്ന കാര്യം അദ്ദേഹം അറിയാത്തതോ മനഃപൂർവം മറന്നതോ? തെൻറ സർക്കാറിെൻറ നമ്പർ വൺ വരുമാനമാർഗമായ മദ്യത്തിെൻറ നിർബാധമായ വ്യാപനമാണ് കുടുംബങ്ങളിലെ അമ്മമാരെയും കുട്ടികളെയും കണ്ണീർ കുടിപ്പിക്കുന്നതെന്ന് പിണറായിക്കും സർക്കാറിനും പാർട്ടിക്കും നിഷേധിക്കാനാവുമോ? സർവതും പൂട്ടിട്ട കോവിഡ് കാലത്തുപോലും മദ്യത്തിന് വീടുകളിലേക്കൊഴുകാൻ വഴിയൊരുക്കിയ സർക്കാർ, ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിൽ പിന്നെ ഗാർഹിക പീഡന പരാതികൾ കുതിച്ചുയർന്നതായി ബന്ധപ്പെട്ട വകുപ്പുകൾ വെളിെപ്പടുത്തിയത് കണ്ടില്ലെന്നുണ്ടോ? പൊറുതിമുട്ടിയ അമ്മമാരും കുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നതിൽ അത്ഭുതമുണ്ടോ? മദ്യനിരോധനമല്ല, മദ്യവർജനമാണ് ഇടതുസർക്കാർ നയമെന്ന് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും പാർട്ടിക്കാരും നിരന്തരം ആവർത്തിക്കുന്നു.
അപ്പോഴും സ്കൂൾ പാഠപുസ്തകങ്ങളിലൊന്നിലും ലഹരിയുടെ മാരകഫലങ്ങളെക്കുറിച്ച് ബോധവത്കരണമില്ല. മദ്യം കുടുംബജീവിതത്തിെൻറ അന്തകനും രോഗങ്ങൾക്ക് ഹേതുവുമാണെന്ന സത്യം ഇളംതലമുറകളിൽ ചിലരെങ്കിലും യഥാസമയം മനസ്സിലാക്കി സകല തിന്മകളുടെയും മാതാവായ ലഹരിയിൽനിന്ന് വിട്ടുനിന്നാൽ അതുമൂലം സംഭവിക്കാവുന്ന റവന്യൂ നഷ്ടവും പാർട്ടിക്കാർക്കുള്ള അബ്കാരികളുടെ മാസപ്പടിയിലെ കുറവുമാണോ ഇടതുസർക്കാറിനെ പേടിപ്പിക്കുന്നത്?
മുഖ്യമന്ത്രിയും പാർട്ടിയും പാർട്ടി മാധ്യമങ്ങളും അതിജാഗ്രതയോടെ ഏറ്റെടുത്തിരിക്കുന്ന ഒരു ദൗത്യത്തെക്കുറിച്ചുകൂടി ഈയവസരത്തിൽ ഓർക്കാതിരിക്കുന്നത് ക്ഷന്തവ്യമാവില്ല. ആത്മഹത്യയിലേക്ക് നയിക്കുന്ന മദ്യത്തിനും ആത്മഹത്യക്കും അസാന്മാർഗികതക്കും സ്ത്രീപീഡനത്തിനും മറ്റു സകല തിന്മകൾക്കുമെതിരെ അനുസ്യൂതം പോരാടുന്ന, കുഞ്ഞുനാളിലേ നന്മയുടെ നാമ്പുകൾ തലമുറകളിൽ കിളിർക്കാനുതകുന്ന ധാർമികശിക്ഷണം വ്യവസ്ഥാപിതമായി നൽകുന്ന, അരികുവത്കരിക്കപ്പെട്ട നാനാജാതി ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പാനും അവരെ പുനരധിവസിപ്പിക്കാനും നിസ്വാർഥമായി പണിയെടുക്കുന്ന, മതങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തിനുവേണ്ടി ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഒരാദർശ ധാർമിക പ്രസ്ഥാനം 1948 മുതൽ സ്വതന്ത്ര ഇന്ത്യയിൽ സജീവരംഗത്തുണ്ട്. ഭൂരിപക്ഷ വോട്ടുബാങ്കും ന്യൂനപക്ഷ വോട്ട് ശിഥിലീകരണവും കിനാവുകണ്ട് ആ പ്രസ്ഥാനത്തെ സാധ്യമായ സമസ്ത മാർഗങ്ങളിലൂടെയും വേട്ടയാടുകയാണ് ഇപ്പോൾ സി.പി.എം അജണ്ടയിലെ പ്രധാന ഇനം. ഖിലാഫത്ത് പ്രക്ഷോഭകാലത്ത് മലബാറിൽ സ്വന്തം ഖിലാഫത്ത് സ്ഥാപിച്ച വാരിയൻകുന്നനെയും ആലി മുസ്ലിയാരെയും പുണ്യവാളന്മാരായി അവതരിപ്പിക്കുന്ന പുസ്തകമിറക്കിയ മന്ത്രിസഭാംഗത്തെ തന്നെ ‘മതരാഷ്ട്രവാദ’ത്തിനെതിരായ ‘കുത്തിത്തിരിപ്പ്’ പണിയേൽപിച്ച മുഖ്യമന്ത്രിയുടെ ബുദ്ധി അപാരമെന്നേ പറയേണ്ടൂ. വൈരുധ്യാധിഷ്ഠിതമായിരിക്കണമല്ലോ എല്ലാ തന്ത്രങ്ങളും. പക്ഷേ, തന്ത്രം പാളിയാൽ രാഷ്ട്രീയ ആത്മഹത്യയാവും ഫലം എന്നോർക്കുന്നത് നല്ലതാണ്.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.