അധികാര കേന്ദ്രങ്ങളുടെ വര്‍ഗീയവത്കരണം
text_fieldsരാജവാഴ്ചക്കാലത്തും കോളനിവാഴ്ചക്കാലത്തുമൊക്കെ വര്‍ഗീയതക്കെതിരായ പ്രതിരോധം ശക്തമായിരുന്നു നമ്മുടെ രാജ്യത്ത്. എന്നാല്‍, ആധുനികാനന്തര ഇന്ത്യ ജനാധിപത്യ വ്യവസ്ഥയിലേക്ക് വികസിച്ചിട്ടും എന്തേ ഈ പ്രതിരോധം ദുര്‍ബലമായി? ലിബറലിസവും മതേതരത്വവും മാനവികതയും പരിഷ്കൃത സമൂഹത്തിന്‍െറ സംസ്കാരമായി ഘോഷിക്കുന്ന ഈ യുഗത്തിലാണ് രാജ്യത്തിന്‍െറ അധികാരക്കസേരയില്‍ വര്‍ഗീയശക്തികള്‍ കയറിപ്പറ്റിയത്. വിവിധ സംസ്ഥാനങ്ങളിലും ഇതുതന്നെ സംഭവിച്ചു. മത-മതേതര-ഇടതുപക്ഷ കക്ഷികള്‍ ഈഗോ മാറ്റിവെച്ച് ആത്മവിചാരം നടത്തേണ്ട ഗുരുതര പ്രശ്നമാണിത്.
ഇന്ത്യന്‍ ദേശീയത ഹിന്ദു ദേശീയതയായി പ്രചരിപ്പിക്കപ്പെടുകയും മത-മതേതര പാര്‍ട്ടികള്‍ ആദര്‍ശങ്ങളും മൂല്യങ്ങളും മറന്ന് കേവലം പാര്‍ലമെന്‍ററി വ്യാമോഹികളായി മാറുകയുമായിരുന്നു. അതുകൊണ്ടുതന്നെ വര്‍ഗീയതക്കെതിരെ ആശയതലത്തിലെ ചെറുത്തുനില്‍പ്പ് ഏതാണ്ട് അസാധ്യമായി.
മുന്‍കാലത്ത് ഇന്ത്യയില്‍ വര്‍ഗീയത ശക്തമായി പ്രതിരോധിക്കപ്പെട്ടിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുമ്പും പിമ്പും ദേശീയതയുടെ രൂപംപൂണ്ട് വര്‍ഗീയത അതിശക്തമായിരുന്നു. പിന്നപ്പിന്നെ പ്രതിരോധം ദുര്‍ബലമാവുകയും പ്രതിലോമ ശക്തികള്‍ മേല്‍ക്കൈ നേടുകയും ചെയ്തു.
മധ്യയുഗത്തില്‍, ഇന്ത്യയില്‍ വര്‍ഗീയത സവര്‍ണ മേധാവിത്തത്തിന്‍െറയും ജാതി ഭ്രഷ്ടിന്‍െറയും പരമത നിന്ദയുടെയും ഭാവങ്ങളില്‍ മൂര്‍ത്തമായിരുന്നു. അപ്പോള്‍ പ്രതിരോധം തീര്‍ത്തത് യോഗികളും സൂഫികളും ഭക്തിപ്രസ്ഥാനവുമായിരുന്നു. ജാതിമത വിവേചനങ്ങള്‍ക്കും ശത്രുതകള്‍ക്കുമെതിരെ ഹിന്ദു-മുസ്ലിം പരിഷ്കര്‍ത്താക്കള്‍ രംഗത്തുവന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ വാക്കുകളില്‍ ‘‘ഹിന്ദു മുസ്ലിം ഐക്യത്തിനുവേണ്ടി സൂഫികളും ഋഷിമാരും ഭക്തിപ്രസ്ഥാന നേതാക്കളും ജീവന്‍ ത്യജിച്ച് സുവര്‍ണ ഹാരം തീര്‍ത്തിട്ടുണ്ട്’’. മനുഷ്യസ്നേഹവും സാഹോദര്യവുമായിരുന്നു ഭക്തി പ്രസ്ഥാനത്തിന്‍െറ സന്ദേശം. ഹൈന്ദവ -ഇസ്ലാം മൂല്യങ്ങളായിരുന്നു അതിന്‍െറ സൈദ്ധാന്തിക സ്വാധീനം. രാമാനുജനും ശിഷ്യന്മാരും ഊരുകള്‍ ചുറ്റി ജനങ്ങളെ ബോധവത്കരിച്ചു.
വര്‍ഗീയ ഫാഷിസം ജാതീയതയുടെയും ദേശീയതയുടെയും പേരിലാണ് ന്യൂനപക്ഷങ്ങളെയും ദലിതുകളെയും കടന്നാക്രമിക്കുകയും അവരെ നാമാവശേഷമാക്കാന്‍ രണോത്സുകരാവുകയും ചെയ്തിരുന്നത്. 19ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ രാജാറാം മോഹന്‍ റോയിയുടെ ബ്രഹ്മ സമാജമാണ് ഇന്ത്യയുടെ നവോത്ഥാനത്തിന്‍െറ നാന്ദി. അദ്ദേഹം ബംഗാളില്‍ ‘സംബാദ് കൗമുദി’ എന്ന പത്രവും പേര്‍ഷ്യന്‍ ഭാഷയില്‍ ‘ഉല്‍ അക്ബര്‍’ എന്ന പത്രവും തുടങ്ങി ദേശീയ പത്രപ്രവര്‍ത്തനത്തിന്‍െറ അസ്തിവാരമിട്ടു. പത്രപ്രവര്‍ത്തനവും അത്യാചാരങ്ങള്‍ക്കെതിരായ ജനകീയ സമരങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വഴി ജനഹൃദയങ്ങളില്‍ മാനവികവും പുരോഗമനപരവുമായ ചിന്ത വളര്‍ത്തി. മദന്‍മോഹന്‍ മാളവ്യയുടെ നേതൃത്വത്തില്‍ രൂപവത്കൃതമായ ഹിന്ദുമഹാസഭയുടെയും ഹെഡ്ഗെവാര്‍ രൂപവത്കരിച്ച ആര്‍.എസ്.എസിന്‍െറയും ദയാനന്ദ സരസ്വതിയുടെ ആര്യ സമാജത്തിന്‍െറയും ജാതീയവും വര്‍ഗീയവുമായ പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ജനങ്ങളെ ചിന്തിപ്പിക്കാന്‍ രാജാറാമിന്‍െറ പ്രസ്ഥാനത്തിന് കഴിഞ്ഞു. അതേസമയം, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കാണ്‍പുര്‍, ലാഹോര്‍ എന്നീ വ്യവസായമേഖലകളില്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ നിലവില്‍ വരികയും തൊഴിലാളി-കര്‍ഷക-ബഹുജനങ്ങളില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങുകയും ചെയ്തു. എസ്.എ. ഡാങ്കെ, എസ്.വി. ഘാട്ടേ, മുസഫര്‍ അഹ്മദ്, ശിങ്കാരവേലു ചെട്ടിയാര്‍ തുടങ്ങിയവരായിരുന്നു ആദ്യകാല നേതാക്കള്‍. ഇവര്‍ പത്രങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ച് ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ശ്രമിച്ചു.
പിന്നീട് പ്രതിരോധങ്ങളെ മറികടക്കുംവിധം വര്‍ഗീയശക്തികള്‍ ശക്തിപ്പെട്ടു. വര്‍ഗീയ സംഘട്ടനങ്ങള്‍ മാത്രമല്ല, ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രങ്ങളും അതിന് വളമേകി. ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്‍ അലന്‍ ഒക്ടോവിയന്‍ ഹ്യൂം 1885ല്‍ രൂപവത്കരിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, എല്ലാ മതക്കാരെയും മതമില്ലാത്തവരെയും ഉള്‍ക്കൊള്ളുന്ന ദേശീയ പാര്‍ട്ടിയായി മാറി വരുന്നതിനിടയില്‍ ആ പാര്‍ട്ടിയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ചെറുതൊന്നുമല്ലായിരുന്നു. വര്‍ഗീയവാദികള്‍ക്കായിരുന്നു പ്രബല മേധാവിത്തം കോണ്‍ഗ്രസില്‍. വര്‍ഗീയ തിമിരം ബാധിച്ചവര്‍ അന്യരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുമ്പോള്‍ എഴുത്തുകാര്‍ സര്‍ഗാത്മക യത്നങ്ങളിലൂടെ മാനവികതയുടെ സന്ദേശം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. ഇവരില്‍ പ്രമുഖരാണ് രവീന്ദ്രനാഥ ടാഗോറും അല്ലാമാ മുഹമ്മദ് ഇഖ്ബാലും. തത്ത്വചിന്തകനായ എസ്. രാധാകൃഷ്ണന്‍െറ രചനകളും പ്രഭാഷണങ്ങളും പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങളില്‍ അവഗാഹമുള്ള മൗലാന അബുല്‍കലാം ആസ്വാദിന്‍െറ ‘അല്‍ഹിലാല്‍’ ‘അല്‍ബലാഗ്’ പത്രങ്ങളും മാനവിക സന്ദേശം പ്രചരിപ്പിക്കുന്നതായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനം രാജ്യത്ത് ആളിക്കത്തിക്കൊണ്ടിരുന്ന വര്‍ഗീയതയെ ചെറുക്കുകയും സൗഹൃദവും ഹിന്ദു-മുസ്ലിം ഐക്യവും സംജാതമാക്കുകയുമുണ്ടായി.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരുന്ന വര്‍ഗീയ ലഹളകള്‍ അമര്‍ച്ചചെയ്യാന്‍ കഴിഞ്ഞില്ളെങ്കിലും സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്‍െറ കേന്ദ്ര സര്‍ക്കാറും വര്‍ഗീയശക്തികള്‍ക്കെതിരെ ചെറുത്തുനില്‍പ് നടത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധി, രാജഗോപാലാചാരി തുടങ്ങിയ മിതവാദികള്‍ക്ക് ഹിന്ദു തീവ്രവാദികള്‍ക്കെതിരെ കോണ്‍ഗ്രസിനെ കൊണ്ട് നിലപാടെടുപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു, വി.കെ. കൃഷ്ണമേനോന്‍, അബുല്‍കലാം ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുകയുണ്ടായി . എന്നാല്‍, പിന്നെ പിന്നെ കോണ്‍ഗ്രസും അതിന്‍െറ സര്‍ക്കാറും വര്‍ഗീയതയെ ചെറുക്കുന്നതില്‍ ദുര്‍ബലമായി. 1984ല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷം രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് ബാബരി മസ്ജിദ് തര്‍ക്കസ്ഥലം ശിലാന്യാസത്തിന് സംഘ്പരിവാര്‍ ശക്തികള്‍ക്ക് തുറന്നുകൊടുത്തത്. പിന്നീട് നരസിംഹറാവുവിന്‍െറ നേതൃത്വത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ തന്നെയാണ് 1992ല്‍ ബാബരി മസ്ജിദ് ഹൈന്ദവ വര്‍ഗീയവാദികള്‍ തകര്‍ത്തതും.
മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തി സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വാജ്പേയിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ വര്‍ഗീയശക്തികളുടെ ഭരണകൂടം അധികാരത്തില്‍വന്നു. ഭരണത്തിലേറാന്‍ വിവിധ ഹൈന്ദവ വര്‍ഗീയ കക്ഷികള്‍ ഒന്നിക്കുകയായിരുന്നു. എന്നിട്ടും വര്‍ഗീയ ഫാഷിസത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ മത-മതേതര -ഇടതുപക്ഷ കക്ഷികള്‍ക്ക് സാധ്യമായില്ല. ന്യൂനപക്ഷ ദലിത് പീഡനനയങ്ങളുമായി ഹിന്ദുത്വ സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുമ്പോള്‍ സൈ്വരജീവിതവും സമാധാനവും പാഴ്ക്കിനാവ് മാത്രമായി കലാശിക്കാതിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.