പടിവാതിൽക്കലുണ്ട് പൗരത്വചോദ്യങ്ങൾ
text_fieldsപുതിയ പൗരത്വദാന നീക്കങ്ങളിൽ ഏറ്റവും അവസാനത്തെ തിരയിളക്കം മേയ് 28ന് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവാണ്. ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 നിർണിത ജില്ലകളിൽ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് കുടിയേറിയ മുസ്ലിംകളല്ലാത്ത (ഹിന്ദു, സിക്ക്, ബുദ്ധ, ജൈന) മതക്കാരിൽനിന്ന് പൗരത്വ അപേക്ഷ ക്ഷണിക്കുന്നതായിരുന്നു ആ ഉത്തരവ്. 1955ലെ പൗരത്വനിയമവും 2009ൽ ഇറക്കിയ ചട്ടങ്ങളും അനുസരിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. ഏറെ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയ 2019ലെ പൗരത്വ നിയമമനുസരിച്ചല്ല അത്. അതനുസരിച്ചാണെങ്കിൽ 2014വരെ ഇന്ത്യയിൽ താമസമാക്കിയ കുടിയേറ്റക്കാർക്ക് പൗരത്വത്തിനർഹത ഉണ്ടാകുമായിരുന്നു. എന്നാൽ, 1955ലെ നിയമമനുസരിച്ച് 11 വർഷത്തെ സ്ഥിരതാമസം ഉണ്ടായാലാണ് പൗരത്വത്തിനർഹത. 2019ൽ നിലവിൽവന്ന പൗരത്വ നിയമത്തിെൻറ ചട്ടങ്ങൾ ഇനിയും ഇറക്കിയിട്ടില്ലാത്ത അവസ്ഥയിൽ,
മേയ് 28െൻറ ഉത്തരവ് പുതിയ പൗരത്വനിയമം പിൻവാതിലിലൂടെ നടപ്പിലാക്കുന്നുവെന്ന ആരോപണം നിലനിൽക്കുകയാണ്. സുപ്രീംകോടതിയിൽ അതിനെതിരെ ഹരജികളും വന്നുതുടങ്ങിയിരിക്കുന്നു.
കോവിഡും അതുസംബന്ധമായി കേന്ദ്രസർക്കാർ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും നേരിടുന്ന വെല്ലുവിളികളും കാരണം പൗരത്വ ഭേദഗതിനിയമം (സി.എ.എ), ദേശീയ പൗരത്വപട്ടിക (എൻ.സി.ആർ), ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) ഇവ ഉൾപ്പെട്ട ത്രിതല പൗരത്വദാന--നിഷേധ നീക്കങ്ങൾ താൽക്കാലികമായി സ്തംഭിച്ചുനിൽക്കേയാണ് നാടകീയമായി കേന്ദ്രം ഈ നീക്കം നടത്തിയത്. എന്നാൽ, കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം മാർച്ച് മധ്യത്തിൽ പാർലമെൻററി സമിതിക്ക് നൽകിയ എൻ.പി.ആർ സംബന്ധമായ മറുപടി നോക്കുക: ഏറ്റവും പുതിയ സെൻസസും ദേശീയ പൗരത്വ രജിസ്റ്ററും സംബന്ധമായ കരടുവിവരങ്ങൾ 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി തയാറാകും. അവസാനമായി കാനേഷുമാരി നടന്നത് 2011ലും എൻ.പി.ആർ പുതുക്കിയത് 2015ലും ആണ്. എൻ.പി.ആറിെൻറ ആദ്യ പടിയായ ഗാർഹിക സെൻസസ് ഏപ്രിൽ 2020ൽ നടക്കേണ്ടതായിരുന്നു. എങ്കിലും, കോവിഡ് കാരണം അത് നടക്കാതെപോയതാണ്. പാർലമെൻററി സമിതിക്ക് നൽകിയ താൽക്കാലിക സമയരേഖ അനുസരിച്ച് 2023-24 സാമ്പത്തികവർഷം സെൻസസ് പ്രാഥമിക കണക്കുകൾ തയാറാക്കുകയും അതുവഴി ഗ്രാമീണതലത്തിലെ സൂചകവിവരങ്ങൾ ലഭ്യമാകുകയും ചെയ്യുമത്രെ.
വ്യക്തമായ അവ്യക്തതകൾ
എന്നാൽ, ഇക്കഴിഞ്ഞ മാർച്ച് 17ന് രാജ്യസഭയിൽ മുസ്ലിം ലീഗ് അംഗം പി.വി. അബ്ദുൽ വഹാബ് ഉന്നയിച്ച ദേശവ്യാപകമായി എൻ.സി.ആർ-ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്ന പദ്ധതി വല്ലതുമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞ മറുപടി അങ്ങനെ ഒരു തീരുമാനം ഇതുവരെ കേന്ദ്രസർക്കാർ എടുത്തിട്ടില്ല എന്നാണ്.
ഇതേ മറുപടി മുമ്പ് സി.പി.ഐ അംഗം ബിനോയ് വിശ്വം, ഡി.എം.കെ അംഗം തിരുച്ചി ശിവ എന്നിവർ 2020 മാർച്ചിൽ ഉന്നയിച്ചപ്പോഴും മന്ത്രി സമാനമായ മറുപടിതന്നെ നൽകിയിരുന്നു.
സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ തമ്മിലെ പരസ്പര ബന്ധവും അവ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രനിലപാടുകളിലെ അസ്ഥിരതയും വേറെതന്നെ പരിശോധിച്ചാലേ സർക്കാർ ഇതുസംബന്ധമായി രാഷ്ട്രീയതലത്തിൽ എടുക്കുന്ന നിലപാടുകളും നീതിപീഠത്തിനും പാർലമെൻറിനും നൽകുന്ന പ്രസ്താവനകളും തമ്മിലെ പൊരുത്തക്കേടുകളും അതിലടങ്ങിയിരിക്കുന്ന തന്ത്രങ്ങളും തിരിച്ചറിയാൻ പറ്റൂ. സെൻസസ് എന്നത് 1948ലെ സെൻസസ് ആക്ട് അനുസരിച്ച പ്രക്രിയയും എൻ.പി.ആർ 1955ലെ പൗരത്വ ആക്ടിെൻറ ചട്ടങ്ങൾ അനുസരിച്ച സംവിധാനവുമാണ്. ബിനോയ് വിശ്വം, തിരുച്ചി രാജു എന്നിവർക്ക് മറുപടി നൽകിയ അതേ മാർച്ചിൽതന്നെ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിക്ക് സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ പറഞ്ഞത് 'എൻ.ആർ.സി എന്നത് ഏതൊരു പരമാധികാര രാഷ്ട്രത്തിനും അതിെൻറ പൗരന്മാരെയും അല്ലാത്തവരെയും വേർതിരിച്ചറിയാൻവേണ്ട അവശ്യോപാധിയാണ്' എന്നാണ്.
2016 നവംബർ 16ന് കേന്ദ്ര ആഭ്യന്തര സ്റ്റേറ്റ് മന്ത്രി കിരൺ റിജിജു പറഞ്ഞതാവട്ടെ: 'രാജ്യത്തെ സ്ഥിരം താമസക്കാരുടെ വിവരങ്ങളടങ്ങിയ ജനസംഖ്യ രജിസ്റ്റർ തയാറാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 1955ലെ പൗരത്വനിയമവും ഒപ്പം 2003ലെ പൗരത്വ ചട്ടങ്ങളും അനുസരിച്ച് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ (എൻ.ആർ.ഐ.സി) തയാറാക്കൽ ജനസംഖ്യ രജിസ്റ്റർ തയാറാക്കുന്നതിെൻറ ഭാഗമാണ്' എന്നായിരുന്നു. എൻ.പി.ആറിനെ എൻ.ആർ.സിയുമായി ബന്ധിപ്പിക്കുന്ന ഈ പ്രക്രിയയാണ് ഒട്ടേറെ സംസ്ഥാനങ്ങൾ എതിർക്കുകയും എൻ.പി.ആർ നടപടികൾ എടുക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതിെൻറ പശ്ചാത്തലം.
2020 നവംബർ 18ന് വിവരാവകാശ നിയമപ്രകാരം ദ ഹിന്ദു പത്രത്തിന് ലഭിച്ച മറുപടിയിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പറഞ്ഞത് എൻ.പി.ആർ ചോദ്യാവലിക്ക് അന്തിമ രൂപംനൽകി വരുകയാണെന്നും 2021 സെൻസസ് ഒന്നാം ഘട്ടത്തിെൻറ പ്രതീക്ഷിക്കുന്ന തീയതിയെക്കുറിച്ച വിവരം ലഭ്യമല്ല എന്നുമാണ്. ഈ എൻ.പി.ആർ പ്രക്രിയ 2020 ഏപ്രിലിൽ ആരംഭിക്കേണ്ടതായിരുന്നു, എങ്കിലും കോവിഡ് കാരണം പറ്റിയില്ല.
എൻ.പി.ആറിനെതിരെ സംസ്ഥാനങ്ങൾ
ഒരു ഡസനിലേറെ സംസ്ഥാനങ്ങൾ എൻ.പി.ആർ പുതുക്കലിനെതിരെ നിലപാടെടുത്തിട്ടുണ്ട്. കാരണം, വിമർശനവിധേയമായ എൻ.ആർ.സിയും പൗരത്വനിയമ ഭേദഗതിയുമായി അതിനുള്ള ബന്ധം തന്നെ. എന്നാൽ, കൂടുതൽ ശ്രദ്ധയർഹിക്കുന്ന കാര്യം പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ എതിർപ്പ് ഉന്നയിച്ചത്, എൻ.പി.ആർ ചോദ്യാവലിയിൽ കൂടുതലായി ചേർത്ത വിവരങ്ങളുടെ കാര്യത്തിലാണ്: മാതാവ്, പിതാവ് എന്നിവരുടെ ജനനസ്ഥലം, തീയതി, അവസാനത്തെ വാസസ്ഥലം, മാതൃഭാഷ എന്നിവ ഉദാഹരണം-ജനസംഖ്യ കണക്കെടുപ്പുമായി നേരിട്ട് ബന്ധമില്ലാത്ത വിവരങ്ങൾ. ഇതോടൊപ്പം, കേവലം ഒരു ജനസംഖ്യാ കണക്കെടുപ്പായ സെൻസസിനുമപ്പുറം എൻ.പി.ആർ, മറ്റ് പലതും ലക്ഷ്യംവെക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരുകാര്യം മാർച്ചിൽതന്നെ ഡെപ്യൂട്ടി രജിസ്ട്രാർ ജനറൽ നൽകിയ മറുപടിയുടെ മറ്റൊരു ഭാഗത്തുണ്ട്; 2021ലെ സെൻസസ് പ്രക്രിയ ഇനിയും രൂപപ്പെട്ടുവരുന്ന ഒന്നാണ്, അതിനാൽ അതേക്കുറിച്ച് വിവരങ്ങൾ വെളിപ്പെടുത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കും, ദേശീയതലത്തിൽ നടക്കേണ്ട കാനേഷുമാരിയെ പ്രതികൂലമായി ബാധിക്കും. അതിനാൽ വിവരാവകാശ നിയമം ഖണ്ഡിക 8 (1) അനുസരിച്ച് അത് നൽകാൻ നിർവാഹമില്ല എന്നതാണ് ആ ഭാഗം. എന്നാൽ, പ്രസ്തുത ഖണ്ഡിക അനുസരിച്ച് വെളിപ്പെടുത്താൻപറ്റാത്ത വിവരങ്ങൾ രാജ്യത്തിെൻറ പരമാധികാരം, ഐക്യം, സ്റ്റേറ്റിെൻറ ശാസ്ത്രീയമോ സാമ്പത്തികമോ ആയ താൽപര്യങ്ങൾ, വിദേശരാജ്യങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ്.
സി.എ.എ ചിത്രത്തിൽ വരുമ്പോൾ
നിയമപരവും സാങ്കേതികവുമായ തലത്തിനപ്പുറം ജനകീയതലത്തിൽ (അഥവാ രാഷ്ട്രീയ അർഥത്തിൽ) വിഷയമാവുന്നത് 2019 ഡിസംബർ 11ന് പാർലമെൻറ് പാസാക്കി പിന്നീട് നിയമമായി നിലവിൽവന്ന പൗരത്വനിയമത്തിലെ കാതലായ വകുപ്പാണ്. മൂന്ന് അയൽരാഷ്ട്രങ്ങളിൽ (പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ) നിന്ന് വന്ന കുടിയേറ്റക്കാർക്ക് മതാധിഷ്ഠിതമായി (ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നീ മതക്കാർക്ക് മാത്രമായി അഥവാ മുസ്ലിംകളെ ഒഴിവാക്കിക്കൊണ്ട്) പൗരത്വം നൽകുന്ന വകുപ്പ്. പൗരത്വ പരിഗണനയിൽനിന്ന് മുസ്ലിം സമുദായത്തെ ഒഴിവാക്കുന്നകാര്യം ബി.ജെ.പിയും അതിനെ നയിക്കുന്ന സംഘ്പരിവാറും ഒരു തത്ത്വമെന്നനിലയിൽ തന്നെ ഉദ്ഘോഷിക്കുന്ന പശ്ചാത്തലത്തിൽ, പൗരത്വം നൽകുന്നതിന് മുമ്പായി അതിന് സ്വീകരിക്കുന്ന എൻ.പി.ആർ, എൻ.ആർ.സി എന്നിവയുടെ വിവര സമാഹരണത്തിന് അതീവ പ്രാധാന്യമുണ്ട്. ആദ്യം ഒരു എൻ.പി.ആർ, അതിൽ കേവലം ജനസംഖ്യ കണക്കെടുപ്പിനപ്പുറമുള്ള വിവരശേഖരണം. എൻ.പി.ആറിൽ പൗരന്മാർ അല്ലാത്തവരും വരാം.
പിന്നെ അതിെൻറ അടിസ്ഥാനത്തിൽപൗരത്വ പട്ടിക (എൻ.സി.ആർ). അതിൽ എൻ.പി.ആറിൽ ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനപ്പെടുത്തുമ്പോൾ കൃത്യമായ സാങ്കേതിക മാനദണ്ഡങ്ങളിൽ കുറേ പേർ പുറത്താവും. അവർക്ക് തുടർന്നുവരുന്ന പൗരത്വ നിയമമനുസരിച്ച് ഇന്ത്യയിൽ വസിച്ചുതുടങ്ങിയ വർഷം കണക്കാക്കി പൗരത്വത്തിന് അർഹത; പക്ഷേ, മുസ്ലിംകൾക്കില്ല. അങ്ങനെ പൗരത്വം തെളിയിക്കാൻ സാധിക്കാത്ത മുസ്ലിംകളെ ഭരണകൂടത്തിന് ഹിതകരമെന്ന് തോന്നുന്ന എന്ത് ദാക്ഷിണ്യത്തിനും വിധേയമാക്കാം. ദാക്ഷിണ്യം കാണിക്കാതിരിക്കയും ചെയ്യാം. എന്നാൽ, 2019 ഡിസംബറിൽ പാസാക്കിയ പൗരത്വനിയമത്തിെൻറ നിയമസാധുത ചോദ്യംചെയ്യുന്ന 140 റിട്ട് ഹരജികൾ പരമോന്നത കോടതിയിൽ പരിഗണനക്കായി കാത്തിരിപ്പാണ്.
അതിനിടയിലാണ് നിയമത്തിെൻറ ചട്ടങ്ങൾ കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ഉടൻ ഇറങ്ങും എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ച് പറയുന്നത്. ഇത്ര നിർണായകമായ ഒരു കേസിൽ നിയമപീഠം വരുത്തുന്ന വിളംബം വേറെ തന്നെ പ്രതിപാദനമർഹിക്കുന്ന വിഷയമാണ്. അതിനിടയിലാണ് വളഞ്ഞവഴിയിലെ പൗരത്വദാന പ്രക്രിയ വരുന്നത്.
2019ലെ എൻ.പി.ആർ ശേഖരണത്തിെൻറ പ്രാരംഭ പരീക്ഷണ (പ്രീ-ടെസ്റ്റ്) ഘട്ടത്തിൽ 30 ലക്ഷം പൗരന്മാരിൽനിന്ന് 21 മാനദണ്ഡങ്ങൾ വെച്ച് എടുത്ത വിവരങ്ങളിൽ പിതാവിെൻറയും മാതാവിെൻറയും ജന്മസ്ഥലം, വാസ സ്ഥലം എന്നിവയോടൊപ്പം ആധാർ (ഐച്ഛികം), വോട്ടർ കാർഡ്, മൊബൈൽ ഫോൺ, ഡ്രൈവിങ് ലൈസൻസ് നമ്പറുകൾ എന്നിവയുണ്ട്. ശ്രദ്ധിക്കേണ്ടകാര്യം 2010ലും 2015ലും എൻ.പി.ആർ ശേഖരിച്ചത് 14 മാനദണ്ഡങ്ങളിൽ മാത്രമായിരുന്നു എന്നതാണ്.
ഒരു കൊച്ചു ഫ്ലാഷ് ബാക്ക്: പാർലമെൻറിൽ മുന്നാക്കജാതി (സാമ്പത്തിക)സംവരണത്തിനുള്ള ഒരു ബില്ലിന് സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ സൂചിപ്പിച്ച കാലം. 2019 ജനുവരി എട്ടിന് നക്ഷത്രചിഹ്നമില്ലാത്ത ഒരുചോദ്യം ഇങ്ങനെ: വിദ്യാഭ്യാസത്തിലും തൊഴിലുകളിലും മുന്നാക്കവിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണം നൽകുന്നതിെൻറ വല്ലസാധ്യതകളും സർക്കാർ പഠിക്കുന്നുണ്ടോ? മന്ത്രാലയത്തിെൻറ മറുപടി: 'ഇല്ല';. അത് 11 മണിക്ക്. സമയം 12.45: അതാ വരുന്നു, സാമ്പത്തിക പിന്നാക്കക്കാർക്കുള്ള സംവരണ ബിൽ. ദോഷം പറയരുതല്ലോ. അതിന് ഏതാനും മിനിറ്റുകൾ മുമ്പ് അംഗങ്ങൾക്ക് അതിെൻറ പ്രതി നൽകിയിരുന്നു. നോട്ടീസില്ല, സ്റ്റാൻഡിങ് കമ്മിറ്റി ചർച്ചയില്ല, സെലക്ട് കമ്മിറ്റിയില്ല. അതുകൊണ്ട് എൻ.ആർ.സി പരിപാടി ഇല്ലെന്നും എൻ.പി.ആർ ഒന്നും ശരിയായിട്ടില്ല എന്നും പറയുന്ന ഈ സർക്കാറിൽനിന്ന് ഏത് ഇടിത്തീയും ഏതു നിമിഷവും പ്രതീക്ഷിക്കാം.
pvsmd2000@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.