കൊടുംക്രൂരതയുടെ കലാലയങ്ങൾ
text_fields
കോട്ടയം സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിറകെ കണ്ണൂർ കൊളവല്ലൂരിലെ പ്ലസ് വൺ വിദ്യാർഥിയുടെ കൈ റാഗിങ്ങിന്‍റെ ഭാഗമായി സീനിയർ പയ്യന്മാർ അടിച്ചൊടിച്ച വാർത്തയും തിരുവനന്തപുരം പാറശ്ശാലയിലെ റാഗിങ് പരാതിയും പുറത്തുവന്നു. കാമ്പസിന്റെ പുതിയ അന്തരീക്ഷത്തിലെത്തുന്ന ജൂനിയർ വിദ്യാർഥികളെ പഴക്കിയെടുക്കാനെന്ന മട്ടിൽ ആരംഭിച്ച റാഗിങ് എന്ന സമ്പ്രദായം പിന്നീട് കൊടുംക്രൂരതകളിലേക്കും മാരകകുറ്റകൃത്യങ്ങളിലേക്കും വഴിമാറുകയായിരുന്നു. വാർത്തകളും വിവാദങ്ങളും അവസാനിച്ചാലും ഇത്തരം സംഭവങ്ങൾ പലപ്പോഴും ഇരകളായവരിൽ ഗുരുതര പ്രത്യാഘാതങ്ങളാണ്...
കോട്ടയം സർക്കാർ നഴ്സിങ് കോളജിലെ റാഗിങ്ങിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിറകെ കണ്ണൂർ കൊളവല്ലൂരിലെ പ്ലസ് വൺ വിദ്യാർഥിയുടെ കൈ റാഗിങ്ങിന്‍റെ ഭാഗമായി സീനിയർ പയ്യന്മാർ അടിച്ചൊടിച്ച വാർത്തയും തിരുവനന്തപുരം പാറശ്ശാലയിലെ റാഗിങ് പരാതിയും പുറത്തുവന്നു. കാമ്പസിന്റെ പുതിയ അന്തരീക്ഷത്തിലെത്തുന്ന ജൂനിയർ വിദ്യാർഥികളെ പഴക്കിയെടുക്കാനെന്ന മട്ടിൽ ആരംഭിച്ച റാഗിങ് എന്ന സമ്പ്രദായം പിന്നീട് കൊടുംക്രൂരതകളിലേക്കും മാരകകുറ്റകൃത്യങ്ങളിലേക്കും വഴിമാറുകയായിരുന്നു.
വാർത്തകളും വിവാദങ്ങളും അവസാനിച്ചാലും ഇത്തരം സംഭവങ്ങൾ പലപ്പോഴും ഇരകളായവരിൽ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ശാരീരികപീഡനത്തിന് പുറമെ മനോപീഡനം, ലൈംഗികപീഡനം എന്നിവയും നടക്കുന്നതിനാൽ ഇരകളിൽ ചിലരെങ്കിലും ആത്മഹത്യയുടെ വഴികൾ തെരഞ്ഞെടുക്കുന്നതായും കാണാനാവും. തൃപ്പൂണിത്തുറ തിരുവാണിയൂരിൽ പ്ലസ് വൺ വിദ്യാർഥി റാഗിങ് പീഡനം സഹിക്കാനാവാതെ ഫ്ലാറ്റിൽനിന്ന് ചാടി ജീവനൊടുക്കിയത് ഈയിടെയാണ്.
1996 നവംബർ ആറിന് തമിഴ്നാട് ചിദംബരത്തുള്ള അണ്ണാമലൈ യൂനിവേഴ്സിറ്റിയിൽ റാഗിങ്ങിനെ തുടർന്ന് മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ റാഗിങ് നിരോധനം ശക്തമായ ആവശ്യമായി ഉയർന്നത്. 2001ൽ റാഗിങ് നിരോധിച്ചുള്ള നിയമം പാസാക്കി. തുടർന്നും ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും റാഗിങ് വിരുദ്ധ നിയമം കർശനമായി പാലിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ റാഗിങ്ങും അനുബന്ധ അക്രമങ്ങളും ഇന്നും തുടരുന്നു.
ക്രൂരതക്ക് പിറകിലെ മനസ്സുകൾ
കൗമാരമനസ്സുകളുടെ സാഹസ താൽപര്യങ്ങളോടൊപ്പം മറ്റുള്ളവർക്ക് മുന്നിൽ ‘ഹീറോ’ ആവാനുള്ള മനോഗതിയും ‘റാഗിങ്’ അക്രമങ്ങൾക്ക് പിറകിലുണ്ട്. അധികാരം പ്രയോഗിക്കാനും മറ്റുള്ളവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കാനുമുള്ള ആഗ്രഹങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നവരെ കൂടുതലായി പ്രചോദിപ്പിക്കുന്നത്. താരമേമ്യന ദുർബലരായവരെ അധീനതയിലാക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷവും ചിലരെ ഇതിനെല്ലാം പ്രേരിപ്പിച്ചേക്കാം. മുൻകാലങ്ങളിൽ അനുഭവിച്ച പീഡനങ്ങളുടെ പ്രതികാരമായും ചിലർ റാഗിങ്ങുകളെ കാണുന്നുണ്ട്.
മറ്റുള്ളവരുടെ വേദനയിൽ ആഹ്ലാദിക്കുന്നവർ
മറ്റുള്ളവരെ വേദനിപ്പിക്കാനും അതിൽ ആഹ്ലാദവും സംതൃപ്തിയും ഒരുതരം ലഹരിയും കണ്ടെത്തുന്ന ‘സാഡിസ്റ്റ് പ്രവണത’ റാഗിങ്ങിനെ കൊടുംക്രൂരതകളിലേക്കും അക്രമങ്ങളിലേക്കും നയിക്കാറുണ്ട്. ഒരു വേട്ടക്കാരന് ഇരയെ വേട്ടയാടുമ്പോൾ ലഭിക്കുന്ന അനുഭൂതിക്ക് സമമായ വികാരമാണ് ഇവിടെ പലപ്പോഴും പ്രവർത്തിക്കുന്നത്. മനഃശാസ്ത്രത്തിൽ ‘സാഡിസ്റ്റിക് പേഴ്സനാലിറ്റി ഡിസോഡർ’ (Sadistic personality disorder) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇത്തരം വ്യക്തിത്വവൈകല്യങ്ങളുള്ളവർ ‘ഇര’യുടെ വേദന കൂടുന്നതിനനുസരിച്ച് കൂടുതൽ ആഹ്ലാദം കണ്ടെത്തുന്നവരാണ്. അതുകൊണ്ടാണവർ ക്രൂരപ്രവൃത്തികൾ വിഡിയോയിൽ പകർത്തുന്നതും അതുകണ്ട് വീണ്ടും ആഹ്ലാദിക്കുന്നതും.
ക്രൂരമായ റാഗിങ്ങിൽ ഏർപ്പെടുന്ന മറ്റൊരു വിഭാഗത്തിൽ കാണുന്ന മാനസിക പ്രശ്നമാണ് ‘സാമൂഹികവിരുദ്ധ മനോവൈകല്യം’ (Antisocial personality disorder). ഇക്കൂട്ടർ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുകയോ പരിഗണിക്കുകയോ ചെയ്യില്ല എന്നുമാത്രമല്ല പ്രവൃത്തികളിൽ അൽപംപോലും കുറ്റബോധവുംപ്രകടിപ്പിക്കില്ല. ഇത്തരം മാനസികാവസ്ഥയുടെ കൂടെ മദ്യം, മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളുടെ സാന്നിധ്യം കൂടിയുണ്ടെങ്കിൽ അതു കൂടുതൽ വിനാശകരമായ പ്രവർത്തനങ്ങൾക്കുള്ള ഇന്ധനമായി പ്രവർത്തിക്കുകയും ചെയ്യും.
ലഹരിവസ്തുക്കളുടെ പങ്ക്
വിദ്യാർഥികൾക്കിടയിൽ വ്യാപകമായിരിക്കുന്ന ലഹരി ഉപയോഗത്തിനും ഇത്തരം കാര്യങ്ങളിൽ കാര്യമായ പങ്കുണ്ട്. ലഹരിയുപയോഗിക്കുന്നതോടെ വ്യക്തിയുടെ മസ്തിഷ്കത്തിലെ ‘പ്രീഫ്രോണ്ടൽ ലോബ്’ (Prefrontal lobe) എന്ന ഭാഗത്തിന്‍റെ പ്രവർത്തനം മന്ദീഭവിക്കുന്നു. ഒരു വ്യക്തിയുടെ ബോധപൂർവമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗമാണിത്. ഒരാളുടെ വ്യക്തിത്വവും സാമൂഹികമായി പെരുമാറേണ്ട രീതികളെയും രൂപപ്പെടുത്തുന്നത് ഈ ഭാഗത്തിന്‍റെ പ്രവർത്തനഫലമായാണ്. കൂടാതെ, തെറ്റുകളും കുറ്റകൃത്യങ്ങളും നടത്താനുള്ള സ്വാഭാവികമായ പ്രേരണകളെ ഇല്ലാതാക്കുന്നതും നിഷേധാത്മകമായ വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതും ‘പ്രീഫ്രോണ്ടൽ ലോബ്’ തന്നെ. മനുഷ്യനെ മൃഗങ്ങളിൽനിന്ന് വേർതിരിക്കുന്നത് മസ്തിഷ്കത്തിന്‍റെ ഈ ഭാഗത്തിന്‍റെ പ്രവർത്തനമാണ് എന്ന് ചുരുക്കിപ്പറയാം.
മുൻകാലങ്ങളിൽ മദ്യം, പുകവലി പോലുള്ള ലഹരികളാണ് കൂടുതലായി കണ്ടുവന്നിരുന്നതെങ്കിൽ ഇന്നു പുതുതായി രംഗത്തുവരുന്ന രാസലഹരികളാണ് വില്ലന്മാരായി മാറുന്നത്. കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ള ഇത്തരം ലഹരിയുടെ ഉപയോഗത്തിലൂടെ അത് ഉപയോഗിക്കുന്നവർക്ക് തങ്ങൾ എന്താണ് പ്രവർത്തിക്കുന്നത് എന്ന് തിരിച്ചറിയാൻ പോലും കഴിയാതെ വരുന്നു. അതുകൊണ്ടുതന്നെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള ബോധമോ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ചുള്ള ഭയമോ ഇക്കൂട്ടർക്ക് നഷ്ടമാവുന്നു. ഫലമോ, സമാനതകളില്ലാത്ത ക്രൂരതകളിൽ ഏർപ്പെടാൻ ഇവർക്ക് ഒരു മടിയുമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുന്നു.
സംഘം ചേരുമ്പോഴുണ്ടാവുന്ന ആവേശം
ഒരു വ്യക്തിക്ക് ഒറ്റക്ക് നടത്താൻ കഴിയുന്ന ക്രൂരകൃത്യങ്ങൾക്ക് ഒരു പരിധിയുണ്ടെങ്കിൽ സംഘം ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് പലപ്പോഴും പരിധിയുണ്ടാവാറില്ല. ഒന്നിലധികം പേർ ചേർന്ന് അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അവിടെ ഒരു മത്സരബുദ്ധി ഉയർന്നുവരും. ഇതിന്‍റെ ഫലമായി കൂടുതൽ പീഡിപ്പിക്കുന്നവരായി മാറാനുള്ള ഒരു ആവേശം ഉണ്ടാവാനും ഇടയുണ്ട്.
പ്രതികാര ഭയം സൃഷ്ടിക്കുന്ന നിശ്ശബ്ദത
റാഗിങ് ഇരകൾ പലപ്പോഴും സംഭവങ്ങൾ പുറത്തുപറയാൻ ഭയപ്പെടുന്നത് കാമ്പസിൽ തുടർന്ന് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെയോ അക്രമങ്ങളെയോ കുറിച്ച് ഓർത്താണ്. അധ്യാപകരിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ലഭിക്കേണ്ടതായ വൈകാരിക പിന്തുണയുടെ അഭാവവും ഇരയുടെ മനോനിലയെ ദുർബലമാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് നിയമങ്ങൾ കൃത്യമായി നടപ്പാക്കപ്പെടാത്ത സാമൂഹികാവസ്ഥ.
റാഗിങ് ഇരകളുടെ മനസ്സിൽ ആഴത്തിലുള്ള മാനസികാഘാതം അവശേഷിപ്പിക്കുന്നണ്ട്. അപമാനം, നിരന്തരമായ ഭയം, അക്രമത്തിന്‍റെ ഫലമായുണ്ടാവുന്ന ശാരീരിക പരിക്കുകൾ തുടങ്ങിയവ ദീർഘകാലം നിലനിൽക്കുന്ന മാനസികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത്തരം സംഭവങ്ങളെതുടർന്ന് പല വിദ്യാർഥികൾക്കും കടുത്ത വിഷാദം, ഉത്കണ്ഠ, നിസ്സഹായത, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നിവ അനുഭവപ്പെടുന്നു. വൈകാരികമായ ഇത്തരം ആഘാതങ്ങൾ ഒറ്റപ്പെടലിലേക്കും പഠനരംഗത്തെ തകർച്ചയിലേക്കും അപൂർവമായാണെങ്കിലും ആത്മഹത്യാ ചിന്തകളിലേക്കും നയിച്ചേക്കാം. പലർക്കും മനോരോഗത്തിനുള്ള ചികിത്സകൾ തേടേണ്ടിയും വന്നേക്കാം.
നിയമങ്ങളിലെ പഴുതുകൾ
ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനത്തിനകത്തോ പുറത്തോ റാഗിങ് നടത്തുകയോ റാഗിങ്ങിൽ പങ്കെടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ടുവർഷംവരെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയുമാണ് നിലവിലുള്ള നിയമം നൽകുന്ന ശിക്ഷ. കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെടണമെങ്കിൽ ആവശ്യമായ പരാതികളും സാക്ഷിമൊഴികളും കൃത്യമായ അന്വേഷണങ്ങളും ആവശ്യമാണെന്നിരിക്കെ, അധികാര രാഷ്ട്രീയത്തിന്‍റെ ഇടപെടലിലൂടെ ഇവ അട്ടിമറിക്കപ്പെടുകയാണ് പതിവ്. പ്രതികൾക്ക് കൂടുതൽ ശിക്ഷയോടൊപ്പം തുടർ പഠനവും ജോലിസാധ്യതകളും നിഷേധിക്കുന്ന രീതിയിലേക്ക് നിയമം കുറേക്കൂടി കർശനമാക്കിയാൽ മാത്രമേ വിദ്യാഥികൾക്കിടയിലെ ഇത്തരം ക്രിമിനൽ വാസനകളെ നിയന്ത്രിക്കാൻ കഴിയുകയുള്ളു. കൂടാതെ, റാഗിങ്ങിനെ നേരിടാൻ കലാലയങ്ങളിലും സ്കൂളുകളിലും ഹോസ്റ്റലുകളിലും കൂടുതൽ ഫലപ്രദമായ പ്രതിരോധ ക്രമീകരണങ്ങൾ നടത്തുകയും വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.