പൗരന്മാർ ശത്രുസൈന്യം പോലെ
text_fieldsപ്രധാനമന്ത്രിയുടെ രീതികൾ കണ്ടാൽ തോന്നുക, പൗരന്മാരെ അദ്ദേഹം ശത്രുസൈന്യത്തെപ്പോലെ കാണുന്നു എന്നാണ്. അവരെ പതിയിരുന്ന് ആക്രമിക്കണം, വിശ്വസിക്കാൻ കൊള്ളില്ല എന്നവിധത്തി ൽ. അങ്ങനെ നമ്മൾ ലോക്ഡൗണിലായി. പല ആരോഗ്യപ്രവർത്തകരും എപിഡമോളജിസ്റ്റുകളും ഈനീ ക്കത്തെ പ്രോത്സാഹിപ്പിച്ചു. തത്ത്വത്തിൽ അവർ പറയുന്നത് ശരിയുമായിരിക്കും. എന്നാൽ, ഇത ിലെ പ്ലാനിങ്ങിെൻറ അഭാവവും ലോകത്തെ ഏറ്റവും വലുതും യാതനാഭരിതവുമായ ലോക്ഡൗൺ, ഉദ്ദേ ശിച്ചതിെൻറ വിപരീതഫലമാണ് ഉണ്ടാക്കിയതെന്ന വസ്തുതയും ഇവർക്ക് ആർക്കുംതന്നെ നിഷേധിക്കാൻ കഴിയില്ല.
പ്രദർശനപരത ഇഷ്ടപ്പെടുന്ന മനുഷ്യൻ പ്രദർശനപരതയുടെ മാതാവിനത്തന്നെ സൃഷ്ടിച്ചുകളഞ്ഞു! പരിഭ്രാന്തമായ ലോകം നോക്കിനിൽെക്ക, ഇന്ത്യ സകല നാണക്കേടും പ്രകടമാക്കി. അതിെൻറ ഘടനാപരവും സാമൂഹികവും സാമ്പത്തികവുമായ അസമത്വവും ക്ലേശിക്കുന്നവരോടുള്ള ഹൃദയശൂന്യമായ നിസ്സംഗതയും വെളിവാക്കി. ഒരു രാസപരീക്ഷണം പോലെയായിരുന്നു ലോക് ഡൗൺ. ഒളിപ്പിച്ചുവെച്ച ഒരുപാട് കാര്യങ്ങളെ അത് വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. കടകളും റസ്റ്റാറൻറുകളും ഫാക്ടറികളും നിർമാണമേഖലയും അടഞ്ഞുകിടക്കുകയും സമ്പന്നരും ഇടത്തരക്കാരും തങ്ങളുടെ ഭദ്രമായ കോളനികളിൽ സ്വയം ഒതുങ്ങുകയുംചെയ്തപ്പോൾ, നമ്മുടെ പട്ടണങ്ങളും വൻനഗരങ്ങളും തൊഴിലെടുത്തുജീവിക്കുന്ന വർഗങ്ങളെ, പൗരന്മാരെ, കുടിയേറ്റ ജോലിക്കാരെ ഒരനാവശ്യഭാരം എന്നനിലക്ക് പുറത്താക്കിത്തുടങ്ങിയിരുന്നു. ഭൂവുടമകളാലും തൊഴിൽ ദാതാക്കളാലും ഉപേക്ഷിക്കപ്പെട്ട ദശലക്ഷക്കണക്കിന് വിശക്കുന്ന മനുഷ്യർ, മറ്റെങ്ങും പോകാനില്ലാതെ, യാത്രസൗകര്യത്തിെൻറ അഭാവത്തിൽ സ്വന്തം ഗ്രാമങ്ങൾ ലക്ഷ്യമാക്കി ദീർഘദൂര നടത്തം തുടങ്ങി. ഇതിൽ യുവജനങ്ങളും വൃദ്ധരും സ്ത്രീകളും കുട്ടികളും അന്ധരും വികലാംഗരും ഉൾപ്പെടും. ബദായുൻ, ആഗ്ര, അഅ്സംഗഢ്, അലീഗഢ്, ലക്നോ, ഗോരഖ്പുർ എന്നിങ്ങനെ നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിലേക്ക് അവർ നടന്നുകൊണ്ടിരുന്നു. ചിലർ വഴിമധ്യേ മരിച്ചു. പട്ടിണിയുടെ വേഗത കുറക്കാനാണ് നാട്ടിലേക്കു മടങ്ങുന്നതെന്ന് അവർക്ക് അറിയാമായിരുന്നു. തങ്ങളെ വൈറസ് പിടികൂടിയിരിക്കാമെന്നും അത് അച്ഛനമ്മമാരിലേക്കും അവരെക്കാൾ പ്രായം കൂടിയ കുടുംബാംഗങ്ങളിലേക്കും പടരാമെന്നും അവർക്ക് ഒരുപക്ഷേ അറിയാമായിരുന്നു. എന്നാൽ, പരിചയത്തിെൻറ ഒരു തുമ്പ്, അഭയം, അന്തസ്സ്, അതുപോലെ ഭക്ഷണം ഇവയൊക്കെ അവർക്ക് ആവശ്യവുമായിരുന്നു. നടന്നുകൊണ്ടിരിക്കെ, അവരിൽ ചിലർക്ക് മൃഗീയമായ വിധത്തിൽ അടിയേറ്റു. കർഫ്യൂ നടപ്പാക്കുക എന്ന ഉത്തരവാദിത്തം ഏൽപിക്കപ്പെട്ട പൊലീസിനാൽ അവർ അപമാനിക്കപ്പെട്ടു. യുവാക്കളെ ഏത്തമിടീച്ചു. ഹൈവേയിൽ തവളച്ചാട്ടത്തിലൂടെ നടത്തിച്ചു. ബറേലി പട്ടണത്തിനു പുറത്തുവെച്ച് ഒരു പറ്റം പലായനക്കാരുടെ മേൽ അണുനാശിനി പമ്പു ചെയ്തു. ഏതാനും ദിവസം കഴിഞ്ഞ്, ഈ പലായനക്കാർ ഗ്രാമങ്ങളിൽ വൈറസ് പടർത്തുമെന്ന് കരുതി ഗവൺമെൻറ് സംസ്ഥാന അതിർത്തികൾ അടച്ചുകളഞ്ഞു. ദിവസങ്ങളായി നടന്നുകൊണ്ടേയിരുന്ന ജനങ്ങളെ തടഞ്ഞു നിർത്തി, അവർ ഏതു നഗരം വിട്ടാണോ പോന്നത് അവിടെയുള്ള ക്യാമ്പുകളിലേക്കുതന്നെ തിരിച്ചുപോകാൻ നിർബന്ധിക്കപ്പെട്ടു.
പ്രായമായവരെ ഇത് 1947ലെ ഇന്ത്യവിഭജനവും തുടർന്നുള്ള പലായനവുമാണ് ഓർമിപ്പിച്ചത്.എന്നാൽ ഇപ്പോഴത്തെ പലായനം മതാടിസ്ഥാനത്തിലല്ല, വർഗാടിസ്ഥാനത്തിലാണെന്നുമാത്രം. ഇവർ ഇന്ത്യയിലെ ഏറ്റവും ദരിദ്രരല്ല എന്ന് ഓർക്കണം. അവർക്ക് ഇതുവരെയെങ്കിലും പട്ടണത്തിൽ ഒരു തൊഴിലോ മടങ്ങിപ്പോകാൻ ഒരു വീടോ ഉണ്ട്. എന്നാൽ തൊഴിലും പാർപ്പിടവും ഇല്ലാത്തവർ, പട്ടണത്തിലോ ഗ്രാമത്തിലോ എവിടെയാണ് ഉള്ളതെന്നുവെച്ചാൽ അവിടെത്തന്നെ കഴിഞ്ഞു. ഈ ദുരന്തം നടക്കുംമുമ്പേ ഇവിടങ്ങളിൽ മഹാ നിരാശ വളർന്നുകൊണ്ടിരിക്കുകയായിരുന്നു. ദുരന്തപൂർണമായ ഈ ദിവസങ്ങളിലെല്ലാം ആഭ്യന്തരമന്ത്രി അമിത് ഷാ കാഴ്ചപ്പുറത്തുനിന്ന് മാറിക്കളഞ്ഞു. ഡൽഹിയിൽ ഇങ്ങനെ നടത്തം തുടങ്ങിയപ്പോൾ സാധാരണയായി എഴുതാറുള്ള ഒരു മാസികയുടെ പ്രസ് പാസ് ഉപയോഗിച്ചാണ് ഡൽഹിയുടെയും ഉത്തർപ്രദേശിെൻറയും അതിർത്തിപ്രദേശമായ ഗാസിപുരിലേക്കു ഞാൻ സഞ്ചരിച്ചത്. ഈ ഒരു രംഗം ബൈബിളിലെ പുറപ്പാട് പുസ്തകത്തെ ഓർമിപ്പിക്കുന്നതാവാം. ഒരുപക്ഷേ, അല്ലാതെയുമാകാം. ഇത്രയും വലിയ സംഖ്യ ബൈബിളിനു പരിചയമുണ്ടാകാൻ ഇടയില്ല. അകലം പാലിക്കൽ നടപ്പാക്കാനായി പുറപ്പെടുവിച്ച ലോക്ഡൗൺ വിപരീതഫലം ചെയ്തു. ചിന്തിക്കാനാവാത്തവിധം അത് ആളുകളെ സമ്പർക്കത്തിലാക്കി. ഇന്ത്യയുടെ പട്ടണങ്ങളുടെയും നഗരങ്ങളുടെയും കാര്യത്തിൽ ഇത് ശരിയാണ്. പ്രധാന നിരത്തുകൾ ശൂന്യമായി കണ്ടേക്കാം. എന്നാൽ ചേരികളിലെ കുടിലുകളിൽ കുത്തിനിറക്കപ്പെട്ടിരിക്കുകയാണ് പാവങ്ങൾ. നടന്നുകൊണ്ടിരുന്ന ആളുകളിൽ, ഞാൻ സംസാരിച്ചവരെല്ലാം വൈറസിനെക്കുറിച്ച് അസ്വസ്ഥരാണ്. എന്നാൽ വൈറസ് അവർക്ക് തൊഴിലില്ലായ്മയോളമോ പട്ടിണിയോളമോ പൊലീസിെൻറ പീഡനത്തോളമോ ഭീതിജനകമായ ഒരു വസ്തുതയല്ല. ഒരുവിഭാഗം മുസ്ലിം തയ്യൽക്കാർ ഉൾപ്പെടെ -ഇവർ ആഴ്ചകൾക്കു മുമ്പു മാത്രം നടന്ന മുസ്ലിംവിരുദ്ധ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടവരാണ്.- ഞാൻ അന്നു സംസാരിച്ചവരിൽ ഒരാളുടെ വാക്കുകൾ എന്നെ വല്ലാതെ അസ്വസ്ഥയാക്കി. രാംജീത് എന്നുപേരുള്ള ഒരു ആശാരി. നേപ്പാൾ അതിർത്തിയിലുള്ള ഗോരഖ്പൂരിലേക്ക് നടക്കുകയാണ് ഈ മനുഷ്യൻ. ‘ഒരു പക്ഷേ, മോദിജി ഇക്കാര്യം തീരുമാനിച്ചപ്പോൾ, ഞങ്ങളെക്കുറിച്ച് ആരുംതന്നെ അദ്ദേഹത്തോട് പറഞ്ഞുകാണില്ല. ഒരുപക്ഷേ, അദ്ദേഹത്തിന് ഞങ്ങളെക്കുറിച്ച് അറിയില്ലായിരിക്കും’.
ഇവിടെ ഞങ്ങൾ എന്നത് 46 കോടി ജനങ്ങളാണ്. ഈ പ്രതിസന്ധിയിൽ കൂടുതൽ കരുണ കാട്ടിയതും കാര്യങ്ങൾ മനസ്സിലാക്കിയതും സംസ്ഥാന സർക്കാറുകളാണ്, -അമേരിക്കയിൽ എന്നതുപോലെത്തന്നെ. -ട്രേഡ് യൂനിയനുകളും പൗരസമൂഹവും മറ്റു കൂട്ടായ്മകളും ഭക്ഷണവും അത്യാവശ്യ സാധനങ്ങളും വിതരണംചെയ്തു കൊണ്ടിരുന്നു. ഫണ്ടിനായുള്ള അവരുടെ നിരന്തര അഭ്യർഥനക്ക് തണുത്ത പ്രതികരണമാണ് കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്ന് ലഭിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ പണമില്ലെന്നുതോന്നുന്നു. അതിനുപകരം ഏറക്കുറെ നിഗൂഢസ്വഭാവത്തിലുള്ള പുതിയ PM CARES ഫണ്ടിലേക്ക് ചില ഗുണകാംക്ഷികളുടെ പണം ഒഴുകിക്കൊണ്ടിരിക്കുന്നു. മോദിയുടെ മുഖം ആലേഖനംചെയ്ത പ്രീ പാക്കേജ്ഡ് ഭക്ഷണസാധനങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇതിനൊക്കെപ്പുറമെ, തെൻറ യോഗനിദ്രയുടെ ദൃശ്യങ്ങളും പ്രധാനമന്ത്രി ഷെയർ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ മോർഫ്ചെയ്തെടുത്ത വിഡിയോയിൽ തെൻറ സ്വപ്നശരീരംകൊണ്ട് പ്രധാനമന്ത്രി യോഗാസനം ചെയ്യുന്നു. ഐസൊലേഷനിൽ കഴിയുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർഷം കുറക്കാൻ ജനങ്ങളെ സഹായിക്കാനാണ് ഈ വിഡിയോ.
ആത്മരതി അങ്ങേയറ്റം അസ്വസ്ഥജനകമാണ്. ഇത്തരം ആസനങ്ങളിൽ ഒന്ന് ‘അഭ്യർഥനാസനം’ ആവാമായിരുന്നു. അതിൽ ഏറെ കുഴക്കുന്ന റഫാൽ ഫൈറ്റർ വിമാന ഇടപാട് പിൻവലിക്കാൻ മോദി ഫ്രഞ്ച് പ്രസിഡൻറിനോട് അപേക്ഷിക്കട്ടെ. ആ വകയിൽ ലഭിക്കുന്ന 7.8 ബില്യൺ യൂറോ അത്യാവശ്യകാര്യങ്ങൾക്ക് ഉപയോഗിക്കുകയും അതുകൊണ്ട് ഏതാനും ദശലക്ഷം വിശക്കുന്ന മനുഷ്യരെ സഹായിക്കുകയും ചെയ്യാമല്ലോ. തീർച്ചയായും ഫ്രഞ്ചുകാർക്ക് കാര്യം മനസ്സിലാവും. ലോക് ഡൗൺ മൂന്നാംവാരവും കടക്കുമ്പോൾ, വിതരണശൃംഖല തകർന്നിരിക്കുന്നു. മരുന്നുകളും അത്യാവശ്യസാധനങ്ങളും കുറഞ്ഞു കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ട്രക് ഡ്രൈവർമാർ വേണ്ടത്ര ഭക്ഷണമോ വെള്ളമോ കിട്ടാതെ ഹൈവേകളിൽ കുടുങ്ങിക്കിടക്കുന്നു. കൊയ്യാൻ പാകമായ വിളകൾ സാവധാനം അഴുകിക്കൊണ്ടിരിക്കുന്നു. സാമ്പത്തികപ്രതിസന്ധി ഇതാ ഇങ്ങെത്തിയിരിക്കുന്നു. രാഷ്ട്രീയപ്രതിസന്ധി തുടർന്നുകൊണ്ടേയിരിക്കുന്നു. മുഖ്യധാര മാധ്യമങ്ങൾ കോവിഡ് ന്യൂസ് അവയുടെ 24x7 വിഷംവമിക്കുന്ന മുസ്ലിംവിരുദ്ധ പ്രചാരണമാക്കി മാറ്റിയിരിക്കുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ഡൽഹിയിൽ സമ്മേളനം നടത്തിയ തബ്ലീഗ് ജമാഅത്ത് എന്ന സംഘടന വൈറസിെൻറ ‘സൂപ്പർ വ്യാപനം’ നടത്തുന്നവരായി മാറിയിരിക്കുന്നു. മുസ്ലിംകളെ ചാപ്പകുത്താനും പൈശാചികവത്കരിക്കാനും ഇത് ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്ലിംകളാണ് ഈ വൈറസ് കണ്ടു പിടിച്ചതെന്നും ജിഹാദിെൻറ ഒരു രൂപമായി അവർ വൈറസിനെ കരുതിക്കൂട്ടി വ്യാപിപ്പിക്കുകയുമാണ് എന്നതാണ് പൊതുവെയുള്ള ധ്വനി.
(‘ഫിനാൻഷ്യൽ ടൈംസി’ൽ എഴുതിയ ലേഖനം)
പരിഭാഷ: പി.എ.ഹമീദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.