'ക്രൈസ്തവ സമൂഹം മുന്നണികളുടെ സ്ഥിരനിക്ഷേപമല്ല; സംസ്ഥാന ന്യൂനപക്ഷ വകുപ്പ് അവഹേളിക്കുന്നു'
text_fieldsകേരളത്തിലെ ക്രൈസ്തവസമൂഹത്തിനിടയിൽ നിലനിൽക്കുന്ന പ്രതിഷേധത്തിെൻറയും സാമൂഹികരോഷത്തിെൻറയും ന്യായങ്ങൾ വിശദീകരിക്കുകയാണ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) യുടെ കീഴിലുള്ള ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറിയായ ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ
കേരളത്തിലെ ക്രൈസ്തവ-മുസ്ലിം ബന്ധങ്ങളില്‍ വ്യാപകമായ അകല്‍ച്ച രൂപപ്പെട്ടതായി വ്യാപകമായ ധാരണ പരന്നിട്ടുണ്ട്. അതേക്കുറിച്ച് എന്തു പറയുന്നു?
കേരളത്തിലെ ക്രൈസ്തവ-മുസ്ലിം ബന്ധങ്ങളില്‍ മുമ്പെങ്ങുമില്ലാത്തവിധം അകല്‍ച്ച രൂപപ്പെട്ടിട്ടുണ്ടെന്നത് വസ്തുതയാണ്. എല്ലാ മതങ്ങളെയും ഏറെ ആദരവോടെ കാണുകയും മനുഷ്യനെന്ന ദൈവത്തിെൻറ മഹത്തരസൃഷ്ടിക്ക് ഏറ്റവും അധികം വില കൽപിക്കുകയും ചെയ്യുന്ന സമൂഹമാണ് ക്രൈസ്തവർ.
കേരളത്തിെൻറ നവോത്ഥാനമുന്നേറ്റത്തില്‍ വലിയ സംഭാവനചെയ്ത ക്രൈസ്തവസമൂഹം സകല മനുഷ്യരുടെയും നന്മയും ഉയര്‍ച്ചയും മാത്രം ലക്ഷ്യമാക്കിയാണ് അന്നും ഇന്നും പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ-ആരോഗ്യ-ആതുരശുശ്രൂഷ-ജീവകാരുണ്യരംഗത്ത് സഭയുടെ ശുശ്രൂഷകള്‍ക്ക് ഒരിക്കലും ജാതിയും മതവുമില്ലായിരുന്നു.
മുസ്ലിം സമുദായവും ഈ സേവനശുശ്രൂഷകളുടെ ഗുണഭോക്താക്കളാണ്. വളര്‍ച്ചനേടിയ ഇന്നത്തെ തലമുറ ഇതെല്ലാം മറക്കുന്നു. നിരന്തരം ക്രൈസ്തവരെ ആക്ഷേപിക്കുന്നു. ഏറക്കാലം ഇതെല്ലാം കേട്ടും അനുഭവിച്ചും നിശ്ശബ്ദരായിരുന്നവര്‍ ഇതിനെതിരെ ഇപ്പോള്‍ പ്രതികരിക്കുന്നു. അത്രമാത്രം.
കേരളത്തിെൻറ പൈതൃകവും പാരമ്പര്യവും മതസൗഹാർദവും കൈമോശം വന്നു എന്നാണോ? പരിഹാരമാർഗങ്ങള്‍ എന്തുണ്ട്?
ക്രൈസ്തവ സഭകളും സമുദായവും ഒരു നാണയത്തിെൻറ രണ്ടുവശങ്ങളാണ്. സഭയുടെ ഭാഗമാണ് സമുദായം. സഭാ പിതാക്കന്മാര്‍, സഭാ മക്കള്‍ ഉള്‍ക്കൊള്ളുന്ന സമുദായത്തിെൻറ വളര്‍ച്ചക്ക് പിന്‍ബലമേകുന്നു.
ആഗോള കത്തോലിക്ക സഭക്ക് ഇതിനെല്ലാം പ്രത്യേക മാർഗനിർദേശങ്ങളും പ്രബോധനങ്ങളുമുണ്ട്. സഭയുടെ നിലപാടുകളെല്ലാം ഈ പ്രബോധനങ്ങളെ ആസ്പദമാക്കിയാണ്; അല്ലാതെ വ്യക്തിപരമല്ല. ഇതിനായി നല്ല പഠനങ്ങള്‍ എക്കാലത്തും ക്രൈസ്തവ സമൂഹത്തിലുണ്ട്.
മതത്തിെൻറ പേരില്‍ ജനങ്ങളെ അതിക്രൂരമായി കൊന്നൊടുക്കുന്ന ഭീകരവാദത്തെയും ഭീകരവാദ, തീവ്രവാദ പ്രസ്ഥാനങ്ങളെയും ക്രൈസ്തവസമൂഹം എതിര്‍ക്കും. ബദല്‍ ഭീകരവാദം സൃഷ്ടിക്കുക സഭയുടെ രീതിയും ശൈലിയുമല്ല. ക്രൈസ്തവ ഭീകരവാദികളോ തീവ്രവാദികളോ എന്നൊന്നില്ല. അവിടെയാണ് ക്രൈസ്തവസഭ ഇന്നത്തെ ലോകത്ത് വ്യത്യസ്തമാകുന്നത്.
പ്രകൃതിക്ഷോഭം, പ്രളയം, കാര്‍ഷികത്തകര്‍ച്ച, ഇപ്പോള്‍ കോവിഡ്-19 എന്നിങ്ങനെ തുടര്‍ച്ചയായി ഒട്ടേറെ ദുരന്തദുരിതങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ് കേരളസമൂഹം. ഇവയൊന്നും മനുഷ്യസൃഷ്ടിയല്ല. എന്നാൽ ഇപ്പോള്‍ ഭീകരവാദവും മതവിദ്വേഷവും പ്രീണനരാഷ്ട്രീയവും അരക്ഷിതാവസ്ഥയും മനുഷ്യരാല്‍ സൃഷ്ടിക്കപ്പെടുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
കള്ളനോട്ടും കള്ളക്കടത്തും തീവ്രവാദവും അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലം വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ അപലപിക്കുന്നവര്‍ക്ക് ഹാഗിയ സോഫിയയെ ന്യായീകരിക്കാന്‍ എന്തവകാശം? രണ്ടും പൊതുസമൂഹത്തില്‍ തീരാക്കളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനസര്‍ക്കാറിെൻറ ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സിലും ക്രൈസ്തവസഭ വിഭാഗങ്ങളും എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ടല്ലോ?
ക്രൈസ്തവസമുദായത്തിന് അര്‍ഹതപ്പെട്ട ക്ഷേമപദ്ധതികള്‍ പലതും നിരന്തരം അട്ടിമറിക്കപ്പെടുന്നു. 2011ലെ സെൻസസ് പ്രകാരം കേരളത്തില്‍ ജനസംഖ്യയുടെ 54.73 ശതമാനം ഹിന്ദുക്കളും 26.56 ശതമാനം മുസ്ലിംകളും18.38 ശതമാനം ക്രൈസ്തവരുമാണ്.
ജനസംഖ്യയനുസരിച്ച് മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷപ്രാതിനിധ്യത്തിനും ക്ഷേമപദ്ധതി വിഹിതത്തിനും 59:41 അനുപാതമാണ് ലഭ്യമാകേണ്ടത്. എന്നാല്‍ ഈ അനുപാതം മാറിമാറി ഭരിച്ച യു.ഡി.എഫും എൽ.ഡി.എഫും നിരന്തരം അട്ടിമറിക്കുന്നത് ക്രൈസ്തവ സമുദായം കണ്ടു. പല നിവേദനങ്ങള്‍ സമര്‍പ്പിച്ചു. ഫലമുണ്ടായില്ല. ഇപ്പോള്‍ ശക്തമായ പ്രതികരണത്തിലേക്ക് വന്നിരിക്കുന്നു.
ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ 80:20 എന്ന അനുപാതം നീതികേടാണ്. ഇൗ അനുപാതം ഒരു പഠനവും നടത്താതെയാണെന്ന് 2019 ഒക്‌ടോബര്‍ 14ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ നിലവിലെ നീതിരഹിത അനുപാതം നിര്‍ത്തലാക്കി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികളില്‍ തുല്യനീതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
വി.മദര്‍ തെരേസ സ്‌കോളര്‍ഷിപ്, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ് എന്നിവ കേള്‍ക്കുമ്പോള്‍ ക്രൈസ്തവര്‍ക്കുള്ള പദ്ധതികളാണെന്ന് തോന്നുമെങ്കിലും ഇവയില്‍പോലും 80:20 അനുപാതമാണുള്ളത്. പിന്നാക്കാവസ്ഥ മാത്രമല്ല, വളര്‍ച്ചനിരക്കിലെ കുറവുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ക്ക് മാനദണ്ഡമാക്കണം. 80:20 എന്ന നീതിനിഷേധം ഉടന്‍ തിരുത്തണം.
അട്ടിമറിക്കപ്പെട്ട പദ്ധതികളേതൊക്കെയാണ്?
കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ മള്‍ട്ടിസെക്ടറല്‍ െഡവലപ്മെൻറ് പ്രോഗ്രാമാണ് ഒന്ന്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള ഈ പതിനഞ്ചിന പദ്ധതിക്കായുള്ള ജില്ല സമിതി രൂപവത്കരണത്തിലെ ക്രൈസ്തവ പ്രാതിനിധ്യം പോലും ഇടതുസർക്കാർ അട്ടിമറിച്ചു.
13 ജില്ലകളിലായി 39 പ്രതിനിധികളെ സര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ ഏഴു പേര്‍ മാത്രമാണ് ക്രൈസ്തവർ. 23 മുസ്ലിം, 16 ക്രൈസ്തവര്‍ എന്ന അനുപാതമാണ് നടപ്പാക്കേണ്ടത്.
ആക്ഷേപങ്ങൾ വകുപ്പ് മന്ത്രിയുടെയും സർക്കാറിെൻറയും ശ്രദ്ധയിൽപ്പെടുത്തിയോ?
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കെ.ടി. ജലീലിനെയും സഭനേതൃത്വം നേരിൽക്കണ്ട് കാര്യങ്ങൾ ചർച്ചചെയ്തു. പലതവണ നിവേദനങ്ങൾ നൽകി. എല്ലാം ശരിയാക്കാമെന്നും കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും അറിയിച്ചു. മാസങ്ങളായി ഇതേവരെ ഒരുചർച്ചയും ഉണ്ടായില്ല.
ന്യൂനപക്ഷക്ഷേമ മന്ത്രിയും ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനും അംഗങ്ങളും ഉദ്യോഗസ്ഥരും ഒരു സമുദായത്തില്‍ നിന്നുമാത്രമായിരിക്കുന്നത് ക്രൈസ്തവരുള്‍പ്പെടെ മറ്റ് അഞ്ച് ന്യൂനപക്ഷസമുദായങ്ങളെയും അവഹേളിക്കുന്നതിന് തുല്യമാണ്. ഭരണഘടനാവകാശങ്ങളെ നിഷേധിച്ചും പുതിയ നിയമങ്ങള്‍ എഴുതിച്ചേര്‍ത്തും ക്രൈസ്തവരെ ഇല്ലാതാക്കാനാണ് ശ്രമം.
സമുദായത്തെ കേരളത്തിെൻറ മണ്ണില്‍ അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്യാനും ശിഥിലമാക്കാനുമാണ് ലക്ഷ്യമെങ്കില്‍ ഇനിയും നിശ്ശബ്ദത പാലിക്കില്ല.
കാര്‍ഷിക, വ്യാപാരമേഖലയിലെ ക്രൈസ്തവരുടെ പങ്കാളിത്തത്തെക്കുറിച്ചും പരാതിയുണ്ട്?
മതാടിസ്ഥാനത്തില്‍ ഇന്ത്യയിലെ തൊഴില്‍രഹിതരുടെ നിരക്ക് വിലയിരുത്തുമ്പോള്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്നത് ക്രൈസ്തവരാണ്.
സി.ബി.സി.ഐ ലെയ്റ്റി കൗണ്‍സിലിെൻറ പഠനറിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി പാര്‍ലമെൻറിൽ വെച്ച രേഖകളും നാഷനല്‍ സാമ്പിൾ സർവേ ഓഫിസ് ദേശീയതലത്തില്‍ നടത്തിയ പിരിയോഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ 2017-18 കാലഘട്ടങ്ങളിലെ സ്ഥിതിവിവരക്കണക്കുകളും.
സാമ്പത്തിക സംവരണവിഷയത്തില്‍ ക്രൈസ്തവര്‍ക്കുള്ള അഭിപ്രായവ്യത്യാസമെന്ത്?
കേരളത്തിലെ മുസ്ലിം സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സംവരണ ശതമാനത്തിന് ഒരു കുറവും വരുന്നതല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം.
എന്നിട്ടും, ഇതിനെ എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലാണ്? 17 കോടിയിലേറെ വരുന്ന ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയില്‍ 10 കോടിയിലേറെ ജനങ്ങള്‍ക്ക് അഥവാ 63 ശതമാനത്തിന് ഒരു സംവരണവുമില്ലായിരുന്നു.
ഇവര്‍ക്കെല്ലാം സാമ്പത്തിക സംവരണം ഗുണം ചെയ്യുമ്പോഴാണ് കേരളത്തില്‍ സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് ഉള്‍പ്പെടെയുള്ളവര്‍ വിരുദ്ധനിലപാട് സ്വീകരിച്ച് കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.
സാമ്പത്തിക സംവരണമൊഴിച്ച് ബാക്കിയുള്ളവയെല്ലാം ജാതി അടിസ്ഥാനത്തിലാണെന്നിരിക്കെ കേരളത്തിൽ മത-സാമുദായിക സംവരണം തുടരുന്നത് ഭരണഘടനവിരുദ്ധമാണ്. സംസ്ഥാന രൂപവത്കരണത്തിനു മുമ്പ് 1936ല്‍ തിരു-കൊച്ചി സംസ്ഥാനത്ത് മുസ്ലിം മതസംവരണമുണ്ടായി.
1950കളില്‍ സമുദായ സംവരണമായി വ്യാഖ്യാനിക്കപ്പെട്ട് അതേ രീതിയില്‍ തുടര്‍ന്നു. സംസ്ഥാന രൂപവത്കരണത്തിനു ശേഷവും ഭരണഘടനവിരുദ്ധമായ ഈ മതസംവരണമാണ് തുടരുന്നത്. 1956ല്‍ കേരളത്തില്‍ സംവരണം 50 ശതമാനമാക്കി 40 ശതമാനം ഒ.ബി.സി വിഭാഗത്തിന് മാറ്റിവെച്ചു.
ഈ വിഭാഗത്തില്‍ 10 ശതമാനം മുസ്ലിം സമൂഹത്തിന് ലഭിച്ചിരുന്നത് ഭരണത്തിലേറിയവര്‍ പിന്നീട് 12 ശതമാനമായി ഉയര്‍ത്തി.
ഇങ്ങനെ നിലവിലുള്ള സംവരണത്തിെൻറ ഗുണഫലങ്ങള്‍ ഒരു മതവിഭാഗമൊന്നാകെ അനുഭവിക്കുമ്പോള്‍ ഒരു സംവരണവുമില്ലാത്ത സ്വന്തം ജനവിഭാഗത്തിലുള്‍പ്പെടെയുള്ള ഇന്ത്യയിലെ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്നത് ശരിയാണോ എന്ന് പുനര്‍വിചിന്തനം നടത്തണം.
കേരളത്തിലെ ക്രൈസ്തവസഭയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച്?
/ക്രൈസ്തവ സമുദായം ചില മുന്നണികളുടെയും പാര്‍ട്ടികളുടെയും സ്ഥിരനിക്ഷേപമെന്ന രാഷ്ട്രീയ അടിമത്തം അവസാനിപ്പിച്ച് ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളുടെ നീതിനിഷേധത്തിനെതിരെയെടുത്ത സമുദായപക്ഷ നിലപാട് ശരിയെന്ന് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു.കേരളത്തിലെ ക്രൈസ്തവരെ കാലങ്ങളായി സ്ഥിരനിക്ഷേപമായിക്കണ്ട് അവഗണിച്ച് ആക്ഷേപിച്ചവര്‍ക്കെതിരെയുള്ള മറുപടിയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിലും സഭയുടെ നിലപാടുകൾ ഇതായിരിക്കുമോ?
സ്ഥിരനിക്ഷേപത്തില്‍നിന്ന് മാറിച്ചിന്തിക്കുമെന്ന് ഉറപ്പാണ്. സമുദായപക്ഷ നിലപാടെടുക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ക്രൈസ്തവ സമൂഹത്തിനായി. ഈ നിലപാടില്‍ അടിയുറച്ച് ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ വരുംനാളുകളില്‍ ചരിത്രത്തിെൻറ ഭാഗമാകുമെന്ന് വൈകിയ വേളയിലെങ്കിലും ക്രൈസ്തവരും തിരിച്ചറിയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ക്രൈസ്തവമേഖലയില്‍ നേട്ടമുണ്ടായിട്ടുണ്ട്. ഇതൊരു മുന്നറിയിപ്പാണെന്ന് യു.ഡി.എഫിനും ബോധ്യപ്പെട്ടു.
ക്രൈസ്തവരെ സ്ഥിരനിക്ഷേപമായി ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മുന്നണിക്കും കിട്ടില്ലെന്ന് തുറന്നുപറഞ്ഞപ്പോഴെല്ലാം വിവിധ ക്രൈസ്തവവിഭാഗങ്ങളില്‍നിന്ന് ഏറെ സ്വീകാര്യത കിട്ടി. ഒരുമിച്ചു നില്‍ക്കണമെന്ന ചിന്ത ഉയര്‍ന്നു. സഭകള്‍ തമ്മിലും സഭക്കുള്ളിലും ചെറിയ പ്രശ്‌നങ്ങളുണ്ടായിരിക്കാം.
എന്നാൽ, ക്രൈസ്തവസമൂഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒരിക്കലുമില്ലാത്ത ഒരുമ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നു. അതൊരുപക്ഷേ, നാളെ രാഷ്ട്രീയ നിലപാടുകളിലേക്കും മാറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.