രാഷ്ട്രശിൽപിയെ തമസ്കരിക്കുന്നു
text_fieldsനവംബർ 14 ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനമാണ്. ചാച്ചാജിയുടെ ജന്മദിനം കുട്ടികൾക്ക് ശിശുദിനമാണ്. കുട്ടികളിലൂടെ ഭാരതത്തിെൻറ ഭാവി സ്വപ്നം കണ്ട നെഹ്റു, ഇന്ത്യക്ക് ശക്തമായ അടിത്തറ പാകിയ രാഷ്ട്രശിൽപിയാണ്. നെഹ്റുവിെൻറ ആദർശങ്ങളെ തമസ്കരിക്കാനുള്ള ശക്തമായ നീക്കങ്ങൾ നടക്കുമ്പോൾ, അദ്ദേഹത്തിെൻറ സംഭാവനകൾ യുവതലമുറയെ ഓർമിപ്പിക്കാനുള്ള ചുമതല ഇന്നത്തെ തലമുറക്കുണ്ട്.
നെഹ്റുവിനെ ഇല്ലാതാക്കൽ എന്നത് നരേന്ദ്ര മോദി സർക്കാർ ഏറ്റവും വാശിയോടെ നടപ്പാക്കിയ ഒരു പദ്ധതിയാണ്. നെഹ്റു പരിപോഷിപ്പിച്ച ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, സഹിഷ്ണുത, ശാസ്ത്രബോധം, ചേരിചേരാ നയം തുടങ്ങിയവയെ ഇല്ലാതാക്കിയാൽ അവിടെ ഫാഷിസത്തിനും വർഗീയതക്കും തേരോട്ടം നടത്താം എന്നതാണ് അവരുടെ കണക്കുകൂട്ടൽ. ഗാന്ധിജിയുടെ ഭാഷയിൽ ഒരു മതേതര രാഷ്ട്രമായി ഇന്ത്യയെ വളർത്തിയെടുത്തു എന്നതാണ് നെഹ്റുവിെൻറ ഏറ്റവും വലിയ സംഭാവന.
ഇന്ത്യയോടൊപ്പം പിറന്ന പാകിസ്താൻ മതാധിഷ്ഠിത രാഷ്ട്രമായി മാറിയപ്പോൾ, നെഹ്റുവിന് വേണമെങ്കിൽ മറ്റൊരു വഴിക്ക് ചിന്തിക്കാമായിരുന്നു. ആർഷഭാരത സംസ്കാരമുള്ള നെഹ്റു, ഗാന്ധിജിയുടെ സർവധർമ സമഭാവനയുടെ അടിസ്ഥാനത്തിൽ യൂറോപ്പിൽനിന്ന് കടമെടുത്ത ആശയമാണ് മതേതരത്വം. സെക്കുലറിസം എന്ന വാക്കിന് മതേതരത്വം എന്നതിനെക്കാൾ ചേരുക മതനിരപേക്ഷത എന്ന വാക്കാണ്. സ്വതന്ത്ര ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നുവെന്ന് നെഹ്റുവിനോട് ഫ്രഞ്ച് എഴുത്തുകാരനും പിന്നീട് അവിടത്തെ സാംസ്കാരിക മന്ത്രിയുമായ ആെന്ദ്ര മാലറാവ് ചോദിച്ചപ്പോൾ, ഒരു മതാധിപത്യ സമൂഹത്തിൽ ഒരു മതനിരപേക്ഷ സർക്കാറിെൻറ രൂപവത്കരണവും നടത്തിപ്പും എന്നായിരുന്നു മറുപടി.
അയോധ്യയിൽ രാമക്ഷേത്രം എന്ന ആവശ്യം ഉന്നയിച്ച് വീണ്ടും പ്രക്ഷോഭം ആരംഭിക്കാൻ സംഘ്പരിവാരങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. അയോധ്യയിൽ 330 കോടി രൂപ ചെലവിട്ട് രാമെൻറ കൂറ്റൻ പ്രതിമ നിർമിക്കുമെന്ന് യു.പി സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാനങ്ങളുടെയും പ്രധാന നഗരങ്ങളുടെയും പേരുകൾ മാറ്റി പകരം ഹൈന്ദവനാമങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ശബരിമലയിൽ സംഘ്പരിവാരങ്ങൾ ചെയ്യുന്നതും ഇതുതന്നെ. മുഖ്യമന്ത്രി പിണറായി വിജയെൻറ കടുംപിടിത്തവും ദുർവാശിയുമാണ് ശബരിമലയിൽ സംഘ്പരിവാരങ്ങൾക്ക് സുവർണാവസരം ഒരുക്കിക്കൊടുത്തത്. ശബരിമലയിലേത് ആചാരാനുഷ്ഠാനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമല്ല മറിച്ച്, വർഗീയ അജണ്ടയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷെൻറ വായിൽ നിന്നുതന്നെ പുറത്തുവരുകയും ചെയ്തു. കേരളംപോലെ പ്രബുദ്ധമായ ഒരു സ്ഥലത്തുപോലും വർഗീയത ആളിക്കത്തിക്കാൻ അവർക്കു സാധിക്കുമെങ്കിൽ മറ്റിടങ്ങളിലെ അവസ്ഥ എന്തായിരിക്കും?
സോഷ്യലിസ്റ്റ് സമ്പദ്ഘടന, ഹരിത വിപ്ലവം, ആസൂത്രണ കമീഷൻ തുടങ്ങി കരുത്തുറ്റ ഒരു സമ്പദ്ഘടനക്കുവേണ്ട എല്ലാ അടിത്തറകളും നെഹ്റു പാകിയിരുന്നു. മോദിസർക്കാർ അധികാരമേറ്റയുടനെ ആസൂത്രണ കമീഷൻ പിരിച്ചുവിട്ടു. പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലച്ചു. തുടർന്നിങ്ങോട്ട് ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന കാഴ്ചയാണു നാം കാണുന്നത്. റിസർവ് ബാങ്ക്, സുപ്രീംകോടതി, സി.ബി.ഐ എന്നിവിടങ്ങളിലെല്ലാം കൈകടത്തൽ ഉണ്ടായി. സുപ്രീംകോടതി ജഡ്ജിമാർ ചരിത്രത്തിലാദ്യമായി വാർത്തസമ്മേളനം നടത്തി പ്രതിഷേധം രേഖപ്പെടുത്തി.
നോട്ട് അസാധുവാക്കൽ, ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക അബദ്ധങ്ങൾക്ക് റിസർവ് ബാങ്കിെൻറ അനുമതി ഉണ്ടായിരുന്നില്ല. ഇവ രണ്ടും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിച്ചെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ചൂണ്ടിക്കാട്ടി.
ആഗോള സാമ്പത്തികരംഗം കുതിച്ചുകൊണ്ടിരിക്കുേമ്പാഴാണ് ഇന്ത്യയുടെ സാമ്പത്തികരംഗം പിന്നോട്ടുപോയത്. ഇപ്പോഴത്തെ ഏഴുശതമാനം വളർച്ചാനിരക്ക് ഇന്ത്യയുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഉതകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ കോൺഗ്രസുകാരനും ഓരോ ഇന്ത്യക്കാരനും എന്നും അഭിമാനിക്കാൻ കഴിയുന്ന നേതാവാണ് ജവഹർലാൽ നെഹ്റു. രാജ്യം മുഴുവൻ ഇപ്പോഴും അദ്ദേഹത്തെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു.
(കെ.പി.സി.സി മുൻ പ്രസിഡൻറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.